UPDATES

സയന്‍സ്/ടെക്നോളജി

ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തല്‍; ഫേസ്ബുക്കിന് 34,280 കോടി രൂപ പിഴ

തീരുമാനം കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട പരാതിയില്‍, ഒരു ടെക്നോളജി കമ്പനിക്കെതിരെ എഫ്‌ടിസി ചുമത്തുന്ന ഏറ്റവും വലിയ പിഴ

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിന് ഏകദേശം 34,280 കോടി രൂപ (5 ബില്യൺ ഡോളർ പിഴ) ചുമത്താന്‍ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വാൾസ്ട്രീറ്റ് ജേണലും വാഷിംഗ്ടൺ പോസ്റ്റുമാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എഫ്‌ടിസി നടത്തുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ 3-2 വോട്ടോടെയാണ് തീരുമാനം എടുത്തത്. തീരുമാനത്തെ റിപ്പബ്ലിക്കൻമാർ അനുകൂലിക്കുകയും ഡെമോക്രാറ്റുകൾ എതിർക്കുകയും ചെയ്തു. പിഴ ചുമത്താന്‍ നീതിന്യായ വകുപ്പ് അന്തിമ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫേസ്ബുക്കും എഫ്‌ടിസിയും വാര്‍ത്തയെകുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. അമേരിക്കയിലെ പൊളിറ്റിക്കൽ കൺസൽട്ടൻസിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് 50 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം കൈമാറി എന്ന പരാതിയെ തുടര്‍ന്ന് 2018-ലാണ് അമേരിക്കൻ സ്വതന്ത്ര ഏജൻസിയായ ഫെഡറൽ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യതയെ മികച്ച രീതിയിൽ പരിരക്ഷിക്കുമെന്ന് 2012-ല്‍ തന്നെ ഫെയ്സ്ബുക് എഫ്‌ടിസി-ക്ക് ഉറപ്പു നല്‍കിയിരുന്നു. അത് ലംഘിക്കപ്പെട്ടോയെന്നതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തിയത്.

5 ബില്യൺ ഡോളർ പിഴ എന്നത് ഒരു ടെക്നോളജി കമ്പനിക്കെതിരെ എഫ്‌ടിസി ചുമത്തുന്ന ഏറ്റവും വലിയ പിഴയും, സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കമ്പനിക്കെതിരേ ചുമത്തുന്ന ഏറ്റവും വലിയ പിഴയുമാണ്. കരാറിന്‍റെ ഭാഗമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്ന രീതികള്‍ ഫേസ്ബുക്ക് പരിശോധിക്കും. എന്നാല്‍ തേര്‍ഡ് പാര്‍ട്ടികളുമായി വിവരങ്ങള്‍ പങ്കിടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ഈ നടപടികളൊന്നും പര്യാപ്തമല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 2019-ന്‍റെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 15 ബില്യൺ ഡോളറിലധികം വരുമാനം നേടിയ ഫേസ്ബുക്കിനെ സംബന്ധിച്ച് 5 ബില്യൺ ഡോളർ പിഴ എന്നത് അത്രവലിയ തുകയേ അല്ല. വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ ഫെയ്സ്ബുക്കിന്‍റെ ഓഹരി വില ഒരു ശതമാനത്തിലധികം ഉയരുകയാണുണ്ടായത്.

നെടുകണ്ടം കസ്റ്റഡി മരണം, കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വായിക്കാം: ‘ആത്മവീര്യ’മുണര്‍ത്തുന്ന കൊലപാതകങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍