(തിരുവനന്തപുരം ടെക്നോപാര്‍ക്ക് രജത ജൂബിലി നിറവിലാണ്. ഗവണ്‍മെന്‍റ് നേതൃത്വത്തില്‍ ഒരു പദ്ധതി എത്രത്തോളം വിജയകരമാക്കാം എന്നതിന്റെ ഉദാഹരണമായിട്ടാണ് ടെക്നോപാര്‍ക്ക് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം അത് തൊഴിലിനെക്കുറിച്ചും സംരംഭകത്വത്തെക്കുറിച്ചുമുള്ള മലയാളികളുടെ പല മിത്തുകളും തകര്‍ക്കുക തന്നെ ചെയ്തിട്ടുണ്ട്. എന്താണ് ടെക്നോപാര്‍ക്ക് കേരളത്തിന്റെ വികസനത്തിന് നല്കിയിട്ടുള്ള സംഭാവനകള്‍? ടെക്നോപാര്‍ക്ക് സ്ഥാപക സി ഇ ഒയും സാങ്കേതിക വിദഗ്ദ്ധനുമായ ജി വിജയരാഘവനുമായി അഴിമുഖം സീനിയര്‍ എഡിറ്റര്‍ സാജു കൊമ്പന്‍ നടത്തിയ അഭിമുഖം.)
ടെക്നോപാര്‍ക്കിന്റെ തുടക്കം
1989 ഡിസംബറിലാണ് ടെക്നോപാര്‍ക്ക് ചര്‍ച്ചകളുടെ തുടക്കം. ഞാനന്ന് സി-ഡാക്കിലാണ്. അതിനു മുന്‍പേതന്നെ കെല്‍ട്രോണ്‍ സ്ഥാപകന്‍ കെ പി പി നമ്പ്യാരുമായി സര്‍ക്കാര്‍ ഈ ഐഡിയയുടെ ഡിസ്കഷന്‍ നടത്തുന്നുണ്ടായിരുന്നു. കേരളത്തില്‍ ഇലക്ട്രോണിക്സ് വ്യവസായം വളരാന്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് ചര്‍ച്ച. ആ സമയത്ത് സാങ്കേതിക-വ്യാവസായിക രംഗത്തെ പ്രമുഖര്‍ അതില്‍ ഇന്‍വോള്‍വ്ഡ് ആയിരുന്നു. എ കെ നായര്‍ (കെ എസ് ഐ ഡി സി ), പ്രൊഫ. എം പി നായര്‍ (ഐ എച്ച് ആര്‍ ഡി യുടെ മുന്‍ ഡയറക്ടര്‍), എം ആര്‍ നാരായണന്‍ (ട്രാന്‍സ്മാറ്റിക്) തുടങ്ങിയവര്‍ സജീവമായിരുന്നു. ആ ചര്‍ച്ചയിലാണ് ഇലക്ട്രോണിക്സ് വ്യവസായം വളര്‍ന്ന സ്ഥലങ്ങളില്‍ എന്തൊക്കെയാണ് നടന്നതെന്ന് അന്വേഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നത്. അന്ന് ടെക്നോളജി പാര്‍ക്ക് എന്നൊന്നും പറയാന്‍ തുടങ്ങിയിരുന്നില്ല.
ആ സമയത്ത് ഒരു പ്രീ ഫീസിബിലിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടി സി എസിനെ ഏല്‍പ്പിച്ചു. ഒരു ലക്ഷമോ രണ്ടു ലക്ഷമോ മറ്റോ ആണ് അതിന്റെ പ്രതിഫലം. കുറച്ചു റിസര്‍ച്ചും ഒന്നു രണ്ടു വിസിറ്റ്സും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. സിലിക്കന്‍ വാലിയുടെ തുടക്കം എന്നു പറയാവുന്ന സ്റ്റാന്‍ഫോര്‍ഡ് സയന്‍സ് പാര്‍ക്ക് തായിവാനിലെ ഇലക്ട്രോണിക്സ് ഇന്‍ഡസ്ട്രിയിലെ പ്രധാന കേന്ദ്രമായ സിന്‍ച്ചു ഇല്‍ക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്. സിംഗപ്പൂരിലെ സിംഗപ്പൂര്‍ സയന്‍സ് പാര്‍ക്ക് എല്ലാം അപ്പോള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. സിംഗപ്പൂരിലെ പാര്‍ക്ക് നാഷണല്‍ യൂണിവേഴ്സിറ്റിയുടെ അടുത്തായിരുന്നു സ്ഥാപിച്ചത്. സ്റ്റാന്‍ഫോര്‍ഡ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിക്ക് അടുത്തും. എന്തായാലും ഒരു കാര്യം വ്യക്തമായി, ടെക്നോളജി പാര്‍ക്ക് ഒരു പൊട്ടെന്‍ഷ്യല്‍ സൊല്യൂഷന്‍ ആണെന്ന്.
ടെക്നോപാര്‍ക്കിന്റെ ശരിക്കുള്ള പേര് ഇലക്ട്രോണിക്ക്സ് ആന്‍ഡ് ടെക്നോളജി പാര്‍ക്സ് കേരള എന്നാണ്. മള്‍ടിപ്പിള്‍ പാര്‍ക്ക്സ് തുടങ്ങുക എന്നതായിരുന്നു ഉദ്ദേശ്യം. തിരുവനന്തപുരത്തും, കൊച്ചിയിലും, കോഴിക്കോടും തുടങ്ങാനായിരുന്നു അന്നത്തെ പദ്ധതി. പിന്നീട് കോഴിക്കോട്ടേത് കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഫുഡ് ആന്‍ഡ് ഐ ടി പാര്‍ക്കായി. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്കും തുടങ്ങി.
ചില നായനാര്‍ കഥകള്‍
ഇ കെ നായനാര്‍, ഗൌരിയമ്മ, ബേബി ജോണ്‍, കെ പി പി നമ്പ്യാര്‍, കെ മോഹന ചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘം ടെക്ക്നോളജി പാര്‍ക്കിന്റെ സാധ്യതകള്‍ ആരാഞ്ഞ് അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചു. അന്നെനിക്ക് യു എസില്‍ സി ഡാക്കിന്റെ കുറച്ചു വര്‍ക്കുണ്ട്. അങ്ങനെയാണെങ്കില്‍ അതുമായിട്ട് ക്ലബ്ബ് ചെയ്തിട്ട് ഈ വിസിറ്റ് ഒന്ന് കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ എന്നോട് കെ പി പി നമ്പ്യാര്‍ ആവിശ്യപ്പെടുകയായിരുന്നു.
അന്ന് ഇ കെ നായനാര്‍ താമസിച്ചത് ഇപ്പോള്‍ ഒബാമയുടെ അസിസ്റ്റന്‍റ് സെക്രട്ടറി ഓഫ് കൊമേഴ്സായി വര്‍ക്ക് ചെയ്യുന്ന അരുണ്‍ കുമാറിന്റെ വീട്ടിലാണ്. ചരിത്രകാരനായ പ്രൊഫ. എ ശ്രീധര മേനോന്റെ മകളുടെ ഭര്‍ത്താവാണ് അരുണ്‍കുമാര്‍. അമേരിക്കയിലെ പല വിസിറ്റ്സും അറേഞ്ച് ചെയ്തത് അരുണ്‍കുമാര്‍ ആയിരുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വിസിറ്റ് അറേഞ്ച് ചെയ്തത് പ്രൊഫ. തോമസ് കൈലാത്തായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രൊഫ. തോമസ് കൈലാത്തിന് അമേരിക്കന്‍ നാഷണല്‍ സയന്‍സ് മെഡല്‍ കിട്ടി. ആ മെഡല്‍ കിട്ടുന്ന ആദ്യത്തെ ഇന്ത്യാക്കാരനാണ്. നാലു വര്‍ഷം മുന്‍പ് ഇന്ത്യാ ഗവണ്‍മെന്‍റ് അദ്ദേഹത്തിന് പത്മഭൂഷണും നല്കി ആദരിച്ചു. ആ ലെവലിലുള്ള ആള്‍ക്കാരുമായിട്ടാണ് അന്നത്തെ ഇടപെടല്‍. അതുപോലെ തന്നെ സണ്‍ മൈക്രോസിസ്റ്റത്തിലെ രാജീവ് ശ്രീനിവാസും സഹായിച്ചു. ഞങ്ങള്‍ സഹപാഠികളും കൂടിയാണ്.
സണ്‍ മൈക്രോസിസ്റ്റത്തിലെ സന്ദര്‍ശനം കഴിഞ്ഞ് നായനാര്‍ ചോദിച്ചു ”അടുത്തത് എങ്ങോട്ടേക്കാണ്?”
“ആപ്പിള്‍ ഫാക്ടറി”, ഞാന്‍ പറഞ്ഞു.
“ആപ്പിളിന്റെ ഫാക്ടറിയോ?” നായനാരുടെ സ്വതസിദ്ധമായ നര്‍മ്മം ഉണര്‍ന്നു.
ആപ്പിള്‍ ഫാക്ടറിയുടെ മുന്‍പിലെത്തിയപ്പോള്‍ ആളൊന്നുമില്ല, വളരെ വിജനമായ സ്ഥലം.
“എന്താ ഇങ്ങനെ ഇരിക്കുന്നെ? ഒന്നും കാണുന്നില്ലല്ലോ..” നായനാര്‍ ചോദിച്ചു.
അപ്പോള്‍ ഞാന്‍ പറഞ്ഞു, “കൊടിയൊക്കെ വേണന്നാണോ..?”
നായനാര്‍ ചിരിച്ചു.
പ്രസന്‍റേഷന്‍ കഴിഞ്ഞു ഫാക്ടറി ഫ്ലോര്‍ കാണാന്‍ പോയപ്പോള്‍ നായനാര്‍ അന്തം വിട്ടു പോയി. 100 കണക്കിന് സ്ത്രീകള്‍ ഇരുന്നു പണിയെടുക്കുകയാണ്.
“ഇത്രയും ആള്‍ക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ജോലി കൊടുക്കുമോ? പിന്നെ നമ്മള്‍ എന്തിനാണ് കമ്പ്യൂട്ടറിനെ എതിര്‍ത്തത്.?”
അപ്പോള്‍ ഞാന്‍ പറഞ്ഞു, “നമ്മള്‍ അല്ല കമ്പ്യൂട്ടറിനെ എതിര്‍ക്കുന്നത്. സി എമ്മിന്റെ പാര്‍ട്ടിയാണ്.. “
1991 മാര്‍ച്ചില്‍ ടെക്നോപാര്‍ക്കിന്റെ ഫൌണ്ടേഷന്‍ സ്റ്റോണ്‍ ഇടുമ്പോള്‍ നായനാര്‍ പറഞ്ഞു. “നമ്മള്‍ അമേരിക്കയില്‍ പോയില്ലായിരുന്നെങ്കില്‍ ഇത് ഇവിടെ വരില്ലായിരുന്നു.” എന്ന്. ഒരു ഹാര്‍ഡ് കോര്‍ കമ്യൂണിസ്റ്റായ നായനാര്‍ക്ക് അമേരിക്കയില്‍ നിന്ന്‍ കൊണ്ടുവന്നതാണ് എന്നു പറയാന്‍ യാതൊരു മടിയുമില്ലായിരുന്നു. അങ്ങനെയുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
പ്രതീക്ഷകള്‍ മറികടന്ന സ്വപ്നം
ടെക്നോപാര്‍ക്ക് ലക്ഷ്യമിട്ടത് 5000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ്. 25000 പേര്‍ക്ക് പരോക്ഷ തൊഴില്‍. അതില്‍ എത്രയോ മടങ്ങ് നേട്ടം ഉണ്ടായിരിക്കുന്നു. ഇന്ത്യയില്‍ ലിബറലൈസേഷന്‍ ആരംഭിച്ച കാലത്ത് തന്നെ നമ്മള്‍ ടെക്ക്നോപാര്‍ക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു എന്നതാണ് ഈ വിജയത്തിനു ആക്കം കൂട്ടിയത്.
ഞാന്‍ മൂന്ന് വ്യവസായ മന്ത്രിമാരുടെ ഒന്നിച്ചു വര്‍ക്ക് ചെയ്തിട്ടുണ്ട്. ഗൌരിഅമ്മ, പി കെ കുഞ്ഞാലിക്കുട്ടി, സുശീല ഗോപാലന്‍. നാല് മുഖ്യമന്ത്രിമാര്‍. ആരുടെ ഭാഗത്തു നിന്നും അവിഹിതമായതോ അനാവശ്യമായതോ ആയ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഒരാളെ പോലും അപ്പോയിന്‍റ്മെന്‍റ് ചെയ്യണമെന്ന് ഒരു മന്ത്രിയും പറഞ്ഞിട്ടില്ല. നമ്മള്‍ക്കിഷ്ടപ്പെടാത്ത ഒരു പരസ്യം കൊടുക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. അത്രത്തോളം ഒരു പൊളിറ്റിക്കല്‍ കമ്മിറ്റ്മെന്‍റ് ഇതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. ഗൌരിയമ്മ മാറി പി കെ കുഞ്ഞാലിക്കുട്ടി വന്നപ്പോള്‍ പലരും കുഞ്ഞാലിക്കുട്ടിയോട് പോയി പറഞ്ഞു ഞാന്‍ ഗൌരിഅമ്മയുടെ ആളാണെന്ന്. പക്ഷേ പുള്ളി പൂര്‍ണ്ണ സ്വാതന്ത്ര്യം തരികയായിരുന്നു. അതുപോലെ തന്നെ സുശീല ഗോപാലന്‍ വ്യവസായ മന്ത്രി ആയപ്പോഴും.
ഞാന്‍ ഏഴു വര്‍ഷം ടെക്നോപാര്‍ക്കില്‍ വര്‍ക്ക് ചെയ്തു. ആദ്യം ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായിട്ടാണ് വന്നത്. പിന്നെ സി ഇ ഓ എന്ന പൊസിഷനിലേക്ക് വന്നു. എക്സിക്യൂട്ടീവ് ഡയറക്ടറോ മറ്റോ ആയിരുന്നു എങ്കില്‍ ഏതെങ്കിലും ഐ എ എസ് ഓഫീസര്‍മാര്‍ അവിടെ ഇരുന്നേനെ. അന്ന് സി ഇ ഓ മാരില്ല. ഇപ്പോഴാണ് കേരളത്തില്‍ വ്യാപകമായത്. ശരിക്ക് പറഞ്ഞാല്‍ കേരളത്തിലെ ആദ്യത്തെ സി ഇ ഓ ചിലപ്പോള്‍ ഞാന്‍ ആയിരുന്നിരിക്കണം.
ടെക്നോപാര്‍ക്ക് ഈ രീതിയില്‍ ആയതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് പി കെ കുഞ്ഞാലിക്കുട്ടി, കെ എം ചന്ദ്രശേഖരന്‍ (ഇന്‍ഡസ്ട്രി സെക്രട്ടറി), എ കെ ആന്റണി, ഇ കെ നായനാര്‍. പിന്നീട് ഉമ്മന്‍ ചാണ്ടി. വി എസിന്റെ കാലത്ത് ചില നെഗറ്റീവുകള്‍ സംഭവിച്ചിട്ടുണ്ട്. അത് യഥാര്‍ഥത്തില്‍ ഐ ടി ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയെ താഴോട്ടു കൊണ്ടുപോയി എന്നതാണ് യാഥാര്‍ഥ്യം.
ചില കേരള മിത്തുകള്‍ പൊളിയുന്നു
ടെക്നോപാര്‍ക്കിലെ എല്ലാ കോണ്‍ട്രാക്ടുകളും സമയ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കോസ്റ്റ് എസ്ക്കലേഷന്‍ എന്ന സംഗതി ഉണ്ടായതേ ഇല്ല. പക്ഷേ പി ഡബ്ല്യു ഡി യുടെ എല്ലാ നൊംസും പാലിച്ചു തന്നെയാണ് എല്ലാ വര്‍ക്കുകളും ചെയ്തത്. നിര്‍മ്മാണ ചിലവ് കൂടാതെ, കൃത്യമായ സമയ പരിധിക്കുള്ളില്‍ തീര്‍ക്കാന്‍ കഴിഞ്ഞതാണ് തകര്‍ന്നു വീണ ആദ്യത്തെ മിത്ത്. ആദ്യമായിട്ട് ബുള്‍ ഡോസറും ജെ സി ബിയുമൊക്കെ ഉപയോഗിക്കുന്നത് ടെക്നോപാര്‍ക്കിലാണ്. ജി അനിരുദ്ധന്‍ എന്ന കോണ്‍ട്രാക്റ്റര്‍ ഉണ്ടായിരുന്നു. റോഡ് ചെയ്യാന്‍ മൂന്ന് വര്‍ഷം വേണമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ആറ് മാസം. അത് സാധിക്കില്ലെന്ന് കോണ്‍ട്രാക്ടര്‍. എന്നിട്ടും പുള്ളി ടെണ്ടര്‍ വിളിച്ചെടുത്തു. ബുള്‍ഡോസര്‍ ഉപയോഗിക്കണമെന്ന് ഞാന്‍ പറഞ്ഞു. കിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാള്‍ എവിടുന്നോ ഒരു ബുള്‍ഡോസര്‍ കൊണ്ടുവന്നു. ഇറക്കിയ ഉടന്‍ തന്നെ വണ്ടിയുടെ മുന്നിലും പിറകിലും കൊടി കുത്തി. കെ കരുണാകരന്‍ അന്ന് നല്ല പിന്തുണ നല്കി. അങ്ങനെ തൊഴില്‍ പ്രശ്നങ്ങളില്ലാതെ പ്രൊജക്ടുകള്‍ ചെയ്യാമെന്ന്‍ തെളിയിച്ചതാണ് രണ്ടാമത്തെ മിത്ത്. ഞാന്‍ ഉണ്ടായിരുന്ന 7 വര്‍ഷവും ലേബര്‍ യൂണിയനുമായി ഒരു പ്രോബ്ലെവും ഉണ്ടായിരുന്നില്ല. ഒരു തവണ ഉണ്ടായിരുന്നു. കെ കരുണാകരന്‍ മുഖ്യമന്ത്രിയെ ആയിരുന്ന കാലത്ത് ഐ എന്‍ ടി യു സി കാരെ പാര്‍ക്കില്‍ നിന്ന്‍ സസ്പെണ്ട് ചെയ്തിരുന്നു. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് തന്നെ. അതുപോലെ തന്നെ സിഐ ടിയുവില്‍ നിന്നു എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഞാന്‍ നായനാരെ വിളിക്കും. അപ്പോള്‍ തന്നെ അദ്ദേഹം പരിഹരിച്ച് തരുമായിരുന്നു. അടുത്തതായി നമ്മള്‍ തെളിയിച്ചത് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ പറ്റും എന്നതായിരുന്നു. എന്‍ ആര്‍ ഐ ഇന്‍വെസ്റ്റ്മെന്‍റ് കൊണ്ടുവരാന്‍ പറ്റും. എന്‍ ആര്‍ ഐ ഫോറിന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ആ കമ്പനിയെ ഇവിടെ കൊണ്ടുവരാന്‍ പറ്റും. പിന്നെ ഇവിടെ നിന്നുള്ള ഇന്‍വെസ്റ്റ്മെന്റും. ഗവണ്‍മെന്റിന്റെ പിന്തുണയോടൊപ്പം പിന്നീട് വന്ന സി ഇ ഓ മാരുടെ പ്രതിബദ്ധതയും പ്രധാനമാണ്. ഞങ്ങള്‍ ഈ പ്രോജക്ട് തുടങ്ങിയത് 11 പേരെ വെച്ചായിരുന്നു.
മലയാളിയുടെ തൊഴില്‍ സംസ്കാരം
മലയാളി ജോലി ചെയ്യില്ല. മലയാളി എന്‍ട്രപ്രണര്‍ അല്ല. അതൊക്കെ ടെക്ക്നോപാര്‍ക്ക് തിരുത്തി. അന്ന് തൊഴിലെടുക്കുന്ന മലയാളികള്‍ എന്നു പറഞ്ഞാല്‍ സെക്രട്ടറിയേറ്റിലെ സര്‍ക്കാര്‍ ജീവനക്കാരാണ്. ബാക്കിയുള്ളവരെല്ലാം കേരളത്തിലല്ല വര്‍ക്ക് ചെയ്യുന്നത്. എല്ലാവരും പുറത്താണ്. മലയാളി ഗള്‍ഫില്‍ പോയി വര്‍ക്ക് ചെയ്തിരുന്നു. മലേഷ്യയില്‍ പോയി വര്‍ക്ക് ചെയ്തിരുന്നു. സിലോണില്‍ പോയി വര്‍ക്ക് ചെയ്തിരുന്നു. ടെക്നോപാര്‍ക്ക് വന്നതോടെ മലയാളിക്ക് കേരളത്തില്‍ തന്നെ വര്‍ക്ക് ചെയ്താല്‍ നല്ല വരുമാനം കിട്ടുമെന്ന വളരെ വ്യക്തമായ മെസേജ് കൊടുക്കാന്‍ ടെക്ക്നോപാര്‍ക്കിനായി.
വേറൊരു കാര്യം പെണ്‍കുട്ടികള്‍ തൊഴില്‍ രംഗത്ത് വന്‍തോതില്‍ കടന്നു വന്നതാണ്. ടെക്നോപാര്‍ക്കില്‍ ഏകദേശം പകുതിയോളം പെണ്‍കുട്ടികളാണ്. പലരും സീനിയര്‍ പൊസിഷനില്‍ എത്തിയിട്ടുണ്ട്, ഏറ്റവും പ്രധാനം സ്ത്രീയും പുരുഷനും ഒരേ ശമ്പളത്തില്‍ ജോലി എടുക്കുന്നു എന്നുള്ളതാണ്. ഒരു എംപവര്‍മെന്റിന്റെ എലിമെന്റ് അതില്‍ വന്നിട്ടുണ്ട്. സര്‍ക്കാരില്‍ കയറിയാല്‍ പ്രമോഷന്‍ കിട്ടും ഇന്‍ക്രിമെന്‍റ് കിട്ടും. നന്നായിട്ടു ജോലി ചെയ്താലും കിട്ടും. ചെയ്യാത്തവര്‍ക്കും കിട്ടും. ഇവിടെ അതല്ല. ടെക്നോപാര്‍ക്കില്‍ മാസ ശമ്പളം ലക്ഷക്കണക്കിനു കിട്ടുന്ന ആളുകള്‍ ഉണ്ട്. കാരണം അവര്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നു. പിന്നെ ഒരു വിമര്‍ശനം തൊഴില്‍ സുരക്ഷയുടെ കാര്യത്തിലാണ്. അത്രയും ഉയര്‍ന്ന ശമ്പളം വാങ്ങിക്കുമ്പോള്‍ തൊഴില്‍ സുരക്ഷ ഒരു പ്രശ്നമല്ല. പിന്നെ നന്നായി ജോലി ചെയ്യുന്ന ആളുകള്‍ക്ക് എപ്പോഴും ജോലി കിട്ടും. പണി ചെയ്യാത്ത ആളുകള്‍ക്ക് ജോലി കിട്ടുകയുമില്ല.
ലോക സാമ്പത്തിക പ്രതിസന്ധിയിലും ടെക്ക്നോപാര്‍ക്ക് കുലുങ്ങിയില്ല
2001-2002ലെ ഡോട്ട് കോം പ്രതിസന്ധി ടെക്ക്നോപര്‍ക്കിലെ ചില കമ്പനികളെ ചെറുതായിട്ടു ബാധിച്ചു. അത് വലിയ രീതിയില്‍ വിസിബിള്‍ അല്ലായിരുന്നു. കമ്പനിയില്‍ നിന്നു വിട്ടു പോകുന്നവര്‍ക്ക് വേറെ കമ്പനിയില്‍ ജോലികിട്ടുമായിരുന്നു. 2008ലെ ഗ്ലോബല്‍ എക്കണോമിക് ക്രൈസിസും ടെക്നോപാര്‍ക്കിനെ വലുതായി ബാധിച്ചില്ല. ഒരു മാന്ദ്യം ഉണ്ടായിരുന്നു എന്നത് നേരാണ്. വലിയ തോതില്‍ കമ്പനികള്‍ പൂട്ടുകയോ ഒന്നും ഉണ്ടായിട്ടില്ല. ചില ചെറിയ അപവാദങ്ങള്‍ ഒഴിച്ച്. അതൊന്നും നമ്മുടെ ജനങ്ങളെ ഇംപാക്ട് ചെയ്തിട്ടില്ല. നേരെ മറിച്ചു ബാംഗ്ലൂരിലും മറ്റ് സ്ഥലങ്ങളിലും വലിയ തോതില്‍ ബാധിച്ചു. അതിന്‍റ പ്രധാന കാരണം നമ്മുടെ കമ്പനികള്‍ കുറച്ചുകൂടി യാഥാസ്ഥിതികമാണ് എന്നതാണ്. ആവശ്യമില്ലാതെ ആളുകളെ ഇവിടത്തെ കമ്പനികള്‍ റിക്രൂട്ട് ചെയ്യുകയുണ്ടായില്ല. രണ്ടാമത് ഈ കമ്പനികളുടെ ബിസിനസ് അമേരിക്കയില്‍ നിന്നു മാത്രമുള്ളതല്ല. ഒരു രാജ്യത്തു മാത്രം ടാര്‍ഗറ്റ് ചെയ്തു ബിസിനസ് ചെയ്യുന്ന കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ കുറവാണ്. അവയെല്ലാം ഗ്ലോബല്‍ ആണ്. അമേരിക്കയിലെ ബിസിനസ് കുറയുമ്പോള്‍ വേറെ രാജ്യത്തു നിന്നു വരും.
ഐ ടി ജോബ് മധ്യവര്‍ഗ്ഗ സ്വപ്നം മാത്രമല്ല
ഇന്ന് സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ എല്ലാം മിഡില്‍ ക്ലാസില്‍ നിന്നുള്ളവരല്ല. വലിയൊരു ശതമാനം ആള്‍ക്കാര്‍ ലോ ഇന്‍കം ഗ്രൂപ്പില്‍ നിന്നു വന്നവരാണ്. ഓട്ടോറിക്ഷ ഡ്രൈവേഴ്സിന്റെ മക്കള്‍, ടെക്നോപാര്‍ക്കിള്‍ തന്നെയുള്ള ഡ്രൈവര്‍ മാരുടെ മക്കള്‍. എനിക്കു സ്പെസിഫിക്ക് ആയി അറിയാവുന്ന ഒരു കേസുണ്ട്. ഒരു സ്വീപ്പര്‍ ജോലി ചെയ്യുന്ന സ്ത്രീയും അവരുടെ മകനോ മകളോ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്, അവര്‍ക്കത് ഒരു മോശമായി തോന്നുന്നില്ല. ആരുടേയും ശുപാര്‍ശ ഇല്ലാതെ ജോലി കിട്ടുന്നു എന്നതും പ്രധാനമാണ്.
റിയല്‍ എസ്റ്റേറ്റ് കച്ചവടം എന്ന ആരോപണം
സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തിലാണ് ഈ ആരോപണം ഉയര്‍ന്നത്. അന്നത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് തുടങ്ങിയിരുന്നെങ്കിലോ, വി എസ് ഗവണ്‍മെന്‍റിന്റെ തുടക്ക കാലത്ത് വന്നിരുന്നെങ്കിലോ ഇവിടെ അറുപത്-എഴുപതിനായിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടേനെ. ആ ഒരു അവസരം നമുക്ക് നഷ്ടമായി. ഐ ടിയില്‍ റിയല്‍ എസ്റ്റേറ്റുണ്ട്, വീട് എടുക്കുന്നതും റിയല്‍ എസ്റ്റേറ്റില്ലേ? ബില്‍ഡിംഗ് കെട്ടുന്നവര്‍ കാശുണ്ടാക്കുക സ്വഭാവികമായ കാര്യം മാത്രമാണ്. അവിടെ ജോലി ചെയ്യുന്നവരുടെ പണം എവിടെയാണ് ചിലവഴിക്കുന്നത്? ഇവിടെ തന്നെയല്ലേ? ഒരാള്‍ ഒരു ലക്ഷം സ്ക്വയര്‍ ഫീറ്റ് കെട്ടിടം കെട്ടുകയാണെങ്കില്‍ അവിടെ 1000 പേര്‍ക്കു ജോലി കിട്ടും. അയാള്‍ കെട്ടിടം കെട്ടിക്കോട്ടെ. പക്ഷേ ലാഭം ഉണ്ടാക്കാന്‍ പാടില്ല. പിന്നെ ആര് കെട്ടിടം കെട്ടും. സര്‍ക്കാര് കെട്ടുമോ? ഇതൊക്കെയായിരുന്നു വി എസിന്റെയൊക്കെ കാലത്ത് സ്പെഷ്യല്‍ എക്കണോമിക് സോണിനെയൊക്കെ എതിര്‍ത്തതിന്റെ കാരണം. ആ എതിര്‍പ്പ് കേരളത്തിന് നഷ്ടപ്പെടുത്തിയത് ലക്ഷക്കണക്കിനു തൊഴില്‍ അവസരങ്ങളാണ്. ചില ഇടങ്ങളില്‍ SEZ തകര്‍ന്നിട്ടുണ്ട്, അവര്‍ ഇവിടെ വരുന്നു. കെട്ടിടം കെട്ടുന്നു. കെട്ടിടത്തില്‍ ആളില്ലെങ്കില്‍. ആര്‍ക്കാണ് നഷ്ടം? അവര്‍ എവിടെ നിന്നെങ്കിലും ആളിനെക്കൊണ്ട് വരും. ദുബായ് ഇന്‍റര്‍നെറ്റ് സിറ്റി സ്മാര്‍ട്ട് സിറ്റി കെട്ടിടം പണി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അവര്‍ എവിടെ നിന്നെങ്കിലും ആളുകളെ കൊണ്ടുവരുമായിരുന്നു. അവര്‍ക്ക് സര്‍വൈവ് ചെയ്യേണ്ടെ.
റൂറല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിച്ചത് വി എസ് സര്‍ക്കാരിന്റെ മറ്റൊരു പരാജയം
ടെക്നോ ലോഡ്ജുകള്‍ എന്ന പേരില്‍ പല പഞ്ചായത്തിലും ഐ ടി പാര്‍ക്കുകള്‍ തുടങ്ങാന്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചു. ഞാനൊരു മീറ്റിംഗില്‍ പോയിരുന്നു. കേരളത്തില്‍ പലയിടത്ത് തുടങ്ങി. ഒന്നോ രണ്ടോ എണ്ണം ഒഴിച്ച് ബാക്കിയെല്ലാം പരാജയമാണ്. ടെക്നോക്രാറ്റ് മോഡല്‍ പ്രൊജക്ടുകള്‍ വിജയിക്കണമെങ്കില്‍ ഒരു സിറ്റിക്കടുത്ത് തന്നെ ആകണം. അത് ആ മീറ്റിംഗില്‍ ഞാന്‍ പറഞ്ഞു. അതിനു ശേഷം എന്നെ മീറ്റിംഗുകളില്‍ വിളിച്ചില്ല. കൊരട്ടി വിജയാണ്. കാരണം കൊച്ചിക്കടുത്താണ്. കൊല്ലം വിജയമായില്ല. എന്നാല്‍ സാധ്യതയുണ്ട്. കുറച്ചു സമയമെടുക്കും, അതിനെ ഗവണ്‍മെന്‍റിന്റെ ഒരു നിക്ഷേപമായി കണ്ടാല്‍ മതി. ഇപ്പോള്‍ കൂടുതല്‍ കമ്പനികള്‍ ഇല്ലെങ്കിലും. കുറച്ചു കഴിഞ്ഞാല്‍ കമ്പനികള്‍ അങ്ങോട്ട് പോകും. കുറച്ചുകൂടി ചിലവ് കുറഞ്ഞ സൌകര്യങ്ങള്‍ നോക്കിയിട്ട്. എന്നാല്‍ അവിടത്തെ അടിസ്ഥാന സൌകര്യങ്ങള്‍ കുറച്ചുകൂടി വികസിക്കേണ്ടതുണ്ട്, റോഡ് സൌകര്യവും മറ്റും. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും നന്നായി ലോഞ്ച് ചെയ്തിട്ട് അതിന്റെ തൊട്ടടുത്തടുത്ത പ്രദേശങ്ങളില്‍ തുടങ്ങുകയായിരുന്നു വേണ്ടിയിരുന്നത്.
സ്റ്റാര്‍ട്ട്അപ്പുകള്‍ അത്ഭുതം സൃഷ്ടിക്കും
ഒരു പാട് കമ്പനികള്‍ സര്‍ക്കാരിന് വേണ്ടിയും മറ്റ് പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ഐ ടി സെര്‍വീസ് പ്രൊവൈഡ് ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സാധാരണ ഇത്തരം വര്‍ക്കുകള്‍ കെല്‍ട്രോണിനാണ് കൊടുക്കുക. കെല്‍ട്രോണ്‍ അത് പുറത്തു കൊടുക്കും. അപ്പോള്‍ ലാഭത്തിന്റെ ശതമാനം കുറയും. ടെക്നോപാര്‍ക്കിലെ കമ്പനികള്‍ക്ക് വര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി ആഭ്യന്തര കമ്പനികള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടായേനെ. വലിയൊരു മാറ്റം ഉണ്ടാകാന്‍ പോകുന്നത് സ്റ്റാര്‍ട്ട് അപ്സിലൂടെയാണ്. അത് വലിയ മൂവ്മെന്‍റ് ആയിട്ട് മാറും. 100 സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയാല്‍ രണ്ടോ മൂന്നോ എണ്ണമേ വിജയമാകുകയുള്ളൂ. ആ രണ്ടോ മൂന്നോ കമ്പനികളായിരിക്കും പിന്നീട് കേരളത്തിലെ ഏറ്റവും വലിയ കമ്പനികളായി മാറുന്നത്.
ഇവിടെ തുടങ്ങിയിട്ടു പുറത്തേക്ക് വളര്‍ന്ന കമ്പനികള്‍
സണ്‍ടെക്ക് ഒരു മികച്ച ഉദാഹരണമാണ്. ടെക്നോപാര്‍ക്കിന്റെ ഒരു പദ്ധതിയില്‍പ്പെടുത്തിയാണ് കെ നന്ദകുമാര്‍ സണ്‍ടെക്ക് തുടങ്ങിയത്. കെല്‍ട്രോണില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് 5 വര്‍ഷം ലീവെടുത്ത് സ്ഥാപനം തുടങ്ങാനുള്ള സര്‍ക്കുലര്‍ ഉണ്ടായിരുന്ന കാലത്ത്. ഐ ബി എസ് ബാംഗളൂരില്‍ പൈസ കൊടുത്തിട്ട് അതൊഴിവാക്കി തിരുവനന്തപുരത്ത് തുടങ്ങിയ കമ്പനിയാണ്. യു എസ് ടെക്നോളജീസ്, ടൂണ്‍സ് ആനിമേഷന്‍ എന്നിവയൊക്കെ അങ്ങനെ വളര്‍ന്ന കമ്പനികള്‍ക്ക് ഉദാഹരണങ്ങളാണ്.
ടെക്നോപാര്‍ക്കിനെക്കുറിച്ച് പറയുമ്പോള്‍ കെ പി പി നമ്പ്യാരെയും അബ്ദുള്‍ കലാമിനെയും ഓര്‍ക്കാതിരിക്കാന്‍ ആവില്ല
ഇതിന്റെ ഐഡിയ കെ പി പി നമ്പ്യാരുടേതാണ്. എന്നെ കേരളത്തിലേക്ക് കൊണ്ടുവന്നത് കെ പി പിയാണ്. കേരളത്തിലെ വ്യവസായ വികസനത്തില്‍ കെ പി പിയുടെ സംഭാവനകള്‍ വളരെ വലുതാണ്. പക്ഷേ കെ പി പിയോട് കേരളം നീതി കാണിച്ചില്ല എന്ന്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. കെ പി പിക്കെതിരായിട്ട് കള്ളക്കേസുകള്‍ വന്നു. വിജിലന്‍സ് അന്വേഷണങ്ങള്‍ വന്നു. എത്രയോ വര്‍ഷങ്ങള്‍ പത്മ അവാര്‍ഡുകള്‍ പോലും കൊടുക്കാന്‍ പറ്റാതെയായി. സ്ട്രോക്ക് വന്നതിനു ശേഷമാണ് ഒടുവില്‍ പത്മ അവാര്‍ഡ് കൊടുക്കുന്നത്. അതില്‍പോലും കേരള ഗവണ്‍മെന്റിന്റെ പങ്കില്ല. കെ പി പിയുടെ വിജിലന്‍സ് ഫയല്‍ മുഴുവന്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരു തരത്തില്‍ ഞാന്‍ കെ പി പി യോട് കടപ്പെട്ടിരിക്കുന്നു. ഗവണ്‍മെന്‍റില്‍ എങ്ങനെ ചെയ്യരുത് എന്നു ഞാന്‍ പഠിച്ചത് അതില്‍ നിന്നാണ്.
ഒരു സെയിന്‍റ് ലൈക്ക് മനുഷ്യനാണ് എ പി ജെ അബ്ദുള്‍ കലാം. ദൈവീക പരിവേഷമുള്ള ഒരു മനുഷ്യന്‍. പരിപൂര്‍ണ്ണ സമര്‍പ്പണം. ഒരു നെഗറ്റീവ് പോലും സ്ദേഹത്തിനെതിരെ പറയാന്‍ ഇല്ല. കലാമുമായിട്ട് അത്ര ക്ലോസ് ആയി ഇടപെടാന്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും മനോരമയുടെ ഒരു സെമിനാര്‍ ഞാന്‍ മോഡറേറ്റ് ചെയ്തപ്പോള്‍ അതില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രപതി ഭവനിലെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിട്ടുണ്ട്. നമ്മള്‍ നോക്കേണ്ടത് അദ്ദേഹം ആരെയാണ് അഭിസംബോധന ചെയ്തത് എന്നതാണ്. രാഷ്ട്രീയ നേതാക്കളെയല്ല. മറിച്ച് വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ്. നേട്ടം എല്ലാവര്‍ക്കും കൊടുക്കുകയും. പരാജയം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു മാതൃകാ നേതാവാണ് കലാം. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി വേണം കരുതാന്‍.
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക