UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടികളെ നന്നായി സംസാരിപ്പിക്കാന്‍ പത്തുവഴികള്‍

Avatar

സാറ ഹമാകര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നമ്മുടെ കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ അവരോടു സംസാരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ആളുകള്‍ പറയാറുണ്ട്. എന്നാല്‍ സത്യത്തില്‍ അതെത്ര ബുദ്ധിമുട്ടാണ് എന്നാരും പറയാറില്ല. കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങളോട് അവര്‍ക്കുള്ള താല്‍പ്പര്യം നമുക്കിഷ്ടമാണ്, പക്ഷെ അന്തമില്ലാതെ ദിനോസറുകളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കാനോ കാര്‍ട്ടൂണ്‍ സിനിമയിലെ പാട്ടുപാടാനോ ഒരേ കളി കളിച്ച് കൊണ്ടിരിക്കാനോ ആര്‍ക്കാണ് കഴിയുക? 

കുട്ടികളോട് സംസാരിക്കുക എന്നത് അങ്ങേയറ്റം ക്ഷമ വേണ്ട ഒരു കാര്യമാണെന്ന സത്യം നമ്മള്‍ മനസിലാക്കും. എന്നാല്‍ അങ്ങനെ മാത്രമല്ല. ബുദ്ധിപരവും ആശയസമ്പുഷ്ടവും രസകരവുമായ സംഭാഷണങ്ങള്‍ കുട്ടികളുമായി സാധ്യമാണ്. നല്ല സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. സംഭാഷണം എന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഒന്നാണ് എന്ന് കുട്ടികളെ പഠിപ്പിക്കണം, അതില്‍ ഇരുപക്ഷത്തിനും ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും മനസിലാക്കണം.

ഇടയ്ക്കുകയറി സംസാരിക്കാതിരിക്കുക, പ്ലീസ് എന്നും താങ്ക്യൂ എന്നും പറയാന്‍ പഠിപ്പിക്കുക എന്നിവയാണ് ആദ്യം പഠിപ്പിക്കേണ്ടത്. ഈ അടിത്തറയാണ് പിന്നീട് കുട്ടികളെ രസികരായ സംഭാഷണക്കാരാക്കിമാറ്റുന്നത്. ഏത് സാമൂഹികസാഹചര്യത്തിലും അര്‍ത്ഥവത്തും ഫലവത്തുമായ സംഭാഷണം വളരെ പ്രധാനമാണ്.

ഈ കഴിവുകള്‍ പല കുട്ടികള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്നില്ലെങ്കിലും ഇവ പരിശീലിപ്പിക്കാന്‍ കഴിയും. കുട്ടികളെ മികച്ച സംഭാഷണത്തിലേര്‍പ്പെടാന്‍ പരിശീലിപ്പിക്കുന്ന പത്തുവഴികള്‍ ഇതാ.

1.കുട്ടികളോട് സംസാരിക്കുക. നിങ്ങള്‍ കുട്ടികളുമായി സംഭാഷണത്തിലേര്‍പ്പെടുന്നില്ലെങ്കില്‍ എങ്ങനെ ആളുകളോട് ഇടപെടണമെന്ന് അവരെ പഠിപ്പിക്കാന്‍ പറ്റില്ല. സാഹചര്യം കിട്ടുമ്പോഴെല്ലാം എന്തിനെപ്പറ്റിയും എല്ലാത്തിനെപ്പറ്റിയും കുട്ടിയോട് സംസാരിക്കുക. കുട്ടികളുടെ അരികില്‍ ഇരുന്ന് സംസാരിക്കാന്‍ മുതിര്‍ന്നവര്‍ സമയം കണ്ടെത്തണം, എന്നാല്‍ മാത്രമേ സംഭാഷണകല അവര്‍ പഠിക്കൂ.

2.കേള്‍ക്കാന്‍ പഠിക്കുക. ചിലപ്പോള്‍ താല്‍പ്പര്യമില്ലാത്ത ഒരു വിഷയം സുഹൃത്തോ സഹോദരങ്ങളോ സംസാരിക്കുമ്പോള്‍ കുട്ടി ബോറടി കാണിക്കും, എന്നാല്‍ അവര്‍ സംസാരിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം എന്ന് പ്രതീക്ഷിക്കുകയും ചെയ്യും. ശരിയായി ശ്രദ്ധിക്കുക എന്നാല്‍ അടുത്തതായി താന്‍ പറയാന്‍ പോകുന്നതിനെപ്പറ്റിയോ മറ്റെന്തെങ്കിലും വിഷയത്തെപ്പറ്റിയോ ചിന്തിക്കാതെ ഒരാള്‍ പറയുന്നതിനെ പൂര്‍ണ്ണമായി ശ്രദ്ധിക്കുന്നതാണ്. ആക്ടീവ് ആയി ശ്രദ്ധിക്കുമ്പോള്‍ ശരീരഭാഷയ്ക്കും വലിയ പങ്കുണ്ട്. കുട്ടികളോട് സംസാരിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വം ശബ്ദങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും കേള്‍ക്കുന്നത് കാണിച്ചുകൊടുക്കുക.

3.കാടും പടര്‍പ്പും തല്ലാതിരിക്കുക. കുട്ടികള്‍, പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ക്ക് ഒരു കഥയുടെ കേന്ദ്രസംഗതി മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ അവര്‍ കഥ പറയുമ്പോള്‍ ഒരുപാട് വിശദീകരിച്ചു പറയും. എന്നാല്‍ ഇത് കേള്‍ക്കുന്നവര്‍ക്ക് രസകരമാകണമെന്നില്ല. കുട്ടികള്‍ സംസാരിക്കുമ്പോള്‍ പ്രധാനകാര്യത്തിലേയ്ക്ക് വരാന്‍ അവരെ സഹായിക്കുന്നരീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്യേണ്ടത്. ഒരു സംഭവത്തെപ്പറ്റി അവര്‍ക്ക് ഏറ്റവും ഇഷ്ടം എന്താണ്, എന്താണ് അവര്‍ക്ക് രസകരമായി തോന്നിയത്, എന്താണ് വിചിത്രമായി തോന്നിയത് എന്നൊക്കെ ചോദിക്കാം.

4.നിറുത്തുക. എപ്പോള്‍ സംസാരിക്കണം എന്ന് പഠിക്കുന്നത് പോലെതന്നെ പ്രധാനമാണ് എപ്പോള്‍ നിര്‍ത്തണം എന്ന് പഠിക്കുന്നതും. സംസാരിക്കല്‍ തുടരാനായി ആളുകള്‍ ഇപ്പോള്‍ കൂടുതല്‍ ഫില്ലര്‍ വാക്കുകള്‍ (ലൈക്ക്, ഐ മീന്‍ മുതലായവ) ഉപയോഗിക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വാക്കുകള്‍ ഉപയോഗിക്കുകയും നിശബ്ദതയെ പേടിക്കാതിരിക്കുകയുമാണ് ചെയ്യേണ്ടത്. കുട്ടികളോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ അതാലോചിച്ച് എടുക്കുന്നത് വരെ എന്തെങ്കിലുമൊക്കെ പറയാതിരിക്കുക. ചോദ്യം ആവര്‍ത്തിച്ചുനോക്കുക, വേണമെങ്കില്‍ ‘ഞാന്‍ ഒന്ന് ആലോചിച്ചുനോക്കട്ടെ എന്ന് പറയുക’. കൃത്യമായ മറുപടി പറയാന്‍ ശീലിപ്പിക്കുക.

5.പഠിക്കുക, പഠിക്കുക, പഠിക്കുക. ഒന്നിനെപ്പറ്റിയും ഒന്നും അറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല. ലോകത്തില്‍ എന്ത് നടക്കുന്നുവെന്ന് അറിഞ്ഞാല്‍ മാത്രമേ മികച്ച, ബുദ്ധിപരമായി പ്രയോജനം ചെയ്യുന്ന, മറ്റുള്ളവരെകൂടി പരിഗണിക്കുന്നതരം സംഭാഷണം നിങ്ങള്‍ക്ക് നടത്താന്‍ കഴിയൂ. പ്രായത്തിനുയോജിക്കുന്ന പുസ്തകങ്ങള്‍ വായിക്കുക, മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുക, ഹോബികള്‍ തുടങ്ങുക എന്നിവയൊക്കെ കുട്ടികളുടെ മനസിനെ വിപുലപ്പെടുത്തുകയും അവര്‍ക്ക് സംസാരിക്കാന്‍ വിഷയങ്ങള്‍ നല്‍കുകയും ചെയ്യും.

6.ചോദ്യങ്ങള്‍ രൂപപ്പെടുത്തുക. ഏത് സംഭാഷണത്തിന്റെയും അടിസ്ഥാനം വിഷയമാണ്. സംസാരിക്കുന്ന ആളോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് കുട്ടികള്‍ക്ക് വിഷയങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നത്. ചില ചോദ്യങ്ങള്‍ എഴുതിവെച്ച് അവയെ സംഭാഷണങ്ങള്‍ തുടങ്ങാന്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ഒരു പാത്രത്തില്‍ ഇട്ടുവെച്ച് പരിശീലിക്കാവുന്നതാവും.

7.സഹാനുഭൂതിയുണ്ടാക്കുക. എന്താണ് ഒരാളെ സംഭാഷണത്തില്‍ മികച്ചതാക്കുന്നത്? മറ്റൊരാളിന്റെ അവസ്ഥയില്‍ സ്വയം സങ്കല്‍പ്പിച്ചുനോക്കല്‍. സഹാനുഭൂതിയാണ് ഇത് സാധ്യമാക്കുന്നത്. ഒരാള്‍ എത്ര മിടുക്കനായാലും അവര്‍ക്ക് സഹാനുഭൂതിയില്ലെങ്കില്‍ മറ്റൊരാളില്‍ താല്‍പ്പര്യമെടുക്കാന്‍ കഴിയാതെ ബോറടിച്ചുപോകും.

8.നിശബ്ദതയ്ക്ക് വില നല്‍കുക. നിശബ്ദരായിരിക്കുക മിക്ക കുട്ടികള്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ സംസാരിക്കാതിരിക്കാനും മാതാപിതാക്കള്‍ പ്രചോദിപ്പിക്കണം. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ട് എന്നതുകൊണ്ട് മാത്രം അത് ഇപ്പോഴും പറയണമെന്നില്ലെന്നു കുട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. കൈമോശം വന്നുപോയ ഒരു കലയാണ് നിശബ്ദത. എന്നാല്‍ അത് ഏത് സംഭാഷണത്തിന്റെയും ഒരു പ്രധാനഭാഗവുമാണ്.

9.മര്യാദയോടെ പെരുമാറുക. ചിലപ്പോള്‍ ഒരു വിഷയത്തെപ്പറ്റി മറ്റേയാളെക്കാള്‍ കൂടുതല്‍ നമുക്കറിയാമായിരിക്കും, അത് ചൂണ്ടിക്കാണിക്കാന്‍ സദാ തോന്നുകയും ചെയ്യും. മറ്റുചിലപ്പോള്‍ സംസാരിക്കുന്ന വിഷയം രസകരമായിതോന്നില്ല. എന്നാല്‍ സംസാരിക്കുന്നയാള്‍ക്ക് താന്‍ ഒരു മണ്ടനാണ് എന്ന തോന്നല്‍ ഉണ്ടാക്കുന്നരീതിയില്‍ പെരുമാറുന്നത് ശരിയല്ല. ചെറിയ കുട്ടികള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടായി തോന്നും, മറ്റൊരാള്‍ക്ക് അറിയാത്ത ഒന്ന് എനിക്കറിയാം എന്നത് പ്രദര്‍ശിപ്പിക്കാന്‍ ഒരു ത്വര തോന്നും. എന്നാല്‍ ഇത് ജീവിതത്തില്‍ പഠിക്കേണ്ട ഒരു പാഠമാണ്.

10.പരിശീലിക്കുക. സംഭാഷണം ഒരു ഏകഭാഷണമോ പ്രഭാഷണമോ അല്ല, അത് രണ്ടുപേര്‍ തമ്മിലുള്ള ഒരു ആശയവിനിമയമാണ്. ഒരു ചെറിയ പന്തോ മറ്റോ അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞുകൊണ്ട് സംസാരിച്ചുപരിശീലിക്കുന്നത് കുട്ടികള്‍ക്ക് ഇത് മനസിലാകാന്‍ സഹായകമാകും.

കുട്ടികളോട് സംസാരിക്കുന്നത് നമുക്കും അവര്‍ക്കും ആസ്വാദ്യമാകണം. യഥാര്‍ത്ഥ ജീവിതത്തില്‍ ഇതെങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കുട്ടികളെ പഠിപ്പിച്ചാല്‍ അവര്‍ നല്ല സംഭാഷകരായി മാറും. ആളുകളോട് ഇടപെടുന്നത് രസകരമാണ്, ഒമ്പതിനും തൊണ്ണൂറിനുമിടയില്‍ ആരോട് സംസാരിച്ചാലും രസകരമായ അറിവുകള്‍ ലഭിക്കും എന്നത് കുട്ടികള്‍ അറിയേണ്ടതുണ്ട്. മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളുടെ കൗതുകത്തെ വളര്‍ത്തുകയും ഓരോ ആളും പ്രധാനമാണ് എന്ന് പഠിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍