UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളിയെ ഹൈജാക്ക് ചെയ്യുന്ന ടെലിവിഷന്‍ ചാനലുകള്‍

Avatar

വി കെ അജിത്‌ കുമാര്‍

ഗ്രിഗര്‍ സാംസ ഒരു രാവിലെ ആശങ്കപ്പെടുത്തുന്ന ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അയാള്‍ക്ക്‌  രൂപമാറ്റമുണ്ടായാതായി തിരിച്ചറിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അമ്പരപ്പോടെ അയാള്‍  അന്വേഷിച്ചപ്പോള്‍ സ്വപ്നമല്ലതെന്നും  അതയാളുടെ മുറിതന്നെയെന്നും മനസിലായി. പിന്നിട് അത് ഒരു മനുഷ്യന്‍റെ മുറിയാണെന്നും അയാള്‍ക്ക് തോന്നി. ഒരു മനുഷ്യന്‍റെ മുറിയെന്നു കണ്ടുതുടങ്ങുമ്പോള്‍ മുതല്‍…. മാനവികമായ എല്ലാ പ്രത്യേകതകളും  നഷ്ടമായ ഒരു വ്യക്തിയുടെ  ഭയപ്പെടുത്തുന്ന പ്രതികരണങ്ങള്‍ എന്നരീതിയില്‍ മെറ്റമോര്‍ഫിസ് വായിക്കപ്പെടുന്നു. മനുഷ്യന്‍റെ വാസസ്ഥലത്ത് അപമാനവീകരിക്കപ്പെട്ട് ജിവിക്കുന്ന മനുഷ്യന്‍റെ അവസ്ഥയാണ് കാഫ്ക വിവരിച്ചത്.

സ്വതന്ത്ര ചിന്തയെന്ന വ്യക്തിനിഷ്ഠമായ ഗുണം നഷ്ടമാകുന്ന കാലത്ത്. സാമുഹ്യ ഇടപെടലുകളില്‍ നിന്നും പ്രത്യക്ഷ പ്രതികരണങ്ങളില്‍ നിന്നും പിന്‍വലിയുന്ന മനുഷ്യന്‍ ജിവിക്കുന്ന ഇടമായി ലോകം മാറുന്നു. ഇതിന്‍റെ മലയാള വ്യാഖ്യാനത്തിലൂടെ കടന്നുപോകുമ്പോള്‍ മലയാളിയുടെ പേരുകേട്ട നിഷ്പക്ഷത പോലും കടത്തിക്കൊണ്ടു പോയതായി രേഖപ്പെടുത്താം. സമുഹത്തിനു വേണ്ടി സംസാരിച്ചിരുന്ന മധ്യവര്‍ഗ്ഗ മലയാളികള്‍ ഇപ്പോള്‍  കടമെടുത്ത ഭാവനയും വിശകലനങ്ങളുമുപയോഗിച്ച് സ്വത്വ സാന്നിധ്യം വിളംബരം ചെയ്യുന്നു. സുഹൃത്ത് സംഘങ്ങളിലുംചുറ്റുവട്ട ചര്‍ച്ചകളിലും ഇവര്‍ പങ്കുവയ്ക്കുന്ന നിലപാടുകളും നിഗമനങ്ങളും അത്തരത്തിലുള്ളതായി മാറുന്നു. ഇവയില്‍ പലതും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും അടര്‍ത്തിയെടുക്കുന്നവയാണെന്ന് തിരിച്ചറിയുമ്പോഴാണ്‌ ആരാണ് യഥാര്‍ത്ഥ പ്രതിയെന്നു മനസിലാകുന്നത്. കോര്‍പ്പറേറ്റ് മീഡിയ വാര്‍ത്തകളെയും അറിവിനെയും ജനങ്ങളില്‍ എത്തിക്കുമ്പോള്‍  പൌരബോധത്തെ രൂപികരിക്കുന്നതിലും മാറ്റിയെടുക്കുന്നതിലും അഭിപ്രായങ്ങള്‍ രൂപികരിക്കുന്നതിലും   പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത് ലോക വ്യാപകമായി തന്നെ  നടന്നുവരുന്നു.

1965ല്‍ കൂട്ടമായ ആക്രമണത്തിനു വിധേയനായി മരണപ്പെട്ട ആഫ്രോ അമേരിക്കന്‍ ആക്ടിവിസ്റ്റായ മാല്‍ക്കം എക്സ് (El-Hajj Malik El-Shabazz) മാധ്യമത്തിന്‍റെ സ്വധീനതയെപ്പറ്റി വിലയിരുത്തിയത് ഇന്നും പ്രസക്തമാണ് ‘ഭുമിയിലെ ഏറ്റവും ശക്തമായ പ്രരൂപമാണ് മാധ്യമം. അതിന് കുറ്റം ചെയ്യാത്തവനെ കുറ്റവാളിയാക്കാനും കുറ്റവാളിയെ അതല്ലാതാക്കാനുമുള്ള കഴിവുണ്ട്. ജനങ്ങളുടെ മനസിനെ നിയന്ത്രിക്കാന്‍ അതിന് കഴിയുന്നു എന്നതാണ് കാരണം’. ഈ വിലയിരുത്തല്‍ മനശ്ശാസ്ത്രപരമായ ഒന്നായിരുന്നു. വിടിന് പുറത്തിറങ്ങാന്‍ മടിക്കുന്ന പുതിയ മലയാളി ഇത്തരം കുടുക്കുകളിലേക്ക് സ്വയം ചെന്നെത്തുന്നു. ഇവിടെയാണ് സ്വതന്ത്രചിന്തയുടെ വ്യക്തിത്വം നഷ്ടമാകുന്നത്. ദൃശ്യമാധ്യമങ്ങള്‍ പങ്കുവയ്ക്കുന്ന ‘ഘോരമായ’ ചര്‍ച്ചകളില്‍ കണ്ണ് നട്ടിരിക്കുന്ന അവര്‍  അടുത്ത ദിവസത്തെ ഓഫീസ് യാത്രയുടെ ട്രെയിന്‍ ഇടവേളയിലോ ഉച്ചഭക്ഷണ വേളയിലോ പങ്കുവയ്ക്കുവാനുള്ള  ആശയങ്ങള്‍ അകത്താക്കാന്‍ ഇരപിടിക്കുന്ന കൊറ്റിയെപോലെയാണ്  കാത്തിരിക്കുന്നത്. വളരെ സുതാര്യമായ വിലയിരുത്തലില്‍, ഇവിടെ  നഷ്ടമാകുന്നത് തിരിച്ചറിവ് എന്ന പ്രാഥമിക ബോധമാണ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഭാവനാദാതാക്കളില്‍ ഒട്ടുമിക്ക ആളുകളും ഒരു മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ചര്‍ച്ചകള്‍ക്കപ്പുറം കേരളത്തിന്‍റെ രാഷ്ട്രീയ ബൌദ്ധിക ലോകത്തിന് അത്രയേറെ ഗുണമൊന്നും ചെയ്തിട്ടില്ലാത്തവരുമാണ്. അതായത് ദൃശ്യമാധ്യമത്തിന്‍റെ ചതുര വെളിച്ചത്തിനപ്പുറം ജിവിതമില്ലാത്തവര്‍.

നമ്മുടെ ജനപ്രിയ ദൃശ്യമാധ്യമങ്ങള്‍ എങ്ങനെയാണ് കാര്യങ്ങളെ വിക്ഷിക്കുനതെന്നും നമ്മുടെ മുന്‍പില്‍ അതെങ്ങനെ അവതരിപ്പിക്കുന്നുവെന്നും മനസിലാക്കേണ്ടതുണ്ട്. verisimilitude എന്നൊരു രിതിയുണ്ട്. യാഥാര്‍ഥ്യത്തോടൊപ്പം  അല്പം ഭാവനയും ചേര്‍ത്ത് അവതരിപ്പിച്ച് വരുതിയിലേക്ക് കൊണ്ടുവരുന്ന ഒരുതരം രുപികരണ പ്രക്രിയ (conditioning). ആരുമറിയാതെ അല്പം ഉഗ്രവിഷമുള്ള കള്ളം സത്യത്തോടൊപ്പം ചേര്‍ത്ത് വിളമ്പുന്ന ഏര്‍പ്പാട്. വിഷത്തിന്‍റെ അംശം കുറച്ചുകൊണ്ട് മരണത്തിന്‍റെ സമയദൈര്‍ഘ്യം കൂട്ടികൊണ്ടുവാരാം. ഇത്തരത്തിലുള്ള പ്രയോഗങ്ങളാണ് നമ്മുടെ മാധ്യമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. ഓരോ മാധ്യമത്തിനും അതിന്‍റെതായ രാഷ്ട്രീയം ഉള്ളിടത്തോളം കാലം അങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കും. മാധ്യമങ്ങള്‍ പലരോടും പല പരിഗണനകള്‍ കാണിക്കുന്നു. (സമുഹത്തിന്‍റെ ലൈം ലൈറ്റില്‍ ഒരിക്കലും വരാത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഓഫ് ലൈന്‍ ജിവിതങ്ങളെപ്പറ്റിയല്ല ഇവിടെ സുചിപ്പിക്കുന്നത്. നിന്ന് കാലുപഴുക്കുമ്പോള്‍ അവര്‍ സ്വയം പിരിഞ്ഞ് പൊയ്ക്കൊള്ളും എന്നുള്ള വിചാരത്തില്‍ അവരെ വെറുതെവിടുന്നു.) കാഴ്ച മാധ്യമങ്ങള്‍ രാഷ്ട്രിയക്കാരെയും സിനിമാക്കാരെയും കാണുന്ന വിധം നിരീക്ഷിച്ചാല്‍ ഇത്തരം വേര്‍തിരിവ് പെട്ടെന്ന് മനസിലാക്കാം രാഷ്ട്രീയക്കാര്‍ അവരുടെ ഇരകളായും സിനിമാക്കാര്‍ അവരുടെ വിലപ്പെട്ട സുഹൃത്തുക്കളായും കാണപ്പെടുന്നു. രാഷ്ട്രീയ രംഗത്തുള്ളവരെ പലപ്പോഴും കടന്നാക്രമിക്കാന്‍ മടികാണിക്കാത്ത ഇവര്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ആദരണീയരുടെ (celebrity) പകിട്ട് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. ചാനലുകള്‍ ഒരുക്കുന്ന എണ്ണിയാലൊടുങ്ങാത്ത അവാര്‍ഡു നിശകളും താര സംഗമങ്ങളും ഇതിന് തെളിവാണ് സുപ്പര്‍ താരങ്ങള്‍ ആലിംഗനബദ്ധരാകുകയും ചെറു താരങ്ങള്‍ അവരെ പുകഴ്ത്തുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇതിന്‍റെ മറുവശത്ത് നമ്മുടെ ജനപ്രിയ നേതാക്കളെ അവര്‍ ദയാദാക്ഷിണ്യമില്ലാതെ ചിത്രീകരിക്കുകയും ചെയ്യുന്നു. മനോരോഗിയായ മടയനായോ കാര്യഗൌരവമില്ലത്തവനായോ അവരെ മാറ്റിനിര്‍ത്തുന്നു. അവിടെ അച്ചുമാമനും തൊമ്മന്‍ ചാണ്ടിയുമായി അവര്‍ മാര്‍ക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു.

ചരിത്രകാലം മുതല്‍ രാജ്യവ്യവഹാരത്തിന് രണ്ട് പക്ഷങ്ങളുണ്ട്. ധാര്‍മ്മികതയുടേയും  അധാര്‍മ്മികതയുടേയും. ജൂലിയസ് സീസര്‍ വായനയില്‍ ഇത് കുടുതല്‍ വ്യക്തമാകുന്നുണ്ട്. ഈ പക്ഷങ്ങളെയാണ് ജനകീയത വിചാരണയ്ക്കായി വിധേയമാക്കുന്നത്. പൊതു വിചാരണയുടെ ധര്‍മ്മം ഏറ്റെടുക്കുന്ന പുതു മാധ്യമങ്ങള്‍ ഇന്ന് ഏത് പക്ഷമാണ് നില്‍ക്കുന്നത് എന്നും ചിന്തിക്കേണ്ടതാണ്. അധാര്‍മ്മികതയെ ആദര്‍ശ വല്ക്കരിക്കുവാനുള്ള ശ്രമം പലപ്പോഴും നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍ നടത്തുന്നതായി കാണുന്നു. ഇത് തീര്‍ത്തും പ്രതിലോമകരമായ ഒരു കാഴ്ചപ്പാടാണ്. നിരവധി കോടതി വ്യവഹാരങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഒരു സ്ത്രീയെ സെലിബ്രിറ്റിയായി അവതരിപ്പിക്കാന്‍ പോലും നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ മത്സരിക്കുകയാണ്. അവരുടെ മുന്‍പില്‍ റേറ്റിംഗ് ടാര്‍ഗറ്റ് മാത്രമാണുള്ളത്. ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത് പൊതു ജിവിതത്തിലെ പോണ്‍ ചിന്തകളെയാണ് എന്ന കാര്യം വളരെ വ്യക്തമാണ്. ഇത്തരം സൂത്രപ്പണികളുടെ കുഴലൂത്തു വിദ്യയിലൂടെ  മധ്യവര്‍ഗ്ഗ ജനജീവിതത്തെ അവര്‍ ബൌദ്ധികമരണത്തിലേക്കാണ് കൊണ്ടുപോകുന്നത്. മാധ്യമ ചിന്തയില്‍ ഏറെ കടന്നുവരാറുള്ള ഗീബല്സിയന്‍ ഫിലോസഫിയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന കളവു സത്യമായി കാലക്രമത്തില്‍ മാറിക്കൊള്ളും എന്ന തന്ത്രം.

ബെസ്റ്റ് ഓഫ് അഴിമുഖം 

ആരുടേതാണ് മാധ്യമങ്ങള്‍?
പത്രക്കാരേ, പത്തു രാജ്യങ്ങളെ സൂക്ഷിക്കുക
മൈലി സൈറസിനെ എല്ലാവരും ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?
ന്യൂസ് ഇറോട്ടിക്ക അഥവാ ഫേസ്ബുക്കിലെ നവമാധ്യമങ്ങള്‍
ഡിസ്കവറി ചാനൽ ആയുധവില്‍പനയ്ക്ക് കുടപിടിക്കുമ്പോള്‍

കുറച്ചു കാലം മുന്‍പ് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന പരസ്യം, സീരിയല്‍ എന്നിവയുടെ സമുഹികമായ അപമാനവീകരണത്തിനുമപ്പുറത്താണ്  നമ്മുടെ ചിന്തകളെയും ബുദ്ധിയും കടന്നക്രമിക്കപ്പെടുന്ന പുതിയ ചാനല്‍ രാഷ്ട്രീയ സംസ്കാരംനിലനില്‍ക്കുന്നത്. അത് കാലക്രമത്തില്‍ ഒരു സാംസിയന്‍ അവസ്ഥയില്‍ നമ്മളെ കൊണ്ടുചെന്നെത്തിക്കും.

വെളുപ്പിന് 4 മണിക്ക് ചായയുണ്ടാക്കി കൊടുക്കുന്ന ഒരു ചായക്കടക്കാരനുണ്ടായിരുന്നു നാട്ടില്‍ റേഡിയോയും നാട്ടറിവും മാത്രമായിരുന്നു അയാളുടെ പോതുവിജ്ഞാനത്തിന്‍റെ കേന്ദ്രം.അടിയന്തിരാവസ്ഥയും കമ്മ്യുണിസ്റ്റ് ഭരണവും പൊലീസ് അതിക്രമങ്ങളുമെല്ലാം അവിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അത്തരമൊരു തലമുറയുടെ അനന്തര ഭാഗം ഇന്ന് സ്വബുദ്ധി പണയപ്പെടുത്തുന്ന കാഴ്ച്ച തികച്ചും വിഷമകരമാണ്. ജിവിതത്തിന്‍റെ തിരക്കുകളും കുതിപ്പുകളും കാരണങ്ങളായി പറയുമ്പോള്‍ അതെല്ലാം നിര്‍ദ്ധാരണംചെയ്യാന്‍ തക്ക മാര്‍ഗ്ഗങ്ങളും ഇന്നുണ്ടെന്ന് നാം മറന്നുപോകുമ്പോള്‍; ഈ ചിന്തയിവിടെ തത്കാലം അവസാനിപ്പിക്കാം.

(ഐ എച്ച് ആര്‍ ഡിയില്‍ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍