UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍ വീണ്ടും അസ്വസ്ഥമാകുമ്പോള്‍

Avatar

ടീം അഴിമുഖം

2000 മാര്‍ച്ച് 20ന് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെയും വഹിച്ചുകൊണ്ടുള്ള എയര്‍ ഫോഴ്‌സ് ഒന്ന് വിമാനം അതിന്റെ ലക്ഷ്യ സ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും രണ്ട് മണിക്കൂര്‍ അകലെയായിരുന്നു അപ്പോഴും. ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ മിക്ക ഭാഗങ്ങളും ഉന്മത്തവും നിറങ്ങളില്‍ മുങ്ങിയിരിക്കുകയുമായിരുന്നു. 

കൂടുതലും സിഖുകാര്‍ പാര്‍ക്കുന്ന ചിത്തിസിംഗ്പുര എന്ന കാശ്മീരിലെ ഉള്‍ഗ്രാമത്തില്‍ അന്ന് വൈദ്യുതി ഉണ്ടായിരുന്നില്ല. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം രാത്രിയില്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണര്‍. അപ്പോള്‍ വയലുകളിലൂടെയും കൃഷിയിടങ്ങളിലൂടെയും കടന്നുവന്ന പട്ടാള വേഷധാരികളായ ഒരു ഡസനോളം വരുന്ന സായുധധാരികള്‍ ആളുകളോട് ഗുരുദ്വാരയ്ക്ക് സമീപം നിരനിരയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ആരാണ് ഈ പട്ടാള വേഷധാരികള്‍ എന്നത് ഇപ്പോഴും ദുരൂഹതയുടെ മൂടുപടത്തില്‍ ഒളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒന്നുറപ്പാണ്. ഇന്ത്യന്‍ ചരിത്രം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കൊലയില്‍ അന്ന് അവര്‍ ഉതിര്‍ത്ത വെടിയുണ്ടകളേറ്റ് 36 സിഖുകാരുടെ ജീവനാണ് നഷ്ടമായത്. 

നിഷ്‌കളങ്കരും ദരിദ്രരുമായ ആ സിഖുകാരെ കൂട്ടക്കൊല ചെയ്തത് ആരാണ് എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതൊരു സാധാരണ ഭീകരാക്രമണം ആയിരുന്നില്ല എന്ന് ചിത്തിസിംഗ്പുര സന്ദര്‍ശിച്ച നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായിരുന്നു. ഗ്രാമം വിടുമ്പോള്‍, കൊലപാതകികള്‍ റം കുടിക്കുകയും ‘ജയ് മാതാ ദി’ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നതായി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഓര്‍ക്കുന്നു. അത് ലഷ്‌കര്‍-ഇ-തോയ്ബ ആണെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ അവകാശപ്പെടുന്നത്. അന്ന് രാത്രി ഡല്‍ഹിയിലെത്തിയ പ്രസിഡന്റ് ക്ലിന്റണ്‍, പിറ്റെ ദിവസവും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും തന്റെ വാക്കുകളില്‍ അതീവ സൂക്ഷ്മത പുലര്‍ത്തി. അദ്ദേഹം ഒരിക്കലും ഇസ്ലാമിക് ഭീകരരെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തിയില്ല എന്ന് മാത്രമല്ല, ഒരിക്കല്‍ ‘ഹിന്ദു തീവ്രവാദികളെ’ കുറ്റപ്പെടുത്തിയെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. 

യുദ്ധത്തിന്റെ മൂടല്‍മഞ്ഞ് എന്നത് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല, ഇന്ത്യയില്‍ അത് കൂടുതല്‍ ഏകതാനവുമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മധ്യേന്ത്യയിലുമൊക്കെ സംശയാസ്പദമായ നിരവധി കൊലപാതകങ്ങളും ആക്രമണങ്ങളും നടക്കുന്നുണ്ടെങ്കിലും കുറ്റവാളികള്‍ ഒരിക്കലും തിരിച്ചറിയപ്പെടുന്നില്ല. 

ഇതിന് സമാനമായ ചില സംഭവങ്ങളാണ് ഈ ദിവസങ്ങളില്‍ കാശ്മീരിലും അരങ്ങേറുന്നത്. 

സമീപ സമയത്ത് ഏകദേശം 15 മൊബൈല്‍ ഫോണ്‍ ടവറുകള്‍ തീവ്രവാദികള്‍ എന്ന് ആരോപിക്കുന്നവര്‍ ലക്ഷ്യം വച്ചു. എന്നാല്‍ പ്രാദേശിക ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ ഗുണം ചെയ്യുന്ന ഒന്നിനെയും തീവ്രവാദികള്‍ ലക്ഷ്യം വച്ചതായി കേട്ടിട്ടില്ലാത്തതിനാല്‍, ഇത് വളരെ അവിശ്വസനീയമാണ്. പ്രാദേശിക ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തിക്കും അവര്‍ മുതിരാറില്ല. ഭീകരരുടെ ആശയവിനിമയാര്‍ത്ഥം സോപൂരില്‍ സ്ഥാപിച്ചിരുന്ന ഒരു മോട്ടറോള സെറ്റ് ഇന്ത്യന്‍ സൈനികര്‍ പിടിച്ചെടുത്തതാണ് ഇപ്പോള്‍ ഭീകരരെ മൊബൈല്‍ ടവറുകള്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് ന്യൂഡല്‍ഹി നല്‍കുന്ന ഔദ്യോഗിക വിശദീകരണം. മൊബൈല്‍ കമ്പനികളുടെ ചതിക്കെതിരായ തിരിച്ചടി എന്ന നിലയിലാണത്രെ അവര്‍ മൊബൈല്‍ ടവറുകള്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതൊരു വിചിത്ര വിശദീകരണമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. 

ആക്രമണത്തിന് പിന്നില്‍ ആരായാലും ഒരു കാര്യം വ്യക്തമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുകയും അജിത് ഡോവല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിക്കപ്പെടുകയും ചെയ്ത ശേഷം, കാശ്മീരിലെ സംഘര്‍ഷങ്ങളില്‍ പെട്ടെന്നുള്ള വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, ഏകദേശം 15 വര്‍ഷത്തോളം മന്ദീഭവിച്ച് നിന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ആശങ്കയുളവാക്കുന്ന കാര്യം തന്നെയാണ്. 

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാസമ്പന്നരായ ഏതാനും ചെറുപ്പക്കാര്‍ തീവ്രവാദികളോടൊപ്പം ചേര്‍ന്നിട്ടുണ്ട് എന്ന വസ്തുത ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 

ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസത്തിനുള്ള താഴ്വരയിലുള്ള 33 യുവാക്കള്‍ തീവ്രവാദികളോടൊപ്പം ചേര്‍ന്നതായി പോലീസിന്റെ കണക്കുകള്‍ പറയുന്നു. ഇതോടെ താഴ്‌വരയില്‍ മൊത്തം 142 സജീവ തീവ്രവാദികള്‍ ഉണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. ഈ 142ല്‍ പേരില്‍ 54 പേര്‍ വിദേശികളും 88 പേര്‍ പ്രദേശവാസികളായ യുവാക്കളുമാണ്. വിദേശികളില്‍ ഭൂരിപക്ഷവും പാകിസ്ഥാനില്‍ നിന്ന് വന്നവരും. 

1989ല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം, 1990 കളുടെ പകുതി വരെ ഹിസ്ബുള്‍ മുജാഹിദീന്‍ പോലെയുള്ള ഭീകരവാദ സംഘടനകളില്‍ താഴ്‌വരയില്‍ നിന്നും ആയിരക്കണക്കിന് യുവാക്കളാണ് അണിചേര്‍ന്നത്. എന്നാല്‍ 90കളുടെ പകുതിക്ക് ശേഷം അധികവും പാകിസ്ഥാനികളായ വിദേശികള്‍ക്ക് സംഘടനകളില്‍ ഭൂരിപക്ഷം ലഭിക്കാന്‍ തുടങ്ങി. ഏകദേശം ഒരു ദശാബ്ദത്തോളമായി നിലനിന്ന ശാന്തതയ്ക്ക് ശേഷം ഇപ്പോള്‍ തീവ്രവാദം വീണ്ടും പതുക്കെ തിരികെ വരികയാണ്. എന്നാല്‍ ഇത്തവണ വിദേശികളെക്കാള്‍ പ്രാദേശിക യുവാക്കളാണ് ഇത്തരം സംഘങ്ങളില്‍ അണിചേരുന്നതെന്ന് മാത്രം. ഇത് ന്യൂഡല്‍ഹിയെ അസ്വസ്ഥമാക്കും. 

മോദിയുടെ ഭരണത്തിന് കീഴില്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലും കലാപങ്ങള്‍ സ്ഥായിയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രദേശങ്ങളെ ഇന്ത്യയുടെ അവിഭാജ്യഘടകമായി നമ്മുടെ സര്‍ക്കാരും സുരക്ഷ ഏജന്‍സികളും പരിഗണിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു. മൊബൈല്‍ ടവറുകളെ ലക്ഷ്യം വയ്ക്കുന്നതിനും ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണം മോദി സര്‍ക്കാരല്ല എന്നാശ്വസിക്കുക മാത്രമേ കരണീയമായുള്ളു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍