UPDATES

ന്യൂസ് അപ്ഡേറ്റ്സ്

87 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു കൗമാരക്കാര്‍ക്ക് 30 വര്‍ഷം തടവ് ശിക്ഷ

അഴിമുഖം പ്രതിനിധി

87 കാരിയെ ബലാത്സംഗം ചെയ്യത കേസില്‍ അമേരിക്കയില്‍ കൗമാരക്കാരായ രണ്ടാണ്‍കുട്ടികളെ 30 വര്‍ഷത്തെ തടവിന് വിധിച്ചു. കാലിഫോര്‍ണിയായിലാണ് സംഭവം. 15 ഉം 16 ഉം വയസുള്ളവരാണ് ശിക്ഷിക്കപ്പെട്ടത്.

2014 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റെയ്മണ്ട് മിറാണ്ട, റൂബന്‍ മെലാന്‍സണ്‍ എന്നിവര്‍ ഹെമറ്റിലുള്ള കാംലെറ്റ് റിട്ടയര്‍മെന്റ് കമ്യൂണിറ്റിയിലെ താമസക്കാരിയായിരുന്ന 87കാരിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കടന്നുകയറിയശേഷം വൃദ്ധയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനുശേഷം ഇവരുടെ മേല്‍ രണ്ടു കുപ്പി രാസമിശ്രിതം ഒഴിക്കുകയും ബലമായി കുടിപ്പിക്കുകയും ചെയ്തു.

ബലാത്സംഗം, ഭവനഭേദനം, പ്രായമായവരെ ഉപദ്രവിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്. തന്റെ പതിനേഴുവര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ക്രൂരമായ കുറ്റകൃത്യമാണിതെന്നായിരുന്നു ഡപ്യൂട്ടി ഡിസ്ട്രിക് അറ്റോര്‍ണി ജനറലിന്റെ പ്രതികരണം. ഒരര്‍ത്ഥത്തില്‍ ഇവര്‍ നടത്തിയത് ഒരു കൊലപാതകം തന്നെയാണെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഇവര്‍ക്കെതിരെയുള്ള വിധി ഉണ്ടായത്. വിധി കേള്‍ക്കാന്‍ ആ 87 കാരിയും കോടതിയില്‍ ഉണ്ടായിരുന്നു.

കുറ്റവാളികളിലൊരുവന്‍ അവരോട് മാപ്പ് ചോദിക്കുകയുണ്ടായി. നിങ്ങള്‍ എന്നോട് ക്ഷമിക്കുകയില്ലെന്ന് അറിയാമെങ്കിലും ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോടു ക്ഷമ ചോദിക്കുകയാണ്, അവന്‍ പറഞ്ഞു. ക്ഷമാപണത്തിനു നന്ദി പറഞ്ഞ വൃദ്ധ പക്ഷേ അവരുടെ ശിക്ഷയില്‍ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. നിങ്ങളെ എന്റെ മുഖത്തോടു മുഖം നോക്കി നിര്‍ത്താനും എന്നെ ആക്രമിക്കാന്‍ വന്നദിവസം ഓര്‍ക്കുന്നുണ്ടോയെന്നു ചോദിക്കാനുമാണ് ഞാനിവിടെ എത്തിയത്. നിങ്ങളെന്നെ അന്നെത്രമാത്രം ഭീതിയിലാഴ്ത്തി, നിങ്ങളെന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കി, വൃദ്ധ രണ്ടു കുറ്റവാളികളോടുമായി പറഞ്ഞു.

ആ സംഭവത്തിനുശേഷം ആശുപത്രിയില്‍ പ്രവേശിച്ച വൃദ്ധ കുറെക്കാലം കോമയില്‍ തന്നെയയിരുന്നു. ഇപ്പോള്‍ ഒരു വീല്‍ച്ചെയറിലാണ് അവരുടെ സഞ്ചാരം. എപ്പോഴും ഒരു ഓക്‌സിജന്‍ ടാങ്ക് കൂടെ കൊണ്ടുനടക്കേണ്ട അവസ്ഥയും അവര്‍ക്കു വന്നിരിക്കുന്നു. അതേസമയം ശിക്ഷ വിധിച്ച ജഡ്ജി വൃദ്ധയുടെ മനഃധൈര്യത്തെ പുകഴ്ത്തി. എല്ലാവര്‍ക്കും മാതൃകയാണവരെന്നും ജഡ്ജി എടുത്തു പറഞ്ഞു.

കുട്ടികുറ്റവാളികളെ ഇപ്പോള്‍ ജുവനൈല്‍ ജയിലില്‍ ആയിരിക്കും പാര്‍പ്പിക്കുക. ഇരുവര്‍ക്കും 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മുഖ്യജയിലിലേക്ക് മാറ്റും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍