UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുമ്പോള്‍

Avatar

ടീം അഴിമുഖം 

ഞായറാഴ്ച രാത്രി നടന്ന ഇന്ത്യന്‍ വെടിവെപ്പില്‍ ഏഴ് പാകിസ്ഥാനി സൈനികര്‍ മരിക്കുകയും തങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ അവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുമെന്ന് ഇസ്ലാമബാദ് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഭീതിദമായ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ജമ്മു-കാശ്മീരിലെ രജൊരി ജില്ലയിലെ സുന്ദര്‍ബനിക്ക് സമീപം നടന്ന മോര്‍ട്ടാര്‍, മെഷീന്‍ഗണ്‍ വെടിവെപ്പിലാണ് ഏഴ് പാകിസ്ഥാനി സൈനികര്‍ മരിച്ചത്. ഇന്ത്യയിലേക്ക് ഭീകരവാദികള്‍ കടന്നു കയറാന്‍ ശ്രമിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ രാത്രി മുഴുവന്‍ വെടിവെപ്പ് നടന്നതായി ഇന്ത്യന്‍ സൈനിക മേധാവികള്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ന്യൂഡല്‍ഹി തയ്യാറായില്ലെങ്കിലും, സെപ്തംബറില്‍ നടന്ന സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം ഒരു ഏറ്റുമുട്ടലില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ആളപായത്തെ കുറിച്ച് പാകിസ്ഥാന്റെ ഭാഗത്തുനിന്നും സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. വിരമിക്കുന്ന കരസേന മേധാവി ജനറല്‍ റഹീല്‍ ഷെറീഫ് തിങ്കളാഴ്ച നടന്ന ഏഴ് സൈനികരുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. 17 സിഖ് റെജിമെന്റിലെ ശിപായി ആയിരുന്ന മന്ദീപ് സിംഗിന്റെ മരണം ഇന്ത്യന്‍ സൈനികരില്‍ രോഷം വളര്‍ത്തിയതിന് പിന്നാലെയാണ് ഏഴ് പാകിസ്ഥാന്‍ സൈനികര്‍ വെടിയേറ്റ് മരിച്ചിരിക്കുന്നത്. കാല പോസ്റ്റിന് മുമ്പുള്ള നിയന്ത്രണരേഖയ്ക്ക് സമീപം പെട്രോളിംഗ് നടത്തുന്നതിനിടയില്‍ കാണാതായ മന്ദീപ് സിംഗിന്റെ വികൃതമായ ശവശരീരം കഴിഞ്ഞ ദിവസം കണ്ടെടുക്കപ്പെട്ടിരുന്നു.

‘നിയന്ത്രണരേഖയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ കാശ്മീര്‍ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള പ്രയോജനരഹിതമായ ശ്രമങ്ങളാണ് ഇന്ത്യന്‍ സൈന്യം നടത്തുന്നത്,’ എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. സൈനികരുടെ കൊലപാതകത്തെ കുറിച്ചുള്ള ആശങ്ക അറിയിക്കാനും നിയന്ത്രണരേഖയില്‍ ഇന്ത്യ ‘പ്രകോപനമില്ലാതെ’ നടത്തുന്ന ആക്രമണം എന്ന് പാകിസ്ഥാന്‍ വിശേഷിപ്പിക്കുന്ന സ്ഥിതിവിശേഷത്തെ കുറിച്ച് ധരിപ്പിക്കുന്നതിനുമായി പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബെവാലയെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ‘നിയന്ത്രണരേഖയിലെ ബിംബെര്‍ മേഖലയില്‍ വച്ച് വീരചരമം പ്രാപിച്ചു,’ എന്നതിനപ്പുറം സൈനികര്‍ മരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള ഒരു വിശദാംശങ്ങളും പുറത്തുവിടാന്‍ പാകിസ്ഥാന്‍ കരസേനയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് തയ്യാറായില്ല.

പട്ടാളക്കാര്‍ കൊല്ലപ്പെടുമ്പോള്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പേരുകേട്ടവരാണ് രണ്ട് വിഭാഗവും. ചില സമയങ്ങളില്‍ തലയറുത്തുകൊണ്ട് തന്നെ പ്രതികാരം തീര്‍ക്കാറുമുണ്ട്. ഉദാഹരണത്തിന്, 2011-ല്‍ ഓപ്പറേഷന്‍ ജിഞ്ചര്‍ എന്ന് പേരിട്ട നടപടിയില്‍ ഒരു ഉന്നതോദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് സൈനികരുടെ തല ഇന്ത്യന്‍ സൈനികര്‍ വെട്ടി എടുത്തിയിരുന്നു. രണ്ട് ഇന്ത്യന്‍ സൈനികരെ തട്ടിക്കൊണ്ടുപോയതിന്റെ പ്രതികാരമായാണ് ഇത് ചെയ്തത്. ഇന്ത്യന്‍ സൈനികന്റെ തല പാക്കിസ്ഥാന്‍ സൈനികര്‍ അറത്തെടുക്കുകയും ചെയ്തിരുന്നു. സെപ്തംബറില്‍ നടന്ന സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം, 2003ലെ വെടിനിറുത്തല്‍ കരാര്‍ നഗ്നമായി ലംഘിക്കപ്പെടുന്ന രീതിയിലുള്ള വെടിവെപ്പുകള്‍ നിയന്ത്രണരേഖയില്‍ സര്‍വസാധാരണമായിരിക്കുകയാണ്.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍