UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീകരവാദത്തിനെതിരെ ഒളിദൌത്യങ്ങള്‍ ആയിരിക്കരുത് ഇന്ത്യയുടെ വഴി

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

ഭീകരവാദം സംബന്ധിച്ച് ഇന്ത്യ പ്രതിരോധത്തിലാവുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. ഏത് രാജ്യത്തിന്റെയും ഭീകരവാദ ശ്രമങ്ങളെ മുളയിലേ നുള്ളാന്‍ ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനയോട് പാകിസ്ഥാന്‍ ഭരണകൂടവും അനുകൂലികളും അതുകൊണ്ടുതന്നെ വളരെ തീക്ഷ്ണമായി പ്രതികരിച്ചു. മന്ത്രി പറഞ്ഞത് ഇതാണ്. “ഭീകരവാദികളെ നാം ഭീകരവാദികളെക്കൊണ്ടുതന്നെ നിര്‍വ്വീര്യരാക്കേണ്ടതുണ്ട്.” അത് ‘നമ്മുടെ സ്വന്തം ആളുകളെ’ വെച്ചു രഹസ്യ ദൌത്യങ്ങള്‍ നടത്തുകയല്ല എന്നു അദ്ദേഹം പിന്നീട് വിശദീകരിച്ചെങ്കിലും അതൊന്നും അയല്‍ക്കാരെ തൃപ്തരാക്കാന്‍ പോന്നതല്ല.

പാകിസ്ഥാനിലെ സര്‍ക്കാരും, രാഷ്ട്രേതര പങ്കാളികളും ഇന്ത്യയില്‍ ഭീകരാക്രമണത്തിന് കോപ്പുകൂട്ടിയാല്‍ കര്‍ശനമായി നേരിടാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശമാകും പ്രസ്താവനക്ക് പിന്നില്‍-വെടിനിര്‍ത്തല്‍ ലംഘനങ്ങളോട് നിയന്ത്രണരേഖയിലെ വെടിവെപ്പിന് ആക്കം കൂട്ടുന്ന ഡല്‍ഹിയുടെ പുതിയ നയത്തിന് അനുസൃതമായി. കഴിഞ്ഞ ശൈത്യകാലത്ത് അതാണ് നടന്നത്. ഒരുപക്ഷേ പ്രത്യക്ഷത്തിലുള്ള ഒരു പ്രസ്താവന കുറച്ചുകൂടി മെച്ചം ചെയ്തേനെ. ബലൂചിസ്ഥാനിലെ വിമതരെ സഹായിച്ചുകൊണ്ട് പാകിസ്ഥാനുള്ളില്‍ ഒരു നിഴല്‍യുദ്ധം നടത്തുകയാണ് ഇന്ത്യയെന്ന പാകിസ്ഥാന്റെ ഭാഷ്യത്തെ സഹായിക്കാനേ വിവാദം ഉപകരിക്കൂ.

പാകിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആശങ്കകളെ ശരിവെക്കുന്നതാണ് ഈ പ്രസ്താവനയെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി സര്‍താസ് അസീസ് പറഞ്ഞു. കാശ്മീരിലെ വിഘടനവാദത്തിനുള്ള തങ്ങളുടെ എല്ലാ തരത്തിലുമുള്ള പിന്തുണ സന്തുലിതമാക്കി കാണിക്കാന്‍ ബലൂച്ച് വിമതര്‍ക്ക് ഇന്ത്യ സഹായം നല്കുന്നു എന്ന ആരോപണം പാകിസ്ഥാന്‍ ഏറെക്കാലമായി ഉയര്‍ത്തുന്നതാണ്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇത്തരത്തിലുള്ള നിഴല്‍ ദൌത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു എന്നും ഇപ്പോള്‍ ആരോപിക്കുന്നുണ്ട്. വടക്കന്‍ വസീറിസ്ഥാനില്‍ പാകിസ്ഥാന്‍ സേനയുമായി ഏറ്റുമുട്ടുന്ന തെഹ്റീക് ഇ താലിബാന് ന്യൂഡല്‍ഹിയുടെ പിന്തുണയുണ്ടെന്നും ചില നിരീക്ഷകര്‍ പറയുന്നു.

ഇവിടെ ഒരു പ്രധാന തത്വം അപകടത്തിലാകുന്നു. ഇത്തരത്തിലുള്ള ഒളി ദൌത്യങ്ങളോട് പരസ്യമായി അനുഭാവം പ്രകടിപ്പിക്കുക വഴി ഭീകരവാദത്തെ ഒരിക്കലും ഒരു രാജ്യത്തിന്റെ നയമായി മാറ്റിക്കൂട എന്ന തങ്ങളുടെ ശക്തമായ വിശ്വാസത്തെയാണ് ഇന്ത്യ ദുര്‍ബ്ബലമാക്കുന്നത്. വാസ്തവത്തില്‍ 9/11-നു ശേഷം പാകിസ്ഥാനുമായുള്ള നയതന്ത്ര വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അന്താരാഷ്ട്ര സമൂഹത്തില്‍ ഫലപ്രദമായി ‘അതിര്‍ത്തി കടന്നുള്ള ഭീകരവാദം’ അവതരിപ്പിച്ചു എന്നതാണ്. നയതന്ത്ര ലക്ഷ്യങ്ങള്‍ക്കായി ഏതെങ്കിലും തരത്തില്‍ ഭീകരവാദം ഉപയോഗിക്കും എന്ന സൂചന ഇന്ത്യയുടെ ധാര്‍മിക അധികാരത്തെ ഇല്ലാതാക്കും. മാത്രവുമല്ല ഭാവിയില്‍ ഭീകരവാദി ആക്രമണമുണ്ടായാല്‍ തങ്ങളുടെ വാദങ്ങളെയും അത് ദുര്‍ബ്ബലമാക്കും.

ഇതിന് ആഭ്യന്തര പ്രത്യാഘാതങ്ങളുമുണ്ട്. വിദേശത്ത് ഒരു സൌകര്യപ്രദമായ വിലപേശല്‍ ആയുധമായി സര്‍ക്കാര്‍ തന്നെ ഭീകരവാദത്തെ  ഉപയോഗിക്കുമ്പോള്‍  ഭീകരവാദ ആക്രമണങ്ങളുടെ പേരില്‍ മാവോവാദികളെ തടവിലാക്കുന്നതിന് വിശ്വാസ്യത ലഭിക്കാതെ വരും. ഇത് നയതന്ത്രപരമായി കൊണ്ടുനടക്കാനാകില്ല എന്നു മാത്രമല്ല, തിരിച്ചടിക്കാനും സാധ്യതയുണ്ട്-അടിച്ചമര്‍ത്തലുകളും മറ്റ് രാഷ്ട്രീയ സങ്കീര്‍ണതകളും. പാകിസ്ഥാന്റെ അനുഭവത്തില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടെങ്കില്‍, ഭീകരവാദികള്‍ തങ്ങളുടെ യജമാനന്മാരെ അനുസരിക്കുക മാത്രമല്ല, അവര്‍ക്കെതിരെ തിരിയുകയും ചെയ്യും. ഇത്തരം തട്ടിപ്പുകളില്‍ നിന്നും ഇന്ത്യന്‍ നേതാക്കള്‍ വിട്ടുനില്‍ക്കണം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍