UPDATES

സയന്‍സ്/ടെക്നോളജി

2021-ല്‍ ഇന്ത്യന്‍ ഭാഷകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 536 ദശലക്ഷം കവിയുമെന്ന് ഗൂഗിള്‍

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ (400 ദശലക്ഷം) രണ്ടാം സ്ഥാനത്താണ് ഇന്ത്യ

Avatar

അഴിമുഖം

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഭാഷകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 536 ദശലക്ഷം കവിയുമെന്ന് ഗൂഗിള്‍. ഡിജിറ്റല്‍ പരസ്യങ്ങളുടെ 35 ശതമാനവും പ്രാദേശിക ഭാഷകളിലാകും. നിലവില്‍ ഡിജിറ്റല്‍ പരസ്യത്തില്‍ പ്രാദേശിക ഭാഷയുടെ പങ്ക് 5 ശതമാനം മാത്രമാണ്. ഇംഗ്ലീഷ് ഇതര ഭാഷകളിലെ ഉപയോക്താക്കളുടെ എണ്ണം (ഇപ്പോള്‍ 234 മില്യണ്‍ ആണ്) ഇതിനകം ഇംഗ്ലീഷ് ഉപയോക്താക്കളെ (175 മില്യണ്‍) മറികടന്നുവെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. തെലുങ്ക്, മറാത്തി, തമിഴ്, ബംഗാളി എന്നീ നാലു ഭാഷകള്‍ ഉപയോഗിക്കുന്നവര്‍ മാത്രം 30 ശതമാനത്തോളം വരും.

ഭാഷാ ഉപയോക്താക്കളുടെ എണ്ണം അടുത്ത നാല് വര്‍ഷങ്ങളില്‍ 18 ശതമാനത്തോളം വര്‍ദ്ധിച്ച് 536 ദശലക്ഷത്തില്‍ എത്തുമ്പോള്‍ ഇംഗ്ലീഷ് ഉപയോക്താക്കളുടെ എണ്ണം വെറും മൂന്ന് ശതമാനം മാത്രം വര്‍ധിച്ച് 199 ദശലക്ഷമാകും. ഇംഗ്ലീഷ് ഇതര ഭാഷകളില്‍ നിന്നുള്ള ഉപയോക്താക്കളുടെ അസാധാരണ വളര്‍ച്ചയാണ് ഇന്ത്യന്‍ ഭാഷകളെ കൂടുതല്‍ പിന്തുണക്കുക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചതിന് പിന്നില്‍.

ഗൂഗിള്‍ ആഡ്വേര്‍ഡ്‌സ്, ഗൂഗിള്‍ ആഡ്‌സെന്‍സ് എന്നീ ഓണ്‍ലൈന്‍ പരസ്യ സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ തെലുങ്കുഭാഷയിലും ലഭ്യമായിത്തുടങ്ങി. ഇതോടെ തെലുങ്കിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വലിയ അടിത്തറയിലേക്ക് അനായാസം എത്തിച്ചേരാന്‍ തെലുങ്ക് ഭാഷയിലുള്ള വെബ് പ്രസാധകര്‍ക്കും പരസ്യദാതാക്കള്‍ക്കും സാധിക്കും.

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ തെലുങ്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 91 മില്യണ്‍ കവിയുമെന്നാണ് സെര്‍ച്ച് ഭീമനായ ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് കൂടുതല്‍ പ്രയോജനപ്രദമാക്കാന്‍ പ്രാദേശിക ഇന്ത്യന്‍ ഭാഷകള്‍ക്ക് വിപുലമായ പിന്തുണ നല്‍കുന്നതിലൂടെ സാധിക്കുമെന്ന് ഗൂഗിളിന്റെ സൗത്ത് ഈസ്റ്റ് ഏഷ്യ-ഇന്ത്യ വൈസ് പ്രസിഡന്റ് രാജന്‍ ആനന്ദന്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ (400 ദശലക്ഷം) രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റാണ് ഇത്. ഓരോ മാസവും 8 മുതല്‍ 10 ദശലക്ഷം വരെ ഉപയോക്താക്കളാണ് പുതുതായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങുന്നത്.

വീഡിയോ, സോഷ്യല്‍ മീഡിയ, മെസേജിംഗ്, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയുള്ളത്. നിലവില്‍ 8 ഇന്ത്യന്‍ ഭാഷകളില്‍ ഗുഗൂളിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഇത് 11 ഇന്ത്യന്‍ ഭാഷകളിലേക്ക് വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഗൂഗിള്‍ എന്ന് ഗൂഗിള്‍ മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് ഡയറക്ടര്‍ ശാലിനി ഗിരീഷ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍