UPDATES

സയന്‍സ്/ടെക്നോളജി

ഭരണകൂടത്തിന്‍റെ ചാരക്കണ്ണുകളില്‍ നിന്ന് ഐഫോണ്‍ നിങ്ങളെ രക്ഷിക്കുമോ?

Avatar

ക്രെയ്ഗ് ടിംബര്‍ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്‌)

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണ കമ്പനികളിലൊന്നായ ഗാമ ഗ്രൂപ്പിന്റെ (Gamma Group) കച്ചവട രഹസ്യങ്ങള്‍ ഈയിടെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഗാമയുടെ ചാരക്കണ്ണുകളുടെ കാര്യപ്രാപ്തി വിളിച്ചോതുന്നതായിരുന്നു ഒട്ടുമിക്ക രേഖകളെങ്കിലും അപ്രതീക്ഷിതമായൊരു വെളിപ്പെടുത്തലും അക്കൂട്ടത്തിലുണ്ടായിരുന്നു : ഐഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ കമ്പനിക്കിതുവരെ സാധിച്ചിട്ടില്ല.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണുകളേയും, ചില ബ്ലാക്ക്ബെറികളേയും, പഴയ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളേയും ചോര്‍ത്താന്‍ ഗാമയുടെ ചാര സോഫ്റ്റ്‌വെയറായ FinSpyക്ക് സാധിക്കും. ഈ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ഫോണ്‍ സംഭാഷണം ശ്രവിക്കാനും, ഫോണ്‍ നമ്പറുകള്‍ ചോര്‍ത്താനും, നിങ്ങളുടെ സ്ഥാനം കണ്ടുപിടിക്കാനും സാധിക്കും. ഫോണിലുള്ള സുരക്ഷാ സൗകര്യങ്ങളെല്ലാം ‘jailbreaking’ എന്ന പ്രക്രിയയിലൂടെ ഉടമസ്ഥന്‍ ഇല്ലാതാക്കിയാല്‍ മാത്രമേ ഐഫോണ്‍ ഹാക്ക് ചെയ്യാന്‍ FinSpy ക്ക് സാധിക്കുകയുള്ളൂ. ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും അതിലുപരി ആപ്പിളിനും നല്ല വാര്‍ത്തയാണിത്. പക്ഷെ സര്‍ക്കാറിന്റെ മേല്‍നോട്ടാധികാരം വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ലോക വിപണിയുടെ മുഖ്യ പങ്കും കീഴടക്കിയത് ഒരു പാട് സംശയങ്ങളുയര്‍ത്തുന്നുണ്ട്.

വിവിധ നിറത്തിലും, രൂപത്തിലും കൂടുതല്‍ സൗകര്യങ്ങളോടേയും കുറഞ്ഞ വിലക്കും ആന്‍ഡ്രോയിഡ് ഫോണുകള്‍ ലഭ്യമാണെങ്കിലും പോലീസിനും മറ്റുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സര്‍വീലന്‍സ് സേവനങ്ങള്‍ വില്‍ക്കുന്ന ഗാമയെപ്പോലുള്ള കമ്പനികളുടെ മുഖ്യ ഇരയും ഈ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ്. വളര്‍ന്നുവരുന്ന ‘ Surveillance Gap’ ഈയൊരു പ്രതിഭാസത്തിന്റെ പരിണിത ഫലമാണ്. സുരക്ഷാ സംവിധാനങ്ങള്‍ ദുരുപയോഗം നടത്തുന്ന സര്‍ക്കാറിന്റെ ഇരകളാവാതെ രക്ഷപ്പെടുന്നവര്‍ അപ്പിള്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഉല്പന്നത്തിന്റെ ഭംഗി കാരണമോ ഉപയോഗിക്കാനുള്ള എളുപ്പം കാരണമോ ആയിരിക്കാം മറ്റുള്ളവയേക്കാള്‍ ഇരട്ടി വില കൊടുത്ത് നിങ്ങളൊരു ഐഫോണോ ഐപാഡോ വാങ്ങുന്നത്, പക്ഷെ ഒരു വെടിക്ക് രണ്ടു പക്ഷിയെന്നതുപോലെ സര്‍വീലന്‍സ് കമ്പനികള്‍ക്ക് തകര്‍ക്കാന്‍ പറ്റാത്തൊരു ഓപ്പറേറ്റിംഗ് സിസ്റ്റവും, disk encryption സേവനവും നിങ്ങള്‍ക്കിതിന്റെ കൂടെ ലഭിക്കും. ഇലക്ട്രോണിക് ഉപകരങ്ങള്‍ വാങ്ങുമ്പോള്‍ മിക്ക ഉപഭോക്താക്കളും സുരക്ഷയുടെ കാര്യം ശ്രദ്ധിക്കാത്തതുകൊണ്ട് തന്നെ ആപ്പിളിന്റെ പരസ്യത്തിലും ഈ സുരക്ഷാ സേവനങ്ങളുടെ കാര്യം എടുത്ത് പറയാറില്ല. പക്ഷെ FinSpy ഉപയോഗിച്ച് ലോകത്തിലെ ഏതു രാജ്യത്തിനും നിങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ഫോണ്‍ സംഭാഷണങ്ങള്‍ ശ്രവിക്കാനും, പോലീസിന് നിങ്ങളുടെ സമാര്‍ട്ട് ഫോണിലെ ഡാറ്റയുടെ പകര്‍പ്പെടുക്കാനും സാധിക്കുമെങ്കില്‍ ഈ സുരക്ഷാ വീഴ്ച്ചയുടെ അനന്തരഫലം വളരെ
ഗുരുതരമായിരിക്കും.

‘സര്‍ക്കാറിന്റെ ഒളിഞ്ഞു നോട്ടങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കാന്‍ സാങ്കേതിക വിദ്യക്ക് സാധിക്കും. സ്വേച്ഛാധിപത്യ രാജ്യത്താണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള disk encryption സംവിധാനം നിങ്ങളെ സുരക്ഷിതനാക്കി നിര്‍ത്തും. രഹസ്യ പോലീസിന്റെ ശാരീരികോപദ്രവങ്ങളില്‍ നിന്നും നിങ്ങളെ രക്ഷപ്പെടുത്തുന്നത് ഈ സാങ്കേതിക വിദ്യയായിരിക്കാം. അതുകൊണ്ട് തന്നെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുകയെന്നുള്ളത് വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ്.

‘ACLU വിലെ മുഖ്യ സാങ്കേതികോപദേഷ്ടാവായ ക്രിസ്റ്റോഫര്‍ സോഗോയന്‍ കഴിഞ്ഞ മാസം നടത്തിയ ഒരു പ്രഭാഷണത്തില്‍ പറഞ്ഞു-‘ Phineas Fisher@GammaGroupPR ‘ എന്ന വ്യാജ ട്വിട്ടര്‍ അക്കൗണ്ട് ഈ രേഖകളെല്ലാം ആദ്യമായ് പുറത്തുവിട്ടപ്പോള്‍ അതിനുള്ള വിശദീകരണമാരാഞ്ഞ് ജെര്‍മ്മനിയിലും ബ്രിട്ടനിലും ആസ്ഥാനങ്ങളുള്ള ഗാമ ഗ്രൂപ്പിനയച്ച ഇമെയിലിന് മറുപടി നല്‍കാനവര്‍ തയ്യാറായില്ല. ( പല രേഖകളും ഡിജിറ്റല്‍ പൗരാവകാശം പ്രചരിപ്പിക്കുന്ന Ntezpolitik.org എന്ന ജെര്‍മന്‍ വെബ് സൈറ്റിലും
പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായ് ). ചാരപ്പണിക്കുപയോഗിക്കുന്ന പല തരത്തിലുള്ള ഉല്‍പന്നങ്ങളുടെ വില വിവരവും,വിശദീകരണവും പിന്നെ FinSpy യുടെ 126 പേജുള്ള സഹായ ഗ്രന്ഥവുമാണ് ആ ഫയലുകളിലുണ്ടായിരുന്നത് (4 മില്ല്യന്‍ ഡോളറാണ് ഫിന്‍സ്‌പൈയുടെ വില).

ബെസ്റ്റ് ഓഫ് അഴിമുഖം 

അതൊരു യന്ത്രമായിരുന്നുവെന്ന്‍ അറിയാന്‍ വൈകുന്ന കാലം
വെറുതെ സ്‌പേസ് കളയല്ലേ-നിങ്ങളുടെ ഫോണിനകം കവരുന്ന മൂന്നു കാര്യങ്ങള്‍
കൗമാരക്കാരുടെ മേല്‍ ചാരപ്പണി നടത്തണോ?
രാജ്യങ്ങളെക്കാള്‍ ശക്തമോ ഗൂഗിള്‍?
കണക്കില്ലാത്ത വിവരദോഷം

ബഹ്‌റൈനിലെ വക്കീലന്മാര്‍ക്കെതിരേയും അക്ടിവിസ്റ്റുകള്‍ക്കെതിരേയും ഫിന്‍സ്‌പൈ ഉപയോഗിച്ചിട്ടുണ്ടെന്നതിനുള്ള തെളിവുകള്‍ ചോര്‍ത്തിയ രേഖകളില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍,റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളിലും ഫിന്‍സ്‌പൈ വിന്യസിച്ചിട്ടുണ്ടെന്നാണ് ProPublica റിപ്പോര്‍ട്ട് ചെയ്തത്. എങ്കിലും വിലകൂടിയ ചാര സോഫ്റ്റ്‌വെയറായ ഫിന്‍സ്‌പൈക്കുപോലും അതിന്റേതായപരിമിതികളുണ്ടെന്നാണ് ചോര്‍ത്തപ്പെട്ട രേഖകള്‍ തെളിയിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ തിരഞ്ഞെടുക്കുന്നത് ഗൗരവമുള്ള വിഷയമാകുന്നത് ഇതുപോലുള്ള കാരണങ്ങള്‍ കൊണ്ടാണ്. ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നതായതു കൊണ്ട് തന്നെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ അത്ഭുതം കാണിക്കാന്‍ പ്രോഗ്രാമര്‍മാര്‍ക്ക് സാധിക്കും. ഇതിനു നേരെ വിപരീതമാണ് ആപ്പിളിന്റെ പ്രവര്‍ത്തന രീതി. ഹാര്‍ഡ് വെറിന്റെയും സോഫ്റ്റ്‌വെയറിന്റെയും വികാസം നിയന്ത്രിക്കുന്നതിനു പുറമേ തങ്ങളുടെ App Store ല്‍ ലഭ്യമായ സോഫ്റ്റ്‌വെയറുകളുടെ കാര്യത്തില്‍ ഗൗരവമായ സമീപനമാണ് അപ്പിള്‍ കൈക്കൊണ്ട് വരുന്നത്.’ ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തേക്കാള്‍ കൂടുതല്‍ ചൂഷണം ചെയ്യാന്‍ സാധിക്കുക ആന്‍ഡ്രോയിഡിനെയാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സ്വഭാവവും, രൂപവും തീരുമാനിക്കാന്‍ ആപ്പിളിന് സാധിക്കും. സുരക്ഷാമാര്‍ഗങ്ങളടക്കം. ആന്‍ഡ്രോയിഡ് ഗൂഗിളിന്റെ കൈപ്പിടിയിലൊതുങ്ങാത്ത മീനാണ്, ഒരു തരത്തിലും നിയന്ത്രിക്കാനാവില്ല. ‘ വെര്‍ജീനിയ ആസ്ഥാന്മായ് പ്രവര്‍ത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍സ് സിസ്റ്റം നിര്‍മ്മാതാവായ ബാര്‍റ്റ് സ്റ്റിഡം പറഞ്ഞു. അതാതു രാജ്യത്തിലെ നെറ്റ്‌വര്‍ക്കിനനുസരിച്ച് പല പല കമ്പനികളാല്‍ നിര്‍മ്മിക്കപ്പെടുന്നതാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍, എണ്ണിയാലൊടുങ്ങാത്തത്ര തരം മോഡലുകള്‍ വിപണിയിലുണ്ട്. ഇവയില്‍ ചില ഫോണുകളാവട്ടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പതിവായി പുതുക്കിക്കൊണ്ടേയിരിക്കും. സര്‍ക്കാരില്‍ നിന്നും ക്രിമിനലുകളില്‍ നിന്നുമുള്ള ആക്രമണ സാധ്യത വര്‍ദ്ധിപ്പിക്കാനിത് കാരണമാവും.

ഉത്തരമില്ലാത്ത പ്രശനങ്ങളൊന്നുമല്ല ഇവയൊന്നും. ആന്‍ഡ്രോയിഡ് ഫോണുകളിലെ സെറ്റിങ്ങ്‌സില്‍ മാറ്റം വരുത്തി disk encryption പ്രയോഗക്ഷമമാക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും സാധിക്കും. പിന്നെ കണ്ണില്‍ കാണുന്ന വെബ്‌സൈറ്റിലൊക്കെ കയറി ഫ്രീയായ് കിട്ടുന്ന സോഫ്റ്റ്‌വെയറുകളെല്ലാം ഡൌണ്‍ലോഡ് ചെയ്യുന്നത് നിര്‍ത്തി ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ മാത്രം ഉപയോഗിച്ചാല്‍ തന്നെ ഒട്ടുമിക്ക സുരക്ഷാപ്രശ്‌നങ്ങളും ഇല്ലാതാകും. ഗാമ ഗ്രൂപ്പിന്റെ ഫിന്‍സ്‌പൈ പരാജയെപ്പെട്ടെന്നു കരുതി ഐഫോണ്‍ ഒരിക്കലും ചോര്‍ത്താന്‍ സാധിക്കില്ലെന്നുള്ള വീരവാദം മുഴക്കുന്നത് നല്ലതല്ല. മറ്റേതെങ്കിലുമൊരു കമ്പനി പുതിയ സാങ്കേതിക വിദ്യയുമായ് ആപ്പിളിന്റെ സുരക്ഷയിലേക്ക് അതിക്രമിച്ചു കടക്കാം, അതുമല്ലെങ്കില്‍ ഐഫോണ്‍ ഘടിപ്പിക്കുന്ന കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞു കയറി വിവരങ്ങള്‍ മോഷ്ടിക്കാം.സാധ്യതകള്‍ ഒരുപാടാണ്. അതിനു പുറമേ jailbreak നടത്തുന്ന ഐഫോണ്‍ ഉപഭോക്താക്കള്‍ വാതിലും തുറന്നിട്ട് FinSpy യെ കാത്തിരിക്കുകയാണ്. എല്ലാറ്റിനുമുപരി ‘Surveillance Gap’ എന്ന കോടാലി തലക്കു മുകളില്‍ തൂങ്ങുന്നുണ്ടെന്ന കാര്യം നാം മറക്കരുത്. ആന്‍ഡ്രോയിഡിന്റെ വളര്‍ച്ച തടയാന്‍ ആപ്പിളിന് സാധിക്കുകയോ ഗൂഗിള്‍ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സുരക്ഷയില്‍ മാറ്റം വരുത്തുകയോ ചെയ്തില്ലെങ്കില്‍ സര്‍ക്കാറിന്റേയും ക്രിമിനലുകളുടേയും കളിപ്പാവകളായ് എല്ലാ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും മാറും എന്ന കാര്യത്തില്‍ യാതൊരു സംശവുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍