UPDATES

സയന്‍സ്/ടെക്നോളജി

ഫേസ്ബുക്കിന്റെ ഫ്രീബേസിക്‌സ് പദ്ധതിയുടെ ചതി തിരിച്ചറിയുക

Avatar

ഫേസ്ബുക്കിന്റെ ഫ്രീബേസിക്‌സ് പദ്ധതിയുടെ ചതി തിരിച്ചറിയുക എന്നാവശ്യപ്പെട്ട് ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ പ്രതിധ്വനിയുടെ അഭ്യര്‍ത്ഥന. 

അറിവിനെ  സാധാരണക്കാരനിലേക്കു ഞൊടിയിടയില്‍ എത്തിക്കുന്നതിനും  ഒരു  സംരംഭകനു  തന്റെ പുതിയൊരു ഉത്പന്നത്തെ ലോകത്തിനു മുന്നിലേക്ക് പെട്ടെന്ന് എത്തിക്കുന്നതിനും ഇന്റര്‍നെറ്റ് വഴി സാധിച്ചു. അങ്ങനെ അറിവിന്റെ വികേന്ദ്രീകരണത്തിനും അതുവഴി സാമൂഹ്യ സാമ്പത്തിക വികസനത്തിനു പുതിയൊരു ദിശാ ബോധം നല്കാന്‍ കഴിഞ്ഞത്  കൊണ്ടാണ് ഇന്റര്‍നെറ്റ് ഒരു പുതിയ വിപ്ലവം തീര്‍ത്തു എന്നു പറയുന്നത്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഇത്തരത്തിലുള്ള സാമൂഹ്യ വികസനത്തിനേല്‍ക്കാന്‍ പോകുന്ന ഒരു തിരിച്ചടിയായിരിക്കും ഫേസ്ബുക്കിന്റെ  ‘ഫ്രീ ബേസിക്‌സ് എന്ന പുതിയ തന്ത്രം. ഇന്റര്‍നെറ്റ് അസമത്വം സൃഷ്ടിക്കാന്‍ ‘ഫ്രീ ബേസിക്‌സ്’  സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നും കടുത്ത പ്രചരണമാണ് നടക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ ഫ്രീ ബേസിക്‌സിന് അനുകൂലമായി ട്രായ്ക്ക് ഇമെയില്‍ അയക്കാനുള്ള സന്ദേശമാണ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നത്. സുഹൃത്തുക്കള്‍ ഫ്രീ ബേസിക്‌സിനെ അനുകൂലിച്ച് സന്ദേശമയച്ചാല്‍ മറ്റുള്ളവര്‍ക്കും നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന രീതിയിലാണ് ഫേസ്ബുക്ക് സംവിധാനമൊരുക്കിയത്.

ചില സൈറ്റുകളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന ഈ ഫേസ്ബുക്ക് പദ്ധതിയില്‍ പല വെബ്‌സൈറ്റുകള്‍ക്കും അവരുടെ സേവനത്തിനു പണം ഈടാക്കുന്നു. ഗൂഗിള്‍, നൗകരി, യൂ ട്യൂബ്,തുടങ്ങി നിങ്ങള്‍ക്ക് കൂടുതല്‍ ആവശ്യമുള്ള സൈറ്റുകള്‍ ഒന്നും ലഭ്യമാക്കാതെ ഒരു മൊബൈല്‍ കമ്പനി ഫേസ്ബുക്ക് മാത്രം തരുന്ന ഒരു നയം നിങ്ങളൊന്ന് ആലോചിച്ച്  നോക്കൂ. നിങ്ങള്‍ ആഗ്രഹിക്കുന്ന സൈറ്റുകള്‍ ഒന്നുമില്ല. പകരം ഫേസ്ബുക്ക് മാത്രം കൂടാതെ ചെറിയ ചെറിയ കുറച്ച് വെബ്‌സൈറ്റുകളും. അവമാത്രമാണ് നിങ്ങള്‍ക്ക് എപ്പോഴും ഉപയോഗിക്കാനാവുക.

സാധാരണക്കാരായ ഇന്ത്യന്‍ ജനതയെ തുറന്ന ഇന്റര്‍നെറ്റില്‍ നിന്ന് അകറ്റാനും ഫേസ്ബുക്കും ഫേസ്ബുക്ക് തീരുമാനിക്കുന്ന സൈറ്റുകളും മാത്രം നല്‍കാനുള്ള ഡിജിറ്റല്‍ തൊട്ടുകൂടായ്മയും  ഇത്തരത്തിലുള്ള  ഫേസ്ബുക്കിന്റെ എല്ലാ ശ്രമങ്ങളെയും ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ  പ്രതിധ്വനി ശക്തമായി എതിര്‍ക്കുന്നു,  മാത്രമല്ല ടെക്‌നോപാര്‍ക്കിലെ എല്ലാ ജീവനക്കാരോടും ഫ്രീ ബേസിക്‌സിന് അനുകൂലമായി എന്ന പുതിയ കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കൂടാതെ തീര്‍ച്ചയായും ഇന്റര്‍നെറ്റ് അവര്‍ ഫ്രീ ആയി നല്‍കുന്നു എങ്കില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. പക്ഷെ അത് വ്യവസ്ഥകളും നിബന്ധനകളും ഇല്ലാതെ ആയിരിക്കണം. എല്ലാറ്റിനും ഉപരി ഇത് നമ്മുടെ വയര്‍ലെസ് നെറ്റ് വര്‍ക്കാണ്. അതിലാണ് അവര്‍ അവരുടെ സേവനം തരേണ്ടത്. അത് നാം ഇന്ത്യാക്കാര്‍ക്ക് വേണ്ടി ഉള്ളത് ആയിരിക്കണം. ഫേസ്ബുക്കിന്റെ ധനികരായ കുറച്ച് ഓഹരി ഉടമകള്‍ക്ക് മാത്രമാവരുത്.

നമ്മുടെ കാലത്തെ ഏറ്റവും വലിയ വിപ്ലവമാണ് ഇന്റര്‍നെറ്റ്. അതിന്റെ ആഴവും പരപ്പുമാണ് സുക്കര്‍ബര്‍ഗിനെ ഇന്നത്തെ ബിസിനസ്സുകാരന്‍ ആക്കി മാറ്റിയത്. അങ്ങനെ ഉള്ള ഒരാള്‍ ഇന്റര്‍നെറ്റിനു പുറത്ത് മൈക്രോ നെറ്റ് വര്‍ക്കുകള്‍ സൃഷ്ടിച്ചാല്‍ ഒരു ഭാവി സുക്കര്‍ബര്‍ഗിനു അയാളുടെ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയാതെ പോകും എന്നതായിരിക്കും ഇതിലെ ദുരന്തം. ഇത്തരത്തിലുള്ള സങ്കുചിതമായ വാണിജ്യ താത്പര്യങ്ങള്‍ മാത്രമേ ഇതിലുള്ളൂ.

സംരംഭകര്‍ക്കാണ് ഫ്രീബേസിക്‌സിന്റെ തൊട്ടുകൂടായ്മ ദോഷം ചെയ്യുക. മറ്റു ഉയര്‍ന്ന കമ്പനികള്‍ക്കിടയില്‍ നിങ്ങളുടെ സംരംഭം ഇന്റര്‍നെറ്റ് ഇല്‍ ദൃശ്യമാകണം എന്നില്ല, ഫേസ്ബുക്കില്‍ പരസ്യം നല്‍കുന്നത് വരെ . കൂടാതെ ഇതുമായി ഫേസ്ബുക്കിനെ മുന്നോട്ടുപോകാന്‍ അനുവദിച്ചാല്‍ മറ്റ് അനേകം കമ്പനികളും അവരുടെ സ്വന്തം ‘ഫ്രീ ബേസിക്‌സുകള്‍’ അവതരിപ്പിച്ചേക്കാം. അത് നമ്മുടെ രാജ്യത്തെ പരസ്പരം ബന്ധമില്ലാത്ത രാജ്യമാക്കും. നാം വിവിധ സൂക്ഷ്മ നെറ്റ്‌വര്‍ക്കുകളില്‍ ഒതുങ്ങും.

വളരെ ലളിതമായി പറയുമ്പോള്‍. നമ്മുടെ എയര്‍ വേവ്‌സും വയര്‍ലെസ് സ്‌പെക്ട്രവും നമ്മുടെത് മാത്രമാണ്. അതായത് ഇന്ത്യന്‍ പൊരന്മാരുടേത്. ഇതിന്റേയെല്ലാം ലൈസന്‍സ് ഇന്ത്യന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി പൊതുജനത്തെ പ്രതിനിധീകരിച്ച് ചില വ്യവസ്ഥകളുടേയും നിബന്ധനകളുടേയും അടിസ്ഥാനത്തില്‍ ടെലികോം കമ്പനികള്‍ക്ക് നല്‍കുന്നു. ആ വ്യവസ്ഥകള്‍ എല്ലായ്‌പ്പോഴും പാവപ്പെട്ട ജനങ്ങള്‍ ഉള്‍പ്പെട്ട രാജ്യത്തിന്റെ വികസനത്തിനും ആയിരിക്കണം.

ടെക്‌നോപാര്‍ക്കിലെ എല്ലാ ജീവനക്കാരോടും ഫ്രീബേസിക്‌സ്‌നെ പറ്റി പഠിക്കണമെന്നും ഫേസ്ബുക്കിന്റെ ഫ്രീബേസിക്‌സ് പദ്ധതിയെ സമൂഹത്തിന്റെ മുന്നില്‍ തുറന്നു കാണിക്കുന്നതിന് എല്ലാ ടെക്‌നോപാര്‍ക്ക് ജീവനക്കാരും മുന്നിട്ട് ഇറങ്ങണമെന്നും പ്രതിധ്വനി അഭ്യര്‍ത്ഥിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍