UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പഴങ്ങളും പച്ചക്കറികളും കഴിച്ച് മാനസിക സമ്മര്‍ദം കുറയ്ക്കാം!

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുമെന്ന് ഓസ്ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെ പഠനം

പരീക്ഷാ സമ്മര്‍ദം, ജോലിസ്ഥലത്തെയും കുടുംബത്തിലെയും സമ്മര്‍ദം ഇങ്ങനെ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ സമ്മര്‍ദത്തിനടിപ്പെടുന്ന കാലമാണിത്. മാനസിക സമ്മര്‍ദം ഒരാളെ രോഗി ആക്കുകയും ചെയ്യും. സമ്മര്‍ദം അകറ്റാന്‍ യോഗ, ധ്യാനം ഇവയെല്ലാം സഹായിക്കും. എന്നാല്‍ ഭക്ഷണ രീതിയില്‍ മാറ്റം വരുത്തിയാല്‍ സമ്മര്‍ദം അകറ്റാന്‍ കഴിയുമോ? സമ്മര്‍ദത്തെ നേരിടാന്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി എന്നാണ് ഓസ്ട്രേലിയന്‍ ഗവേഷകര്‍ പറയുന്നത്.

45 വയസിനു മുകളില്‍ പ്രായമുള്ള അറുപതിനായിരം പേരിലാണ് പഠനം നടത്തിയത്. അവരുടെ ജീവിത ശൈലീ ഘടകങ്ങള്‍, പഴം പച്ചക്കറി ഉപഭോഗം, മാനസിക നില ഇവയല്ലാം കണക്കാക്കി. ദിവസവും മൂന്നോ നാലോ തവണ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവര്‍ക്ക് ദിവസം ഒരു നേരം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരെ അപേക്ഷിച്ചു മാനസിക പിരിമുറുക്കത്തിനുള്ള സാധ്യത 12%കുറവാണെന്ന് കണ്ടു.

ദിവസം മൂന്നോ നാലോ തവണ പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദത്തിനുള്ള സാധ്യത 18%കുറവാണെന്ന് കണ്ടു. ഉത്ക്കണ്ഠ വിഷാദം ഇവ അളക്കാന്‍ പത്തിനങ്ങള്‍ ഉള്‍പെട്ട ചോദ്യാവലി നല്‍കി. കെസ്ലര്‍ സൈക്കോ ള ജിക്കല്‍ ഡിസ്‌ട്രെസ്സ് സ്‌കെയില്‍ ഉപയോഗിച്ചു ഇവ അളന്നു.

ഓസ്ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷക ആയ മെലഡി ഡിങ്ങിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്. മിതമായ അളവില്‍ ദിവസവും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുമെന്നും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് ആണ് ഇത് കൂടുതല്‍ ഗുണം ചെയ്യുന്നത് എന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ആയ ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍