UPDATES

സിനിമ

‘ഡര്‍ട്ടി ലിറ്റില്‍ സീക്രട്ട്’; അശ്ലീലചിത്ര അഡിക്ഷനെ കുറിച്ച് ഹോളിവുഡ് നടന്‍ ടെറി ക്രൂസിന്‍റെ കുമ്പസാരം

Avatar

ജസ്റ്റിന്‍ ഡബ്ലിയുഎം മോയെര്‍ 
(വാഷിങ്ടണ്‍ പോസ്റ്റ്)

ടെറി ക്രൂസ് തന്റെ ബഹുമാന്യത പടുത്തുയര്‍ത്തിയത് ഒരു കാര്യത്തിലല്ല. നടനായി മാറിയ മുന്‍ എന്‍എഫ്എല്‍ കളിക്കാരന്‍ ഓര്‍മിക്കപ്പെടുന്നത് ‘വൈറ്റ് ചിക്‌സ്’ പോലുള്ള സിനിമകളിലെ അഭിനയത്തിനാണ്. ‘എവരിബഡി ഹേറ്റ്‌സ് ക്രിസി’ലെ ക്രിസ് റോക്കിന്റെ ഒരു സാങ്കല്‍പികരൂപത്തിന്റെ പിതാവിന്റെ റോളും ക്രൂസിന്റേതായി ഓര്‍മിക്കപ്പെടുന്നു. ഇവയ്ക്കു പുറമെ, ഓള്‍ഡ് സ്‌പൈസ് താരമായിരുന്നു ക്രൂസ്.

എന്നാല്‍ വയാന്‍സ് ബ്രദേഴ്‌സ് കോമഡികളിലും ഡിയോഡറന്റ് പരസ്യങ്ങളിലും ജിമ്മി ഫാലണുമായി ചേര്‍ന്നുള്ള ‘നിപ് സിങ്കിങ്ങി’ലും ഒതുങ്ങുന്നതല്ല തന്റെ കഴിവുകള്‍ എന്ന് ക്രൂസ് ഈ മാസം തെളിയിച്ചു. ജീവിതകാലം മുഴുവന്‍ നീണ്ട അശ്ലീലചിത്ര അഡിക്ഷനെപ്പറ്റിയും അതില്‍നിന്ന് എങ്ങനെ മുക്തി നേടി എന്നതിനെപ്പറ്റിയുമാണ് 20 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ വിഡിയോയില്‍ ക്രൂസ് പറയുന്നത്.

‘വര്‍ഷങ്ങളോളം എന്റെ വൃത്തികെട്ട ചെറിയ രഹസ്യം ഇതായിരുന്നു. ഞാന്‍ അശ്ലീലത്തിന് അടിമയായിരുന്നു,’ ‘ഡര്‍ട്ടി ലിറ്റില്‍ സീക്രട്ട്’ എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ക്രൂസ് പറയുന്നു. ‘ പോണോഗ്രഫി പല തരത്തില്‍ എന്റെ വ്യക്തി ജീവിതത്തെ കുഴച്ചുമറിച്ചു.’

ക്രൂസിന്റെ കുറ്റസമ്മതവുമായി മൂന്ന് വിഡിയോകളാണ് ഇതുവരെ പുറത്തുവന്നത്. കൂടുതല്‍ വരാനിരിക്കുന്നു. എന്തുകൊണ്ടാണ് അശ്ലീലത്തിന് ആളുകള്‍ അടിപ്പെടുന്നതെന്നും എങ്ങനെ അതില്‍നിന്ന് മുക്തി നേടാമെന്നുമാണ് ക്രൂസ് ഇവയില്‍ പറയുന്നത്. ‘ആറ്, ഏഴ് വര്‍ഷം പുനരധിവാസ ചികിത്സയ്ക്കു വിധേയനാകേണ്ടിവന്നു’വെന്നും ക്രൂസ് പറയുന്നു. ഭാര്യയുമായുള്ള ബന്ധത്തെ ഇത് കാര്യമായി ബാധിച്ചുവെന്ന് ക്രൂസ് സമ്മതിക്കുന്നു. അഞ്ചുമക്കളുടെ അച്ഛനായ തനിക്ക് ഇരട്ടജീവിതം നയിക്കേണ്ടിവന്നുവെന്നും ക്രൂസ് പറയുന്നു.

‘പുരുഷനായതിനാല്‍ എനിക്ക് ഭാര്യയെക്കാള്‍ വിലയുണ്ടെന്നു ഞാന്‍ കരുതി. ഒരാള്‍ക്ക് മറ്റൊരാളെക്കാള്‍ വിലയുണ്ടെന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ അയാള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്ന തോന്നലും ഉണ്ടാകുന്നു. എനിക്ക് തെറ്റിപ്പോയി.’

12-ആം വയസില്‍ താന്‍ ഉപയോഗിച്ചുതുടങ്ങിയ മാധ്യമത്തെപ്പറ്റി ക്രൂസിന്റെ വിമര്‍ശനം അതിശക്തമായിരുന്നു. ‘ ആളുകളെ നിങ്ങള്‍ കാണുന്ന രീതി തന്നെ മാറുന്നു. അവര്‍ വസ്തുക്കളായി മാറുന്നു. സ്‌നേഹിക്കപ്പെടേണ്ട ആളുകള്‍ ഉപയോഗിക്കപ്പെടേണ്ട സാധനങ്ങളായി മാറുന്നു’.

ആകാംക്ഷ, ഏകാന്തത, നിരാശ എന്നിവയെത്തുടര്‍ന്നാണ് താന്‍ അശ്ലീലത്തില്‍ അഭയം തേടിയതെന്ന് ക്രൂസ് പറയുന്നു.

‘അശ്ലീലത്തില്‍ എപ്പോഴൊക്കെ ചെന്നുപെടുന്നോ അപ്പോഴൊക്കെ ലൈംഗികബന്ധത്തിനുള്ള ആഗ്രഹവും ഉണ്ടാകുന്നു. ഏകാന്തതയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ അശ്ലീലത്തെ ഉപയോഗിക്കുമ്പോള്‍ ഏകാന്തതയെ അശ്ലീലം കൊണ്ടുനിറച്ച് ആരുടെയോ കൂടെയാണ് നിങ്ങള്‍ എന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ പോണാഗ്രഫി ലൈംഗികതയെ ഇല്ലാതാക്കുന്നു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.’

സ്ത്രീകളോട് ക്രൂസ് ഇങ്ങനെ പറയുന്നു: ‘ നിങ്ങളുടെ പുരുഷന്റെ ജീവിതത്തില്‍ ഒരു തരത്തിലുമുള്ള അശ്ലീലം സ്വീകാര്യമാകരുത്. നിങ്ങളെ ചെറുതാക്കുന്ന, നിങ്ങളുടെ വിലയിടിക്കുന്ന ഒന്നിനെയും സ്വീകരിക്കരുത്. വൈദ്യുതോര്‍ജം പോലെ നിയന്ത്രിക്കപ്പെടേണ്ടതാണ് ലൈംഗിക ഊര്‍ജം. ശരിയായ തരത്തില്‍ ശരിയായ സമയത്ത് ഉപയോഗിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് അനുഗ്രഹമാകുന്നു. എന്നാല്‍ അതിന് കടിഞ്ഞാണില്ലാതെ വരുമ്പോള്‍ നിങ്ങള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കും. നിങ്ങളുടെ കുടുംബബന്ധത്തിന് വൈദ്യുതാഘാതമേല്‍ക്കും.’

ഇന്റര്‍നെറ്റ് യുഗത്തിലെ അശ്ലീലം തുടച്ചുനീക്കപ്പെടേണ്ടതാണെന്നും ഒരു വിഡിയോയില്‍ ക്രൂസ് പറയുന്നു. ‘ നിങ്ങളുടെ വീട്ടില്‍ പാറ്റയെ കാണുന്നതുപോലെയാണത്. ഒന്നിനെ കണ്ടാല്‍ 10,000 എണ്ണംകൂടി ഒളിച്ചിരിപ്പുണ്ടെന്നു കരുതണം. അവയെ അടിച്ചുപുറത്താക്കുക തന്നെ വേണം. ചിലപ്പോള്‍ ഭിത്തികള്‍ തകര്‍ക്കേണ്ടിവരും. ചിലപ്പോള്‍ തറ മാന്തിനോക്കേണ്ടിവരും. ചിലപ്പോള്‍ വീടുതന്നെ പൊളിച്ച് വീണ്ടും പണിയേണ്ടതായി വരും.’

സഹായം ആവശ്യമാണ് എന്നതിനെപ്പറ്റി സംശയമുണ്ടായിരുന്നില്ലെന്ന് ക്രൂസ് പറയുന്നു. ‘ പകല്‍ മാറി രാത്രി വന്നാലും നിങ്ങള്‍ അശ്ലീലം കാണുകയാണെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്. അങ്ങനെയായിരുന്നു എനിക്ക്.’

സമാനകഥകള്‍ പറയുന്നവരുടെ പിന്തുണ ക്രൂസിനുണ്ട്. ‘ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,’ ഒരാള്‍ എഴുതി. ‘ അനേകം മനസുകളിലെ തടസങ്ങള്‍ നീക്കുകയാണ് നിങ്ങള്‍ എന്നതിനു സംശയമില്ല.’

‘എനിക്കും ഭര്‍ത്താവിനും മകള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുക. എന്റെ ഭര്‍ത്താവ് ഈ അഡിക്ഷനെതിരെ പൊരുതുകയാണ്. ഒന്‍പതുമാസം മുന്‍പ് ഞങ്ങളെ വിട്ടുപോയി. വിവാഹമോചനം ആവശ്യപ്പെടുന്നു. ഒരിക്കലും തിരിച്ചുവരില്ലെന്നു പറയുന്നു. എന്നാല്‍ ദൈവം വലിയവനാണെന്നു ഞാന്‍ കരുതുന്നു.’

മോട്ടിവേഷനല്‍ പ്രാസംഗികന്‍ കൂടിയായ ക്രൂസ് അശ്ലീലത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്നത് ഇത് ആദ്യമായല്ല.

‘എന്റെ പിതാവ് മദ്യത്തിന് അടിമയായിരുന്നു. അമ്മ മതത്തിനും,’ അക്രമവും ഉപദ്രവവും നിറഞ്ഞ ഫ്‌ളിന്റിലെ തന്റെ ബാല്യത്തെപ്പറ്റി 2014ല്‍ ക്രൂസ് വെന്‍ഡി വില്യംസിനോടു പറഞ്ഞു. ‘ എന്റേത് അടിമത്തങ്ങള്‍ നിറഞ്ഞ വീടായിരുന്നു’.

‘അതുകൊണ്ട് 12 വയസില്‍ സ്വന്തം മുറിയിലേക്കുപോയി അശ്ലീലം കാണുമോ?’ ക്രൂസിന്റെ ഭാര്യ കൂടി അടങ്ങിയ സദസിനുമുന്നില്‍ വില്യംസ് ചോദിച്ചു.

‘നിങ്ങള്‍ അങ്കിളിന്റെ വീട്ടില്‍ പോകും. എപ്പോഴും അത് അങ്കിളിന്റെ വീടിന്റെ ബേസ്‌മെന്റിലായിരുന്നു. എല്ലാവര്‍ക്കും അങ്ങനെയൊരു ബേസ്‌മെന്റ് ഉണ്ടാകും.’ സ്ത്രീകളോട് ‘ നിങ്ങള്‍ എത്ര ശക്തരാണെന്നു നിങ്ങള്‍ക്കറിയില്ല’ എന്നായിരുന്നു ക്രൂസിന്റെ കണ്ടെത്തല്‍. ‘നിങ്ങളുടെ ചിത്രങ്ങള്‍ കണ്ട് പുരുഷന്മാര്‍ നിങ്ങളുടെ അടിമകളാകുന്നു. അത്രമാത്രം ശക്തരാണ് നിങ്ങള്‍.’

2014ല്‍ പുറത്തിറങ്ങിയ ‘ മാന്‍ഹുഡ് – ഹൗ ടു ബി എ ബെറ്റര്‍ മാന്‍ – ഓര്‍ ജസ്റ്റ് ലിവ് വിത് വണ്‍’ എന്ന പുസ്തകത്തിനുവേണ്ടിയായിരുന്നു ഈ വാദങ്ങള്‍.

‘എപ്പോഴൊക്കെ എനിക്ക് ആകാംക്ഷ തോന്നിയോ അപ്പോഴൊക്കെ ഞാന്‍ അശ്ലീലത്തില്‍ അഭയം തേടി. അതൊരു ശീലമായി മാറി.  ചെയ്യരുതാത്ത കാര്യമാണെന്ന അറിവ് എന്നില്‍ കുറ്റബോധമുണ്ടാക്കി. എന്നാല്‍ അതേസമയം മയക്കുമരുന്ന് പോലെ അത് എന്നെ ഹര്‍ഷോന്മാദത്തിലാക്കി.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍