UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടികളെ ശീലിപ്പിക്കേണ്ട പത്ത് ഭക്ഷണശീലങ്ങള്‍

Avatar

കാസിന്‍ സിഡന്‍ബെര്‍ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

എന്റെ കുട്ടികള്‍ക്ക് പന്ത്രണ്ടും പത്തും മൂന്നുമാണ് പ്രായം. അവര്‍ക്ക് കുടുംബമൂല്യങ്ങള്‍ പറഞ്ഞുകൊടുക്കാനും വിദ്യാഭ്യാസം നല്‍കാനും ഭക്ഷണം നല്‍കാനുമുള്ള എന്റെ ശ്രമങ്ങള്‍ പൂര്‍ണ്ണമല്ല. 1992ല്‍ കോര്‍ണല്‍ സര്‍വകലാശാല നടത്തിയ ഒരു പഠനം പറയുന്നത് ‘കുട്ടികളുടെ ഭക്ഷണശീലങ്ങള്‍ പന്ത്രണ്ടു വയസില്‍ രൂപപ്പെടുന്നുവെന്നാണ്’. 

എന്റെ പന്ത്രണ്ടുവയസുള്ള കുട്ടി പച്ചക്കറികള്‍ കുറെയൊക്കെ കഴിക്കുമെങ്കിലും പല ഭക്ഷണങ്ങളെപ്പറ്റിയും പിടിവാശികളുണ്ട്. അവന് നല്ല ശീലങ്ങള്‍ നല്‍കാനുള്ള അവസരം കഴിഞ്ഞുപോയോ?

എനിക്കങ്ങനെ തോന്നുന്നില്ല. പുതിയ ഭക്ഷണങ്ങള്‍ വേണ്ടെന്നുവയ്ക്കാനുള്ള രീതി അവനുണ്ടെങ്കിലും അവന്‍ പല തരം ഭക്ഷണങ്ങള്‍ കഴിക്കുന്നു. ഞാന്‍ പറയുന്നത് അവന്‍ കേട്ടിട്ടുമുണ്ട്. ഏതൊക്കെ ഭക്ഷണങ്ങള്‍ ഗുണമുള്ളതാണെന്നും ഏതിനാണ് പോഷകഗുണം ഇല്ലാത്തതെന്നും ഏതൊക്കെയാണ് അസുഖം വരുത്തുകയെന്നും അവനറിയാം. ഞാന്‍ ആഗ്രഹിക്കുന്നത്ര അവനീ നല്ല ഭക്ഷണങ്ങള്‍ സ്വീകരിക്കുന്നുടാകില്ല.എനിക്ക് ഇഷ്ടമുള്ളതില്‍ കൂടുതല്‍ മധുരം അവന്‍ കഴിക്കാനാഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവന്‍ ആറാം ക്ലാസില്‍ മാത്രമാണ്. ഇനിയൊരു ആറുകൊല്ലം കൂടി അവന്‍ എന്റെ അടുക്കളയില്‍ നിന്നാണ് ഭക്ഷണം കഴിക്കുക. 

ഈ പഠനം വായിച്ചപ്പോള്‍ ഞാന്‍ കഴിഞ്ഞ പന്ത്രണ്ടുവര്‍ഷങ്ങളെക്കുറിച്ച് ഓര്‍ത്തു. എവിടെയൊക്കെ ഞാന്‍ വിജയിച്ചുവെന്നും പരാജയപ്പെട്ടുവെന്നും ഓര്‍ത്തു. പുതുവര്‍ഷം തുടങ്ങുമ്പോള്‍ ഇതാ പത്ത് ഭക്ഷണശീലങ്ങള്‍:

1, ഭക്ഷണയുദ്ധങ്ങള്‍ തുടങ്ങരുത്. എന്താണ് വിളമ്പേണ്ടത് എന്നതിന്റെ കാര്യത്തില്‍ മുതിര്‍ന്നവര്‍ക്ക് തീരുമാനങ്ങള്‍ ഉണ്ടാകാം, കുട്ടികളെ എന്തു എങ്ങനെ കഴിക്കണം എന്ന് പഠിപ്പിക്കുകയും ചെയ്യാം. പക്ഷെ അതോടെ കഴിഞ്ഞു. കുട്ടികള്‍ വഴക്കോ നിര്‍ബന്ധമോ ഇല്ലാതെ കഴിക്കുന്ന ഭക്ഷണമാണ് ആസ്വദിക്കുക. 

2, സമാധാനത്തോടെ ഭക്ഷണം കഴിക്കുക. തിരക്കിട്ട് വേഗം കഴിച്ചുപോകുമ്പോള്‍ പലപ്പോഴും കുട്ടികളോട് സംസാരിക്കുകയോ കുടുംബസമയം ആസ്വദിക്കുകയോ ചെയ്യുന്നില്ല. കഴിക്കുന്നതിനു മുന്‍പ് നിശബ്ദമായ ഒരു മിനിട്ട് ഉണ്ടാവുന്നത് നല്ലതാണ്. 

3, കുട്ടികളോട് പോഷകങ്ങളെപ്പറ്റി പറയുക. എന്തുകൊണ്ടാണ് അവര്‍ക്ക് പ്രോട്ടീന്‍ ആവശ്യം, പല നിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും കൊണ്ടുള്ള ഗുണങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പിന്റെ പ്രയോജനങ്ങള്‍, എന്തുകൊണ്ട് അമിതമായ മധുരം അപകടമാകുന്നു എന്നതൊക്കെ പറയാം. കൃത്യമായി പ്രായത്തിനുചേരുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുക. നമ്മുടെ കുട്ടികള്‍ നമ്മുടെ അരികില്‍ അല്ലാതെയാണ് കൂടുതല്‍ സമയവും ഭക്ഷണം കഴിക്കാന്‍ പോകുന്നത്. അതുകൊണ്ടു അവര്‍ക്ക് അറിവ് നല്‍കുക. 

4, കുഞ്ഞുങ്ങള്‍ക്ക് കട്ടിയാഹാരം തുടങ്ങുമ്പോള്‍ തന്നെ സമീകൃതമായ ഭക്ഷണം നല്‍കുക. പഞ്ചസാരയോ പ്രോസസ്ഡ് ഭക്ഷണങ്ങളോ നല്‍കാതിരിക്കുക. ജോലിയുടെ ഏറ്റവും പ്രധാനഭാഗം തുടക്കമാണ് എന്ന് പ്ലേറ്റോ പറഞ്ഞതു ഓര്‍ക്കുക. 

5, കുട്ടികളെ പാചകം പഠിപ്പിക്കുക. എന്റെ മക്കള്‍ എല്ലാ ആഴ്ചയവധിയിലും പാചകം ചെയ്യും. കത്തി വേഗത്തില്‍ ഉപയോഗിക്കും. എല്ലാത്തരം ഭക്ഷണങ്ങളും അവര്‍ക്ക് ഉണ്ടാക്കാനറിയാം. 

6, നിയമങ്ങള്‍ പാലിക്കുക. ഭക്ഷണസമയത്തെപ്പറ്റി നിങ്ങളുടെ കുടുംബത്തിലുള്ള ചിട്ട (എല്ലാം രുചിച്ചുനോക്കുക, എത്ര അളവില്‍ മധുരം കഴിക്കാം, എന്തൊക്കെ കൊറിക്കാം, ആരാണ് പാത്രം കഴുകുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍) വിട്ടുവീഴ്ചയില്ലാതെ പാലിക്കുക. 

7, ഒരുമിച്ചുള്ള അത്താഴം പ്രധാനമാണ്. കുറഞ്ഞത് ആഴ്ചയില്‍ ഒരിക്കലെങ്കിലും. ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന കുടുംബത്തിന് ഐക്യമുണ്ടാകുമെന്നും അവര്‍ കൂടുതല്‍ പരസ്പരം സംസാരിക്കുമെന്നും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഉണ്ടാകുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

8, ഒരു ഭക്ഷണസമയത്തും പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക. കുട്ടിയുടെ സ്വഭാവം, ഊര്‍ജം,സൂക്ഷമത, ഏകാഗ്രത എന്നിവയെയൊക്കെ ഇത് ഗുണകരമായി ബാധിക്കും. ബുദ്ധി, തൊലി, മുടി, നഖം എന്നിവയ്ക്കും ഗുണം ചെയ്യും. 

9, ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും പ്രാധാന്യം വിശദീകരിച്ചുകൊടുക്കുക. കുടുംബവും സുഹൃത്തുക്കളുമായി ചെലവിടാനുള്ള സമയമാണിത്. ധാരാളം ഭക്ഷണം കഴിക്കാനുള്ള സമയം മാത്രമല്ല. 

10, കൂടുതല്‍ കണിശതയും വേണ്ട. ഇടയ്‌ക്കൊക്കെ ഒരു പിസായൊക്കെ ആകാം. ഇന്ന് പിസാ കഴിച്ചാലും നാളെ ചിലപ്പോള്‍ മുഴുവന്‍ സമയവും ചീരയാവും കഴിക്കുക.

വരും വര്‍ഷം സന്തുഷ്ടമാക്കാന്‍ ഈ പോസിറ്റീവ് ഭക്ഷണശീലങ്ങള്‍ പാലിക്കുക, കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുക. മധുരം കുറയ്ക്കുക. ദശാബ്ദങ്ങള്‍ നീളുന്ന ഒരു ബെസ്റ്റ് ഓഫ് ലക്ക് കുട്ടികള്‍ക്ക് നല്‍കുന്നത് പോലെയാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍