UPDATES

സയന്‍സ്/ടെക്നോളജി

ഐഫോണിന് ഭീഷണിയായി സാംസംഗ് എസ്9 എത്തുന്നു

വില 60,000 ന്‌ മുകളിലായിരിക്കുമെന്ന് സൂചന

2018 ലെ ഏറ്റവും വലിയ കാത്തിരിപ്പിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍. ഏവരും ഉറ്റുനോക്കുന്ന സാംസംഗ് എസ്9, എസ്9 പ്ലസ് എന്നീ മോഡലുകള്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. നേരത്തെ സാംസംഗ് അവതരിപ്പിച്ച എസ്8, എസ്8 പ്ലസ് എന്നീ മോഡലുകളുടെ പുതു തലമുറക്കാരാണ് പുതിയ മോഡലുകള്‍. ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8, 8പ്ലസ് എന്നീ മോഡലുകള്‍ പുറത്തിറക്കിയതിലും ഗംഭീരമായ ചടങ്ങില്‍വച്ച് സാംസങ്ങ് എസ് 9 മോഡലുകള്‍ പുറത്തിറക്കാനാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ഫെബ്രുവരി 25ന് ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാകും എസ് 9 മോഡലുകളെ സാംസംഗ് അവതരിപ്പിക്കുക. മാര്‍ച്ച് മാസം തന്നെ ഫോണ്‍ വിപണിയിലും എത്തിത്തുടങ്ങും. ഫോണിന്റെ വില സംബന്ധിച്ച ഏകദേശ വിവരവും ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എസ് 8ന് 57,000 രൂപയായിരുന്നു വിലയെങ്കില്‍, എസ് 9ന് 60,000 രൂപയ്ക്ക് മുകളിലാകും എന്നാണ് പ്രമുഖ ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രൂപഭംഗി
സാംസംഗിന്റെ ഏറെ ജനപ്രീതി ആര്‍ജിച്ച മോഡലായിരുന്നു എസ് 8. ഡിസൈനിംഗില്‍ ഏറെ മികവ് പുലര്‍ത്തിയായിരുന്നു എസ് 8 എത്തിയത്. എന്നാല്‍ അതെ രൂപഭംഗി തന്നെയാകും എസ് 9ലും ഉണ്ടാവുക എന്നാണ് വിവരം. 18:5:9 എന്ന ആസ്‌പെക്റ്റ് റേഷ്യോയില്‍ തന്നെയാകും എസ് 9ലെ ഡിസ്‌പ്ലേ. എന്നാല്‍ പിന്‍ ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ മോഡലില്‍ ക്യാമറയ്ക്ക് താഴെയായിട്ടാണ് ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ സ്ഥാനം.

എസ് 9 കരുത്തനാണ്
5.8 ഇഞ്ച് ക്യൂഎച്ച്ഡി അമോലെഡ് സ്‌ക്രീന്‍ എസ് 9ലും, 6.2 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ എസ് 9പ്ലസ്സിലും ഉണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എന്ന കരുത്തനായ പ്രോസസ്സറിനൊപ്പം 4 ജിബി റാമും കൂടിയാകുമ്പോള്‍ ഫോണിന്റെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിക്കും. എസ് 9പ്ലസ്സില്‍ 6 ജി.ബിയാകും റാമിന്റെ ശേഷി. എസ് 9ല്‍ 64 ജി.ബിയും, എസ് 9പ്ലസ്സില്‍ 128 ജി.ബിയും ഇന്‍േറണല്‍ മെമ്മറിയുണ്ട്.

കാമറ
രണ്ടു മോഡലുകളിലും 12 മെഗാപിക്‌സല്‍ പിന്‍ കാമറയാണുള്ളത്. 480 പിക്‌സല്‍സ് ഫ്രെയിംസ് പെര്‍ സെക്കന്‍ഡ് എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്ങ് പിന്‍ കാമറ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ് 9പ്ലസ്സില്‍ ഇരട്ട പിന്‍കാമറയുണ്ടാകും. രണ്ട് മോഡലുകളിലും 8 മെഗാപിക്‌സലിന്‍െതാണ് മുന്‍ കാമറ. സെല്‍ഫി പ്രേമികളെ തൃപ്തിപ്പെടുത്തും വിധം പുതിയ ആപ്പുകളും ഇതിനോടൊപ്പമുണ്ടാകും എന്നാണ് അറിയുന്നത്.

ബാറ്ററി
കാമറ ശേഷിയും, ഡിസ്‌പ്ലേ റെസലൂഷനും എസ് 9 മോഡലുകളില്‍ കൂടുതലായതു കൊണ്ടുതന്നെ ബാറ്ററി ശേഷിക്കും വലിയ സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ 3000 / 3500 മില്ലി ആംപെയറിന്റെ കരുത്തന്‍ ബാറ്ററിയെയാണ് പുതിയ മോഡലുകളില്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇരു മോഡലുകളും വയര്‍ലെസ് ചാര്‍ജിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍