UPDATES

സയന്‍സ്/ടെക്നോളജി

പാവങ്ങളുടെ ഐഫോണ്‍ എക്‌സ്; ഹുവാവോ പി20 വിപണിയില്‍

കെട്ടിലും മട്ടിലുമെല്ലാം പി 20 മോഡലുകള്‍ ഐഫോണ്‍ എക്‌സ് തന്നെ

ഐഫോണിന്റെ ഏറ്റവും വിലയേറിയ മോഡലാണ് ഐഫോണ്‍ എക്‌സ്. ഒരു ലക്ഷം രൂപ വരെയാണ് ഏറ്റവും കൂടിയ മോഡലിന്റെ വില. അതുകൊണ്ടുതന്നെ ഒരുവിധം മിഡില്‍ ക്ലാസ് സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്ക് ഐഫോണ്‍ എക്‌സ് ഇന്നും സ്വപ്നമായി തന്നെ തുടരുകയാണ്. ഫീച്ചറുകളും, നിര്‍മാണ ഘടനയും തന്നെയാണ് ഐഫോണ്‍ എക്‌സിനെ ഇത്രയും വിലപിടിപ്പുള്ളവന്‍ ആക്കിയത്. ഒപ്പം ആപ്പിള്‍ എന്ന ബ്രാന്‍ഡ് നെയിമും.

എന്നാല്‍ ആപ്പിള്‍ എന്ന വിശേഷണ നാമം കൂടെയില്ലെങ്കിലും അതിനോടൊപ്പം പിടിച്ചുനില്‍ക്കാന്‍ പാവങ്ങളുടെ ഐഫോണുണ്ട്. ഹുവാവേ പി20 ലൈറ്റ്.

പി20 ലൈറ്റ്, പി20 റെഗുലര്‍, പി20 പ്രോ എന്നിങ്ങനെ മൂന്ന് തരത്തിലാണ് പി20 മോഡലുകളെ ആരാധകര്‍ക്കായി ഹുവാവേ ഒരുക്കിയത്. മൂന്നും അത്യുഗ്രന്‍ മോഡലുകള്‍. മാര്‍ച്ച് 27ന് പുതിയ മോഡലുകളെ വിപണിയില്‍ എത്തിക്കുമെന്നാണ് ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ കമ്പനി അറിയിച്ചിരുന്നതെങ്കിലും അതിനു മുമ്പേ തന്നെ ചില രാജ്യങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്തിച്ചതായും അറിയുന്നുണ്ട്. ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8 എന്നീ മോഡലുകള്‍ക്കാണ് പ്രധാനമായും ഹോണര്‍ പി20 വെല്ലുവിളിയാവുക.

കെട്ടിലും മട്ടിലുമെല്ലാം പി 20 മോഡലുകള്‍ ഐഫോണ്‍ എക്‌സ് തന്നെ. ഡിസൈനിംഗും, പ്രവര്‍ത്തനവുമെല്ലാം ഐഫോണിനെ അനുസ്മരിപ്പിക്കും. ഇറ്റലി അടക്കമുള്ള രാജ്യങ്ങളില്‍ പി20 വന്‍ വിജയവുമായിട്ടുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഗ്ലാസ് ഉപയോഗിച്ചാണ് നിര്‍മാണം. കറുപ്പ്, നീല, പിങ്ക്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ പി20 മോഡലുകള്‍ ലഭ്യമാണ്. മൂന്ന് മോഡലുകള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും പി20 ലൈറ്റിന്റെ സവിശേഷതകള്‍ മാത്രമാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. മറ്റ് രണ്ടു മോഡലുകളിലും ഏകദേശം ഇതെ സവിശേഷതകള്‍ തന്നെയാകും ഉള്‍ക്കൊള്ളിക്കുക. റാം, ഇന്‍േറണല്‍ മെമ്മറി, ഇന്റേണല്‍ കപ്പാസിറ്റി എന്നിവയില്‍ മാത്രമാകും വ്യത്യാസം വരിക എന്നാണ് അറിയുന്നത്.

പി 20യുടെ കരുത്ത്
ഡിസ്‌പ്ലേ കരുത്ത് തന്നെയാണ് മോഡലില്‍ എടുത്തുപറയേണ്ടത്. 2280X1080 പിക്‌സല്‍സ് 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് പി20 ലൈറ്റിലുള്ളത്. 4 ജിബി റാം ഫോണിന് കരുത്തു പകരും. 16 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ കാമറയും, 16 മെഗാപിക്‌സലിന്റെതു തന്നെ സെല്‍ഫിക്കായി രൂപപ്പെടുത്തിയ മുന്‍ കാമറയും ഫോണിലുണ്ട് (ഐഫോണില്‍ 12 എം.പി പിന്‍ കാമറയും, 7 എം.പി മുന്‍ കാമറയുമാണ് ഉള്ളത്). ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഒ.എസ് ആയ ഒറിയോയും ഒപ്പം ഹുവാവേയുടെ പ്ലാറ്റ്‌ഫോമായ ഇ.യു.എം.ഐയും ഫോണിന് അത്യുഗ്രന്‍ ഫീല്‍ നല്‍കും. 64 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. 3000 മില്ലി ആംപെയറിന്റേതാണ് ബാറ്ററി കരുത്ത് (ഐഫോണില്‍ 2716 മില്ലി ആപെയറാണ് ബാറ്ററി).

വില വിവരം (ഔദ്യോഗിക സ്ഥിരീകരണമില്ല)

പി20 ലൈറ്റ്- 29, 600
പി20 റെഗുലര്‍- 54, 400
പി20 പ്രോ- 72, 000

ഐഫോണ്‍ എക്‌സിന്റെ വിവിധ മോഡലുകളുടെ വിവരം കുടി നല്‍കുന്നു
ഐഫോണ്‍ എക്‌സ് 256 ജിബി- 94, 950
ഐഫോണ്‍ 8 പ്ലസ്- 79, 999
ഐഫോണ്‍ 8- 55, 999

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍