UPDATES

വിദേശം

ഫ്രഞ്ച് പള്ളി ആക്രമണം ഉയര്‍ത്തുന്ന മത യുദ്ധഭീതി

Avatar

ജയിംസ് മകൗലി
(വാഷിങ്ടണ്‍ പോസ്റ്റ്)

ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ചൊവ്വാഴ്ച ഉത്തര ഫ്രാന്‍സിലെ ദേവാലയത്തില്‍ നടന്ന ആക്രമണം താരതമ്യേന ചെറുതായിരുന്നു. ഒരു മരണം, ഒരാള്‍ക്കു മാത്രം പരുക്ക്. എന്നാല്‍ ഇതിന്റെ പ്രസക്തി വളരെ വലുതാണ്.

ഗ്രാമീണ ദേവാലയം ഒരു ദേശീയ ചിഹ്നമായി കണക്കാക്കപ്പെടുന്ന ഒരു രാജ്യത്ത് പലരും ഈ ആക്രമണത്തെ കാണുന്നത് വ്യത്യസ്തതകള്‍ നിറഞ്ഞ, എന്നാല്‍ പേരിനു മാത്രം മതനിരപേക്ഷമായ സമൂഹത്തില്‍ ദീര്‍ഘകാലമായി ഉരുത്തിരിഞ്ഞുകൊണ്ടിരുന്ന മതത്തിന്റെ പേരിലുള്ള സാംസ്‌കാരിക യുദ്ധത്തിന്റെ മൂര്‍ധന്യമായാണ്.

കഴിഞ്ഞ ഒന്നരവര്‍ഷമായി ഫ്രാന്‍സിനെ പിടിച്ചുലയ്ക്കുന്ന ഭീകരാക്രമണങ്ങളില്‍ – ചാര്‍ലി ഹെബ്ദോ, ജനുവരി 2015, പാരിസ്, നവംബര്‍ 2015, നീസ്, ഈ മാസം – ഒന്നും തന്നെ പുരാതന കത്തോലിക്കാ രാജ്യമെന്ന ഫ്രാന്‍സിന്റെ പ്രതിച്ഛായയ്ക്കു മേലുള്ള ശക്തമായ ആക്രമണമെന്ന രീതിയില്‍ വീക്ഷിക്കപ്പെട്ടില്ല. എന്നാല്‍ ചൊവ്വാഴ്ചത്തെ ആക്രമണം കത്തോലിക്കാ സംസ്‌കാരത്തിനു മേലുള്ള ആക്രമണമായാണ് യാഥാസ്ഥിതികര്‍ കാണുന്നത്.

ആക്രമണത്തിനു മുതിര്‍ന്ന 19 കാരന്‍ അദേല്‍ കെര്‍മിഷ് ഭീകര വിരുദ്ധ ഉദ്യോഗസ്ഥര്‍ക്കു പരിചിതനായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടുതവണ സിറിയയിലേക്കു കടക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടയാളാണ് കെര്‍മിഷ്. പേരറിയാത്ത മറ്റൊരാള്‍ക്കൊപ്പം പള്ളിയിലെത്തിയ കെര്‍മിഷ് കുര്‍ബാനയ്ക്കിടയിലായിരുന്ന എണ്‍പത്തിനാലുകാരന്‍ ജാക്വെസ് ഹാമെല്‍ എന്ന വൈദികനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഫ്രാന്‍സിലെ മുസ്ലിങ്ങളോട് ഇസ്ലാമിക് രാജ്യങ്ങളിലേക്കു കടക്കാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ആവശ്യപ്പെടുന്നയാളായിരുന്നു കെര്‍മിഷ്.  ഫ്രാന്‍സില്‍ ആക്രമണം നടത്താനും ഇയാള്‍ ആഹ്വാനം നടത്തിയിരുന്നതായി മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വിശകലനം പറയുന്നു.

ആക്രമണ വാര്‍ത്ത വന്ന് ഉടന്‍ തന്നെ മുന്‍പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസ് പ്രതികരിച്ചു. ‘ആക്രമണം ഫ്രാന്‍സിന്റെ ആത്മാവിന്മേലുള്ളതാണ്’ എന്നാണ് ട്വിറ്ററിലൂടെ സര്‍ക്കോസി പറഞ്ഞത്. ‘രാജ്യത്തിന്റെ സാംസ്‌കാരിക വ്യക്തിത്വത്തിനുമേലുള്ള ആക്രമണം’ എന്നാണ് ഫ്രാന്‍സിന്റെ വലതുപക്ഷ നാഷനല്‍ ഫ്രണ്ട് നേതാവ് മാരിന്‍ ലെ പെന്‍ പറഞ്ഞത്.

‘ദശകങ്ങളായി അലസത കൊണ്ട് ഫ്രാന്‍സിനെ ഈ അവസ്ഥയിലെത്തിച്ചവര്‍ ഇനി എന്നാണ് ആവശ്യമായ നടപടിയെടുക്കുക?’ എന്ന് ലെ പെന്‍ ചോദിച്ചു. അവര്‍ക്കും മറ്റുള്ളവര്‍ക്കും ദേവാലയത്തിലെ ആക്രമണം, എത്ര ചെറുതായാലും, കൂടുതല്‍ പേരുടെ ജീവനെടുത്ത മറ്റ് ആക്രമണങ്ങളെക്കാളെല്ലാം ഫ്രാന്‍സിനു മേലുള്ള ഭീഷണിയാണ്.

കണ്‍സര്‍ട്ട് ഹാളിലും കഫേകളിലുമായി 130 പേര്‍ കൊല്ലപ്പെട്ട നവംബറിലെ പാരിസ് ആക്രമണത്തെപ്പറ്റി സര്‍ക്കോസി പറഞ്ഞത് ‘ഭീകരര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്’ എന്നാണ്. ‘ അതീവ മൃഗീയത കൊണ്ട് ഫ്രാന്‍സിന്റെ കേന്ദ്രം ആക്രമിക്കപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു പെന്നിന്റെ പ്രതികരണം.

എന്നാല്‍ ഒരു വൈദികന്റെ കൊലപാതകം ഫ്രാന്‍സിനെ ഫ്രാന്‍സ് ആക്കുന്നതെന്തോ അതിനുമേലുള്ള ആക്രമണമാണ്.

1905 മുതല്‍ മതേതരരാഷ്ട്രമെന്നാണ് അറിയപ്പെടുന്നതെങ്കിലും 45,000 കത്തോലിക്കാ പള്ളികളുള്ള ഫ്രാന്‍സ് അടിസ്ഥാനപരമായി കത്തോലിക്കാ രാജ്യമാണ്. ഇവിടത്തെ പൊതു അവധികളെല്ലാം ക്രിസ്ത്യന്‍ അവധിദിനങ്ങളാണ്.

യൂറോപ്പില്‍ ഏറ്റവുമധികം മുസ്ലിങ്ങളുള്ള രാജ്യവും ഫ്രാന്‍സാണ്. ഇവിടെ മുഖം മറയ്ക്കുന്നത് നിയമവിരുദ്ധമാണ്. കഴിഞ്ഞ മാസം പ്രൈമറി സ്‌കൂളുകളില്‍ അറബി പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം വിവാദമുണ്ടാക്കിയിരുന്നു.

‘ഫ്രാന്‍സില്‍ ഫ്രഞ്ച് സംസ്‌കാരമാണ് ആദ്യം പഠിക്കേണ്ടത്,’ അന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗമായ ബ്രൂണോ ലെ മെയര്‍ ബിഎഫ്എം ടിവിയോടു പറഞ്ഞു. ഫ്രഞ്ച് സംസ്‌കാരത്തില്‍ അറബിക്കോ ഇസ്ലാമിനോ സ്ഥാനമില്ലെന്നതായിരുന്നു അന്തര്‍ധ്വനി.

ഈ സംഘര്‍ഷമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഘടകങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതെന്ന് പല മുസ്ലിങ്ങളും കരുതുന്നു. ചൊവ്വാഴ്ചത്തെ അക്രമം ഇതാണു വീണ്ടും ചര്‍ച്ചാവിഷയമാക്കുന്നത്.

‘ഇവിടെയുള്ള തീവ്ര വലതുപക്ഷഗ്രൂപ്പുകള്‍ക്കും അവിടെയുള്ള ഇസ്ലാമിക് സ്റ്റേറ്റിനും പൊതുവായുള്ളത് ഫ്രഞ്ച് സമൂഹത്തെ വിഭജിക്കുക എന്ന ലക്ഷ്യമാണ്,’ ഫ്രാന്‍സില്‍ ഇസ്ലാമൊഫോബിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഡയറക്ടര്‍ മര്‍വാന്‍ മുഹമ്മദ് പറയുന്നു.

ചൊവ്വാഴ്ചത്തെ ആക്രമണത്തിനു തിരിച്ചടി ഭയക്കുന്നവരാണ് മുസ്ലിങ്ങളിലെ ഒരു വിഭാഗം. എന്നാല്‍ സമുദായത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ബുധനാഴ്ച റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കവേ ഫ്രാന്‍സിലെ ഇസ്ലാമിക് സ്ഥാപനങ്ങള്‍ പരിഷ്‌ക്കരിക്കണമെന്നു വരെ പറയാന്‍ പാരീസിലെ ഗ്രാന്‍ഡ് മോസ്‌കിലെ ഇമാം ദലീല്‍ ബൗബക്യൂര്‍ തയാറായി. എന്തു പരിഷ്‌ക്കരണമാണെന്നു വിശദീകരിച്ചില്ലെങ്കിലും.

‘നമ്മുടെ മതം പഠിപ്പിക്കുന്നതിനെല്ലാം വിരുദ്ധമായി നടന്ന സംഭവത്തെപ്പറ്റി അറിഞ്ഞ എല്ലാ മുസ്ലിങ്ങളുടെയും പേരില്‍ ഖേദവും അവരനുഭവിക്കുന്ന മാനസിക സമ്മര്‍ദവും പ്രകടമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

പോപ് ഫ്രാന്‍സിസും ബുധനാഴ്ച മതയുദ്ധമെന്ന ആശയം തള്ളിക്കളഞ്ഞു. ‘എല്ലാ മതങ്ങളും സമാധാനമാണു കാംക്ഷിക്കുന്നത്.’
 
തീവ്രനിലപാടുകളുള്ള ഒരു ന്യൂനപക്ഷം ഫ്രഞ്ച് വലതുപക്ഷവും മുസ്ലിങ്ങളും തമ്മിലുള്ള സമ്മര്‍ദം വഷളാക്കുമെന്നാണ് മുഹമ്മദിന്റെ ഭയം.

‘ഏതെങ്കിലുമൊരു പക്ഷം പിടിക്കാന്‍ എല്ലാവരെയും നിര്‍ബന്ധിതരാക്കി നമ്മുടെ ജനാധിപത്യത്തെ പ്രതികൂലസാഹചര്യത്തിലെത്തിക്കുക എന്നതാണ് അവരുടെ പ്രധാനലക്ഷ്യം,’ ഐഎസിനെപ്പറ്റി മുഹമ്മദ് പറഞ്ഞു. ‘ ഇതിനുള്ള സാഹചര്യമാണ് മാരിന്‍ ലെ പെന്നും മറ്റുള്ളവരും ഐഎസിന് ഒരുക്കിക്കൊടുക്കുന്നത്.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍