UPDATES

തേജീന്ദര്‍പാല്‍ സിംഗ് ബഗ്ഗ: പ്രശാന്ത് ഭൂഷന്റെ തലയടിച്ചു പൊട്ടിച്ചു; ഇപ്പോള്‍ ബിജെപി വക്താവ് സ്ഥാനം

സാമൂഹിക മാധ്യമങ്ങള്‍ക്ക് ബിജെപി നല്‍കുന്ന പ്രാധാന്യമാണ് ഒരു കുപ്രസിദ്ധമായ ട്രോളില്‍ നിന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവെന്ന നിലയിലേക്കുള്ള ബഗ്ഗയുടെ ശ്രദ്ധേയമായ വളര്‍ച്ച സൂചിപ്പിക്കുന്നത്

സാമൂഹിക മാധ്യമങ്ങളുടെ വിചിത്രമായ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മര്യാദയ്ക്ക് പെരുമാറാന്‍ പോലും അറിയാത്ത സാമൂഹിക മാധ്യമ പോരാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ കീഴില്‍ ലഭിക്കുന്ന അംഗീകാരമാണ് അതിലും വിചിത്രം.

2011ല്‍, സുപ്രീം കോടതി അഭിഭാഷകനും സന്നദ്ധ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്റെ ഓഫീസില്‍ അതിക്രമിച്ച് കടക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തപ്പോഴാണ് തേജീന്ദര്‍പാല്‍ സിംഗ് ബഗ്ഗ വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്. കാശ്മീറിലെ ഹിതപരിശോധനയെ കുറിച്ചുള്ള ഭൂഷന്റെ അഭിപ്രായപ്രകടനത്തില്‍ ബഗ്ഗ കുപിതനായിരുന്നു. ‘അയാള്‍ എന്റെ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചു. ഞാന്‍ അയാളുടെ തല വിഭജിക്കാന്‍ ശ്രമിച്ചു. കാര്യങ്ങള്‍ സമാസമം അവസാനിച്ചു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പ്രശാന്ത് ഭൂഷണ്‍ ആക്രമണം വിജയകരം’ എന്ന് പിന്നീടയാള്‍ ട്വീറ്റ് ചെയ്തു.

ആ സംഭവം അയാള്‍ക്ക് കുപ്രസിദ്ധി നേടിക്കൊടുത്തെങ്കിലും ആ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളിലെ താരമായുള്ള ബഗ്ഗയുടെ ഉയര്‍ച്ചയുടെ ആരംഭമായിരുന്നു. കഴിഞ്ഞ ആറുവര്‍ഷങ്ങള്‍ക്കിടയില്‍, ഭാരതീയ ജനത പാര്‍ട്ടിയുടെ വിമര്‍ശകരെ ലക്ഷ്യമിടുകയും ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് ബഗ്ഗ ട്വിറ്ററില്‍ വളരെ സജീവമാണ്. ചൊവ്വാഴ്ച അദ്ദേഹത്തെ പാര്‍ട്ടിയുടെ ഡല്‍ഹി വക്താവായി ബിജെപി നിയമിച്ചതോടെ ബഗ്ഗയ്ക്ക് ഇതിനുള്ള പ്രതിഫലം ലഭിച്ചു.

സാമൂഹിക മാധ്യമങ്ങള്‍ക്ക് ബിജെപി നല്‍കുന്ന പ്രാധാന്യമാണ് ഒരു കുപ്രസിദ്ധമായ ട്രോളില്‍ നിന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവെന്ന നിലയിലേക്കുള്ള ബഗ്ഗയുടെ ശ്രദ്ധേയമായ വളര്‍ച്ച സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാവി പാര്‍ട്ടി സാമൂഹിക മാധ്യമങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ബഗ്ഗയെ ബിജെപിയില്‍ ഉള്‍പ്പെടുത്തിയത് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ട്രോള്‍ ശക്തിപ്പെടുത്താന്‍ അതിന്റെ സാമൂഹിക മാധ്യമ പോരാളികള്‍ക്ക് ഉത്തേജനമാകും.

2010ന് ശേഷം ന്യൂഡല്‍ഹിയില്‍ പരുഷമായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ സമ്പന്നമായ ഒരു ചരിത്രം ബഗ്ഗയ്ക്കുണ്ട്. ഡല്‍ഹിയിലെ വിദേശ കറസ്‌പോണ്ടന്‍സ് ക്ലബ്ബില്‍ കാശ്മീരി ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ കാര്‍ കഴിഞ്ഞ വര്‍ഷം ആക്രമിച്ചു. 2011ല്‍ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന അരുന്ധതി റോയിയുടെ പുസ്തക പ്രകാശന ചടങ്ങ് തടസ്സപ്പെടുത്തി. 2012 മാര്‍ച്ചില്‍, സിവില്‍ ലൈന്‍സില്‍ നടന്ന ഒരു സെമിനാറില്‍ വച്ച് അദ്ദേഹം ഹുറിയത്ത് നേതാവ് സയിദ് അലി ഷാ ഗീലാനിയെ അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് തടസപ്പെടുത്തി. രണ്ട് മാസങ്ങള്‍ക്ക് ശേഷം, അമര്‍നാഥ് യാത്രയുടെ കാലവധി ദീര്‍ഘിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനത്ത് സര്‍ക്കാര്‍ അധീനതയിലുള്ള ജമ്മു-കാശ്മീര്‍ ഹൗസിന്റെ പ്രധാന ഗേറ്റ് ബലം പ്രയോഗിച്ച് അടച്ചുപൂട്ടി.

ബഗ്ഗ പ്രതിഷേധിക്കുക മാത്രമല്ല ചെയ്യുന്നത്. തന്റെ ഇടപെടലുകള്‍ക്ക് വേണ്ട പരസ്യം ലഭിക്കുന്നുണ്ടെന്ന് അയാള്‍ ഉറപ്പാക്കുകയും ചെയ്യാറുണ്ട്. താന്‍ ഇടിച്ചുകയറാന്‍ ഉദ്ദേശിക്കുന്ന ചടങ്ങുകള്‍ കവര്‍ ചെയ്യാനാവശ്യപ്പെട്ട് അയാള്‍ ടെലിവിഷന്‍ ചാനലുകളില്‍ വിളിക്കാറുണ്ടെന്ന് മാധ്യമ പ്രവര്‍ത്തക സ്വാതി ചതുര്‍വേദി ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, സാമൂഹിക മാധ്യമങ്ങളില്‍ അയാള്‍ ഒരുപാട് സമയം ചിലവഴിക്കുന്നു. ട്വിറ്ററില്‍ അയാള്‍ ബിജെപി അനുകൂല തരംഗങ്ങള്‍ സംഘടിപ്പിക്കുകയും എന്‍ഡിടിവി ഇന്ത്യയുടെ രവീഷ് കുമാറിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തു. കഴിഞ്ഞ നവംബറില്‍ അയാള്‍ കാണിച്ച അവസാന കോമാളിത്തരങ്ങളില്‍ ഒന്നില്‍, ‘രവിഷ് എന്നെ ട്വിറ്ററില്‍ അണ്‍ബ്ലോക്ക് ചെയ്യൂ,’ എന്നെഴുതിയ ബാനറും ഉയര്‍ത്തിപ്പിടിച്ച് തെക്കന്‍ ഡല്‍ഹിയിലെ എന്‍ഡിടിവിയുടെ ഓഫീസിന് വെളിയില്‍ കുത്തിയിരുന്നു.

സാമൂഹിക വിദ്വേഷം ജനിപ്പിക്കുന്ന നുണകള്‍ പ്രചരിപ്പിക്കുന്നതും ഇയാളുടെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു എന്നതാണ് ഏറ്റവും ഭീതിജനകമായ വസ്തുത. ‘പ്രാദേശിക മുസ്ലീങ്ങളില്‍ നിന്നും ഭീഷണി ലഭിച്ച ബംഗളൂരുവിലുള്ള ഒരു വടക്കുകിഴക്കന്‍ സഹോദരിയെ’ കുറിച്ച് തനിക്ക് വിവരം ലഭിച്ചതായി 2012ല്‍ ഇയാള്‍ ട്വീറ്റ് ചെയ്തു. ഇതുണ്ടാക്കിയ പരിഭ്രാന്തിയുടെ ഫലമായി ബംഗളൂരുവിലുണ്ടായിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഗുവാഹത്തിയിലേക്ക് കുട്ടപ്പലായനം ചെയ്തു. അതിനുശേഷം ആ ട്വീറ്റ് നീക്കം ചെയ്യപ്പെട്ടു.

2013ല്‍ ‘ഇന്ത്യയെ മോദിവല്‍ക്കരിക്കുക’ എന്ന പേരില്‍ നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കുന്ന ഒരു സാമൂഹിക മാധ്യമ പ്രചാരണത്തിന് ബഗ്ഗ തുടക്കം കുറിച്ചു. യുവവോട്ടര്‍മാര്‍ക്കിടയില്‍ മോദിയെ കൂടുതല്‍ ആകര്‍ഷണീയനാക്കുന്നതിന് അദ്ദേഹത്തിന്റെ ചിത്രം പതിച്ച ടീ-ഷര്‍ട്ടുകള്‍ ബഗ്ഗ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ എങ്ങനെയാണ് വിതരണം ചെയ്യപ്പെട്ടതെന്നതിനെ കുറിച്ച് നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രിപദ പ്രചാരണങ്ങളെ കുറിച്ച് എഴുതിയ ഒരു പുസ്തകത്തില്‍ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ ലാന്‍സ് പ്രിന്‍സ് എഴുതിയിട്ടുണ്ട്. 2011ല്‍ പ്രശാന്ത് ഭൂഷണിന്റെ തലപൊളിച്ചതിനെ കുറിച്ച് വിജയശ്രീലാളിതനായ ബഗ്ഗ സംസാരിച്ചപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ ലാല്‍കൃഷ്ണ അദ്വാനിയും രാജ്‌നാഥ് സിംഗും അതിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഒരിക്കല്‍ താന്‍ ബിജെപിയുടെ യുവജനവിഭാഗം നേതാവായിരുന്നുവെന്നും എന്നാല്‍ ‘തങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക്’ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കാത്തതിനാലാണ് അത് വിട്ടതെന്നും ബഗ്ഗ അവകാശപ്പെട്ടിരുന്നു.

2011 വളരെ വ്യത്യസ്തമായ ഒരു കാലഘട്ടമായിരുന്നു. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വീട്ടില്‍ വച്ച് കൂടിക്കാഴ്ച നടത്തിയ, സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്ന 150ല്‍ പരം പേരില്‍ ഒരാളായിരുന്നു ബഗ്ഗ. തുടര്‍ന്ന് ഇപ്പോള്‍, ബഗ്ഗയുടെ സാമൂഹിക മാധ്യമ പാദമുദ്രകളില്‍ ആകൃഷ്ടരായ ബിജെപി അയാളെ പാര്‍ട്ടിയിലെ ഒരംഗമാക്കുക മാത്രമല്ല, അതിന്റെ പൊതുമുഖം എന്ന് വിശേഷിപ്പിക്കാവുന്ന വക്താവ് പദവിയിലേക്ക് കൊണ്ടുവരികയും ചെയ്തിരിക്കുന്നു.

സാമൂഹിക മാധ്യമങ്ങളുടെ പ്രാധാന്യം 
സാമൂഹിക മാധ്യമങ്ങളിലെ ഒരു അരോചകവ്യക്തിത്വത്തെ സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടി അതിന്റെ വക്താവായി നിയമിച്ചത് ഞെട്ടിക്കുന്നതാണെങ്കിലും അപ്രതീക്ഷിതമല്ല. സാമൂഹിക മാധ്യമങ്ങള്‍ക്ക് വര്‍ഷങ്ങളായി ബിജെപി നല്‍കുന്ന ഊന്നലിന്റെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍.

പാര്‍ട്ടിയുടെ 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് അലറിവിളിക്കുന്ന സാമൂഹിക മാധ്യമ പ്രചാരണങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. സ്വാധീനമുള്ള ഇന്ത്യന്‍ നഗര സമൂഹം യുപിഎ സര്‍ക്കാരിന്റെ കുത്തഴിഞ്ഞ അവസ്ഥയില്‍ നിരാശരായിരുന്നതിനാല്‍ ഇവയില്‍ ചിലതൊക്കെ നൈസര്‍ഗ്ഗികമായിരുന്നു. എന്നാല്‍ ഇവയില്‍ ഭൂരിപക്ഷവും ബിജെപിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെല്‍ ആസൂത്രണം ചെയ്ത് മുകളില്‍ നിന്നും താഴേക്ക് പ്രചരിപ്പിച്ചവയായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രവണതകളെ നിര്‍ണയിക്കാനും പ്രചാരണങ്ങള്‍ ഏറ്റെടുക്കാനും കഴിവുള്ള 20 ലക്ഷം സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണ തങ്ങളുടെ വിവരസാങ്കേതിക സെല്ലിനുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ വളരെ ചെറിയ ഭാഗം മാത്രമാണ് സാമൂഹിക മാധ്യമങ്ങളുടെ ഉപയുക്താക്കളെങ്കിലും, അവരുടെ സമ്പത്തും നാഗരികതയും കണക്കിലെക്കുമ്പോള്‍ വാര്‍ത്തകളില്‍ അന്യായമായ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് സാധിക്കുന്നു. ‘സാമൂഹിക മാധ്യമങ്ങളാണ് ആഖ്യാനങ്ങള്‍ നിശ്ചയിക്കുന്നത്,’ എന്ന ബിജെപി വിവരസാങ്കേതിക സെല്‍ തലവന്‍ അരവിന്ദ് ഗുപ്തയുടെ വാക്കുകളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത് ഈ സാഹചര്യത്തിലാണ്.

അധികാരത്തിലെത്തിയ ശേഷം, സംവാദങ്ങളെയും സംഭാഷണങ്ങളെയും പാര്‍ട്ടിക്ക് അനുകൂലമായി തിരിച്ചു വിട്ടുകൊണ്ട്, സാമൂഹിക മാധ്യമങ്ങളെ കുടുതല്‍ ഫലപ്രദമായി ബിജെപി ഉപയോഗിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, കേരളത്തില്‍ സിപിമ്മുകാര്‍, ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെ കൊന്നു തള്ളുകയാണ് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരണം നടക്കുന്നുണ്ട്. മോദി ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന പുനീത് ശര്‍മ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഈയിടെ മെക്സിക്കോയില്‍ ഒരാളെ ആക്രമിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത് കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിക്കുന്നു എന്നാരോപിച്ചായിരുന്നു. വലിയ തോതിലാണ് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ ഈ ട്വീറ്റ് ഏറ്റെടുത്ത് പ്രചരണം നടത്തിയത്. (വീഡിയോ മെക്സിക്കോയിലേത്; കേരളത്തില്‍ ആര്‍എസ്എസുകാരനെ കൊല്ലുന്നതാണെന്ന് സംഘപരിവാറിന്റെ വ്യാജ പ്രചരണം)

സമാനമായ അവസ്ഥയാണ് ബംഗാളിലും. ന്യൂനപക്ഷ പ്രീണനം എന്ന ആരോപണത്തിന്റെ പേരില്‍ ബിജെപിക്ക് അനുകൂലമായ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ തുടര്‍ച്ചയായി ആക്രമിക്കുന്നു. ഇത്തരം പ്രവണതകളിലെ ചില വിവരങ്ങള്‍ വാസ്തവവിരുദ്ധവും വളച്ചൊടിച്ചതുമാണെങ്കിലും, ദേശീയ ആഖ്യാനത്തെ നിര്‍ണയിക്കുന്നതില്‍ ഇവ നിര്‍ണായക പങ്ക് വഹിക്കുന്നവയാണ്. സംസ്ഥാനത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ദേശീയ ചാനലുകളെ ഇവ നിര്‍ബന്ധിക്കുന്നു.

രാജ്യസഭയില്‍ ചെയ്ത പ്രസംഗത്തില്‍ ചില ട്വിറ്റര്‍ വിലാസങ്ങളുടെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടി എംപി ഡെറിക് ഒ’ബ്രിയാന്‍ നടത്തിയ പ്രസംഗത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് സാമൂഹിക മാധ്യമങ്ങളെ ആക്രമിച്ചുകൊണ്ടാണ് ഇതിന് തിരിച്ചടി നല്‍കാന്‍ ശ്രമിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ആക്രമങ്ങള്‍ക്കെതിരെ ഒരു സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രതികരിക്കേണ്ടി വരുന്നത് തന്നെ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് ഈ മാധ്യമത്തിന് ലഭിച്ചിരിക്കുന്ന നിര്‍ണായക പങ്കിനുള്ള മറ്റൊരു ഉദാഹരണമായി മാറുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍