UPDATES

സയന്‍സ്/ടെക്നോളജി

മൈക്രോമാക്‌സ് ഭാരത്: ജിയോ ഫോണിന് ശക്തനായ എതിരാളി

ബിഎസ്എന്‍എലുമായുള്ള ഭാരതിന്റെ സഹകരണം ശ്രദ്ധേയമാണ്. ബിഎസ്എന്‍എലിന് പൊതുവെ നഗര ഉപഭോക്താക്കള്‍ കുറവാണ്.

ഓഗസ്റ്റില്‍ റിലൈന്‍സ് ജിയോ ഫോണ്‍ വിപണിയിലെത്തിയതോടെ എന്‍ട്രി ലെവല്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ അവഗണിച്ച മട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം ഫോണുകള്‍ വീണ്ടും സജീവമാവുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തയേക്ക് ഇന്ത്യയില്‍ 20 കോടിക്കടുത്ത് ഫോര്‍ ജി സ്മാര്‍ട്ട് ഫോണുകള്‍ വിറ്റുപോകുമെന്നാണ് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പറയുന്നത്. ജിയോ തന്നെയായിരിക്കും ഏറ്റവും നേട്ടമുണ്ടാക്കുക. എന്നാല്‍ മറ്റ് കമ്പനികളും ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നുണ്ട്. ഈ മാസം ആദ്യം എയര്‍ടെല്‍ രണ്ടായിരം രൂപയുടെ ഫോര്‍ ജി വോള്‍ട്ടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഇറക്കിയത് കാര്‍ബണുമായി ചേര്‍ന്നാണ്. ചൊവ്വാഴ്ച ഭാരത് 1 ഫോര്‍ ജി വോള്‍ട്ടെ ഫോണുമായി മൈക്രോമാക്‌സും രംഗത്തെത്തിയതോടെ മത്സരം മുറുകുകയാണ്. 2200 രൂപയാണ് വില. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഡാറ്റയും ലഭ്യമാക്കുന്ന ബിഎസ്എന്‍എല്ലിന്റെ 97 രൂപയുടെ പ്രതിമാസ പ്ലാന്‍ ഫ്രീ.

ഇന്‍ബില്‍ട്ടായുള്ള വോയ്‌സ് അസിസ്റ്റന്റ് ഒഴിച്ചാല്‍ ഏതാണ്ട് ജിയോ ഫോണിന്റെ സൗകര്യങ്ങളെല്ലാം മൈക്രോമാക്‌സ് ഭാരതിനുണ്ട്. കീ പാഡുണ്ട്. ഡ്യവല്‍ സിം സൗകര്യമുണ്ട്. അതേസമയം ജിയോ ഫോണുമായി താരതമ്യപ്പെടുത്തുമ്പോള്‍ സോഫ്റ്റ്‌വെയറിലെ വ്യത്യാസം പ്രകടമാണ്. കെഎഐ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ജിയോ ഫോണിന്റെ ഇന്റര്‍ഫേസ് മിക്ക ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളുടേയും പോലെതന്നെയാണ്. എന്നാല്‍ മൈക്രോ മാക്‌സ് ഭാരതില്‍ കൂടുതല്‍ വലിയ ആപ്പ് ഐക്കണാണുള്ളത്. ജിയോ ഫോണിനേക്കാള്‍ യൂസര്‍ ഫ്രണ്ട്‌ലിയാണ് മൈക്രോമാക്‌സ് ഭാരത് എന്നാണ് വിലയിരുത്തല്‍. മൈക്രോമാക്‌സ് എന്റര്‍ടെയ്ന്‍മെന്റ് ആപ്പിലൂടെ ലൈവ് ടിവിയും പാട്ടുകളും വീഡിയോയും ആസ്വദിക്കാം. അതേസമയം ഫേസ്ബുക്ക് വാട്‌സ് ആപ്പ് ആപ്ലിക്കേഷനുകള്‍ ഒരു മാസം കഴിഞ്ഞേ എത്തൂ. ജിയോ ഫോണ്‍ നേരിട്ട വിമര്‍ശനവും ഫേസ്ബുക്കിന്റേയും വാട്‌സ് ആപ്പിന്റേയും അഭാവമായിരുന്നു. ഈ രണ്ട് ആപ്പുകളും വരുന്നതോടെ ഭാരതിന് ജിയോയേക്കാള്‍ ജനപ്രീതിയേറുമെന്നാണ് പറയുന്നത്.

അതേസമയം ബിഎസ്എന്‍എലുമായുള്ള ഭാരതിന്റെ സഹകരണം ശ്രദ്ധേയമാണ്. ബിഎസ്എന്‍എലിന് പൊതുവെ നഗര ഉപഭോക്താക്കള്‍ കുറവാണ്. ട്രായുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ജൂലായ് 31 വരെയുള്ള കണക്ക് പ്രകാരം എയര്‍ടെല്ലിനാണ് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത്. 23.7 ശതമാനം പേരും എയര്‍ടെല്‍ ഉപയോഗിക്കുന്നു. വൊഡാഫോണ്‍ – 17.74 ശതമാനം, ഐഡിയ – 16.34, റിലൈന്‍സ് ജിയോ – 10.83, ബിഎസ്എന്‍എല്‍ – 8.81 എന്നിങ്ങനെയാണ് കണക്കുകള്‍. അതേസമയം ഗ്രാമീണ മേഖലകളില്‍ ഇപ്പോളും ഏറ്റവുമധികം റീച്ച് ഉള്ളത് ബിഎസ്എന്‍എല്ലിന് തന്നെയാണ്. ഡാറ്റ പ്ലാനിന് പുറമെ 10,000 സൗജന്യ വൈ ഫൈ ഫ്രീ സ്‌പോട്ടുകളും ഓഫര്‍ ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍