UPDATES

സയന്‍സ്/ടെക്നോളജി

ആപ്പിൾ അടക്കമുള്ള ടോപ്-റേഞ്ച് ഫോണുകൾ വാങ്ങുന്നവർക്ക് കൈ പൊള്ളും

എക്സൈസ് തീരുവയിൽ വൻ വർദ്ധനവ്; ഇന്ത്യൻ ബ്രാൻഡുകൾക്ക് ഉയർന്നുവരാനുള്ള അവസരം

മൊബൈൽ ഫോണുകളുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനത്തിൽ നിന്നും 20 ശതമാനമാക്കി കേന്ദ്രസർക്കാർ ഉയർത്തിയിരിക്കുകയാണ്. ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കസ്റ്റംസ് ഡ്യൂട്ടിയിൽ 5 ശതമാനം വർദ്ധനവ് ഉണ്ടാകുന്നതു കൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകളുടെ വിലയിലും വർദ്ധനവുണ്ടാകും. 2017ലാണ് കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി 10 ശതമാനമാക്കിയത്. കഴിഞ്ഞ വർഷം തന്നെ അവസാന പകുതിയോടെ അത് 15 ശതമാനമാക്കി ഉയർത്തിയിരുന്നു. ഇതാണിപ്പോൾ 20 ശതമാനമാക്കി വീണ്ടും ഉയർത്തിയത്.

എന്താകും ഇതിന് കാരണം?

ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകളുടെ വില കൂടുമ്പോൾ സ്വാഭാവികമായി ലോ-റേഞ്ച്, മിഡ്-റേഞ്ച് മൊബൈൽ ഫോൺ ഉപഭോക്താക്കൾ ഇന്ത്യൻ നിർമിത ബ്രാൻഡുകളിലേയ്ക്ക് കടക്കും. ഇതിനാകട്ടെ എക്സൈസ് ഡ്യൂട്ടിയില്ലാത്തതിനാൽ 20 ശതമാനത്തോളം വിലക്കുറവിൽ വിപണിയിൽ ലഭിക്കുകയും ചെയ്യും. അങ്ങനെ ഇന്ത്യയിൽ മൊബൈൽ ഫോൺ ഉത്പാദനം വർദ്ധിക്കും. ഇതു തന്നെയാണ് സർക്കാരിൻെറ ലക്ഷ്യവും.

ആരെ ബാധിക്കും?

കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിച്ച 300 മില്യൺ മൊബൈൽ ഫോണുകളിൽ അഞ്ചിൽ മൂന്നു ശതമാനവും ഇന്ത്യയിൽ തന്നെയാണ് അസംബിൾ ചെയ്തത്. എക്സൈസ് ഡ്യൂട്ടി ഉയർത്തിയതിലൂടെ ഇന്ത്യയിലുള്ള അസംബ്ലിംഗിൻെറ തോതും വർദ്ധിക്കും. അതുകൊണ്ടുതന്നെ എക്സൈസ് ഡ്യൂട്ടി വർദ്ധനവ് കൂടുതലായി ബാധിക്കുക ആപ്പിൾ പോലുള്ള ബഹുരാഷ്ട്ര കമ്പനികളെയാകും. ഇവരാണ് കൂടുതലായി ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്നത്.

ഗുണം ഇതാകും

എക്സൈസ് തീരുവ വർദ്ധിപ്പിച്ചതിലൂടെ ഗുണം മാത്രമാകും ഇന്ത്യയ്ക്കുണ്ടാവുക. ബഹുരാഷ്ട്ര മൊബൈൽ കമ്പനികൾ തങ്ങളുടെ ഉത്പാദന പ്ലാൻറുകൾ ഇന്ത്യയിൽ ആരംഭിക്കും. ഇതിലൂടെ ഇന്ത്യൻ നിർമിതികൾ വർദ്ധിക്കും. യുവാക്കൾക്ക് തൊഴിൽ സാധ്യത കൂടും, ആഭ്യന്തര ഉത്പാദനം വൻ തോതിൽ വർദ്ധിക്കുകയും ചെയ്യും. മേക്ക് ഇൻ ഇന്ത്യയിലൂടെ പുതിയ സംരംഭകർക്കും നേട്ടമുണ്ടാക്കാൻ പുതിയ തീരുമാനം ഒരു പരിധിവരെ ഇടയാക്കും.

ഇന്ത്യൻ ബ്രാൻഡുകൾക്ക് ഉയർന്നുവരാനുള്ള അവസരം

2016 അവസാനം വരെ മൈക്രോമാക്സ്, കാർബൻ, ലാവ തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകൾ വിപണിയിൽ വലിയൊരു മാറ്റം കൊണ്ടുവന്നിരുന്നു. ബഹുരാഷ്ട്ര ബ്രാൻഡുകൾക്ക് ഇവർ വലിയ ഭീഷണി സൃഷ്ടിച്ചു. എന്നാൽ പ്രോഡക്റ്റ് ക്വാളിറ്റിയും, കസ്റ്റമർ സർവീസും ഉപഭോക്താക്കളെ നിരാശരാക്കി. ഇത് ഇന്ത്യൻ ബ്രാൻഡുകൾക്ക് തിരിച്ചടിയായി. നിലവിൽ എക്സൈസ് തീരുവ വർധിപ്പിച്ചതിലൂടെ ഇവർക്ക് തിരിച്ചുവരാനുള്ള അവസരം കൂടിയാണുള്ളത്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍