UPDATES

സയന്‍സ്/ടെക്നോളജി

സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും. സവിശേഷതകൾ ദിനംപ്രതി കൂടുന്നതു കൊണ്ടുതന്നെ നാം ഫോണിനെ കൂടുതലായി ആശ്രയിക്കുന്നുമുണ്ട്. ഇൻറർനെറ്റ് ഉപയോഗം അധികവും ഇന്ന് സ്മാർട്ട്ഫോൺ അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ വ്യക്തിഗത വിവരങ്ങൾ പലതും ഫോണിൽ സൂക്ഷിക്കുന്ന പ്രവണത ഇന്ന് കൂടുതലാണ്.

എന്നാൽ ഈ ഫോൺ നഷ്ടപ്പെട്ടാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ? നഷ്ടപ്പെട്ട ഫോണിലെ വ്യക്തിഗത ഡാറ്റകൾ മറ്റൊരാളുടെ കൈയ്യിൽ കിട്ടിയാലോ?  വളരെ ഗൌരവമുള്ള കാര്യമാണിത്. പേടിക്കേണ്ട! നഷ്ടപ്പെട്ട ഫോണിലെ ഡാറ്റ മറ്റാരുടെയും കൈയ്യിൽപ്പെടാതെ ഡിലീറ്റ് ചെയ്യാനും, എന്തിനേറെ നഷ്ടപ്പെട്ട ഫോൺ റിംഗ് ചെയ്യിക്കാനുമുള്ള സംവിധാനം പോലും ഇന്ന് നിലവിലുണ്ട്.

എങ്ങനെ ഉപയോഗിക്കാം

ഒരു സ്മാർട്ട്ഫോൺ വാങ്ങിയാൽ ആദ്യംതന്നെ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവ കൃത്യമായി പാലിച്ചാൽ നഷ്ടപ്പെട്ട ഫോണിലെ വിവരങ്ങൾ നശിപ്പിക്കുകയും, ഒരുപക്ഷേ ഫോൺ കണ്ടുപിടിക്കുകയും എളുപ്പമാകും.

  1. പുതിയ ഫോണിൽ ആദ്യം നിങ്ങളുടെ ഗൂഗിൾ അക്കൌണ്ട് ഉപയോഗിച്ച് ലോഗ്-ഇൻ ചെയ്യുക.
  2. ശേഷം Google Settings  > Security  > Android device manager എന്നിവ സെലക്ട് ചെയ്യുക
  3. തുടർന്ന് ‘Remotely Locate this device’, ‘Allow remote lock and erase data’ എന്നീ ഓപ്ഷനുകൾ ടിക്ക് ചെയ്യുക.

ഇവയെല്ലാം കൃത്യമായി ചെയ്തതിന് ശേഷമാണ് ഫോൺ നഷ്ടപ്പെടുന്നതെങ്കിൽ ഡാറ്റ ഡിലീറ്റ് ചെയ്യൽ എളുപ്പമായി. അതിനായി നിങ്ങളുടെ കംപ്യൂട്ടറിൽ നിന്നും ഗൂഗിളിൽ കയറി ഫൈൻഡ് മൈ മൊബൈൽ എന്ന് സെർച്ച് ചെയ്ത് വേണ്ട ഓപ്ഷൻ തിരഞ്ഞെടുത്താൽ നഷ്ടപ്പെട്ട ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാനാകും.

ലോക്കിംഗ് സംവിധാനം

നഷ്ടപ്പെട്ട സ്മാർട്ട്ഫോണിലെ വ്യക്തിഗത ഡാറ്റ ഡിലീറ്റ് ചെയ്യൽ മാത്രമല്ല, ഒപ്പം നഷ്ടപ്പെട്ട ഫോണിനെ എന്നെന്നേക്കുമായി ലോക്ക് ചെയ്യിക്കാനുള്ള സംവിധാനവും ഇതിനൊപ്പമുണ്ട്. ഇപ്രകാരം ലോക്ക് ചെയ്താൽ പിന്നെ ആ ഫോൺ മറ്റാർക്കും ഉപയോഗിക്കാൻ കഴിയില്ല. ആ ഫോൺ എപ്പോൾ ഓണാക്കിയാലും പിന്നെ Give Me My Phone, I Want my Phone Back’എന്നാകും എഴുതിക്കാണിക്കുക.

അഞ്ച് മിനിറ്റ് റിംഗ് ചെയ്യിക്കാം

നഷ്ടപ്പെട്ട ഫോണിനെ അഞ്ച് മിനിറ്റ് വരെ റിംഗ് ചെയ്യിക്കാൻ കഴിയും എന്ന് എത്രപേർക്കറിയാം. എന്നാൽ അങ്ങനൊരു സംവിധാനമുണ്ട്. നേരത്തെ പറഞ്ഞ ഫൈൻഡ് മൈ ഡിവൈസ് ഓപ്ഷനിൽ കയറി ‘റിംഗ് മൈ ഫോൺ’ സെലക്ട് ചെയ്താൽ നഷ്ടപ്പെട്ട ഫോൺ ജി.പി.എസ് പരിധിയിൽ എവിടെയുണ്ടെങ്കിലും റിംഗ് ചെയ്യും. ഫോൺ വീട്ടിൽവെച്ച് കാണാതായാലും ഈ സംവിധാനം ഉപയോഗിച്ച് റിംഗ് ചെയ്യിക്കാവുന്നതാണ്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍