UPDATES

വിദേശം

മൂന്നാം ലോകമഹായുദ്ധത്തിന്റെ ചെറിയ പതിപ്പില്‍നിന്നുള്ള മുറിവടയാളങ്ങള്‍

Avatar

മൗറ ജുദ്കിസ്, ഗ്രിഫി വിറ്റെ, ബ്രയാന്‍ മര്‍ഫി
വാഷിംഗ്ടണ്‍ പോസ്റ്റ്

ഇസ്ലാമിക് സ്റ്റേറ്റ് പാരിസിലുടനീളം നടത്തിയ ഭീകരാക്രമണങ്ങളെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ ഐഎസിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കി. 127 പേരുടെ മരണത്തിനിടയാക്കിയ കൂട്ടആക്രമണത്തിന് ഇരയായ ഫ്രാന്‍സും സഖ്യകക്ഷികളും വെറുതെയിരിക്കില്ലെന്ന സൂചനയാണ് ഒലോന്‍ദ നല്‍കിയത്.

രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഫ്രാന്‍സ് നേരിടുന്ന ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു വെള്ളിയാഴ്ചത്തേത്. 2001 സെപ്റ്റംബര്‍ 11ലെ ഐ എസ് അക്രമത്തിനുശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട ഭീകരാക്രമണമാണിത്.

ഒലോന്‍ദയുടെ മുന്നറിയിപ്പ് വന്നു നിമിഷങ്ങള്‍ക്കകം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തുവന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിനു തെളിവാണ് പാരിസ് സംഭവം. കൂടുതല്‍ ആളുകളെ സംഘത്തില്‍ ചേര്‍ത്തും വ്യാപകമായ പ്രചാരണതന്ത്രങ്ങള്‍ വഴിയും മുന്‍പ് അപ്രാപ്യമായിരുന്ന പലയിടത്തും അവര്‍ക്ക് കടന്നുകയറാനാകുന്നു. ശത്രുക്കള്‍ക്കെതിരെ കമാന്‍ഡോ രീതിയിലുള്ള ആക്രമണം നടത്താനാകുംവിധം പരിശീലനരീതികള്‍ മെച്ചപ്പെടുന്നതിനും ഈ സംഭവം തെളിവാണ്.

പോപ്പ് ഫ്രാന്‍സിസ് വിശേഷിപ്പിച്ചതുപോലെ ‘മൂന്നാം ലോകമഹായുദ്ധത്തിന്റെ ചെറിയ പതിപ്പില്‍നിന്നുള്ള മുറിവ് അടയാളങ്ങളാ’ണ് പാരിസിലെങ്ങും. പക്ഷികളെയെന്നപോലെയാണ് ഇരകളെ ഭീകരര്‍ വെടിവച്ചിട്ടതെന്നാണ് സംഭവത്തെ ബാറ്റാക്ലാന്‍ കണ്‍സര്‍ട്ട് ഹാളില്‍നിന്നു രക്ഷപെട്ട ഒരാള്‍ വിവരിച്ചത്.

മുന്നൂറിലധികം ആളുകള്‍ പരുക്കേറ്റു ചികില്‍സയിലാണ്. എന്നാല്‍ മരണസംഖ്യ 127ല്‍ അധികമാകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു. വിവിധ ആക്രമണസ്ഥലങ്ങളില്‍ നിന്നുള്ള കണക്കെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു.

ആക്രമണത്തെത്തുടര്‍ന്ന് യൂറോപ്പിലെവിടെയും സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കി. സാധാരണഗതിയില്‍ തുറന്നുകിടക്കുന്ന അതിര്‍ത്തികളില്‍ ഇപ്പോള്‍ പരിശോധന ശക്തമാണ്. ദുരൂഹസാഹചര്യത്തില്‍ ഒരു പാക്കറ്റ് കണ്ടതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലെ ഒരു ടെര്‍മിനല്‍ ഒഴിപ്പിച്ചു. ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് നടത്താനിരുന്ന സന്ദര്‍ശനം ഉപേക്ഷിച്ചു.

അമേരിക്കയിലെ പ്രധാന പട്ടണങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ പരുക്കേറ്റ അമേരിക്കക്കാരുടെ പട്ടികയുണ്ടാക്കാനുള്ള ശ്രമം തുടരുകയാണെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് വക്താവ് മാര്‍ക്ക് ടോണര്‍ അറിയിച്ചു.

പാരിസിനു പുറത്തുള്ള ചാള്‍സ് ദെഗൗള്‍ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് പരിശോധനയ്ക്ക് പുതുതായി നിലവില്‍ വന്ന സംവിധാനത്തിലൂടെ കടന്നുപോകവെ സ്‌പെയിനില്‍ നിന്നുള്ള മരീന അല്‍കോണ്‍ പറഞ്ഞു, ‘ഇതാണ് ഇനിയുള്ള യൂറോപ്പ്.’

മൂന്നു ദിവസത്തെ ദുഃഖാചരണത്തിലൂടെ കടന്നുപോകുകയാണ് പാരിസ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കിടയിലും ഈ മാസാവസാനം നടക്കാനിരിക്കുന്ന കാലാവസ്ഥ ഉച്ചകോടിക്കുള്ള തയാറെടുപ്പുകള്‍ തുടരുകയെന്ന വെല്ലുവിളിയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കുമുന്നിലുള്ളത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ള ലോകനേതാക്കളാണ് ഉച്ചകോടിക്കെത്തുന്നത്. ഉച്ചകോടി റദ്ദാക്കാന്‍ പരിപാടിയില്ലെന്നു ഫ്രാന്‍സ് വ്യക്തമാക്കിക്കഴിഞ്ഞു.

ഫ്രഞ്ച്, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ഐഎസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വളരെക്കാലംകൊണ്ട് ആസൂത്രണം ചെയ്തവയാണ് ആക്രമണങ്ങള്‍ എന്നു പറഞ്ഞു. ‘യൂറോപ്പില്‍ കുരിശുചുമക്കുന്ന രാജ്യത്തിന്റെ തലസ്ഥാന’മെന്ന് പാരിസിനെ വിശേഷിപ്പിച്ച ഐഎസ് പടിഞ്ഞാറിനെ അവരുടെ സ്വന്തം നാട്ടില്‍ ഭയപ്പെടുത്തുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞു.

ആക്രമണം നടത്തിയവരെപ്പറ്റി വളരെക്കുറച്ചു വിവരങ്ങളേ പുറത്തുവന്നിട്ടുള്ളൂ. നാഷനല്‍ സോക്കര്‍ സ്‌റ്റേഡിയത്തില്‍ കൊല്ലപ്പെട്ട അക്രമിയുടെ ശരീരത്തില്‍നിന്ന് സിറിയന്‍ പാസ്‌പോര്‍ട്ട് കണ്ടെടുത്തതാണ് ഏക സൂചന.

രാജ്യമാകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് ഒലോന്‍ദ രാജ്യത്തിനുപുറത്ത് ആസൂത്രണംചെയ്യപ്പെട്ടതാണ് സംഭവമെന്നു പറഞ്ഞു. കരുണയില്ലാതെ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

പാരിസിനു മേലുള്ള ആക്രമണം ലോകത്തെവിടെയും ഫ്രാന്‍സ് പ്രതിനിധീകരിക്കുന്ന മൂല്യങ്ങള്‍ക്കുമേലുള്ള ജിഹാദികളുടെ കടന്നുകയറ്റമാണെന്ന് ഒലാന്‍ദ പറഞ്ഞു.’ഫ്രാന്‍സ് സ്വാതന്ത്ര്യത്തിന്റെ രാജ്യമാണെന്നത് ലോകമാകെ വിലമതിക്കുന്ന കാര്യമാണ്.’

സിറിയയിലും ഇറാഖിലും ഐഎസിനെതിരെ യുഎസ് സഖ്യം നടത്തുന്ന സൈനിക നടപടിയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് ഒലോന്‍ദ നല്‍കുന്ന സൂചന. വെള്ളിയാഴ്ച ഐഎസിന്റെ ഒരു പ്രധാന ചരക്കുനീക്ക പാത തകര്‍ക്കാന്‍ ഉത്തര ഇറഖിലെ കുര്‍ദ് പോരാളികള്‍ക്കു കഴിഞ്ഞു.

വിയന്നയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജിലാവറോവും തമ്മില്‍ നടത്താനിരുന്ന സ്വകാര്യകൂടിക്കാഴ്ച വെട്ടിച്ചുരുക്കി. സിറിയയിലെ പ്രതിസന്ധിയെപ്പറ്റിയുള്ള ചര്‍ച്ചയ്‌ക്കെത്തിയതാണ് ഇരുവരും. സെപ്റ്റംബറില്‍ റഷ്യ സിറിയയില്‍ സേനാനടപടി ആരംഭിച്ചിരുന്നു.

ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും നികൃഷ്ടവും ഭയാനകവും നിഷ്ഠൂരവും ഒരിക്കലും അംഗീകരിക്കാനാകാത്തവയുമാണെന്ന് കെറി ചൂണ്ടിക്കാട്ടി. ഇവ ഐഎസിനെ തകര്‍ക്കാനുള്ള നിശ്ചയത്തെ കൂടുതല്‍ ഉറപ്പിക്കുന്നുവെന്നും കെറി പറഞ്ഞു.

അതേസമയം ഇതുവരെ കാണാത്തതരം നിയന്ത്രണങ്ങളിലാണ് ഫ്രാന്‍സ്. പൊതുസ്ഥലങ്ങള്‍ മിക്കവയും അടഞ്ഞുകിടക്കുന്നു. പാരിസിലും മറ്റും സൈനികരുടെ സാന്നിധ്യം പ്രകടമാണ്. ഈഫല്‍ ടവര്‍അടച്ചു.

‘റയില്‍വേ സ്റ്റേഷന്‍ ഇന്ന് വളരെ ശാന്തമായിരുന്നു’, ആക്രമണമുണ്ടായ സ്ഥലങ്ങളിലേക്ക് പൊലീസ് ഇരച്ചുകയറുന്നതു കണ്ട് വീടിനുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിതതനായ മാഷ്യോ പോണ്‍സ് പറഞ്ഞു. ‘എല്ലായിടത്തും കനത്ത നിശബ്ദത.’

ടൊറന്റോ നിവാസിയായ മാക്‌സ് മാന്‍ഡെലിന് സംഭവം ന്യൂയോര്‍ക്ക് ഇരട്ട ടവര്‍ ആക്രമണത്തിനു സമാനമായാണ് അനുഭവപ്പെട്ടത്. ന്യൂയോര്‍ക്ക് സംഭവസമയത്ത് മാക്‌സ് അവിടെയായിരുന്നു.

റസ്റ്ററന്റുകള്‍, സോക്കര്‍ സ്‌റ്റേഡിയം, കണ്‍സര്‍ട്ട് ഹാള്‍ എന്നിങ്ങനെ ആറിടത്താണ് വെള്ളിയാഴ്ച ആക്രമണം നടന്നത്. ജനുവരിയില്‍ ചാര്‍ലി ഹെബ്ദോ മാസികയുടെ ഓഫിസിലും തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റിലുമായി 17 പേരെ ഐഎസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയശേഷമുള്ള ആദ്യസംഭവം.

കുടിയേറ്റക്കാരെക്കൊണ്ടുള്ള പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന യൂറോപ്പിനുമേല്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ച്ച തെളിയിക്കുന്ന സംഭവം കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും. ഐഎസും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും വാഴ്ത്തിയ ആക്രമണം ഫ്രഞ്ച് സുരക്ഷാസംവിധാനത്തിലെ പാളിച്ചയും വെളിച്ചത്തുകൊണ്ടുവന്നു. ആക്രമണത്തിന്റെ കൃത്യതയും മികവും കണ്ടവര്‍ ചോദിക്കുക ഇതിന്റെ ആസൂത്രണം മുന്‍കൂട്ടി അറിയാന്‍ ഫ്രഞ്ച് ഏജന്‍സികള്‍ക്ക് എന്തുകൊണ്ട് ആയില്ല എന്നാകും.

സംഭവത്തിലുള്‍പ്പെട്ട എട്ടു ഭീകരരും കൊല്ലപ്പെട്ടെങ്കിലും ഇവരുടെ കൂട്ടാളികള്‍ ഇപ്പോഴും റോന്തു ചുറ്റുന്നുണ്ടാകാമെന്ന് പാരിസ് പ്രോസിക്യൂട്ടറുടെ ഓഫിസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

തദ്ദേശീയരും വിനോദസഞ്ചാരികളും ഒരുപോലെ സന്ദര്‍ശിക്കുന്ന, കുറഞ്ഞ സുരക്ഷാസംവിധാനങ്ങളുള്ള സ്ഥലങ്ങള്‍ തെരഞ്ഞുപിടിച്ചായിരുന്നു വെള്ളിയാഴ്ചത്തെ ആക്രമണങ്ങള്‍. 19ാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന ബാറ്റാക്ലാന്‍ കണ്‍സര്‍ട്ട് ഹാളിലാണ് ഏറ്റവുമധികംപേര്‍ കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തിയതോടെ ധരിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് അക്രമികള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സ്വതന്ത്രസഞ്ചാരം സാധ്യമായിരുന്ന യൂറോപ്പിലെങ്ങും നിയന്ത്രണങ്ങള്‍ വന്നുകഴിഞ്ഞു. പാസ്‌പോര്‍ട്ടില്ലാത്ത സഞ്ചാരസ്വാതന്ത്യം നിലനില്‍ക്കുന്ന സ്വീഡന്‍ അതിര്‍ത്തികളിലെല്ലാം പരിശോധന കര്‍ശനമാക്കി. അഭയാര്‍ത്ഥിപ്രവാഹം തടയാനാണിത്. സ്ലോവേനിയ ക്രോയേഷ്യ അതിര്‍ത്തി മുള്‍ക്കമ്പികൊണ്ട് അടച്ചു.

യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കു പിന്നാലെ സംഭവത്തെ അപലപിച്ച ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ പറഞ്ഞതുപോലെ ‘യൂറോപ്പ് അനുഭവിച്ചുള്ളതില്‍ ഏറ്റവും ഭയാനകമായ രാത്രിയാണ് കടന്നുപോയത്.’

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍