UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്താന്‍കോട്ട് ഭീകരാക്രമണം; മോദിയുടെ മിന്നല്‍ പാക് നയതന്ത്രത്തിന്റെ ഭാവി എന്താകും?

Avatar

ടീം അഴിമുഖം

സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ദിനത്തില്‍ പാക്കിസ്ഥാനില്‍ നടത്തിയ മിന്നല്‍ നയതന്ത്ര നീക്കത്തിന് ആദ്യ തിരിച്ചടിയായി പാക് ഭീകരര്‍ വ്യോമസേനാ കേന്ദ്രത്തിനു നേരെയുള്ള ഭീകരാക്രമണം. പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞു കയറിയതെന്ന് സംശയിക്കപ്പെടുന്ന നാല് തീവ്രവാദികളാണ് പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമ സേനാ കേന്ദ്രത്തിനു നേര്‍ക്ക് ഇന്ന് രാവിലെ ഭീകരാക്രമണം നടത്തിയത്. കനത്ത വെടിവെപ്പുമായി ആക്രമണം അഴിച്ചുവിട്ട നാലു ഭീകരര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികരും മരിച്ചിട്ടുണ്ട്. ഏതാനും വ്യോമസേനാംഗങ്ങള്‍ക്കും സിവിലിയന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 3.30ന് തുടങ്ങിയ ആക്രമണം പത്തുമണി വരെ നീണ്ടു.

 പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയും പുതിയ പരീക്ഷണവുമായിരിക്കുകയാണ് ഈ ആക്രമണം. ഇന്ത്യന്‍ ഭരണകൂടത്തിനുള്ള പുതുവത്സര സമ്മാനവും സന്ദേശവുമാണ് ഈ ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതുവത്സര ദിവസം അതിര്‍ത്തി നുഴഞ്ഞു കടന്നെത്തിയ നാലു ഭീകരര്‍ രണ്ടാം ദിവസം പുലര്‍ച്ചെ തന്നെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ ആക്രമണത്തില്‍ പാക് ഭരണകൂടത്തിലെ ഒരു വിഭാഗമാണോ അതോ മറ്റു ഭീകര സംഘടനകളാണോ എന്നത് ഒരിക്കലും വ്യക്തമായി എന്നുവരികയില്ല. എങ്കിലും ഇത്തരമൊരു അപ്രതീക്ഷിത യുദ്ധ കാര്‍മേഘം ഇന്ത്യയേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

പുലര്‍ച്ചെ 3.30-നാണ് ഭീകരര്‍ വ്യോമസേനാ കേന്ദ്രത്തിലെത്തിയതെന്ന് വ്യോമസേനാ വൃത്തങ്ങള്‍ പറയുന്നു. അതീവ സുരക്ഷയുള്ള ഇവിടേക്ക് ഭീകരര്‍ എങ്ങനെ പ്രവേശിച്ചു എന്ന് വ്യക്തമല്ല. സൈനിക വേഷത്തില്‍ ഔദ്യോഗിക കാറിലാണ് ഭീകരര്‍ സേനാ കേന്ദ്രത്തിലെത്തിയതെന്ന് ചിലര്‍ പറയുന്നു. അതേസമയം തൊട്ടടുത്ത ഒരു കെട്ടിടത്തില്‍ നിന്ന് വെടിവെപ്പ് ആരംഭിച്ച് കേന്ദ്രത്തിലേക്ക് അതിക്രമിച്ചെത്തുകയായിരുന്നെന്നും പറയപ്പെടുന്നു.

വ്യോമ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞെങ്കിലും ഭീകരര്‍ക്ക് മിഗ്21 യുദ്ധവിമാനങ്ങളടക്കം സൂക്ഷിച്ചിരിക്കുന്ന സുപ്രധാന സ്ഥലത്തെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകള്‍, പൊലീസ്, കരസേന, ബിഎസ്എഫ് എന്നിവര്‍ ചേര്‍ന്നാണ് ഭീകരരെ നേരിട്ടത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോകളുടെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി പത്താന്‍കോട്ടിലെ ഒരു പൊലീസ് സുപ്രണ്ടന്റിനെ തട്ടിക്കൊണ്ടുപോയ അതേ സംഘമാണ് ഭീകരാക്രമണം നടത്തിയതെന്ന് സൂചനയുണ്ട്. എസ്പി സല്‍വീന്ദര്‍ സിംഗിനേയും സംഘത്തെയും ആക്രമിച്ച് വാഹനം തട്ടിയെടുത്തശേഷം ആദ്യം എസ് പിയെ ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറം ഉപേക്ഷിച്ചു. പിന്നീട് ആക്രമികള്‍ പത്താന്‍കോട്ടിനടുത്ത് ഒരാളെ വാഹനത്തില്‍ നിന്നും പിടിച്ചിറക്കി ആക്രമിക്കുകയും മറ്റൊരാളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആക്രമത്തിനിരയായ ആളെ മരിച്ചെന്ന് സംശയിച്ച് പഞ്ചാബ്-ഹിമാചല്‍ അതിര്‍ത്തിയില്‍ ആക്രമികള്‍ ഉപേക്ഷിക്കുകയായിരുന്നു. പാക്ക് അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രമാണ് ഇവിടെ നിന്നുള്ള ദൂരം.

പാക്കിസ്ഥാനുമായി സമാധാനമുണ്ടാക്കാനുള്ള മോദിയുടെ ശ്രമങ്ങളുടെ ആദ്യ പരീക്ഷണമാണ് ഈ ഭീകരാക്രമണം. കരുത്തുറ്റ എന്‍ഡിഎ സര്‍ക്കാര്‍ ഈ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് ആഗോളസമൂഹം ഉറ്റുനോക്കുകയാണ്. ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നാണ് എത്തിയത് എന്നതിന് തെളിവുകള്‍ കണ്ടെത്തുക പ്രയാസമല്ല. എന്നാല്‍ പാക് ഭരണകൂടത്തെ കുറ്റപ്പെടുത്തി സമാധാന ശ്രമങ്ങളില്‍ നിന്ന് പിന്തിരിയാന്‍ മതിയായ ഒന്നാകുമോ ഈ ആക്രമണം എന്ന ചോദ്യവും നിലനില്‍ക്കുന്നു.

പാക്ക് അതിര്‍ത്തിവഴി നുഴഞ്ഞു കയറിവരുന്ന ഭീകരര്‍ ഇന്ത്യയിലെത്തിയ ഉടന്‍ ഉന്നത കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പൊടുന്നനെ ആക്രമണം നടത്തുക എന്ന പുതിയ രീതിയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്നത്. കഴിഞ്ഞ ജൂലൈയില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ഗുരദാസ്പൂരില്‍ സമാന ആക്രമണം നടത്തിയിരുന്നു.

എന്നാല്‍ വലിയ യുദ്ധവിമാന സന്നാഹങ്ങള്‍ അടക്കമുള്ള ഒരു സുപ്രധാന വ്യോമ കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രണത്തിന്റെ പ്രത്യാഘാതം ഗുരുദാസ്പൂര്‍ ആക്രമണത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഒരു സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിച്ചു തള്ളിക്കൊണ്ടു മാത്രം മറുപടി നല്‍കാനാവില്ല. മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രത്യക്ഷവും ശക്തവുമായ നടപടികള്‍ എന്തൊക്കെയാണെന്നും പുതിയ സമാധാന ശ്രമങ്ങളുടെ വിധി വരും ദിവസങ്ങളില്‍ എന്താകുമെന്നും കാണാനിരിക്കുന്നേയുള്ളൂ.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍