UPDATES

സയന്‍സ്/ടെക്നോളജി

ഇനി സൂപ്പര്‍ ഹീറോയയും വില്ലനുമൊക്കെയുണ്ടാകും; 157 പുതിയ ഇമോജികള്‍ കൂടി

ഇതോടെ ആകെ ഇമോജികളുടെ എണ്ണം 2,823 ആകും

നീണ്ടു നിവര്‍ന്ന വാക്കുകള്‍ക്ക് പകരം ഒരൊറ്റ ഇമോജി; അതുമതി തമ്മില്‍ ആശയങ്ങള്‍ കൈമാറാന്‍. ഇമോജി എന്നത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് ഒരു വികാരം തന്നെയാണ്. ഇമോജികളെ അതിയായി ഇഷ്ടപ്പെടുന്നവരെ തേടി ഇപ്പോഴൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. ഉടന്‍ തന്നെ 157 പുതിയ ഇമോജികള്‍ കൂടി നിങ്ങളെ തേടി എത്തുന്നു. ഇവ കൂടി ഉള്‍പ്പെടുന്ന ഇമോജി 11.0 ഡേറ്റയ്ക്ക് യുണിക്കോഡ് കണ്‍സോര്‍ഷ്യം അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇതോടെ ആകെ ഇമോജികളുടെ എണ്ണം 2,823 ആകും.

വിവിധ ഹെയര്‍ സ്‌റ്റൈയിലിലുള്ള യുവാവും യുവതിയുമാണ് പുതിയ ഇമോജികളില്‍ അധികവും കാണാനാവുന്നത്. ചുവന്ന മുടിയുള്ളവ, വെളുത്ത മുടിയുള്ളവ, ചുരുണ്ട മുടിയുള്ളവ, കഷണ്ടിത്തലയന്‍ ഇമോജി എന്നിങ്ങനെയുള്ള വിവിധ മുഖഭാവങ്ങളില്‍ ഇവ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനു പുറമേ സൂപ്പര്‍ ഹീറോ, സൂപ്പര്‍ വില്ലന്‍ എന്നീ കഥാപാത്രങ്ങളും വ്യത്യസ്ത നിറഭേദങ്ങളില്‍ ഇമോജി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു.

ഈ വര്‍ഷം ഓഗസ്റ്റിലോ, സെപ്റ്റംബറിലോ തന്നെ പുതിയ ഇമോജികള്‍ ഉള്‍ക്കൊള്ളുന്ന പട്ടിക നിങ്ങളുടെ മൊബൈല്‍, ടാബ് ലെറ്റ്, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിലേയ്ക്ക് എത്തും. പുതിയ ഇമോജികളുമായി സാമ്യമുള്ളവയുടെ ചിത്രങ്ങള്‍ ഇപ്പോള്‍തന്നെ ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു. ഇമോജികളുടെ സര്‍വ വിജ്ഞാനകോശമായ ഇമോജിപീഡിയയില്‍ ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഇമോജികളെ പ്രതീകാത്മകമാക്കി വീഡിയോ പോലും ചിത്രീകരിച്ചു കഴിഞ്ഞു.

ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് തങ്ങളുടെ ഇമോജി ലിസ്റ്റ് ക്രമീകരിക്കാനായി ഇതിനോടകം സാംപിള്‍ ഇമോജികള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. പുതിയ ഇമോജികള്‍ കൂടി പട്ടികയില്‍ ഇടം പിടിക്കുന്നതോടു കൂടി വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും കൂടുതല്‍ സജീവമാകും. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടുവിരല്‍ ഇമോജി വാട്‌സ് ആപ്പ് അവതരിപ്പിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ വാട്‌സ്ആപ്പിനെതിരെ വക്കീല്‍ നോട്ടീസും അയച്ചിരിരുന്നു.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍