UPDATES

വൈറല്‍

ചേട്ടന്‍ മാത്രമല്ല, നിനക്ക് ഞാന്‍ അച്ഛന്‍ കൂടിയാണ്; ഈ സഹോദരസ്‌നേഹത്തിനു മുന്നില്‍ കണ്ണിടറി സോഷ്യല്‍ മീഡിയ

ഇതുപോലൊരു സഹോദരനെ കിട്ടണമെന്നാണു സോഷ്യല്‍ മീഡിയ പറയുന്നത്

ആറുവയസുകാരി നൂറിന്റെ മുഖത്ത് പതിവില്ലാത്ത ഒരു സങ്കടം ശ്രദ്ധിച്ചു അമ്മ സാദിയ. കുഞ്ഞിനോടു കാര്യം തിരക്കിയപ്പോഴാണ് അമ്മയുടെ കൂടി മനസു പിടിച്ച ആ വിവരം അവള്‍ പറഞ്ഞത്. സ്‌കൂളില്‍ ഡാഡി-ഡോട്ടര്‍ ഡാന്‍സ് മത്സരമാണ്. അവള്‍ക്കും അതില്‍ പങ്കെടുക്കണമെന്നുണ്ട്. പക്ഷേ…

സാദിയ കരാമത് അവരുടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സ്ത്രീയാണ്. രണ്ടു മക്കളുമായി മിഷിഗണിലാണ് താമസം. നൂറിന്റെ സങ്കടത്തിനും കാരണമതാണ്.

മകളുടെ വിഷമത്തിന് അമ്മയുടെ കൈവശം പ്രതിവിധിയൊന്നും ഇല്ലായിരുന്നെങ്കിലും നൂറിന്റെ സഹോദരന്‍ മുഹമ്മദ് ഹഷര്‍ കുഞ്ഞു പെങ്ങളുടെ നിരാശ മാറ്റാന്‍ ഒരു വഴി കണ്ടിപിടിച്ചിരുന്നു. സമൂഹ്യമാധ്യമങ്ങളില്‍ വളരെ വികാരവായ്‌പോടെ ഈ സഹോദരങ്ങളെ കുറിച്ച് പറയാനും മുഹമ്മദിന്റെ ആ തീരുമാനം ആയിരുന്നു കാരണം.

മുഹമ്മദ് തന്റെ ട്വീറ്ററില്‍ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും സ്‌നേഹത്തിന്റെ അതുല്യമായൊരു ഉദ്ദാഹരണമാവുകയായിരുന്നു. മുഹമ്മദ് പറയുന്നതിങ്ങനെയാണ്; ഞാന്‍ എന്റെ കുഞ്ഞനുജത്തിയെ അവളുടെ ആദ്യത്തെ ഫാദര്‍-ഡോട്ടര്‍ ഡാന്‍സിനു കൊണ്ടുപോവുകയാണ്. നിനക്ക് അച്ഛനില്ലായിരിക്കാം, പക്ഷേ എപ്പോഴും നിനക്കുവേണ്ടി ഞാന്‍ ഉണ്ട്’ മുഹമ്മദിന്റെ ആ ട്വീറ്റ് തന്നെയാണു നൂറിന്റെ സങ്കടം മാറ്റാന്‍ സഹോദരന്‍ എന്തു ചെയ്യുന്നു എന്നു പറഞ്ഞു തരുന്നത്. അച്ഛന്റെ സ്ഥാനത്ത് താന്‍ കാണുമെന്നും ഫാദര്‍-ഡോട്ടര്‍ ഡാന്‍സില്‍ നൂറ് തനിക്കൊപ്പം പങ്കെടുക്കുമെന്നാണ് മുഹമ്മദ് പറയുന്നത്.

അവള്‍ സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുക്കാനായി തിളങ്ങുന്ന ഒരു ഗൗണ്‍ വാങ്ങിയിരുന്നു.ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ വസ്ത്രം ധരിച്ചു സ്‌കൂളില്‍ എങ്കിലും പോകണമെന്നായിരുന്നു അവള്‍ ആഗ്രഹിച്ചത്. അച്ഛന്റെ സ്ഥാനത്തു ഞാന്‍ ഉണ്ടാകുമെന്നു പറഞ്ഞതോടെ അവള്‍ക്ക് സന്തോഷമായി. മനോഹരമായ ആ ഗൗണ്‍ അണിഞ്ഞ് അവളെ കണ്ടപ്പോള്‍ അതിലേറെ സന്തോഷമായിരുന്നു എനിക്ക്. അവളുടെ കൂട്ടുകാരികളെല്ലാം ഡാന്‍സില്‍ പങ്കെടുക്കുമ്പോള്‍ എന്റെ അനുജത്തി മാത്രം അതില്‍ പങ്കെടുക്കാതിരിക്കുന്നത് എനിക്കു സഹിക്കില്ല; മുഹമ്മദ് തന്റെ ട്വീറ്റില്‍ പറയുന്നു.

നൂറും മുഹമ്മദും ഡാന്‍സ് പരിപാടിയില്‍ പങ്കെടുത്തെന്നു മാത്രമല്ല, ബെസ്റ്റ് ഡാഡ് ആയി മുഹമ്മദ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സ്വന്തം സഹോദരിയുടെ സന്തോഷത്തിനായി ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് അവളുടെ ആഗ്രഹം സാധിച്ചുകൊടുത്ത മുഹമ്മദിന് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനപ്രവാഹമാണ്. വളരെ വികാരപരമായാണ് പലരും മുഹമ്മദിനെ അഭിനന്ദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍