UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദൈവങ്ങളും പൂജാരിമാരും ചില ക്ഷേത്ര ദര്‍ശന പുലിവാലുകളും

ബുദ്ധിമുട്ടുകള്‍ വരുമ്പോഴാണല്ലോ നാം ദൈവങ്ങളെ ഓര്‍ക്കുന്നത്. അങ്ങനെ ഞാനും അമ്പലത്തില്‍ പോകാന്‍ തീരുമാനിച്ചു. ഓഫീസിലേക്ക് പോകും വഴി തന്നെ ബാഗും മറ്റുമായി വീടിന് അടുത്തുള്ള ചെറിയ അമ്പലത്തിലേക്ക് ചെന്നു. കാര്യം ഒറ്റ മുറിയേ ഉള്ളുവെങ്കിലും പല സിനിമകളുടെയും ചിത്രീകരണത്തിന് മുമ്പ് അണിയറ പ്രവര്‍ത്തകര്‍ പൂജയ്ക്കായും മറ്റും ഇവിടെ വരാറുണ്ട്. കന്നഡ സിനിമാ പ്രവര്‍ത്തകരുടെ വിശ്വസ്ത മൂര്‍ത്തിയെ കാണാന്‍ ഞാനും അന്ന് പോയി. മൂന്നോ നാലോ പേര്‍ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ചെറിയ സ്ഥലം നിറഞ്ഞിരുന്നു. അകത്തേയ്ക്ക് കയറാനാകാതെ കയറി വാതിലിന് അരികെ നിന്നിരുന്ന എന്നെ തോളില്‍ തട്ടി ഒരു സ്ത്രീ മുഖം ചുളിച്ച് കൊണ്ട് ഉള്ളിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ അല്‍പം അകത്തേക്ക് നീങ്ങി.

നടയുടെ നേരെ നില്‍ക്കാന്‍ പാടില്ലെന്ന് പണ്ടേ പറഞ്ഞ് കേട്ട് ശീലിച്ചതിനാല്‍ എനിക്ക് ആകെ ബുദ്ധിമുട്ട്. രണ്ട് നടയുടെ വീതിയേ ആ അമ്പലത്തിന് ആകെയുള്ളു. എവിടെ നില്‍ക്കുമെന്ന് തന്നെ ആശയക്കുഴപ്പം. വാതിലിനോട് അടുത്തുള്ള നടയേ എനിക്ക് കാണാന്‍ കഴിയുന്നുള്ളു. ഏതാ പ്രതിഷ്ഠയെന്ന് ഒരു പിടിയും കിട്ടിയില്ല. താടിയൊക്കെയുള്ള ഒരു ദൈവം. എന്ത് വിളിച്ച് പ്രാര്‍ത്ഥിക്കുമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് പൂജാരി മണിയടിച്ചു തുടങ്ങിയത്.

പ്രാര്‍ത്ഥിച്ച് കണ്ണ് തുറന്നപ്പോള്‍ പൂജാരി തീര്‍ത്ഥം തരുകയാണ്. ഞാന്‍ ഒന്നും ആലോചിച്ചില്ല. കൈനീട്ടി അത് വാങ്ങി, അല്‍പം കുടിച്ച് ബാക്കി തലയില്‍ തൊട്ടതും ചുറ്റും നിന്നവര്‍ കണ്ണുരുട്ടാനും എന്നെ നോക്കി എന്തൊക്കെയോ ഉറക്കെ പറയാനും തുടങ്ങി. ഒന്നും പിടികിട്ടാതെ ഞാന്‍ വാ പൊളിച്ചു നിന്നു. അവര്‍ വീണ്ടും കൈ നീട്ടി എന്നെ ചൂണ്ടുകയും പൂജാരിയെ ചൂണ്ടുകയും ചെയ്ത് എന്തോ പറഞ്ഞു കൊണ്ടിരുന്നു. പൂജാരിയും ദേഷ്യപ്പെടുന്നുണ്ടായിരുന്നു.

ഒന്നും പിടികിട്ടാതെ നില്‍ക്കുകയാണ്, അപ്പോള്‍ ഒരു സ്ത്രീ എന്നെ തൊട്ട് അവരുടെ തീര്‍ത്ഥത്താല്‍ നനഞ്ഞ കൈ കൂട്ടി തിരുമ്മി കാണിച്ചു. കൈകഴുകുകയാണ് വേണ്ടത്. കൈ കഴുകാന്‍ തന്ന വെള്ളമാണ് ഞാന്‍ ഭക്തിയോടെ കുടിച്ചത്. ഇന്നേവരെ ഞാന്‍ കണ്ട ഒരു അമ്പലത്തിലും കൈകഴുകാന്‍ തിരുമേനി തന്നെ എനിക്ക് പാത്രത്തില്‍നിന്ന് സ്പൂണില്‍ കോരി കയ്യില്‍ വെള്ളം ഒഴിച്ചു തന്നിട്ടില്ല. ഇതൊന്നും പറയാന്‍ വയ്യല്ലോ. ഞാന്‍ ഒന്നും മിണ്ടാതെ ഉള്ളനനവില്‍ കൈ തിരുമ്മി. 

അപ്പോഴാണ് അടുത്ത പരീക്ഷണം. രണ്ട് നടയില്‍നിന്നും പൂജാരി ഓരോ ചെറിയ വെഞ്ചാമരം എടുത്ത് അവിടെയുണ്ടായിരുന്ന രണ്ട് പുരുഷന്‍മാരുടെ കയ്യില്‍കൊടുത്തു. അവര്‍ അത് നടയുടെ മുന്നില്‍കൊണ്ടുചെന്ന് പ്രതിഷ്ഠക്ക് നേരെ പിടിച്ച് വീശാന്‍ തുടങ്ങി. പ്രാര്‍ത്ഥന മറന്ന് അന്തം വിട്ട് ഞാന്‍ കണ്ടുകൊണ്ട് നിന്നു. രണ്ട് നടയിലും മാറി മാറി കുറച്ചുനേരം വീശിയിട്ട് അവര്‍ വെഞ്ചാമരം അവിടെയുള്ള രണ്ട് സ്ത്രീകളുടെ കയ്യില്‍ കൊടുത്തു. വരാനുള്ളത് വഴീല്‍ തങ്ങിയാല്‍ മതിയായിരുന്നുവെന്ന് ഓര്‍ത്ത് ഞാന്‍ നില്‍ക്കുകയണ്. അപകടം മണത്ത ഞാന്‍ ആ സ്ത്രീകള്‍ ചെയ്യുന്നത് അങ്ങനെ തന്നെ മനപ്പാഠമാക്കാന്‍ ശ്രമിച്ചു. അവര്‍ വീശുന്നതിന്റെ വേഗത മനസ്സില്‍ കുറിച്ച് ഞാന്‍ എണ്ണി. ഒരിടത്ത് 12 തവണയും മറ്റൊരിടത്ത് ഏഴ് തവണയും വേറൊരു സ്ത്രീ ഒരിടത്ത് നാല് തവണയും മറ്റൊരിടത്ത് പത്ത് തവണയും. മൊത്തത്തില്‍ കണക്കൊന്നും ശരിയായില്ല. ഒടുവില്‍ വഴിയില്‍തങ്ങാതെ എന്റെ കയ്യിലെത്തിയ വെഞ്ചാമരവുമായി ഞാന്‍ നടയിലേക്ക് ചെന്നു. ഇപ്പോഴാണ് രണ്ടാമത്തെ പ്രതിഷ്ഠ കാണുന്നത്. ഒരു ദേവിയാണ്. പച്ച സാരിയുടുപ്പിച്ച് ഒരുക്കിയിരിക്കുന്നു. ഇതൊക്കെ ആലോചിച്ച് വീശി തുടങ്ങിയ ഞാന്‍ എണ്ണാന്‍ മറന്നു. പിന്നെ കുറച്ച് ആട്ടി ഞാന്‍ അടുത്ത നടയിലേക്ക് ചെന്നു. രണ്ട് തവണ വീശിയപ്പോഴേ പൂജാരി കനപ്പെട്ട മുഖത്തോടെ എന്റെ കയ്യില്‍നിന്ന് അത് വാങ്ങി.

എന്താണാവോ ഇതില്‍ ഞാന്‍ ചെയ്ത തെറ്റെന്ന് ആലോചിച്ച് ഞാന്‍ അവിടെ പരുങ്ങി നിന്നു. ഇത്രക്ക് അപകര്‍ഷതാബോധം മുമ്പ് അനുഭവിച്ചിട്ടില്ല. അപ്പോഴാണ് നേരിട്ടതില്‍ ഏറ്റവും വലിയ പരീക്ഷണം ഒരു സ്റ്റീല്‍ ചരുവത്തിന്റെ രൂപത്തിലെത്തിയത്. പാത്രം നിറയെ പൂവുണ്ട്. അതുകൊണ്ട് പൂജാരി ഒരു സ്ത്രീയുടെ അടുത്ത ചെന്നു. രണ്ട് കയ്യും അതില്‍ തൊട്ട് അവര്‍ ശരവേഗത്തില്‍ പറയാന്‍ തുടങ്ങി. ഒരു വാക്കുപോലും എനിക്ക് തിരിഞ്ഞില്ല. എന്റെ രക്ത സമ്മര്‍ദ്ദം ഏറി വന്നു. പാത്രം എന്റെ തൊട്ടടുത്തുള്ള സ്ത്രീയുടെ അടുത്ത് എത്തിയിരിക്കുന്നു. പേടികാരണം ശരിക്ക് ശ്രദ്ധിക്കാന്‍ പോലും പറ്റിയില്ല. അവരും നല്ല വേഗത്തില്‍ ഉരുവിടുകയാണ്. മന്ത്രം വല്ലതും ആരിക്കും. എനിക്കിതൊന്നും അറിയുകയുമില്ല.

പൂജാരി പാത്രം എന്റെ നേര്‍ക്ക് കൊണ്ടുവന്നു. എല്ലാവരുടെയും നോട്ടം എന്റെ മേലാണെന്ന് എനിക്ക് അറിയാമായിരുന്നു. കൈകള്‍ മറ്റുള്ളവരെ പോലെ പാത്രത്തില്‍ തൊട്ട് നിസ്സഹായയായി ഞാന്‍ നിന്നു. പൂജാരി കണ്ണടച്ചിരിക്കുകയാണ്, എന്റെ നിസ്സഹായ നോട്ടം ആള്‍ കണ്ടിട്ടില്ല. ശബ്ദം ഒന്നും വരാത്തതിനാല്‍ പൂജാരി ഒന്നും മുരണ്ടു. പിന്നെ അദ്ദേഹം കണ്‍ തുറന്നു. ഞാന്‍ കണ്ണും മിഴിച്ച് മുന്നില്‍ നില്‍ക്കുകയാണ്. വീണ്ടും പശ്ചാത്തലത്തില്‍ ചറപറാന്ന് എനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. ഒന്നും പിടികിട്ടാതെയുള്ള നില്‍പ്പ് തുടര്‍ന്നപ്പോള്‍ പെട്ടെന്ന് ആരോ പറഞ്ഞു, 

‘ഫാമിലി നേംസ്’.

ദൈവം ഉണ്ട്. ഞാന്‍ വിചാരിച്ചു. വീട്ടിലുള്ള എല്ലാവരുടെയും പേരാണ് പറയേണ്ടത്. അച്ഛന്റേയും അമ്മയുടേയും പേര് പറഞ്ഞപ്പോള്‍ പൂജാരി ഇടപെട്ടു.

‘നക്ഷത്ര’

ഓ നാളും വേണം. അര്‍ച്ചന എന്നൊന്ന് പറഞ്ഞാല്‍ പോരാരുന്നോ!

ഞാന്‍ ആത്മവിശ്വാസത്തോടെ നാളും പറഞ്ഞു. 

‘ഗോത്രം’

കുലം, വംശം, ഞാന്‍ മനസ്സില്‍ പറഞ്ഞു.

സ്‌കൂള്‍ കാലം മുതലേ ഉള്ള പ്രശ്‌നമാണ്, ചില വാക്കുകള്‍ കേട്ടാല്‍ ആപ്പോള്‍ എനിക്ക് പര്യായം ഓര്‍മ്മ വരും. ഗോത്രം അത്തരത്തിലൊരു വാക്കാണ്. കാറ്റ് എന്ന് കേട്ടാല്‍ പവനന്‍, മാരുതന്‍, സൂര്യന്‍ എന്ന് കേട്ടാല്‍ അര്‍ക്കന്‍, രവി തുടങ്ങിയ പേരുകള്‍ മനസ്സില്‍ തെളിയും. ചില വാക്കുകള്‍ക്ക് മാത്രമുള്ള പ്രശ്‌നമാണിത്.

എന്തായാലും പൂജാരി പര്യായപദം ആയിരിക്കില്ല ചോദിച്ചത്.

‘ഗോത്രം’

ഒരിക്കല്‍കൂടി ശബ്ദം ഉയര്‍ത്തി അദ്ദേഹം ചോദിച്ചു. ഗോത്രമോ? പര്യായപദത്തില്‍ കേട്ടിട്ടുള്ളതല്ലാതെ എനിക്കിപ്പം ഗോത്രമൊക്കെ ഉണ്ടാകുമോ! ഉണ്ടെങ്കില്‍തന്നെ അത് ഞാന്‍ അറിഞ്ഞിട്ടില്ല.

തല ഇരുവശത്തേക്ക് ആട്ടിക്കൊണ്ട് ഗൊത്തില്ലാ എന്ന് പറയുമ്പോള്‍ എനിക്ക് കിലുക്കത്തിലെ ഹിന്ദിയറിയാത്ത നിശ്ചല്‍ എന്ന കഥാപാത്രത്തോട് ആദ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തോന്നി. പൂജാരി എന്നെ ഇരുത്തി ഒന്ന് നോക്കിയ ശേഷം അടുത്ത ആളുടെ അടുത്തേക്ക് പോയി. 

തൃപ്തിയായി. മണിയടിയും പൂജയും കാതില്‍ മുഴങ്ങി. എല്ലാവരും കണ്ണടച്ച് പ്രാര്‍ത്ഥിക്കുകയാണ്. ഒരു വശത്തൂടെ ചരിഞ്ഞ് ഇറങ്ങി ക്ഷേത്രത്തിന് പുറത്തെത്തി.

വീടിന് ഏറ്റവും അടുത്തുള്ള മലയാളി ക്ഷേത്രം എവിടെയെന്ന് ഉടന്‍ കണ്ടെത്തണം. ദൈവങ്ങള്‍ക്കും ദേശമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു.

ഓഫീസിലെത്തി പറ്റിയ അബദ്ധങ്ങള്‍ ഒരേയൊരു സഹപ്രവര്‍ത്തകനോട് വിശദീകരിച്ചു. ആവശ്യത്തിലധികം ചിരിച്ച് കളിയാക്കി ആസ്വദിച്ച് രസിച്ച് മുഴുവന്‍ കേട്ടു. എല്ലാം കഴിഞ്ഞ് ഞാന്‍ ജോലിയിലേക്ക് തിരിഞ്ഞപ്പോഴാണ് പെട്ടെന്ന് ഒരു ചോദ്യം.

”അളിയാ, ഈ വെഞ്ചാമരം എന്ന് പറേണത് നമ്മടെ നാട്ടില്‍ പൂരത്തിന് ആനേ വീശുന്ന സാധനമല്ലേ”

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

 

അഖില പ്രേമചന്ദ്രന്‍

അഖില പ്രേമചന്ദ്രന്‍

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍