UPDATES

ട്രെന്‍ഡിങ്ങ്

സിപിഎമ്മുകാര്‍ മാവോയിസ്റ്റുകളെ പോലെ പെരുമാറുന്നെന്ന് കേന്ദ്രമന്ത്രി ജാവദേക്കര്‍: മറുപടിയുമായി പിണറായി

തങ്ങളുടെ അജണ്ട കേരളത്തില്‍ നടപ്പാകാത്തതിന്റെ വിഷമമാണ് ബിജെപി നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍ക്ക് കാരണമെന്ന് പിണറായി

കേരളത്തിലെ സിപിഎമ്മുകാര്‍ നക്‌സലുകളെ പോലെ പെരുമാറുന്നെന്ന ആരോപണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. അതേസമയം തങ്ങളുടെ അജണ്ട കേരളത്തില്‍ നടപ്പാകാത്തതിന്റെ വിഷമമാണ് ബിജെപി നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍ക്ക് കാരണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറഞ്ഞു.

നേരത്തെ ആര്‍എസ്എസില്‍ നിന്നും കേരളത്തിന് ഒന്നും പഠിക്കാനില്ലെന്നും ദേശീയതയെന്താണെന്ന് ആര്‍എസ്എസ് പഠിപ്പിക്കേണ്ടെന്നും പിണറായി പറഞ്ഞതിന് മറുപടിയായിരുന്നു ജാവദേക്കറിന്റെ പ്രസ്താവന. കേരളത്തില്‍ കൊലപാതക രാഷ്ട്രീയമാണ് സിപിഎം നടപ്പാക്കുന്നതെന്നാണ് ജാവദേക്കര്‍ ആരോപിച്ചത്. അവര്‍ അക്രമത്തിലാണ് വിശ്വസിക്കുന്നത്. അക്രമത്തെ ആയുധമാക്കുന്നു. പശ്ചിമബംഗാളിലും സിപിഎമ്മിന്റെ രാഷ്ട്രീയ പശ്ചാത്തലം മോശമാണെങ്കിലും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റ് അല്ല പകരം മാവോയിസ്റ്റ് ആണെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

എന്നാല്‍ കേന്ദ്രമന്ത്രിമാര്‍ ഫെഡറല്‍ തത്വങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു. എന്താണ് വസ്തുതയെന്ന് മനസിലാക്കാന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍എസ്എസിന് അകത്തുള്ളവര്‍ ഏത് പദവിയില്‍ ഇരുന്നാലും ആര്‍എസ്എസ് ആശയങ്ങള്‍ പറയുന്നു. ചില കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം മാര്‍ക്‌സിസവും മാവോയിസവും ഒന്നാണെന്നത് ജാവദേക്കറിന്റെ തെറ്റിദ്ധാരണയാണെന്ന് മാര്‍ക്‌സിസത്തെക്കുറിച്ച് അറിയാഞ്ഞിട്ടാണ് അങ്ങനെ പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍