UPDATES

കാശ്മീര്‍ സൈനികകേന്ദ്രത്തിലെ തീവ്രവാദി ആക്രമണം; രാജ്നാഥ് സിങിന്റെ വിദേശയാത്ര മാറ്റിവെച്ചു

Avatar

അഴിമുഖം പ്രതിനിധി

ജമ്മു-കാശ്മീരിലെ സൈനികകേന്ദ്രത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ വിദേശയാത്ര മാറ്റിവെച്ചു. നിയന്ത്രണരേഖക്ക് സമീപമുള്ള ഉറിയില്‍ സൈനികകേന്ദ്രത്തിന് നേരെ ഇന്ന് വെളുപ്പിനെ നാലുമണിയോടെയാണ് ആക്രമണം നടന്നത്.

തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് രാജ്നാഥ് സിങ് നടത്താനിരുന്ന റഷ്യ, യുഎസ് സന്ദര്‍ശനം നീട്ടിവെച്ചു. തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷയ്ക്കായി ഗവര്‍ണറും പ്രധാനമന്ത്രിയും ഉള്‍പ്പടെയുള്ള ഉന്നതലയോഗം വിളിച്ചിട്ടുണ്ടെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.

ഫിദായിന്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് പരിസരത്ത് നാലു തീവ്രവാദികള്‍ കയറിയിട്ടുണ്ടെന്നാണ് നിഗമനം. സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ചില ബാരക്കുകള്‍ നശിച്ചിട്ടുണ്ട്. കൂടാതെ പത്തോളം സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാരമുള്ള ജില്ലയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്.

കാശ്മീര്‍ സംഘര്‍ഷം: മൂവായിരത്തിലധികം സൈനികരെ വിന്യസിച്ചു
ശ്രീനഗറിലെ ഹര്‍വാന്‍ മേഖലയില്‍ പതിമൂന്നുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ നേരിടാന്‍ കാശ്മീരിന്റെ തെക്ക്-വടക്കന്‍ പ്രദേശങ്ങളില്‍ ആര്‍മിയുടെ നാല് ബെറ്റാലിയനെ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ പ്രക്ഷോഭത്തില്‍ നാസിര്‍ ഷാഫി ഖ്വാസി(മോമിന്‍ അല്‍ത്താഫ്) എന്ന എഴാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

സംഘര്‍ഷമേഖലയായ ഖുല്‍ഗ്രാം,പുല്‍വ്മ,ഷോപ്പിന്‍,അനന്തനാഗ് തുടങ്ങിയ ഇടങ്ങളില്‍ മൂവായിരത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടാതെ പ്രശ്‌നബാധിത ജില്ലകളായ വടക്കന്‍ കാശ്മീരില്‍ (കൂപ്പുവാര,ബാരമുള്ള,ബന്ദിപ്പൂര) ആയിരത്തോളം സൈനികരെ വിന്യസിച്ചു. അറുപതോളം പ്രക്ഷോഭകര്‍ 24 മണിക്കൂര്‍ നേരത്തേക്ക് കരുതല്‍ തടങ്കലിലാണ്.

നാസിറിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ ആയിരത്തോളം ആളുകളാണ് എത്തിയത്. ആളുകളും പ്രക്ഷോഭകാരികളും പിരിഞ്ഞുപോകുവാന്‍ സുരക്ഷസേന പ്രയോഗിച്ച ടിയര്‍ഗ്യാസില്‍പ്പെട്ട് നൂറോളംപേര്‍ക്ക് പരുക്കേറ്റു. സുരക്ഷാ സേനയും ജനക്കൂട്ടവും തമ്മിലുണ്ടായ സംഘര്‍ഷത്തിനു ശേഷം പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ നിലയില്‍ നാസിറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

എന്നാല്‍ സുരക്ഷാ സേന പറയുന്നത് പെല്ലറ്റുകള്‍ ഉപയോഗിച്ചത് സുരക്ഷിതമായ അകലത്തിലാണെന്നും ഇതു മൂലം മരണം സംഭവിക്കാന്‍ സാധ്യതയില്ലെന്നുമാണ്. നാസിറിന്റെ മരണത്തെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനാല്‍ ശനിയാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍