UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൊഴിലുറപ്പ് പദ്ധതി: പട്ടിണി കിടക്കുന്ന ജനത്തിന് വിലയില്ലെങ്കിലും വോട്ടിനുണ്ട്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏതാണ്ട് 14 വര്‍ഷമൊഴിച്ചു ബാക്കിയെല്ലാക്കാലവും ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന സാമ്പത്തിക നയങ്ങളുടെ പരാജയത്തിന്റെ ‘ജീവിക്കുന്ന സ്മാരക’മാണോ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം? അതോ ഒരു ദശാബ്ദം മുമ്പ് നടപ്പാക്കിയ ലോകത്തിലെതന്നെ ഏറ്റവും ബൃഹത്തായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതി, ദാരിദ്ര്യം കുറക്കാന്‍ മാത്രമല്ല ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിലെ ദരിദ്രനാരായണന്‍മാരെ ശാക്തീകരിക്കാനും സഹായിച്ചോ?

ഒരു നല്ല വാര്‍ത്തയുള്ളത്, ഒരു വര്‍ഷം മുമ്പ് ലോക് സഭയില്‍ ഈ പദ്ധതിയെ അധിക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ അതൊക്കെ വിഴുങ്ങി എന്നതാണ്. രാജ്യത്തിന്റെ ഗ്രാമീണമേഖലയുടെ ഏറെ ഭാഗത്തും കഴിഞ്ഞ രണ്ടു വര്‍ഷമായി മഴക്കുറവ് സൃഷ്ടിച്ച ദുരിതങ്ങള്‍ കണക്കിലെടുത്ത് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ ഫെബ്രുവരി 29-നു പ്രഖ്യാപിക്കുമ്പോള്‍ ജെയ്റ്റ്ലി വാക്ക് പാലിക്കുമെന്ന് പ്രതീക്ഷിക്കാം.

ഗ്രാമീണ മേഖലകളിലെ ദരിദ്രര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാര്‍ഷികവൃത്തിയില്ലാത്ത സമയങ്ങളില്‍ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള പലായനം കുറയ്ക്കുന്നതിനും മനുഷ്യശേഷി ഉപയോഗിച്ച് ആസ്തികള്‍ ഉണ്ടാക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിക്കുള്ള കഴിവ് തള്ളിക്കളയുന്നവരില്‍ ആദ്യത്തെ കൂട്ടരല്ല മോദിയും ജെയ്റ്റ്ലിയും. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങടക്കം കോണ്‍ഗ്രസിലെ ഗണ്യമായൊരു വിഭാഗം ഒരു ഘട്ടത്തില്‍ ഇതേ രീതിയിലാണ് ചിന്തിച്ചിരുന്നത്. അവിദഗ്ദ്ധരായ കര്‍ഷക തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കൂലി കൊടുക്കുന്നത് പണപ്പെരുപ്പത്തില്‍ ഉണ്ടാക്കാവുന്ന ആഘാതത്തെക്കുറിച്ച് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. പദ്ധതിയുടെ പ്രയോജനം ആവശ്യക്കാരിലേക്ക് എത്തില്ലെന്നും അഴിമതിക്കാരായ കരാറുകാര്‍ ഇത് തട്ടിയെടുക്കുമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു- ഒരു പരിധി വരെ ഈ ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നു എന്നു പറഞ്ഞുകൂട.

ഗ്രാമീണ പാതകള്‍ ഉണ്ടാക്കുന്നതില്‍ കാര്യമില്ലെന്നും അടുത്ത കാലവര്‍ഷത്തില്‍ അതൊലിച്ചുപോകുമെന്നും പദ്ധതിയുടെ വിമര്‍ശകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പുറത്തുകടക്കുന്നതിന് ഏറ്റവും നല്ല വഴി, സമ്പദ് രംഗത്തെ ഉത്തേജിപ്പിക്കുന്നതിനായി അടിസ്ഥാന സൌകര്യ പദ്ധതികളില്‍ സര്‍ക്കാര്‍ സജീവമായി ഇടപെടുന്നതാണെന്ന് വാദിച്ച ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധന്‍ ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സിന്റെ (1883-1946) നയങ്ങളില്‍ നിന്നും ലോകം ഏറെ മുന്നോട്ടുപോയെന്ന് അവര്‍ വാദിച്ചു. സാമ്പത്തിക മാന്ദ്യകാലത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ആളുകളോട് കുഴി കുഴിക്കാനും പിന്നെ അത് മൂടാനും വരെ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

എഴുപതാണ്ടുകള്‍ക്ക് മുമ്പുള്ള കെയിന്‍സിന്റെ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവരല്ല പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കള്‍. പദ്ധതിയെ അപഹസിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് മോദി ശ്രമിച്ചത്. അദ്ദേഹം ഹിന്ദിയില്‍ പറഞ്ഞത് ഏതാണ്ടിങ്ങനെ തര്‍ജ്ജമ ചെയ്യാം: “ഞാനീ പദ്ധതി അവസാനിപ്പിക്കുമെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ? എന്റെ രാഷ്ട്രീയ യുക്തി അതിനെന്നെ സമ്മതിക്കുന്നില്ല. കഴിഞ്ഞ 60 വര്‍ഷങ്ങളായി ദാരിദ്ര്യം ഇല്ലാതാക്കുന്നതില്‍ നിങ്ങളുടെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ് ഈ പദ്ധതി. ഞാനീ പദ്ധതി തുടരും.”

കോണ്‍ഗ്രസിലെ തന്റെ എതിരാളികളോടായിരുന്നു മോദി ഇങ്ങനെ പറഞ്ഞത്. അപഹസിക്കുന്ന സ്വരവും ശരീരഭാഷയും തര്‍ജ്ജമയില്‍ കാണില്ല. 2015 മാര്‍ച്ച് 4-നു ലോക്സഭയില്‍ നടത്തിയ പ്രസംഗം വായനക്കാര്‍ക്ക് നേരിട്ടു കാണാം:  https://www.youtube.com/watch?v=wi037kOLa4

എന്നാല്‍ നവംബറില്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞതോടെ, നടത്തിപ്പില്‍ എന്തൊക്കെ ദോഷങ്ങളുണ്ടായാലും ഗ്രാമങ്ങളിലെ ദരിദ്രരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി സഹായിക്കുന്നുണ്ട് എന്ന് പ്രധാനമന്ത്രിയും ജെയ്റ്റ്ലിയും മനസിലാക്കി.

ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍- ജനങ്ങളുടെ വോട്ടിന്റെ പകുതിയോളവും കിട്ടുന്ന രണ്ടു വലിയ രാഷ്ട്രീയകക്ഷികള്‍- തമ്മില്‍ ഒരു വ്യത്യാസവുമില്ല. മുന്‍ഗാമി പളനിയപ്പന്‍ ചിദംബരത്തില്‍ നിന്നും ജെയ്റ്റ്ലിയെ വ്യത്യസ്തനാക്കുന്ന ഒന്നും തന്നെയില്ല എന്നുപറയാം.

പദ്ധതിയുടെ പുരോഗതി പഠിച്ച ജവഹര്‍ ലാല്‍ നെഹ്രു സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹിമാന്‍ഷു അടുത്തിടെ ചൂണ്ടിക്കാണിച്ചതുപോലെ, നിയമം ഉണ്ടാക്കിയ യു പി എ സര്‍ക്കാര്‍ തന്നെയാണ് 2010-നു ശേഷം അതിന്റെ ഊര്‍ജം നഷ്ടപ്പെടുത്താനും കാരണമായത്. “തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചു എന്ന് മാത്രമല്ല, ആവശ്യത്തില്‍ അധിഷ്ഠിതം എന്നതില്‍ നിന്നും വിതരണത്തെ ആധാരമാക്കി പദ്ധതിയുടെ സ്വഭാവത്തെ മാറ്റിമറിക്കാനും ശ്രമിച്ചു.” എന്ന്‍ അദ്ദേഹം പറയുന്നു. 

തൊഴിലവസരങ്ങളില്‍ വന്ന വലിയ കുറവായിരുന്നു ഇതിന്റെ പ്രത്യാഘാതം. 2009-10ല്‍ 2.84 ബില്ല്യണ്‍ ആയിരുന്ന തൊഴില്‍ദിനങ്ങള്‍ 2014-15ല്‍ 1.66 ബില്ല്യനായി കുറഞ്ഞു. 2009-10ല്‍ ഒരു കുടുംബത്തിന് 54 വ്യക്തിഗത തൊഴില്‍ദിനങ്ങള്‍ ലഭിച്ചെങ്കില്‍ 2014-15ല്‍ അത് ഒരു കുടുംബത്തിന് 40 ആയി ചുരുങ്ങി. 2009-10ല്‍ 7 ദശലക്ഷം കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കില്‍ 2014-15ല്‍ ഇത് 2.5 ദശലക്ഷമായി ചുരുങ്ങി.

ബി ജെ പി സര്‍ക്കാരും അടുത്തിടവരെ പണം നല്‍കുന്നത് വൈകിപ്പിക്കുന്ന യു പി എ സര്‍ക്കാര്‍ അടവായിരുന്നു പിന്തുടര്‍ന്നത്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 2006-07ലെ 8,823 കോടിയില്‍ നിന്നും 2010-11ല്‍ 39,377 കോടിയായി ഉയര്‍ത്തി. പക്ഷേ തുടര്‍ന്ന് 2014-15ല്‍ 36,224 ആയി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇതിലും കുറവായിരുന്നു വിഹിതം. 33,000 കോടി രൂപയിലും അല്പം കൂടുതല്‍ മാത്രം. കുടിശികയായ 4,000 കോടി രൂപയും കൂലിവര്‍ധനവും കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥ വിഹിതം ഇതിലും കുറവാണ്. കൂലിയിലെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ 5 വര്‍ഷമായി MNREGA വിഹിതം പകുതിയോളമായി ചുരുങ്ങിയെന്ന് പ്രൊഫസര്‍ ഹിമാന്‍ഷു പറയുന്നു. എന്നാല്‍ നടത്തിപ്പ് ചെലവുകള്‍ ഏതാണ്ട് ഇരട്ടി കൂടി 9 ശതമാനമായി.

എന്നാലും ചെറിയ ദയാവായ്പുകള്‍ക്ക് നമുക്ക് നന്ദിയുണ്ടാകണം. കര്‍ഷകര്‍ക്ക് വേണ്ടി തങ്ങളുടെ ഹൃദയത്തില്‍ നിന്നും ചോര പൊടിയുന്നു എന്ന് അവകാശപ്പെടുന്ന അതേസമയം തന്നെ, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നത് രാഷ്ട്രീയ ആത്മഹത്യക്ക് തുല്യമാണെന്ന് അധികാരത്തിലിരിക്കുന്നവര്‍ ഏതാണ്ട് മനസിലാക്കുന്നു എന്ന സൂചനയുണ്ട്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍