UPDATES

സയന്‍സ്/ടെക്നോളജി

ബുള്ളറ്റ് വയർലെസ് ഹെഡ്സെറ്റുമായി വൺപ്ലസ്

ഈ മോഡലിൻറെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ഫാസ്റ്റ് ചാർജിംഗ് ടെക്നോളജിയാണ്

ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ മോഡലായ ‘വൺപ്ലസ് 6’ പുറത്തിറക്കിയതിനു പിന്നാലെ അത്യുഗ്രൻ വയർലെസ് ഹെഡ്സെറ്റുമായി പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസ്. വിപണിയുടെ ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ചാണ് ഈ മോഡലിൻറെ നിർമാണം. ആപ്പിൾ എയർപോഡുമായി കിടപിടിക്കുന്ന മോഡലാണ് ഇത് എന്നാണ് കമ്പനിയുടെ വാദം. കഴുത്തിൽ ചുറ്റി നടക്കാവുന്ന രീതിയിലാണ് നിർമാണം. രണ്ട് ഇയർ ബഡുകളെയും ഒറ്റ വയറിലാണ് ഘടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല വെതർ റെസിറ്റൻഡുമാണ് ഹെഡ്സെറ്റ്.

ഈ മോഡലിൻറെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ഫാസ്റ്റ് ചാർജിംഗ് ടെക്നോളജിയാണ്. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 5 മണിക്കൂറോളം പാട്ടുകേൾക്കാൻ കഴിയും. ഫുൾ ചാർജ് ചെയ്താൽ 8 മണിക്കൂർ പ്ലേബാക്ക് സമയവും കമ്പനി വാഗ്ദാനം ചെയ്യുന്നു. 69 ഡോളറാണ് (4,700 രൂപ) അമേരിക്കയിലെ വില. ഇന്ത്യയിലെ വില എത്രയാകുമെന്നോ, എന്ന് പുറത്തിറങ്ങുമെന്നോ കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. വൺപ്ലസ് 6 സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കുന്ന വേളയിൽ ഒരുപക്ഷേ വയർലെസ് ഹെഡ്സെറ്റിൻറെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടായേക്കും.

സവിശേഷതകൾ

ബ്ലൂടൂത്ത് 4.1 അധിഷ്ഠിക കണക്ടീവിറ്റിയാണ് ഈ മോഡലിലുള്ളത്. ബ്ലൂടൂത്ത് കണക്ഷനിലൂടെ ഹൈ ക്വാളിറ്റി ശബ്ദാനുഭവം നൽകാനായി ക്വാൽകോം ആപ്ടെക്സ് ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട്. ശബ്ദത്തെ നിയന്ത്രിക്കാനായി വൺപ്ലസിൻറെ തന്നെ എനർജി ട്യൂബ് ടെക്നോളജിയും ഒപ്പമുണ്ട്. നോൺ മെറ്റാലിക് മിനറലും, ഒപ്പം സിലിക്കാ ജെല്ലും ഉപയോഗിച്ചാണ് എനർജി ട്യൂബ് നിർമിച്ചിരിക്കുന്നത്.

മാഗ്നെറ്റിക് സ്വിച്ച് സംവിധാനമാണ് മറ്റൊരു പ്രത്യേകത. അതായത് പാട്ടുകേൾക്കുകയായിരുന്ന നിങ്ങൾക്ക് അത് നിർത്തണമെന്നിരിക്കട്ടെ, രണ്ട് ചെവിയിൽ നിന്നും ഹെഡ്സെറ്റിനെ എടുത്തുമാറ്റിയാൽ മതിയാകും. രണ്ട് ഇയർ ബഡിൻറെയും പിന്നിലുള്ള മാഗ്നെറ്റുകൾ തമ്മിൽ ബന്ധപ്പെടുകയും പൌസ് ബട്ടണായി പ്രവർത്തിക്കുകയും ചെയ്യും. വേർപെടുത്തിയാൽ വീണ്ടും പാട്ട് കേൾക്കാം. നെക്ക് ബാൻഡിൽ പവർ ബട്ടണും പെയറിംഗ് ബട്ടണും ഉണ്ട്. വോയിസ് അസിസ്റ്റൻസിനായി ഗൂഗിൾ അസിസ്റ്റൻഡ് സപ്പോർട്ടും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍