UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവും വിയറ്റ്നാം യുദ്ധവും

Avatar

1978 ജൂലായ് 25
ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു പിറക്കുന്നു

ഏതൊരു ജനനം പോലെയും സാധാരണമായിരുന്നില്ല  ലൂയിസ് ബ്രൗണ്‍ എന്ന പെണ്‍കുഞ്ഞിന്റേത്. ഗര്‍ഭധാരണം സാധ്യമാകാത്ത അനേകം അമ്മമാരുടെ ജീവിതത്തില്‍ പ്രതീക്ഷകളുടെ കിരണം ചാര്‍ത്തിയായിരുന്നു അന്ന് അവള്‍ ഈ ഭൂമിയിലേക്ക് കണ്ണു തുറന്നത്. വിട്രോ ഫെര്‍ട്ടലൈസേഷന്‍ അല്ലെങ്കില്‍ ഐവിഎഫ് എന്ന ചികിത്സാരീതിയിലൂടെയാണ് ലൂയിസ് ബ്രൗണ്‍ പിറന്നത്. ലളിതമായി പറഞ്ഞാല്‍; ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു.

പ്രത്യുത്പാദന ചികിത്സാരംഗത്തില്‍ വിപ്ലവാത്മകമായ മാറ്റം സാധ്യമാക്കി ബ്രിട്ടനിലെ ഓള്‍ഡ് ഹാം ആശുപത്രിയില്‍ പിറന്ന ലൂയിസ് ബ്രൗണിന്റെ ചിത്രം അന്ന് പത്രങ്ങളുടെ ഒന്നാംപേജ് കൈയടക്കി. ഗര്‍ഭപാത്രത്തിലെ അടഞ്ഞ ഫാലോപിയന്‍ ട്യൂബാണ് ലൂയിസിന്റെ മാതാവിന് സ്വാഭാവിക ഗര്‍ഭം ധരിക്കുന്നതിന് തടസ്സമായി മാറിയത്. ഇതിനെത്തുടര്‍ന്നാണ് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിക്കൊണ്ട് ഡോക്ടര്‍മാര്‍ ആ മാതാവിനെ വെര്‍ട്ടോ ഫെര്‍ട്ടിലൈസേഷന്‍ ചികിത്സയ്ക്ക് വിധേയയാക്കിയതും അതിലൂടെ ലൂയിസ് ബ്രൗണ്‍ എന്ന പെണ്‍കൂട്ടി കൂടി ഭൂമിയുടെ അതിഥിയായി മാറിയതും.

ചരിത്രപരമായ ആ ദിവസം കഴിഞ്ഞ് 36 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇതുവരെ 8 മില്യണോളം അമ്മമാര്‍ക്ക് ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും സാധ്യമായിട്ടുണ്ട്. 36 വയസ്സ് പിന്നിട്ട ലൂയിസും ഇന്ന് രണ്ട് കുട്ടികളുടെ മാതാവാണ്. അതുപക്ഷേ സ്വഭാവിക ഗര്‍ഭധാരണത്തിലൂടെയെന്നുമാത്രം.

കുട്ടികളുണ്ടാവാത്ത അവസ്ഥ ആധുനിക ജീവിതരീതിയുടെ പ്രതിഫലനമായി മാറിയിരിക്കുകയാണ് ഇന്ന്. ഏതാണ്ട് 10 മില്യണോളം ദമ്പതിമാര്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. ഇവര്‍ക്കെല്ലാം ആശ്രയിക്കാവുന്ന ട്രീറ്റ്‌മെന്റ് ആയി ഐവിഎഫ്  മാറിയിട്ടുണ്ട്. ഈ അവസരത്തില്‍ നന്ദി പറയേണ്ടത് രണ്ടുപേരോടാണ്, ഡോക്ടര്‍ പാട്രിക് സ്റ്റെപ്‌ടോയോടും ബയോളജിസ്റ്റ് റോബര്‍ട്ട് എഡ്വേര്‍ഡിനോടും; ഇന്‍ഫെര്‍ട്ടിലിറ്റിക്ക് പരിഹാരമായി വെട്രോ ഫെര്‍ട്ടലൈസേഷന്‍ ട്രീറ്റ്‌മെന്റ് വികസിപ്പിച്ചെടുത്തതിന്. വൈദ്യശാസ്ത്രരംഗത്തെ ഈ മഹനീയ കണ്ടുപിടുത്തത്തിന് ഇരുവരും നൊബേല്‍ സമ്മാനത്തിനും അര്‍ഹരായിത്തീര്‍ന്നിരുന്നു.

ഗര്‍ഭധാരണം സാധ്യമാക്കുക എന്നതിനപ്പുറം ഇന്‍ഫെര്‍ട്ടിലിറ്റിയെ തടയാനുള്ള ഉപാധിയായും ഐവിഎഫ് ട്രീറ്റ്‌മെന്റ് ഇന്ന് വികാസം പ്രാപിച്ചിരിക്കുകയാണ്.

1969 ജൂലായ് 25
‘നിക്‌സണ്‍ സിദ്ധാന്തം’

1969-ല്‍ അമേരിക്കയുടെ പ്രസിഡന്റായി റിച്ചാര്‍ഡ് നിക്‌സണ്‍ അധികാരമേല്‍ക്കുമ്പോള്‍, വിയറ്റ്‌നാമിനെതിരെയുള്ള അമരിക്കയുടെ യുദ്ധം നാല് വര്‍ഷം പിന്നിട്ടിരുന്നു. ആ യുദ്ധം അതുവരെ മുപ്പതിനായിരത്തോളം ജീവന്‍ അപഹരിച്ചു കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ ഓഫീസില്‍ ചുമതലയേറ്റതിനുശേഷം നിക്‌സണ്‍ പടിഞ്ഞാറന്‍ പസഫിക് തീരത്തുള്ള ഗുവാമില്‍ വച്ച് ഒരു പത്രസമ്മേളനം നടത്താന്‍ തീരുമാനിക്കുന്നത്. അമേരിക്കയുടെ സഖ്യ കക്ഷികള്‍ ഇനി മുതല്‍ യുദ്ധത്തില്‍ തങ്ങളുടെ സ്വന്തം സൈന്യത്തെ തന്നെ പ്രതിരോധത്തിന് ഉപയോഗിക്കണമെന്നും ആവശ്യമെങ്കില്‍ മാത്രമേ യു.എസ് അതിന് തയ്യാറാവുകയുള്ളൂ എന്നുമുള്ള  നിക്‌സണ്‍ന്റെ പ്രസ്താവനയായിരുന്നു പത്രസമ്മേളനത്തിന്റെ സാരം. ഈ പ്രസ്താവനയാണ് പിന്നീട് ചരിത്രപ്രസിദ്ധമായ ‘ നിക്‌സണ്‍ സിദ്ധാന്തം’ എന്ന പേരില്‍ അറിയപ്പെട്ടത്. വിയറ്റ്‌നാമില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള തുടക്കമായും നിക്‌സണ്‍ സിദ്ധാന്തം മാറി.

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് റിച്ചാര്‍ഡ് നിക്‌സണ്‍ ജനങ്ങള്‍ക്ക് നല്‍കിയത്, ‘ആദരവോടു കൂടിയ സമാധാനം’ എന്ന വാഗ്ദാനമായിരുന്നു. യുദ്ധത്തിനെതിരെയുള്ള വികാരം അമേരിക്കയില്‍ ശക്തിപ്പെട്ട സമയത്ത് നല്‍കിയ വാഗ്ദാനം പാലിച്ച് സ്വന്തം മുഖം രക്ഷിക്കാനുള്ള ഉദ്യമം കൂടിയായിരുന്നു നിക്സന്‍റെ നീക്കം. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്ന് അമേരിക്കന്‍ സേന പിന്മാറി തല്‍സ്ഥാനത്ത് തെക്കന്‍ വിയറ്റ്‌നാമില്‍ വിയറ്റ്‌നാം സൈന്യത്തിന് അധികാരം കൈമാറുക എന്ന നിര്‍ദ്ദേശമാണ് തന്റെ പ്രസ്താവനയിലൂടെ നിക്‌സണ്‍ മുന്നോട്ട് വച്ചത്. ഈ നീക്കമാണ് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് അവസാനം കുറിച്ച് 1973ല്‍ സമാധാന ഉടമ്പടിയില്‍ അമേരിക്കയും വടക്കന്‍ വിയറ്റ്‌നാമും തമ്മില്‍ ഒപ്പുവയ്ക്കുന്നതിലേക്ക് എത്തിയത്. ഈ പിന്മാറ്റം മറ്റൊന്നിനുകൂടി കാരണമായി; തെക്കന്‍ വിയറ്റ്‌നാമിന്റെയും വടക്കന്‍ വിയറ്റ്‌നാമിന്റെയും ഏകീകരണത്തിന്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍