UPDATES

സയന്‍സ്/ടെക്നോളജി

ഇ മെയിലുകളിലെ ഒളിഞ്ഞുനോട്ടം ഗൂഗിള്‍ നിര്‍ത്തുന്നു

ഗൂഗിള്‍ തങ്ങളുടെ മെയില്‍ പരിശോധിക്കുന്നതായുള്ള ആശങ്കയൊന്നും ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും ഇല്ലെന്നതാണ് വസ്തുത.

പരസ്യം വില്‍ക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ഇനി നിങ്ങളുടെ ഇ മെയില്‍ വായിക്കില്ല. 2004ല്‍ ജി മെയില്‍ തുടങ്ങിയത് മുതല്‍ ഉണ്ടായിരുന്ന രീതിയാണ് ഗൂഗിള്‍ അവസാനിപ്പിക്കുന്നത്. ജൂണ്‍ 23നാണ് ഈ മാറ്റം ഗൂഗിള്‍ പ്രഖ്യാപിച്ചത്. മെയിലുകളില്‍ ഗൂഗിള്‍ നടത്തുന്ന ഈ പരിശോധന, സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണെന്ന പരാതിയുണ്ടായിരുന്നു.

ജി മെയില്‍ ഉപഭോക്താക്കളുടെ ചര്‍ച്ചകളുടേയും ആശയവിനിമയങ്ങളുടേയും സ്വാഭാവം കൂടി നോക്കിയാണ് പരസ്യങ്ങള്‍ കാണിക്കാറുള്ളത്. ഓടുന്നതിനെ കുറിച്ച് പറയുന്നവര്‍ കാണുന്നത് ചിലപ്പോള്‍ ഷൂസിന്റെ പരസ്യമായിരിക്കും. തുടര്‍ന്നും ജി മെയ്‌ലില്‍ പരസ്യം കാണിക്കാന്‍ തന്നെയാണ് ഗൂഗിളിന്റെ തീരുമാനം. എന്നാല്‍ മെയില്‍ പരതുന്നതിന് പകരം കമ്പനി സോഫ്റ്റ്‌വെയര്‍ മറ്റ് സിഗ്നലുകള്‍ ഉപയോഗിക്കും.

ലോകത്താകെ 120 കോടി ഉപയോക്താക്കളാണ് നിലവില്‍ ജി മെയിലിനുള്ളത്. ഫ്രീ വേര്‍ഷന് പുറമെ പണം കൊടുത്ത് ഉപയോഗിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ വേര്‍ഷനുമുണ്ട്. ഇതില്‍ പരസ്യം വരില്ല. അതുകൊണ്ട് തന്നെ സബ്‌സ്‌ക്രിപ്ഷനുള്ള ഉയോക്താക്കളുടെ മെയ്‌ലുകള്‍ ഗൂഗിള്‍ പരിശോധിക്കാറുമില്ല. സബ്‌സ്‌ക്രിപ്ഷന്‍ വേര്‍ഷനിലും ഗൂഗിള്‍ പരിശോധന നടത്തുന്നതായി ബിസിനസ് രംഗത്തെ ചില ഉപഭോക്താക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിയല്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇപ്പോള്‍ ഫ്രീ വേര്‍ഷനിലും സ്‌കാനിംഗ് നിര്‍ത്തുന്നതോടെ ഇക്കാര്യത്തിലെ എല്ലാ പരിശോധനകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

ലോകത്തെ ഏറ്റവും വലിയ ഇ മെയില്‍ സര്‍വീസാണ് ജി മെയില്‍. ഗൂഗിള്‍ തങ്ങളുടെ മെയില്‍ പരിശോധിക്കുന്നതായുള്ള ആശങ്കയൊന്നും ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും ഇല്ലെന്നതാണ് വസ്തുത. ഗൂഗിളിന്റെ ഈ ഒളിഞ്ഞുനോട്ടം ചൂണ്ടിക്കാട്ടി എതിരാളികളായ മൈക്രോസോഫ്റ്റും ആപ്പിളുമെല്ലാം വിമര്‍ശനവുമായി രംഗത്തുണ്ടായിരുന്നെങ്കിലും
ജി മെയിലിന്റെ ജനപ്രിയതയ്ക്ക് യാതൊരു കുറവും ഇതുവരെ വന്നിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍