UPDATES

സയന്‍സ്/ടെക്നോളജി

വെര്‍ച്ച്വല്‍ റിയാലിറ്റി ടൂറിസത്തിലും; മനസില്‍ കാണുന്നത് ഹോട്ടല്‍ മുറിയില്‍ വന്നിരിക്കും

അതിഥിയുടേയും അഭിരുചി തിരിച്ചറിഞ്ഞ് ആവശ്യങ്ങള്‍ നിറവേറ്റുന്ന ഹോട്ടല്‍ മുറി; വെര്‍ച്വല്‍ റിയാലിറ്റിയില്‍ ടൂറിസം രംഗം ആകെ മാറുന്നു

വെര്‍ച്ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്! അതേ, മനുഷ്യന്‍ വിചാരിക്കുന്നത് മാനത്തു കാണുന്ന സാങ്കേതിക വിദ്യ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തം. പല രംഗത്തും അതിന്റെ ശക്തി അറിയിച്ച വെര്‍ച്ച്വല്‍ റിയാലിറ്റി എന്ന അതിനൂതന സാങ്കേതിക വിദ്യ, ഇപ്പോള്‍ ടൂറിസം രംഗത്തും പിടിമുറുക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ തന്നെ പല പരീക്ഷണങ്ങളിലൂടെ കടന്നു പോവുകയും അതില്‍ പലതും വിജയിക്കുകയും ചെയ്ത ടൂറിസം രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) എന്ന വിദ്യകൂടി എത്തുമ്പോള്‍ ഉണ്ടാകുന്ന മാറ്റം, അത് എങ്ങനെയാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…

ഓരോ അതിഥിയുടേയും അഭിരുചി തിരിച്ചറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ താനെ ശരിപ്പെടുത്തി നല്‍കുന്ന ഹോട്ടല്‍ മുറി. അതിഥിയെ ഒരിക്കല്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, എ.ഐ സാങ്കേതിക വിദ്യ അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു നല്‍കും. പിക്കാസോയുടെ ചിത്രങ്ങള്‍ ചുമരില്‍ പതിപ്പിക്കണോ? അതോ വാന്‍ഗോഗിന്റെ ചിത്രമാണോ വേണ്ടത്?. ഒന്നു പറഞ്ഞാല്‍ മതി, മിനിറ്റുകള്‍ക്കുള്ളില്‍ അത് മുറിയുടെ ചുമരുകളില്‍ ഇടം പിടിക്കും. മുറിയ്ക്ക് ആവശ്യമായ നിറം, ലൈറ്റിംഗ് സംവിധാനം, ടെംപറേച്ചര്‍ എന്തുമാകട്ടെ റിസര്‍വേഷന്‍ സമയത്ത് ഒന്നു സൂചിപ്പിച്ചാല്‍ മാത്രം മതിയാകും.

"</p

മാഡ്രിഡ്‌സ് ഫിച്ചര്‍ ടൂറിസം ഫെയറില്‍ അവതരിപ്പിച്ച ഒരു പ്രോജക്റ്റ് പ്രകാരം, ഇനിമുതല്‍ റിസപ്ഷനിസ്റ്റിന്റെ ആവശ്യമില്ല. ഹോട്ടലില്‍ കയറുന്നിടത്ത് സ്ഥാപിച്ചിട്ടുള്ള കണ്ണാടിയില്‍ മുഖം രേഖപ്പെടുത്തിയാല്‍ മതിയാകും. രജിസ്റ്ററും വേണ്ട, ഐ.ഡി പ്രൂഫും വേണ്ട… സംഗതി സിംപിള്‍!!! ഒരു തവണ രേഖപ്പെടുത്തിയാല്‍ പിന്നെ അദ്ദേഹം ഹോട്ടലിന്റെ സ്ഥിരം രജിസ്റ്ററില്‍ ഇടം പിടിക്കും. വിശക്കുമ്പോള്‍ റൂം ബോയെ വിളിക്കണ്ട. എന്തു വേണമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖേന പറഞ്ഞാല്‍ മതിയാകും. നിമിഷങ്ങള്‍ക്കകം മെനു മുറിയില്‍ എത്തും.

എന്തിനേറെ പറയുന്നു… ഉറക്കം ഉണരുമ്പോള്‍ തന്നെ ചൂട് ബെഡ് കോഫി നിങ്ങള്‍ക്കായി തയ്യാറായിട്ടുണ്ടാകും. ഇതിനായി പ്രത്യേകം സെന്‍സര്‍ കിടക്കയ്ക്കടിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് നിങ്ങളുടെ ഉറക്കത്തെ അളക്കും. ഉണരാറാവുമ്പോള്‍ ഹോട്ടല്‍ സ്റ്റാഫിന് നിര്‍ദേശം ലഭിക്കുകയും ചെയ്യും. ”അതെ.. ടൂറിസം രംഗം മാറുകയാണ്… ഒരാള്‍ക്ക് എന്താണ് ആവശ്യമെന്ന്, അയാള്‍ പോലും അറിയുന്നതിന് മുന്‍പായി ടെക്‌നോളജി നമ്മെ അത് അറിയിക്കും” സ്‌പെയിന്‍ ഹോട്ടല്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ തലവന്‍ അല്‍വാരോ അല്‍ബര്‍നോസ് പറയുന്നു.

ഹോട്ടല്‍ റൂമുകളുടെ ലോക്കിംഗ് സംവിധാനം പോലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കയ്യടക്കിയിരിക്കുകയാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന വാട്‌സ് ആപ്പിലൂടെ തന്നെ മുറി പൂട്ടാനും തുറക്കാനുമാകും! ആഡംബര ഹോട്ടലുകളെ ലക്ഷ്യമിട്ട് ഫ്രഞ്ച് ടെക്‌നോളജി കണ്‍സള്‍ട്ടന്‍സിയായ ‘അള്‍ട്രന്‍’ നാണ് ഇത്തരമൊരു സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. മാത്രമല്ല സ്പീച്ച് റെക്കഗ്‌നിഷന്‍ ടെക്‌നോളജിയും ഇവര്‍ അവതരിപ്പിച്ചു കഴിഞ്ഞു. ‘പിസ’ എന്ന വാക്കു മാത്രം ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത് നാല്‍പ്പതോളം ഭാഷകളിലാണ്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍