UPDATES

സയന്‍സ്/ടെക്നോളജി

വിവരമോഷണം: തന്നെ ബലിയാടാക്കിയെന്നു ഗവേഷകന്‍ അലക്സാണ്ടര്‍ കോഗന്‍; തന്റെ റഷ്യന്‍ ബന്ധം ചാരനാണ് എന്നതിന് തെളിവല്ല

ട്രംപിനെ പോലൊരാള്‍ ഒരിക്കലും എന്റെ മൂല്യങ്ങളുമായി ഒത്തുപോകുന്ന ആളല്ല എന്നും അത് തിരഞ്ഞെടുപ്പില്‍ ഉപയൊഗപ്പെട്ടുവെന്നും വിശ്വസിക്കാനാവില്ലെന്ന് കോഗന്‍

ഫേസ്ബുക്കും കേംബ്രിജ്‌ അനലിറ്റിക്കയും തന്നെ ബലിയാടാക്കുകയായിരുന്നെന്ന് ഫേസ്ബുക്കില്‍ നിന്ന് പ്രൊഫൈലുകള്‍ ചോര്‍ത്തിയതായി ആരോപിക്കപ്പെട്ട ഗവേഷകന്‍ അലക്സാണ്ടര്‍ കോഗന്‍ ബിബിസി റേഡിയോ 4 ന്‍റെ പരിപാടിയില്‍ അവകാശപ്പെട്ടു.

താന്‍ വികസിപ്പിച്ചെടുത്ത പേഴ്സണാലിറ്റി ആപ് ഉപയോഗിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചതായി കോഗന്‍ സമ്മതിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ കേംബ്രിജ്‌ അനലിറ്റിക്കയ്ക്കു കൈമാറുമ്പോള്‍ എല്ലാം നിയമാനുസൃതം ആണെന്നാണ്‌ അവര്‍ പറഞ്ഞെതെന്ന് കോഗന്‍ അവകാശപ്പെട്ടതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേംബ്രിജ്‌ അനലിറ്റിക്കയെയും കോഗനെയും പുറത്താക്കുകകയാണെന്നു കഴിഞ്ഞയാഴ്ച്ച ഫേസ്ബുക്ക് പ്രസ്താവന ഇറക്കിയിരുന്നു. തന്‍റെ ആപ് വഴി ശേഖരിച്ച വിവരങ്ങള്‍ കേംബ്രിജ്‌ അനലിറ്റിക്കയ്ക്കു നല്‍കിയത് വഴി കോഗന്‍ ഫേസ്ബുക്കിന്‍റെ പ്ലാറ്റ്ഫോം പോളിസി ലംഘിച്ചതായാണ് ഫേസ്ബുക്കിന്‍റെ നിലപാട്. ഒരിക്കലും കച്ചവട താല്പര്യങ്ങള്‍ക്കായി ഈ വിവരങ്ങള്‍ ഉപയോഗിക്കില്ലെന്ന് നല്‍കിയിരുന്ന ഉറപ്പ് കോഗന്‍ ലംഘിച്ചുവെന്നും എഫ്ബി ആരോപിക്കുന്നു.

നിങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അതിനു കഴിയുന്നില്ലെങ്കില്‍ നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ അര്‍ഹരല്ല. ഞങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ട്. പാളിച്ചകള്‍ തിരുത്തിയെന്നും കൂടുതല്‍ ചെയ്യാനുണ്ടെന്നും അതിനുള്ള നടപടികളില്‍ ആണെന്നും നിശബ്ദത ഭഞ്ജിച്ചുകൊണ്ട് സുക്കര്‍ബര്‍ഗ് അറിയിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് പങ്കുവച്ച സുക്കര്‍ബര്‍ഗിന്റെ പോസ്റ്റില്‍ കമന്റ്റ് ചേര്‍ത്ത് അവരും ക്ഷമാപണം നടത്തുന്നു. ജനവിശ്വാസം തകര്‍ത്ത വലിയൊരു സംഭവം ആയിപ്പോയി.അത് നേരിടാന്‍ തങ്ങള്‍ വേണ്ടത്ര കരുതലെടുത്തില്ല എന്നാണ് ഷെറില്‍ കുറിച്ചത്.

ആപ്പ് നിര്‍മാതാക്കള്‍ക്ക് ഉപയോക്താക്കളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങള്‍ ഉപയോഗിക്കാന്‍ പറ്റുന്ന സംവിധാനം 2007-2014 കാലയളവില്‍ ഉണ്ടായിരുന്നു. 2014ല്‍ ഫേസ്ബുക്ക് ഇതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും അതിനു മുന്‍പേ 50 മില്യണ്‍ ആളുകളുടെ വിവരം കോഗന്‍ ശേഖരിക്കുകയും കേംബ്രിജ്‌ അനലിറ്റിക്കയ്ക്ക് കൈമാറുകയും ചെയ്തെന്നാണ് ആരോപണം.

തന്റെ ആപ് ഉപയോഗിക്കാന്‍ സമ്മതം അറിയിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കോഗനു കഴിഞ്ഞുവെന്നാണ് ഫേസ്ബുക്കിന്റെ മുഖ്യ ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം പറഞ്ഞത്.

തെറ്റുപറ്റി: സുക്കര്‍ബര്‍ഗ്; കുറ്റസമ്മതം ഫേസ്ബുക്കിന്റെ അടിത്തറയിളകുമെന്ന ഘട്ടത്തില്‍

2014 ല്‍ വരുത്തിയ മാറ്റങ്ങള്‍ക്കു മുന്‍പ് വന്‍തോതില്‍ വിവര ശേഖരണം നടത്തിയ ആപ്പുകളെ നിരീക്ഷിക്കുമെന്നും സംശയം ഉള്ളവയെ ഔദ്യോഗിക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഫേസ്ബുക്ക് പറയുന്നു. ഉപയോക്താക്കള്‍ ആപ്പുകള്‍ക്ക് ഡാറ്റ പങ്കുവയ്ക്കുന്നത് തടയാന്‍ കഴിയുന്ന സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാനും ഫേസ്ബുക്ക് നടപടിയെടുക്കും.

കോഗന്‍ ശേഖരിച്ചു നല്‍കിയ വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗപ്പെടുത്തിയെന്ന വിവരം പുറത്ത് വന്നത് കേംബ്രിജ്‌ അനലിറ്റിക്ക ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈല്‍ ഒബ്സര്‍വറിന് നല്‍കിയ അഭിമുഖത്തിലാണ്.

തികച്ചും സാധാരണമായ ഒരു കാര്യമാണ് ചെയ്യുന്നതെന്നാണ് കരുതിയത്‌. സത്യമായും ഇത് നേരാംവണ്ണം ചെയ്യുന്ന ഒരു കാര്യമാണെന്ന് തന്നെ കരുതി. എന്റെ അഭിപ്രായത്തില്‍ ഫേസ്ബുക്കും കേംബ്രിജ്‌ അനലിറ്റിക്കയും എന്നെ ബലിയാടാക്കുകയായിരുന്നു. കോഗന്‍ പറയുന്നു.

23 കോടി അമേരിക്കക്കാരുടെ ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തി ട്രംപിനെ പ്രസിഡന്റാക്കിയ കമ്പനി ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്

ഈ വിവാദത്തോടെ സോഷ്യല്‍ മീഡിയ കമ്പനികളുടെ ബിസിനസ് മോഡലിനെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നതായി കോഗന്‍ ആരോപിക്കുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി അവരിലേക്ക്‌ കടന്നു ചെല്ലാനും സ്വാധീനം ചെലുത്താനുമുള്ള പദ്ധതിയാണ് കേംബ്രിജ്‌ അനലിറ്റിക്ക ചെയ്തത്. കൃത്യമായി നിരീക്ഷിച്ചാല്‍ ഇത്തരം സോഷ്യല്‍ മീഡിയകള്‍ നിലനില്‍ക്കുന്നത് അത്തരമൊരു കച്ചവട സാധ്യത ഉപയോഗപ്പെടുത്തി തന്നെയാണല്ലോ എന്നാണ്‌ കോഗന്‍ ചോദിക്കുന്നത്. നിങ്ങള്‍ക്ക് ഇത്രയും നല്ലൊരു സംവിധാനം ഒരുക്കാന്‍ ഞങ്ങള്‍ക്ക് വലിയ ചെലവുണ്ട്. അതിനു പകരമായി നിങ്ങളെ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ പരസ്യദാതാക്കളെ സഹായിക്കുന്നു എന്നൊരു ധാരണയില്‍ തന്നെയാണല്ലോ ഫേസ്ബുക്കടക്കം എല്ലാ സോഷ്യല്‍ മീഡിയകളും മുന്നോട്ടു പോകുന്നതെന്നാണ് കോഗന്‍റെ വാദം.

ഈ ആശയവുമായി താന്‍ കേംബ്രിജ്‌ അനലിറ്റിക്കയെ സമീപിച്ചു എന്ന വാദവും കോഗന്‍ നിരാകരിച്ചു. അത് കെട്ടിച്ചമച്ചതാണ്. അവരെന്നെയാണ് സമീപിച്ചത്. ആപ്പിനു വേണ്ടി ഫേസ്ബുക്ക്‌ ഡാറ്റ ഉപയോഗിക്കാനുള്ള ഉപാധികള്‍ അവരാണ് തയാറാക്കിയത്. ഇത് ശരിയായ രീതിയിലാണെന്ന നിയമോപദേശം തന്നതും അവരാണ്. ഇപ്പോള്‍ അവരുടെ പ്രസ്താവനകളില്‍ എനിക്ക് അത്ഭുതം തോന്നുന്നു. അവര്‍ പറയുന്ന കാര്യങ്ങളൊന്നും ശരിയല്ലെന്നു കോഗന്‍ ആരോപിക്കുന്നു.

എതിരാളികളെ കുടുക്കാന്‍ ഉക്രേനിയന്‍ ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ചു; ട്രംപിന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച കമ്പനിയുടെ വെളിപ്പെടുത്തല്‍

എട്ടു ലക്ഷം ഡോളര്‍ ചെലവാക്കി രണ്ടു ലക്ഷം പേരിലേക്ക് ഈ ആപ്പ് എത്തിച്ചതും അവരാണ്. എനിക്ക് ഇതില്‍ നിന്ന് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ല. ഈ ആപ് ഉപയോഗിക്കാന്‍ തിരഞ്ഞെടുത്തവര്‍ക്കാണ് മൂന്ന് മുതല്‍ നാലു വരെ ഡോളര്‍ വീതം നല്‍കിയത്.

തന്നോട് ഇത് നിയമ വിധേയമാണെന്നു പറഞ്ഞിരുന്നു. എങ്കിലും അതിന്റെ ധാര്‍മികതയെ തനിക്കു ചോദ്യം ചെയ്യാമായിരുന്നു എന്ന് കോഗന്‍ സമ്മതിച്ചു. ഇത് പൂര്‍ണമായും ഒരു ബിസിനസ് പദ്ധതിയാണെന്നും ഇത് പോലുള്ള അനേകം ആപ്പുകള്‍ ഉണ്ടെന്നും ഫേസ്ബുക്ക് ഡാറ്റ ഇങ്ങനെ ഉപയോഗപ്പെടുത്തുന്നതു വളരെ സാധാരണം ആണെന്നുമുള്ള വിവരങ്ങള്‍ ആണ് അവര്‍ എന്നെ ധരിപ്പിച്ചത്.

എല്ലാം വളരെ കൃത്യമാണെന്നും നിയമവിധേയമാണെന്നും അവര്‍ ധരിപ്പിച്ചപ്പോള്‍ കുറച്ചു കൂടെ വിശദമായി അന്വേഷിച്ചില്ല എന്നതു മാത്രമേ തന്‍റെ തെറ്റായി പറയാന്‍ പറ്റൂ എന്നാണ് കോഗന്‍റെ ന്യായം.

കേംബ്രിജ്‌ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ സെയ്ന്‍റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഓഫറും ഗവേഷണത്തിനായി റഷ്യന്‍ ഗവണ്മെന്റ് നല്‍കിയ ഗ്രാന്റും സ്വീകരിച്ചതായുള്ള ഒരു ആരോപണവും കോഗന്‍റെ പേരിലുണ്ട്. കേംബ്രിജ്‌ യൂണിവേഴ്സിറ്റിയില്‍ മനഃശാസ്ത്ര വിഭാഗത്തില്‍ ഗവേഷകനായ കോഗന്‍ പഴയ സോവിയറ്റ് യൂണിയനില്‍ ഉള്‍പ്പെട്ടിരുന്ന മോള്‍ഡേവിയയില്‍ ജനിച്ചയാളാണ്. റഷ്യന്‍ ബന്ധമെന്ന ആരോപണം കോഗന്‍ ചിരിച്ചു തള്ളി. തന്നെപ്പോലെ കാര്യഗൌരവം ഇല്ലാത്ത ഒരാള്‍ക്ക് ചാരവൃത്തി നടത്താന്‍ കഴിയില്ലെന്ന് തന്നെ അറിയുന്ന ആരും സമ്മതിക്കുമെന്നാണ് കോഗന്‍ പറഞ്ഞത്.

വിവര മോഷണം; കൈകഴുകാന്‍ സുക്കര്‍ബര്‍ഗിനു കഴിയില്ല; ഫേസ്ബുക്ക് സമ്മര്‍ദ്ദത്തില്‍

കോഗന്‍റെ ആപ് വഴി ശേഖരിച്ച വിവരങ്ങള്‍ അനുവാദം കൂടാതെ എടുത്ത് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഉതകുന്ന സോഫ്റ്റ്‌വെയര്‍ രൂപപ്പെടുത്താന്‍ ഉപയോഗിച്ചു എന്നാണ് വൈല്‍ വെളിപ്പെടുത്തിയത്.

ഇത് എങ്ങനെ എന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നു കോഗന്‍ പറയുന്നു.അത് സത്യമാണെങ്കില്‍ അത് ഭീകരമായിപ്പോയി എന്നാണു കോഗന്റെ പക്ഷം. ട്രംപിനെ പോലൊരാള്‍ ഒരിക്കലും എന്റെ മൂല്യങ്ങളുമായി ഒത്തുപോകുന്ന ആളല്ല. മാത്രമല്ല അത് തിരഞ്ഞെടുപ്പില്‍ ഉപയൊഗപ്പെട്ടുവെന്നും വിശ്വസിക്കാനാവില്ലെന്ന് കോഗന്‍ പറയുന്നു.

ഈ വിവരങ്ങളുടെ കൃത്യത ഊതിപ്പെരുപ്പിച്ചതാണ്. മൈക്രോ-ടാര്‍ഗെറ്റിംഗ് ഫലപ്രദമായ ഒരു സംവിധാനം ആണെന്നും കരുതുന്നില്ല. ഒരാളുടെ സ്വഭാവ സവിശേഷതകള്‍ ഊഹിച്ചെടുക്കുമ്പോള്‍ തെറ്റിപ്പോകാനുള്ള സാധ്യത ആറിരട്ടിയാണ്. കേംബ്രിജ്‌ അനലിറ്റിക്ക വില്‍ക്കാന്‍ ശ്രമിച്ചതൊരു മാജിക്കാണ്. നിങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പറയുമെന്ന് അവര്‍ അവകാശപ്പെടുമെങ്കിലും സത്യം അതല്ല. കണക്കുകള്‍ നോക്കിയാല്‍ ഈ അവകാശ വാദങ്ങളുടെ പൊള്ളത്തരം ബോധ്യമാകുമെന്നും കോഗന്‍ പറയുന്നു.

ഡിലീറ്റ് ഫേസ്ബുക്ക് പ്രചരണം പടരുന്നു; ഫേസ്ബുക്ക് ഓഹരിവില കുത്തനെ ഇടിഞ്ഞു; സുക്കര്‍ബര്‍ഗ് എവിടെ?

കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്യപ്പെട്ട കേംബ്രിജ്‌ അനലിറ്റിക്ക തലവന്‍ അലക്സാണ്ടര്‍ നിക്സ് കഴിഞ്ഞ മാസം എം പിമാര്‍ക്ക് മുന്നില്‍ ഹജരയപ്പോള്‍ പറഞ്ഞത് തങ്ങള്‍ ഫേസ്ബുക്ക് ഡാറ്റ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചില്ല എന്നാണ്. പോയ ശനിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിലും അവര്‍ ഇത് നിഷേധിച്ചിരുന്നു. കോഗനില്‍ നിന്നു കിട്ടിയ ഡാറ്റ മുഴുവന്‍ നശിപ്പിച്ചിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു.

വിവര മോഷണ വിവാദത്തിന്‍റെ ചുരുളുകള്‍ നിവരുമ്പോള്‍ മൌനം അവസാനിപ്പിച്ച്‌ ക്ഷമാപണവുമായി ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സിഎന്‍എന്‍ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇതു സംഭവിച്ചതില്‍ ഞാന്‍ ഖേദിക്കുന്നുവെന്ന് പറഞ്ഞ സുക്കര്‍ബര്‍ഗ് ഉപയോക്താക്കളുടെ വിശ്വാസം തകര്‍ത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നു ന്യൂയോര്‍ക്ക് ടൈംസും ടെക് വെബ്സൈറ്റ് റീകോഡും അടക്കമുള്ള മാധ്യമങ്ങളേയും അറിയിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവരങ്ങള്‍ മൂന്നാമതൊരു കക്ഷിക്ക് ദുരുപയോഗം ചെയ്യാന്‍ അനുവാദം നല്‍കുന്ന നയങ്ങള്‍ മൂലം സുരക്ഷിതമെന്നു കരുതി തങ്ങളെ വിശ്വസിച്ചു വിവരങ്ങള്‍ പങ്കു വയ്ക്കുന്ന ഉപയോക്താക്കളും ഫേസ്ബുക്കും തമ്മിലുള്ള വിശ്വാസം ലംഘിക്കപ്പെട്ടു. അഞ്ചു ദിവസം നീണ്ട മൌനത്തിനൊടുവില്‍ പങ്കു വച്ച ഫേസ്ബുക്ക് പോസ്റ്റില്‍ സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

കോണ്‍ഗ്രസിനു മുന്നില്‍ ഹാജരായി സത്യം ബോധിപ്പിക്കുമെന്ന് പറഞ്ഞ സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോട് പൂര്‍ണമായും വിയോജിപ്പില്ലെന്നും പറയുന്നു.

മാര്‍ക്ക് സുക്കര്‍ബര്‍ഗിന് മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടമായത് അഞ്ച് ബില്യണ്‍ ഡോളര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍