UPDATES

സയന്‍സ്/ടെക്നോളജി

ഒന്നര വര്‍ഷത്തിനകം പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

കിഫ്ബിയാണ് പദ്ധതിക്കായി പണം കണ്ടെത്തുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ രൂപരേഖ തയാറായി. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കിലൂടെയാണ് (കെ ഫോണ്‍) പദ്ധതി നടപ്പാക്കുന്നത്. 1,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് മേയ് 31ന് ചേരുന്ന കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) യോഗത്തില്‍ ഭരണാനുമതി നല്‍കും. കിഫ്ബിയാണ് പദ്ധതിക്കായി പണം കണ്ടെത്തുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് കുറഞ്ഞ ചെലവിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കും. അതേസമയം വരുമാനപരിധി സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.

കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്ക് സമാന്തരമായി സൃഷ്ടിക്കുന്ന പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ പാതയിലൂടെയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. നിശ്ചിത സമയത്തേക്കായിരിക്കും സൗജന്യ ഇന്റര്‍നെറ്റ് നല്‍കുക. ഇതിനായി കെഎസ്ഇബിയും ഐടി വകുപ്പും പാത കടന്നുപോകേണ്ട സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും സ്ഥലങ്ങളുടെ പ്രാഥമിക രൂപരേഖ തയാറാക്കുകയും ചെയ്തു. തുടക്കത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. സാധാരണക്കാര്‍ക്ക് സര്‍ക്കാരിന്റെ സേവനങ്ങളും വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങളും തടസമില്ലാതെ ലഭിക്കാന്‍ പദ്ധതി വഴിയൊരുക്കും. പദ്ധതിയുടെ ഭാഗമായി അക്ഷയ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍