UPDATES

സയന്‍സ്/ടെക്നോളജി

തെറ്റുപറ്റി: സുക്കര്‍ബര്‍ഗ്; കുറ്റസമ്മതം ഫേസ്ബുക്കിന്റെ അടിത്തറയിളകുമെന്ന ഘട്ടത്തില്‍

അലക്സാണ്ടര്‍ കോഗന്‍ ആപ്പ് വഴി ശേഖരിച്ച ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്‌ജ് അനലിറ്റിക്കയ്ക്ക് കൈമാറിയെന്ന് 2015-ല്‍ തന്നെ കണ്ടെത്തിയിട്ടും ഗൌരവമായി എടുത്തില്ല

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇടപെടാന്‍ ഫേസ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന വിവാദം മൂര്‍ച്ഛിച്ചിരിക്കെ, വിശദീകരണവുമായി ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്തെത്തി. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച സുക്കര്‍ബര്‍ഗ്, ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും വ്യക്തമാക്കി. ഇതിനു മുമ്പു തന്നെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ രഹസ്യമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെന്ന് കമ്പനി കണ്ടെത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും സുക്കര്‍ബര്‍ഗ് പങ്കുവച്ചിട്ടുണ്ട്. വിവാദം ആരംഭിച്ച ശേഷം ആദ്യമായാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെയുമാണ് സുക്കര്‍ബര്‍ഗ് മൗനം വെടിഞ്ഞത്.

2.2 ബില്യണ്‍ വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ സുക്ഷിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. പേഴ്‌സണാലിറ്റി ആപ് മുഖേനെ ശേഖരിച്ച വിവരങ്ങള്‍, ഡേറ്റകള്‍ കൈമാറി രാഷ്ട്രീയ നടപടികള്‍ അടക്കം ഇടപെടുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനത്തിന് കൈമാറിയെന്നതാണ് വിവാദം. അനലിറ്റിക്ക ഈ വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ വിധത്തില്‍ ജനാഭിപ്രായം രൂപീകരിക്കാന്‍ ഉപയോഗപ്പെടുത്തിയെന്നുമാണ് ദി ഗാര്‍ഡിയന്‍, ചാനല്‍ ഫോര്‍ തുടങ്ങിയ മാധ്യമങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യയില്‍ 2010-ല്‍ നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും കമ്പനി ഇടപെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിഹാറിലെ ഭണകക്ഷിയും ബിജെപിയുടെ സഖ്യകക്ഷിയുമായ ജെ.ഡി-യുവിന്റെ നേതാവ് കെ.സി ത്യാഗിയുടെ മകന്‍ അമരീഷ് ത്യാഗിയുടെ ഉടമസ്ഥതയിലുള്ള ഒവലീന ബിസിനസ് ഇന്റലീജന്‍സ് എന്ന കമ്പനി, കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളിയായാണ് പ്രവര്‍ത്തിച്ചിരുന്നത്. ജെ.ഡി-യുവിനു വേണ്ടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന് അനലിറ്റിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെ ഓവലീനയുടെ പ്രവര്‍ത്തനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ, കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായം തേടിയതു സംബന്ധിച്ച് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയ വിവാദവും രൂക്ഷമായിട്ടുണ്ട്.

“നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്”- തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സുക്കര്‍ബര്‍ഗ് പറഞ്ഞു. “അതിന് ഞങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ അര്‍ഹരല്ല എന്നാണ്”- അദ്ദേഹം പറഞ്ഞു.

“ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഞങ്ങള്‍ അറിയാതെ ആപ്പുകള്‍ വഴി ശേഖരിച്ചിട്ടുണ്ടോ? അത് മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ? അതുവഴി ഫേസ്ബുക്കില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ വഞ്ചിട്ടുണ്ടോ? ഈ കാര്യങ്ങളൊക്കെ ഞങ്ങള്‍ക്കും പരിശോധിക്കേണ്ടതുണ്ട്”- ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സുക്കര്‍ബര്‍ഗ് പറഞ്ഞു.

23 കോടി അമേരിക്കക്കാരുടെ ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തി ട്രംപിനെ പ്രസിഡന്റാക്കിയ കമ്പനി ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനു മുമ്പു തന്നെ ഇത്തരത്തില്‍ ഫേസ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നത് കമ്പനി അറിഞ്ഞിരുന്നുവെന്നാണ് സുക്കര്‍ബര്‍ഗ് തന്റെ പോസ്റ്റില്‍ പറയുന്നത്. 2007-ലാണ് ഫേസ്ബുക്ക് മറ്റ് ആപ്പുകള്‍ക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനായി തുറന്നു കൊടുക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍, സുഹൃത്തുക്കളുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതുവഴി ആപ്പുകള്‍ ശേഖരിച്ചു പോന്നിരുന്നു. 2013-ലാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ ഒരു പേഴ്‌സണാലിറ്റി ക്വിസ് ആപ് ഉണ്ടാക്കിയതെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. ഇത് മൂന്നു ലക്ഷത്തോളം ആളുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും അതോടൊപ്പം തങ്ങളുടെ സുഹൃത്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി കൈമാറുകയും ചെയ്തു. ഇതുവഴി കോടിക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങളാണ് കോഗന്റെ കൈവശമെത്തിയത്.

എന്നാല്‍ 2014-ല്‍ ഇത്തരം ആപ്പുകള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് തങ്ങള്‍ പൊടുന്നനെ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സുക്കര്‍ബര്‍ഗ് പറയുന്നു. ഇതുവഴി കോഗന്റെ ആപ്പിന് ഉള്‍പ്പെടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാകുന്നതിന് നിയന്ത്രണം ഉണ്ടായി. ഒപ്പം, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആപ്പുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിന് കമ്പനിയുടെ അനുമതി തേടിയിരിക്കണമെന്നും തീരുമാനിച്ചു. 2015-ലാണ് കോഗന്‍ താന്‍ ആപ്പ് വഴി ശേഖരിച്ച വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക് വിറ്റതായി ഗാര്‍ഡിയനിലെ മാധ്യമപ്രവര്‍ത്തകര്‍ വഴി താനറിഞ്ഞതെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ കൈമാറുന്നത് പോളിസിക്ക് വിരുദ്ധമാണ് എന്നതിനാല്‍ കോഗന്റെ ആപ്പിനെ തങ്ങള്‍ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. ഒപ്പം, തങ്ങള്‍ ശേഖരിച്ച മുഴുവന്‍ വിവരങ്ങളും ഡിലീറ്റ് ചെയ്യണമെന്ന് കോഗനോടും അനലിറ്റിക്കയോടും ആവശ്യപ്പെട്ടെന്നും ഇക്കാര്യങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടത് അനുസരിച്ച് അവര്‍ നല്‍കിയെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

എന്നാല്‍ അവര്‍ അത്തരത്തില്‍ മുഴുവന്‍ വിവരങ്ങളും ഡിലീറ്റ് ചെയ്തിട്ടില്ല എന്നാണ് ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, ചാനല്‍ ഫോര്‍ എന്നിവരില്‍ നിന്ന് കഴിഞ്ഞയാഴ്ച തങ്ങള്‍ അറിഞ്ഞതെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. ഫേസ്ബുക്കിന്റെ എന്തെങ്കിലും സേവനം ഉപയോഗിക്കുന്നതില്‍ നിന്ന് അവരെ അപ്പോള്‍ തന്നെ വിലക്കി. തങ്ങള്‍ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്‌തെന്നും ഫേസ്ബുക്ക് നിയോഗിക്കുന്ന സ്ഥാപനത്തെക്കൊണ്ട് ഫോറന്‍സിക് ഓഡിറ്റിംഗ് നടത്താന്‍ അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇത് ഉടന്‍ ചെയ്യുമെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

“ഫേസ്ബുക്കും കോഗനും അനലിറ്റിക്കയും തമ്മിലുണ്ടായിരുന്ന വിശ്വാസ്യതയെ തകര്‍ക്കുന്ന പരിപാടിയാണ് അവിടെ നടന്നത്”-സുക്കര്‍ബര്‍ഗ് പറയുന്നു. വരും നാളുകളില്‍ ഇത്തരത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു.

വ്യാജ പ്രചാരകരും ട്രോള്‍ ആര്‍മിയും; മോദിയുടെ വിജയത്തിന് പിന്നിലെ ഫേസ്ബുക്ക് പ്രൊജക്റ്റ്

അതിനിടെ, ഡേറ്റകള്‍ കൈമാറിയ അനലിറ്റിക്ക, തങ്ങള്‍ക്ക് മേലുള്ള നിരോധനം നീക്കാനായി ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനലിറ്റിക്കയുടെ നിരോധനം നീക്കുമെന്ന കാര്യത്തില്‍ സുക്കര്‍ബര്‍ഗും അനുകൂലമായാണ് പ്രതികരിച്ചത്. “പക്ഷേ, അതിന് മുമ്പ് യാതൊരു വിധത്തിലും തെറ്റായ കാര്യങ്ങള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയിട്ടേ അതുണ്ടാകൂ”- സുക്കര്‍ബര്‍ഗ് പറയുന്നു.

അമേരിക്കയിലും ബ്രിട്ടനിലും ഡേറ്റാ ചോര്‍ച്ചയുണ്ടാക്കിയ രാഷ്ട്രീയ വിവാദങ്ങള്‍ രൂക്ഷമായി തുടരുകയാണ്. എങ്ങനെയാണ് ഇത്തരമൊരു കാര്യമുണ്ടായതെന്ന് ഇരു രാജ്യങ്ങളിലേയും രാഷ്ട്രീയക്കാര്‍ സുക്കര്‍ബര്‍ഗിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒപ്പം, ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളിലും അന്വേഷണവും നടക്കുന്നുണ്ട്. ഒപ്പം, #ഡിലീറ്റ്ഫേസ്ബുക്ക് പ്രചരണവും നടന്നു വരുന്നത് ഫേസ്ബുക്കിന്റെ അടിത്തറയിളക്കുമെന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ക്ഷമാപണവുമായി സുക്കര്‍ബര്‍ഗ് രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയ കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണം വേണമെന്ന ആവശ്യം അമേരിക്കയിലും ശക്തമായിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് മസാച്ചുസെറ്റ്‌സില്‍ നിന്നുള്ള സെനറ്റര്‍ എഡ് മര്‍ക്കി, സുക്കര്‍ബര്‍ഗിന്റെ പ്രസ്താവനയോട് പ്രതികരിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ ഏറ്റവും വലിയ വരുമാന മാര്‍ഗം ഉപയോക്താക്കളുടെ ഡേറ്റയാണെന്ന് അറിയാമായിരുന്നിട്ടും അത് സംരക്ഷിക്കുന്ന കാര്യത്തില്‍ ഫേസ്ബുക്ക് ഗൗരവപൂര്‍വം ഇടപെട്ടിട്ടില്ലെന്ന വിമര്‍ശനവും ശക്തമായി ഉയരുന്നുണ്ട്.

ഫേസ്ബുക്കിനുള്ളില്‍ തന്നെ സുക്കര്‍ബര്‍ഗിന്റെ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015-ല്‍ കോഗന്‍ വിവരങ്ങള്‍ അനലിറ്റിക്കയ്ക്ക് കൈമാറിയെന്ന് അറിഞ്ഞിട്ടും ഇതിനെ പ്രതിരോധിക്കാന്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് വിമര്‍ശനം. ഒപ്പം, ഫേസ്ബുക്ക് ജീവനക്കാരുമായി കൂടിക്കാഴ്ചയ്ക്കും സുക്കര്‍ബര്‍ഗ് തയാറായിട്ടില്ല. വെളളിയാഴ്ച ജീവനക്കാരെ കാണുമെന്നാണ് ഇപ്പോഴുള്ള വിവരം. ഫേസ്ബുക്കില്‍ നിന്ന് കമ്പനിയുടെ മറ്റ് സ്ഥാപനങ്ങളായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലേക്ക് ജീവനക്കാര്‍ ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അത്രത്തോളം അധാര്‍മികമായാണ് ഫേസ്ബുക്ക് പ്രവര്‍ത്തിച്ചതെന്നാണ് ഇവരുടെ വിമര്‍ശനം.

വിവരമോഷണ വിവാദത്തില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ സാമ്പത്തിക വിപണിയിലും ഫേസ്ബുക്കിനു തിരിച്ചടി നേരിട്ടിരുന്നു.  കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. പരിഭ്രാന്തരായ നിക്ഷേപകര്‍ ഓഹരികള്‍ പിന്‍വലിക്കുന്നതു മൂലം പോയ രണ്ടു ദിവസം കൊണ്ട് കമ്പനിയുടെ മൂല്യത്തില്‍ 50 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംഘപരിവാറിനേയും മോദി സര്‍ക്കാരിനേയും വിമര്‍ശിക്കുന്നവരെ ഫേസ്ബുക്ക് തടയുന്നുണ്ടോ?

എതിരാളികളെ കുടുക്കാന്‍ ഉക്രേനിയന്‍ ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ചു; ട്രംപിന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച കമ്പനിയുടെ വെളിപ്പെടുത്തല്‍

ഫേസ്ബുക്ക് ഒരു രാഷ്ട്രമാണ്; അതിനെ ഭയപ്പെടേണ്ടിയിരിക്കുന്നു

ഫേസ്ബുക്ക് ജനാധിപത്യത്തിന് ദോഷം; കുറ്റസമ്മതവുമായി ഫേസ്ബുക്ക് പ്രോഡക്ട് മാനേജര്‍

വിവര മോഷണം; കൈകഴുകാന്‍ സുക്കര്‍ബര്‍ഗിനു കഴിയില്ല; ഫേസ്ബുക്ക് സമ്മര്‍ദ്ദത്തില്‍

ഡിലീറ്റ് ഫേസ്ബുക്ക് പ്രചരണം പടരുന്നു; ഫേസ്ബുക്ക് ഓഹരിവില കുത്തനെ ഇടിഞ്ഞു; സുക്കര്‍ബര്‍ഗ് എവിടെ?

മാര്‍ക്ക് സുക്കര്‍ബര്‍ഗിന് മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടമായത് അഞ്ച് ബില്യണ്‍ ഡോളര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍