UPDATES

ട്രെന്‍ഡിങ്ങ്

ക്ഷേത്രവും പള്ളിയുമുണ്ടാക്കലല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ പണി: ബിജെപിയെ കടന്നാക്രമിച്ച് സച്ചിന്‍ പൈലറ്റ്‌; “ചോദ്യത്തിന് ഉത്തരമില്ലാത്തവരാണ് ഇതിന് നടക്കുന്നത്”

ജി എസ് ടി പരാജയപ്പെടുമ്പോള്‍, നോട്ട് നിരോധനം പരാജയപ്പെടുമ്പോള്‍, സ്റ്റാന്‍ഡ് അപ് ഇന്ത്യയും സ്‌കില്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയും പരാജയപ്പെടുമ്പോള്‍, തൊഴിലില്ലായ്മ വര്‍ദ്ധിക്കുമ്പോള്‍, കര്‍ഷകര്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ രോഷമുയരുമ്പോള്‍, ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ – അപ്പോളാണ് ക്ഷേത്രങ്ങളേയും പള്ളികളേയും കുറിച്ച് സംസാരിക്കേണ്ടി വരുന്നത്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ വിഷയമായി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്ന ബിജെപിയെ കടന്നാക്രമിച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിലയിരുത്തപ്പെടുന്നയാളുമായ സച്ചിന്‍ പൈലറ്റ്. ക്ഷേത്രവും പള്ളിയും നിര്‍മ്മിക്കലല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ ജോലി എന്ന് സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു. അയോധ്യ വിഷയത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായും കോണ്‍ഗ്രസിനെ ആക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ രംഗത്തുള്ളപ്പോളും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണങ്ങളൊന്നും കാര്യമായി വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയേയും രാമ ക്ഷേത്ര രാഷ്ട്രീയത്തേയും കടന്നാക്രമിച്ച് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയത്. ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേകളിലെല്ലാം രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്. 11ന് നാല് സംസ്ഥാനങ്ങളോടൊപ്പം രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കലര്‍ത്തുകയാണ് കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബിജെപി സര്‍ക്കാരുകള്‍ എന്ന് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. ഒരാള്‍ ആരെയാണ് പ്രാര്‍ത്ഥിക്കുന്നത്, എന്ത് ഭക്ഷണമാണ് കഴിക്കുന്നത് എന്നെല്ലാമായിരുന്നു മോദി സര്‍ക്കാരിന്റെ നാലര വര്‍ഷക്കാലത്തെ ഭരണത്തില്‍ ഈ രാജ്യത്ത് പ്രധാന പ്രശ്‌നമെന്ന് സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. പള്ളികളും ഗുരുദ്വാരകളും ക്ഷേത്രങ്ങളുമുണ്ടാക്കലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പണി എന്ന് ഞാന്‍ കരുതുന്നില്ല. മതത്തേയും രാഷ്ട്രീയത്തേയും വേര്‍തിരിച്ച് നിര്‍ത്തണം. മറ്റെല്ലാത്തിലും പരാജയപ്പെടുന്ന, മറ്റൊരു ചോദ്യത്തിനും ഉത്തരമില്ലാത്തവരാണ് ഇത്തരം രാഷ്ട്രീയം പറഞ്ഞുനടക്കുന്നത്. ജി എസ് ടി പരാജയപ്പെടുമ്പോള്‍, നോട്ട് നിരോധനം പരാജയപ്പെടുമ്പോള്‍, സ്റ്റാന്‍ഡ് അപ് ഇന്ത്യയും സ്‌കില്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയും പരാജയപ്പെടുമ്പോള്‍, തൊഴിലില്ലായ്മ വര്‍ദ്ധിക്കുമ്പോള്‍, കര്‍ഷകര്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ രോഷമുയരുമ്പോള്‍, ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ – അപ്പോളാണ് ക്ഷേത്രങ്ങളേയും പള്ളികളേയും കുറിച്ച് സംസാരിക്കേണ്ടി വരുന്നത്.

തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയങ്ങളാകേണ്ടത് റോഡും കുടിവെള്ളവും വ്യവസായങ്ങളുമൊക്കെയാണ്. അല്ലാതെ മതമല്ല. നേട്ടങ്ങളായി ഒന്നും കാണിക്കാനില്ല എന്നതാണ് ബിജെപിയുടെ പ്രശ്‌നം. വസുന്ധര രാജെ സിന്ധ്യയുടെ സര്‍ക്കാര്‍ എല്ലാ മേഖലകളിലും പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വേറെ ഒരു രക്ഷയുമില്ലെന്ന് കണ്ട് ക്ഷേത്രങ്ങളേയും പള്ളികളേയും ജാതിയേയും ഭാഷയേയും കുറിച്ചൊക്കെ സംസാരിക്കുന്നത്. തിരഞ്ഞെടുപ്പിന് 10 ദിവസമുള്ളപ്പോള്‍ ആളുകള്‍ മതത്തെക്കുറിച്ച് പറയുന്നു എന്നത് അദ്ഭുതമാണ്. കര്‍ഷക ആത്മഹത്യ, ആള്‍ക്കൂട്ട കൊല, ഗോരക്ഷാ ഗുണ്ടായിസം, ജാതീയ അതിക്രമങ്ങള്‍, സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിക്കുന്ന ബലാത്സംഗമടക്കമുള്ള അതിക്രമങ്ങള്‍ – ഇതിലൊന്നും ബിജെപിക്ക് ഉത്തരങ്ങളില്ല. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം അതിക്രമങ്ങളെ തടയാന്‍ ശ്രമിച്ചില്ല. വെറുപ്പിന്റെ പേരിലുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഡിസംബര്‍ ഏഴിന് ഇത്തരം പ്രശ്‌നങ്ങള്‍ നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്നത്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഫലം 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ദിശാസൂചിയാകും – സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍