UPDATES

സയന്‍സ്/ടെക്നോളജി

ടെക് സ്റ്റാര്‍ട്ട് അപ് എക്സിബിഷനില്‍ നിന്നും സ്ത്രീകള്‍ക്കുള്ള ലൈംഗിക കളിപ്പാട്ടങ്ങള്‍ ഒളിപ്പിച്ചുവെക്കണമെന്ന് സാംസംഗ്; വിവാദമായപ്പോള്‍ ക്ഷമാപണവുമായി രംഗത്ത്

തന്നോട് ക്ഷമാപണം നടുത്തുകയല്ല, ആദ്യം നിങ്ങളുടെ മനോഭാവമാണ് മാറ്റേണ്ടത് എന്ന നിലപാടിലാണ് ഉടമ

സാൻ ഫ്രാൻസിസ്കോയിൽ സാംസങ് നടത്തിയ ടെക്നോളജി കോൺഫറൻസിലെ മുഖ്യ ആകര്‍ഷണം ഏറ്റവും വലിയ പുതിയ ടെക് ഉപകരണങ്ങളുടെ പ്രദര്‍ശനമായിരുന്നു. എന്നാൽ സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ട് സാംസങ് ഇപ്പോഴും യാഥാസ്ഥിതികമായ ചിന്താഗതിയാണ് വച്ചുപുലര്‍ത്തുന്നതെന്നാണ് അവിടെ നടന്ന ചില സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

ലൈംഗിക കളിപ്പാട്ട നിര്‍മ്മാണ കമ്പനിയായ ലയൊണെസ്സ് ഉടമയും സിഇഒയുമായ ലിസ് ക്ലിംഗറും സാംസംഗ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ക്കും മറ്റുള്ളവരെപോലെ കോൺഫറൻസില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുകയും സ്റ്റാള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഘാടകര്‍ വന്നു അവരുടെ സ്റ്റാൾ നീക്കംചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ‘സാംസങ്ങിന്‍റെ ഏതോ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് എന്‍റെ സ്റ്റാള്‍ ഇഷ്ടപ്പെട്ടില്ല’ എന്നാണ് ക്ലിംഗർ പറഞ്ഞത്. ‘ആ വ്യക്തിയോട് സംസാരിക്കാന്‍ ഞാന്‍ അവരോട് അവസരം ചോദിച്ചു. നാലുമണിക്കൂറോളം കിണഞ്ഞു ശ്രമിച്ചിട്ടും അതാരാണെന്ന് അവര്‍ എന്നോട് പറഞ്ഞില്ല. അപ്പോഴേക്കും പരിപാടിയുടെ നല്ലൊരു ഭാഗം സമയവും തീര്‍ന്നിരുന്നു. ഇതിലെന്തൊക്കെയോ നിഗൂഡതകളുണ്ട്’ അവര്‍ കൂട്ടിച്ചേര്‍ത്തു.

നാലുമണിക്കൂറിനുശേഷം, =ഇവന്റ് സംഘടിപ്പിച്ച സാംസങ് പ്രതിനിധികള്‍ ക്ലിംഗറോട് സംസാരിക്കാന്‍ തയ്യാറായി. ‘സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നമല്ല ലയൊണെസ്സ് പ്രദര്‍ശിപ്പിക്കുന്നത്’ എന്നായിരുന്നു അവര്‍ പറഞ്ഞത്. നിരവധി റിസർച്ച് കോൺഫറൻസുകളിൽ പങ്കെടുത്തതിന്‍റെ രേഖകളടക്കം കാണിച്ചു കൊടുത്തെങ്കിലും അവര്‍ അവരുടെ നിലപാടില്‍തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്ന് ക്ലിംഗർ പറയുന്നു.

എന്തായാലും സംഗതി വിവാദമായതോടെ ക്ലിംഗറോട് ക്ഷമാപണവുമായി സാംസങ് രംഗത്തെത്തി. ‘സ്ത്രീകൾക്കായി സ്ത്രീകൾ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. സ്ത്രീകൾക്കായി പുത്തന്‍ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും നിര്‍മ്മിച്ച് അവതരിപ്പിക്കുന്ന പുരുഷന്മാരുടെ കമ്പനികളും ഉണ്ടായിരുന്നു. അതില്‍ ഒരു വനിത നേതൃത്വം നല്‍കുന്ന സ്റ്റാർട്ടപ്പിന് ബുദ്ധിമുട്ട് നേരിടേണ്ടിവന്നതില്‍ കമ്പനിയോടും ബന്ധപ്പെട്ടവരോടും ക്ഷമ ചോദിക്കുന്നു’ എന്നായിരുന്നു സാംസങിന്‍റെ ക്ഷമാപണക്കുറിപ്പ്‌. അതു തള്ളിക്കളഞ്ഞ ക്ലിംഗര്‍, തന്നോട് ക്ഷമാപണം നടുത്തുകയല്ല, ആദ്യം നിങ്ങളുടെ മനോഭാവമാണ് മാറ്റേണ്ടത് എന്ന നിലപാടിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍