UPDATES

സയന്‍സ്/ടെക്നോളജി

പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ്: അഴിമതിക്കാരെ അറിയാമോ? വിവരങ്ങള്‍ കളക്ടറെ നേരിട്ടറിയിക്കാം; സ്മാര്‍ട്ടായി ‘വീ ആര്‍ കണ്ണൂര്‍’

വീ ആര്‍ കണ്ണൂര്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും പുതിയ സംവിധാനമായ ‘അഴിമതി അലേര്‍ട്ടി’ന്റെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടന്നത്.

കോഴ ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ കണ്ണൂരുകാര്‍ക്ക് ഇനി ഓഫീസുകള്‍ തോറും കയറിയിറങ്ങുകയോ ഭീഷണികള്‍ സഹിക്കുകയോ ചെയ്യേണ്ട. അഴിമതിക്കാരെ വലയിലാക്കാന്‍ ഓരോ കണ്ണൂരുകാരനും നേരിട്ട് വഴി തുറക്കുന്ന സംവിധാനമാണ് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം നല്‍കുന്നതിനു പകരമായി കോഴ വാങ്ങുന്നവരെ തിരിച്ചറിഞ്ഞ് ഞൊടിയിടയ്ക്കുള്ളില്‍ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളാനുള്ള പുതിയ സംരംഭം കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ അസംഖ്യം പദ്ധതികളില്‍ ഒടുവിലത്തേതാണ്. അഴിമതിക്കാര്‍ അഴിക്കുള്ളിലാകും എന്നതു മാത്രമല്ല, അഴിമതിക്കാരെ ഇനി ഓരോ സാധാരണ പൗരനും ചൂണ്ടിക്കാട്ടാം എന്നതാണ് പദ്ധതിയെ വേറിട്ടതാക്കുന്നത്.

‘വീ ആര്‍ കണ്ണൂര്‍’ എന്ന മൊബൈല്‍ ആപ്പാണ് ഇപ്പോള്‍ കണ്ണൂരിലെ പ്രധാന ചര്‍ച്ചാ വിഷയം. ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ കൂട്ടിയിണക്കാനും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ കൈമാറാനുമായി 2017-ല്‍ ലോഞ്ച് ചെയ്ത ആപ്പാണ് വീ ആര്‍ കണ്ണൂര്‍. ആപ്പില്‍ ഉള്‍പ്പെടുത്തിയ പുതിയ സംവിധാനം കഴിഞ്ഞ ദിവസം പി.കെ ശ്രീമതി എം.പിയാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂരില്‍ കഴിഞ്ഞ കാലത്തിനിടെ നടപ്പില്‍ വന്നിട്ടുള്ള പല ക്രിയാത്മക പദ്ധതികളുടേതുമെന്നപോലെ, ഇതിനു പിന്നിലും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഭരണകൂടത്തിന്റെ സുഗമമായ നടത്തിപ്പില്‍ പൊതുജനത്തിനുള്ള പങ്ക് തിരിച്ചറിഞ്ഞ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ അഭിനന്ദനാര്‍ഹമായ മറ്റൊരു നീക്കമെന്നതിലുപരി, പല നൂലാമാലകളിലും പെട്ട് വലയുന്നവര്‍ക്ക് വലിയൊരു സഹായം കൂടിയായി മാറും ഈ പുതിയ ശ്രമമെന്നാണ് വിലയിരുത്തല്‍.

എന്താണ് വീ ആര്‍ കണ്ണൂര്‍?

രണ്ടു വര്‍ഷത്തോളം മുന്‍പ് ജില്ലാ ഭരണകൂടത്തിന്റെയും നാഷണന്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെയും കൂട്ടായ ശ്രമത്തിലൂടെയാണ് വീ ആര്‍ കണ്ണൂര്‍ എന്ന പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നത്. ‘മാപ്പ് മൈ ഹോം’ എന്ന പ്രോജക്ടായിരുന്നു ഇതിന്റെ ആദ്യ ഘട്ടം. കണ്ണൂര്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാനം ഗൂഗിള്‍ മാപ്പില്‍ രേഖപ്പടുത്തുക എന്നതായിരുന്നു മാപ്പ് മൈ ഹോം എന്ന പദ്ധതി. സര്‍ക്കാര്‍ ഓഫീസുകള്‍ അന്വേഷിച്ച് അലയേണ്ടിവരരുത് എന്ന വീക്ഷണത്തോടെ, പൊതുജനം ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാപ്പ് മൈ ഹോം വിപുലീകരിച്ചതോടെയാണ് വീ ആര്‍ കണ്ണൂര്‍ എന്ന മൊബൈല്‍ ആപ്പിന്റെ വരവ്.

മാപ്പില്‍ രേഖപ്പെടുത്തിയ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും മൊബൈല്‍ ആപ്പിലും ലഭ്യമായിരുന്നു. ഈ ഓഫീസുകളെ പൊതുജനത്തിന് റേറ്റു ചെയ്യാനുള്ള സാധ്യതയായിരുന്നു ആപ്പിന്റെ ആദ്യ പ്രത്യേകത. ‘റേറ്റ്, റിവ്യൂ ആന്‍ഡ് ലൊക്കേറ്റ്’ സംവിധാനം കൊണ്ടുവന്നതോടെ, ഓഫീസുകള്‍ കണ്ടെത്തുന്നതിനോടൊപ്പം അവയുടെ പ്രവര്‍ത്തനം വിലയിരുത്താനും അത് സര്‍ക്കാര്‍ കേന്ദ്രങ്ങളെ അറിയിക്കാനുമുള്ള വഴിയും ആപ്പില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടു. അതിനൊപ്പം, കണ്ണൂരില്‍ സന്ദര്‍ശകര്‍ക്ക് ചെയ്യാവുന്ന പത്ത് കാര്യങ്ങള്‍, ഉപയോഗപ്രദമായ മറ്റു വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ എന്നിങ്ങനെ പല ഘടകങ്ങളും ആപ്പിന്റെ ഭാഗമായി കാലക്രമേണ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ജില്ലാ കലക്ടര്‍ക്ക് നേരിട്ട് നിര്‍ദ്ദേശങ്ങളും നോട്ടിഫിക്കേഷനുകളും പുറപ്പെടുവിക്കാനുള്ള സംവിധാനവും കൂട്ടിച്ചേര്‍ത്തതോടെ, കണ്ണൂരുകാരുടെ സ്മാര്‍ട്ട്‌ഫോണുകളിലെല്ലാം വീ ആര്‍ കണ്ണൂര്‍ ആപ്പ് ഇടം നേടി. വലിയ സ്വീകാര്യതയാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ആപ്പ് നേടിയത്.

അഴിമതിക്കാരെ ചൂണ്ടിക്കാണിക്കാം

a അഴിമതിക്കാരെ ചൂണ്ടിക്കാട്ടാനുള്ള അധികാരം സാധാരണക്കാരന് കൈമാറുക എന്ന ഉദ്ദേശത്തോടെയാണ് അലേര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ആപ്പ് വികസിപ്പിച്ച നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ഉദ്യോഗസ്ഥന്‍ ആന്‍ഡ്രൂ വര്‍ഗീസ്‌ അഴിമുഖത്തോട് പറഞ്ഞു: “ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അഴിമതിയെക്കുറിച്ച് ജില്ലാ കലക്ടര്‍ക്ക് നേരിട്ട് ഒരു പരാതി കൊടുക്കണമെങ്കില്‍ അതിനു സഹായിക്കുന്ന സംവിധാനമാണ് അഴിമതി അലേര്‍ട്ട്. നമ്മള്‍ ‘വിസില്‍ ബ്ലോവേഴ്‌സ്’ എന്നു വിളിക്കുന്ന ഒരു വിഭാഗത്തിന് അഴിമതി കണ്ടാല്‍ പരാതിപ്പെടാന്‍ നിലവില്‍ ഒരുപാട് പരിമിതികളുണ്ട്. പലര്‍ക്കും അത് റിപ്പോര്‍ട്ടു ചെയ്യാന്‍ ഭയമുണ്ട്. പരാതി പോകുന്ന വഴിയെക്കുറിച്ചുള്ള ആശങ്കകളാണ് അതില്‍ ആദ്യത്തേത്. പരാതിയുടെ പല ഘട്ടത്തിലും അത് പല ഉദ്യോഗസ്ഥരും അറിയാന്‍ സാധ്യതയുണ്ട്. പരാതി ഉന്നയിച്ചിരിക്കുന്നയാളുടെ വ്യക്തിവിവരങ്ങളുള്‍പ്പടെ പുറത്താകാനും അത് പരാതിക്കാരനെതിരെയുള്ള നീക്കത്തില്‍ കലാശിക്കാനും വഴിവച്ചേക്കും. ഇതു തന്നെയാണ് അഴിമതി വിവരങ്ങള്‍ അറിഞ്ഞിട്ടും പരാതിപ്പെടുന്നതില്‍ നിന്നും പലരേയും തടുക്കുന്നത്. പുതിയ ആപ്പില്‍ കണ്ടെത്തിയിരിക്കുന്നത് ഈ ആശങ്കയ്ക്കുള്ള പരിഹാരമാണ്.”

അഴിമതി അലേര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഏതു സര്‍ക്കാര്‍ സ്ഥാപനത്തിലെയും അഴിമതി തികച്ചും അദൃശ്യനായി നിന്നു കൊണ്ട് വെളിപ്പെടുത്താം. വ്യക്തിവിവരങ്ങള്‍ ചോരുമെന്നോ ഉദ്യോഗസ്ഥ തലത്തിലുള്ള ആരെങ്കിലും തന്നെ തിരിച്ചറിയുമെന്നോ ഉള്ള ഭയം ഇനി ആവശ്യമില്ല. അഴിമതി അലേര്‍ട്ട് വഴി വരുന്ന പരാതികള്‍ ജില്ലാ കലക്ടര്‍ക്കു മാത്രമേ തുറന്നു പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ. പരാതിക്കാരന്റെ വ്യക്തിവിവരങ്ങള്‍ കലക്ടര്‍ക്കു മാത്രമേ കാണാനാകൂ. എല്ലാ ആശങ്കകളും മാറ്റി നിര്‍ത്തിക്കൊണ്ട് ഇനി കണ്ണൂരുകാര്‍ക്ക് തങ്ങളുടെ പരാതികള്‍ ഉയര്‍ത്താനും പരിഹാരം കണ്ടെത്താനും സാധിക്കും.

ഫേക് ന്യൂസ് തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതടക്കം പല പദ്ധതികളും നടപ്പില്‍ വരുത്തിയിട്ടുള്ള ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ ആശയം തന്നെയാണ് അഴിമതി അലേര്‍ട്ടും. സാങ്കേതിക വിദ്യയെ സാമാന്യവത്ക്കരിച്ച് പൊതുജനത്തിന് ഉപകാരപ്പെടുന്ന തരത്തിലേക്ക് മാറ്റിയെടുക്കുക എന്ന രീതി ഭരണകൂടം വീണ്ടും നടപ്പിലാക്കുകയാണ് ഈ ആപ്പു വഴി. ലഭിക്കുന്ന പരാതികള്‍ അപ്പപ്പോള്‍ പരിശോധിച്ച ശേഷം കഴമ്പുള്ളതെന്നു തിരിച്ചറിഞ്ഞാല്‍ ബന്ധപ്പെട്ട വകുപ്പുകളോട് നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യും. വീ ആർ കണ്ണൂർ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. കണ്ണൂർ ജില്ലയിൽ അഴിമതി ആപ്പ് വിപ്ലവം സൃഷ്ടിക്കുമോ എന്നു കണ്ടെത്താനുള്ള കാത്തിരിപ്പാണിനി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍