UPDATES

സയന്‍സ്/ടെക്നോളജി

512 ജി.ബി ഇന്റേണല്‍ മെമ്മറി; ഞെട്ടിക്കാനൊരുങ്ങി ഹുവാവേ

512 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണായിരിക്കും ഹുവേവ അവതരിപ്പിക്കുന്നത്

വെറും 64 ജി.ബിയുടെ എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പോലും അറിയാം എന്തുമാത്രം ഡാറ്റ അതില്‍ ഉള്‍ക്കൊള്ളുമെന്ന്. പാട്ട്, സിനിമ, ആപ്പ് എന്നിങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണില്‍ അത്യാവശ്യം വേണ്ടതെല്ലാം സൂക്ഷിക്കാന്‍ 64 ജി.ബി മെമ്മറി കാര്‍ഡ് തന്നെ ധാരാളമാണ്. അങ്ങനെയിരിക്കെ 512 ജി.ബി എന്ന മാരക ഇന്റേണല്‍ മെമ്മറി കരുത്തുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ എത്തിയാലോ?… എത്തിയാലോ അല്ല ! എത്തുന്നു. പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവാവേയാണ് 512 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണുമായി ഞെട്ടിക്കാനൊരുങ്ങുന്നത്.

512 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിച്ച് സര്‍ട്ടിഫിക്കേഷനായി ഇതിനോടകം വച്ചുകഴിഞ്ഞു ഹുവാവേ. ഇന്നുവരെയുള്ള കണക്കനുസരിച്ച് 256 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. എന്തായാലും പുതിയ മോഡലിന്റെ വാര്‍ത്തകേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ ലോകം. 512 ജി.ബിയുടെ ഇന്റേണല്‍ മെമ്മറി മാത്രമല്ല 6 ജി.ബി റാമുമുണ്ട് ഫോണില്‍. ഏത് മോഡല്‍ പ്രോസസ്സറാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ഫോണ്‍ ഇപ്പോള്‍ നിര്‍മാണഘട്ടത്തിലാണുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ സവിശേഷതകള്‍ എന്തൊക്കെയായിരിക്കുമെന്നുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്തായാലും ഹുവാവേയുടെ ”മേറ്റ്” സീരിസില്‍പ്പെട്ട സ്മാര്‍ട്ട്‌ഫോണായിരിക്കും പുതിയ മോഡല്‍. ഹുവാവേ തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളായ പി20, പി20 പ്രോ എന്നീ മോഡലുകളെ അടുത്ത ആഴ്ച വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്. പുറത്തിറക്കല്‍ ചടങ്ങില്‍ പുതിയ 512 ജി.ബി സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച് പ്രഖ്യാപനമുണ്ടാവുമെന്നാണ് അറിയുന്നത്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍