UPDATES

സയന്‍സ്/ടെക്നോളജി

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണോ! അല്‍പ്പം കാത്തിരിക്കൂ… റെഡ്മി നോട്ട് 5 വരുന്നുണ്ട്

ഷവോമി റെഡ്മി നോട്ട് 4 എന്ന ജനപ്രിയ മോഡലിന്റെ പിന്മുറക്കാരനാണ് നോട്ട് 5

ഏറെക്കാലമായുള്ള റെഡ്മി ആരാധകരുടെ സ്വപ്നം പൂവണിയുകയാണ്. ഷവോമി റെഡ്മി നോട്ട് 4 എന്ന ജനപ്രിയ മോഡലിന്റെ പിന്മുറക്കാരന്‍ നോട്ട് 5 ഉടന്‍ വിപണിയിലെത്തും. ഏറ്റവും വിലക്കുറവില്‍ അത്യുഗ്രന്‍ ഫീച്ചര്‍ നല്‍കുന്ന നോട്ട് 5 2018 ല്‍ നടക്കാനിരിക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിലവില്‍ ഫോണ്‍ പരീക്ഷണ ഘട്ടത്തിലാണ്.

എന്തുകൊണ്ട് നോട്ട് 5
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ സോഫ്റ്റ് വെയര്‍ വെര്‍ഷനായ നൗഗട്ട് 7.1 ലാകും ഫോണ്‍ പ്രവര്‍ത്തിക്കുക. ഇതിനോടൊപ്പം ഷവോമിയുടെ ഔദ്യോഗിക ഒ.എസ് ആയ എം.ഐ.യു.ഐ 9 കൂടി ചേരുന്നതോടെ ഫോണിന്റെ ഉപയോഗം കൂടുതല്‍ മിഴിവാര്‍ന്നതാകും. 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് (1080ഃ2160 pixels) ഫോണിലുള്ളത്. 18:9 ആണ് ഡിസ്‌പ്ലേയുടെ അനുപാതം.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 പ്രോസസ്സറാണ് ഫോണിന്റെ മറ്റൊരു കരുത്ത്. 12 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കും. രണ്ടു ക്യാമറയും എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്ങിന് സാധ്യമായവയാണ്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ വേഗതയാര്‍ന്നതും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നവയുമാണ്. എടുത്തു പറഞ്ഞാല്‍ ശ്രേണിയില്‍ ഇവന്‍ കരുത്തന്‍.

വേരിയന്റ്
3 ജി.ബി റാം (32 ജി.ബി ഇന്റേണല്‍ മെമ്മറി)
4 ജി.ബി റാം (64 ജി.ബി ഇന്റേണല്‍ മെമ്മറി)
എന്നിങ്ങനെ രണ്ടു മോഡലുകളിലാകും ഫോണ്‍ പുറത്തിറങ്ങുക. എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി 256 ജി.ബി വരെ ഉയര്‍ത്താനും കഴിയും. കറുപ്പ്, ഗോള്‍ഡ്, ഗ്രേ എന്നീ നിറങ്ങളില്‍ ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം.

പ്രധാന എതിരാളി
റെഡ്മി നോട്ട് 5ന് ശ്രേണിയില്‍ എതിരാളികള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ഫോണ്‍ എന്തു വിലയ്ക്കാകും പുറത്തിറങ്ങുക എന്നതിനെ ആശ്രയിച്ചിരിക്കും വിപണി. പ്രധാന വിദേശ ടെക് വെബ്‌സൈറ്റുകളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് 15,000 രൂപയ്ക്കടുത്താകും നോട്ട് 5ന്റെ വില. അങ്ങനെയാണെങ്കില്‍ ഹുവാവേയുടെ ഹോണര്‍ 7എക്‌സാകും പ്രധാന എതിരാളി.

ഇതുകൂടി അറിയാം
2016 ഓഗസ്റ്റിലാണ് റെഡ്മി നോട്ട് 4 പുറത്തിറങ്ങിയത്. തങ്ങള്‍ക്കു പറ്റിയ പിഴവുകള്‍ കൂടി പരിഹരിച്ച് സമ്പൂര്‍ണ കരുത്താര്‍ജിച്ച് നോട്ട് 5 പുറത്തിറങ്ങുമ്പോള്‍ പല പ്രമുഖ ബ്രാന്റുകളുടെ ഫോണുകളും തലകുനിയ്ക്കും എന്നുറപ്പ്. ആദ്യം ചൈനയിലായിരിക്കും ഫോണ്‍ പുറത്തിറക്കുക എന്നാണ് വിവരം. ഒരു മാസത്തിനകം തന്നെ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങും.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍