UPDATES

വിപണി/സാമ്പത്തികം

ഇത് മമ്മൂട്ടിയെ തോല്‍പ്പിച്ച ഷഹനാസ് പാലയ്ക്കല്‍: സ്വന്തമാക്കിയത് ഐഫോണ്‍ Xന്റെ ആദ്യ പീസ്

ആപ്പിളിന്റെ പത്താം വാര്‍ഷകമായതിനാലാകാം ഇത്തവണ മാത്രം ആഗോളതലത്തില്‍ തന്നെ ഒറ്റ ദിവസമായിരുന്നു ഈ ഫോണിന്റെ റിലീസിംഗ്

ഐഫോണ്‍ Xന്റെ ആഗോള തലത്തിലെ ഔദ്യോഗികമായ ലോഞ്ചിംഗ് ഇന്നലെ നടന്നു. ആപ്പിളിന്റെ പതിവ് രീതികള്‍ വിട്ട് ലോകത്തിലെ എല്ലായിടങ്ങളിലും ഇന്നലെ വൈകുന്നേരം ആറ് മണിയായപ്പോള്‍ ഒറ്റയടിക്കാണ് ലോഞ്ചിംഗ് നടന്നത്. ഇന്ത്യയിലെ 37 പേരാണ് 1,02,000 രൂപ വിലയുള്ള ഫോണ്‍ ലോഞ്ചിംഗില്‍ തന്നെ സ്വന്തമാക്കിയത്. ഈ 37 പേരില്‍ ഒരു മലയാളിയുമുണ്ട്. എല്ലാക്കാലത്തും അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കുന്ന മലയാളികളില്‍ ആദ്യത്തെ വ്യക്തിയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സാക്ഷാല്‍ മമ്മൂട്ടിയെ തോല്‍പ്പിച്ചാണ് മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷഹനാസ് പാലക്കല്‍ ഐഫോണ്‍X സ്വന്തമാക്കിയിരിക്കുന്നത്. ഷഹനാസ് പാലക്കല്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

ഐഫോണ്‍Xന്റെ 256 ജിബി വരുന്ന ഏറ്റവും ഉയര്‍ന്ന മോഡലിന്റെ വില 1,02,000 രൂപയാണ്. മറ്റൊരു ഫോണിലുമില്ലാത്ത ഫേസ് ഐഡി റിഗ്രഗേഷനാണ് ഈ ഫോണിന്റെ പ്രത്യേകത. 2000 ഒഎല്‍ഇഡി എന്ന കളര്‍ ഡിസ്‌പ്ലേ ആണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. ഇന്നലെ ബാംഗ്ലൂരില്‍ മാത്രം നാലായിരം ഫോണിന്റെ ബുക്കിംഗ് ആയിരുന്നു ഉണ്ടായിരുന്നത്. സാധാരണഗതിയില്‍ മമ്മൂട്ടിയെ പോലുള്ള സെലിബ്രിറ്റികള്‍ ആയിരിക്കും ഇത്തരം സാങ്കേതിക വിദ്യകളെ ആദ്യം സ്വന്തമാക്കുന്നത്. അത് അവരുടെ പ്രചരണത്തിന്റെ ഭാഗം കൂടിയാണ്. ആപ്പിളിന്റെ പത്താം വാര്‍ഷകമായതിനാലാകാം ഇത്തവണ മാത്രം ആഗോളതലത്തില്‍ തന്നെ ഒറ്റ ദിവസമായിരുന്നു ഈ ഫോണിന്റെ റിലീസിംഗ്. സാധാരണ ആപ്പിള്‍ യുഎസിലോ, യുകെയിലോ ഒക്കെയാണ് ആദ്യം ഇറങ്ങുന്നത്. അതിന് ശേഷമായിരിക്കും ഇന്ത്യയില്‍ ഇത് ലോഞ്ച് ചെയ്യാറ്.

ഞാന്‍ പതിവായി യുഎസില്‍ നിന്നാണ് ഫോണ്‍ വാങ്ങാറ്. എന്നാല്‍ അവിടെ നിന്നും വാങ്ങിയാല്‍ സാധാരണ രീതിയില്‍ അത് ഇന്ത്യയിലെത്താന്‍ 20 മണിക്കൂര്‍ സമയം എടുക്കും. ഇന്ത്യയില്‍ നിന്നു തന്നെ കിട്ടുമെന്ന് വന്നപ്പോള്‍ ഇവിടെ നിന്ന് തന്നെ വാങ്ങാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഇമാജിന്‍ എന്ന സ്ഥാപനമാണ് ഇന്ത്യയിലെ ആപ്പിളിന്റെ പ്രീമിയം സ്റ്റോര്‍. ആമ്പിള്‍ ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഇമാജിന്‍ നടത്തുന്നത്. അതിന്റെ ഡയറക്ടര്‍ രാജേഷ് നരൈന്‍ ആണ്. ഇന്ത്യയിലെമ്പാടുമായി 25 ഔട്ട്‌ലെറ്റുകളും ബാംഗ്ലൂരില്‍ മാത്രം 10 ഔട്ട്‌ലെറ്റുകളുമാണ് അവര്‍ക്കുള്ളത്. അവിടെ ഞാന്‍ രണ്ടാഴ്ച മുമ്പ് ബുക്ക് ചെയ്തിരുന്നു. അത് കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ശുപാര്‍ശ കൂടിയായപ്പോള്‍ ആദ്യ പീസുകളിലൊന്ന് എനിക്ക് ലഭിക്കുകയായിരുന്നു. എല്ലാത്തവണയും മമ്മൂട്ടിയാണ് ഇത്തരം പീസുകള്‍ സ്വന്തമാക്കി ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ഇടുന്നത്. ബാംഗ്ലൂരിലെ യുബി സിറ്റിയെന്ന മാളില്‍ രണ്ട് മണി മുതല്‍ കാത്തിരുന്നാണ് ഈ പീസ് സ്വന്തമാക്കിയത്.

8500 രൂപയായിരുന്നു ഫോണിന് ഇന്‍ഷുറന്‍സ് ആയി അടക്കേണ്ടിയിരുന്നത്. കാരണം, ഫോണിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് മാത്രം വില 40,000 രൂപയോളം വരും. സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് ബസ് ഷെല്‍റ്ററുകളുടെ നിര്‍മ്മാണത്തിന്റെ കോണ്‍ട്രാക്ട് ഏറ്റെടുത്തു ചെയ്യുന്ന ഗ്രീന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ സിഎംഡിയാണ് ഞാന്‍. അത്യാധുനിക സംവിധാനങ്ങള്‍ സാധാരണക്കാരിലേക്കും എത്തിക്കുകയെന്നതാണ് ജോലിയെന്നതിനാലാണ് ഈ സാങ്കേതിക വിദ്യകളെല്ലാം ആദ്യം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യയുള്ള ഫോണ്‍ ഉപയോഗിക്കണമെന്ന ആഗ്രഹമുള്ളതിനാലാണ് ലോഞ്ച് ചെയ്യുമ്പോള്‍ തന്നെ അത് വാങ്ങാനും ശ്രമിക്കുന്നത്. എല്ലാത്തവണയും ശ്രമിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഒന്നാമതെത്താന്‍ സാധിച്ചത്. കഴിഞ്ഞതവണ ദുബായ് രാജകൊട്ടാരത്തില്‍ നിന്നുള്ള ശുപാര്‍ശയോടെയാണ് ഫോണ്‍ വാങ്ങാന്‍ സാധിച്ചത്. എന്നാല്‍ ഇക്കുറി ലോഞ്ചിംഗ് ഇന്ത്യയിലുമുള്ളതിനാല്‍ ഇവിടെ നിന്നുതന്നെ ഇത് നേടിയെടുക്കാന്‍ സാധിച്ചു.

ഐ ഫോണ്‍10 സ്വന്തമാക്കി; കുതിരപ്പുറത്ത് കയറി ആഘോഷിച്ച് യുവാവ്

ഐഫോണ്‍Xന് വില വളരെയധികം കൂടുതലാണെങ്കില്‍ പോലും ഏറ്റവുമധികം ബുക്കിംഗ് ഉണ്ടായിരുന്നതും ഇതിനാണ്. ലോഞ്ചിംഗ് ദിവസം തന്നെ ഇത് നേടിയെടുക്കാന്‍ ഇന്ത്യയില്‍ മാത്രം 400ലേറെ പേരാണ് ബുക്ക് ചെയ്തിരുന്നത്. നേരത്തെ പറഞ്ഞതുപോലെ ഫേസ് ഐഡി റിഗ്രഗേഷന്‍ ആണ് ഈ ഫോണിനെ മറ്റ് ഫോണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. നമ്മുടെ മുഖം സ്‌കാന്‍ ചെയ്ത് ഫോണ്‍ ഓപ്പണ്‍ ആകുന്ന സംവിധാനമാണ് ഇത്. അതേസമയം നാം ഉറങ്ങിക്കിടക്കുമ്പോള്‍ മുഖത്തിന് നേരെ ആരെങ്കിലും ഫോണ്‍ കൊണ്ടുവന്ന് പിടിച്ചാല്‍ ഈ ഫോണ്‍ ഓപ്പണ്‍ ആകില്ല. കണ്ണ് തുറന്നിരുന്നാല്‍ മാത്രമേ ഫോണും ഓപ്പണ്‍ ആകുകയുള്ളൂ. അതേസമയം താടിയുള്ളതും താടിയില്ലാത്തതും ഇതിനെ ബാധിക്കില്ല. മുഖത്തിന്റെ ആകൃതിയാണ് പ്രധാനമായും ഇത് സ്‌കാന്‍ ചെയ്യുന്നത്. മുഖം നാല് കോണുകളിലാക്കി 360 ഡിഗ്രി സെല്‍ഷ്യസിലാക്കിയാണ് സ്‌കാന്‍ ചെയ്യുന്നത്. മുഖത്തിന്റെ മുഴുവന്‍ പ്രത്യേകതകളും ഈ സ്‌കാനിംഗില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നു. അതേസമയം കണ്ണ് അടച്ചിരിക്കുമ്പോള്‍ ഇത് പ്രവര്‍ത്തിക്കാത്തത് നാം ഉറങ്ങുകയാണെന്നതിനാലാണ്.

12 മെഗാപിക്‌സലാണ് ഇതിന്റെ ക്യാമറ ശേഷി. വൈഡ് ആംഗിളും ഏറ്റവും അടുത്തുള്ള ചിത്രങ്ങളും പകര്‍ത്താനായി രണ്ട് ക്യാമറകളാണ് ഫോണിന്റെ പിന്നിലുള്ളത്. എല്ലാ ഐഫോണുകളില്‍ ഇതിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു പ്രത്യേകത ഹോം ബട്ടണ്‍ ഇല്ലെന്നതാണ്. സൈ്വപ്പ് ചെയ്താണ് നമുക്ക് പുറകിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ.

രണ്ടാഴ്ച മുമ്പ് മാത്രമാണ് മൊബൈല്‍ ബുക്ക് ചെയ്തത്. അതിനാല്‍ തന്നെ ആദ്യ പീസ് ലഭിക്കില്ലെന്നാണ് കമ്പനിയില്‍ നിന്നും അറിയിപ്പ് വന്നത്. ഒരു സ്‌റ്റോറില്‍ മാത്രം അഞ്ച് ബുക്കിംഗ് നടത്തിയിരുന്നു. അവരെ അതിന് കുറ്റം പറയാന്‍ പറ്റില്ല. അവര്‍ക്കും ലഭ്യമാകാനുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഒടുവിലാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ശുപാര്‍ശ കത്ത് കണ്ടതോടെയാണ് അവര്‍ എനിക്ക് ഇത് നല്‍കിയത്. രാജേഷ് നരൈനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ഷീലയോടുമാണ് ഞാന്‍ അതിന് നന്ദി പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ശുപാര്‍ശയായതിനാല്‍ മാത്രമാണ് അത് ലഭിച്ചത്.

ഇന്ത്യയിലെ ബുക്കിംഗിന്റെ 25 ശതമാനം പോലും ഇന്നലെ ആപ്പിളിന് നല്‍കാന്‍ സാധിച്ചില്ല. ആപ്പിളിന്റെ പത്താം വാര്‍ഷികത്തിലാണ് ഐഫോണ്‍ X പുറത്തിറങ്ങിയിരിക്കുന്നത്. ഐഫോണ്‍ പത്ത് എന്നാണോ എക്‌സ് എന്നാണോ അതിനെ വായിക്കേണ്ടതെന്ന സംശയം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതേസമയം ലോഞ്ചിംഗിനിടെ റെഡ് കാര്‍പ്പറ്റില്‍ കമ്പനി അധികൃതര്‍ തന്നെ ഇതിനെ വിശേഷിപ്പിച്ചത് ഐഫോണ്‍ എക്‌സ് എന്ന് തന്നെയാണെന്നും ഷഹനാസ് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍