UPDATES

സിനിമ

മലയാളികളേ, കമ്യൂണിസ്റ്റ് ചൈന പ്രേമം ശുദ്ധ വിഡ്ഢിത്തം; ടിബറ്റന്‍ കവി തെസിം സുന്‍ഡേ സംസാരിക്കുന്നു

Avatar

തെസിം സുന്‍ഡേ

‘Not from Tibet, Never been there; yet I dream of dying there’

ഞാന്‍ ടിബറ്റില്‍ അല്ല ജനിച്ചത്. ആ സ്വര്‍ഗ ഭൂമിയില്‍ ജനിക്കാനും വസിക്കുവാനുമുള്ള എന്റെ അവകാശത്തെ അധിനിവേശ ശക്തികള്‍ ഇല്ലാതാക്കി. പക്ഷെ ഞാന്‍ എന്‍റെ രാജ്യത്ത് കിടന്നു മരിക്കുന്നത് സ്വപ്നം കാണുന്നു.

ഞങ്ങള്‍ക്കു മാതൃരാജ്യത്തേക്ക് തിരിച്ചു പോകണം. മറ്റു രാജ്യങ്ങള്‍ അനുഭവിക്കുന്നത് പോലെ ഞങ്ങള്‍ക്കും സ്വാതന്ത്ര്യവും ജനധിപത്യവും വേണം. അതിനായി നിലയ്ക്കാത്ത സമരങ്ങള്‍ ലോകത്തിന്റെ പല കോണുകളില്‍നിന്ന് ഞങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടേയിരിക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടം നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ. അന്നു ബ്രിട്ടീഷുകാര്‍ക്ക് എതിരായ പോരാട്ടങ്ങള്‍ ഉയര്‍ന്നത് ഇന്ത്യയ്ക്കകത്ത് നിന്നു മാത്രമല്ലല്ലോ. മറിച്ച് ഇന്ത്യക്കാര്‍ എവിടെയെല്ലാം ഉണ്ടോ അവിടെ നിന്നെല്ലാം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഉദാഹരണമായി നിങ്ങള്‍ക്കറിയാവുന്നതാണല്ലോ, സൗത്ത് ആഫ്രിക്ക, കെനിയ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കകത്ത് നിന്ന് ഇന്ത്യക്കാര്‍ മാതൃദേശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയത്. സമാനമായി ഞങ്ങളും പോരാടുകയാണ്. ചൈനീസ് ടിബറ്റില്‍ നിന്ന് ഉയര്‍ന്നു വരുന്ന പ്രക്ഷോഭങ്ങള്‍ പുറംലോകം അറിയാതെ തടയാന്‍ അവര്‍ക്ക് ഒരുപരിധി വരെ കഴിയുന്നുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം ആത്മാഹൂതികള്‍ അവിടെ നടക്കുമ്പോഴും അതെല്ലാം മറ്റാരും അറിയാതെ കാക്കുവാന്‍ ചൈനയ്ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയം ലോക ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ടിബറ്റിനു പുറത്ത് നിന്ന് ഞങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കും, ഞങ്ങള്‍ പോരാടിക്കൊണ്ടേയിരിക്കും.


തിബറ്റ് വിഷയം കൈകാര്യം ചെയ്യുന്ന റാങ്സാന്‍ എന്ന ചിത്രത്തില്‍ നിന്ന്

കേവലം സൈനിക താല്പര്യങ്ങള്‍ മാത്രമല്ല ചൈന ടിബറ്റിനെ വിടാതെ പിടിച്ച് വയ്ക്കുവാനുള്ള കാരണം. നൂറോളം രാജ്യങ്ങള്‍ ചൈനയുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്നും വന്‍ ലാഭമാണ് ചൈനയ്ക്ക് പ്രതിവര്‍ഷം ലഭിക്കുന്നത്. എന്നാല്‍ ചൈനയില്‍ പ്രകൃതി വിഭവങ്ങളുടെ ലഭ്യത വളരെ കുറവാണ്. അതിന് ഏറ്റവും അടുത്തുള്ള മാര്‍ഗം ടിബറ്റാണ്. ചൈനയ്ക്ക് വന്‍ സാമ്പത്തിക നേട്ടം ലഭിക്കുന്നതില്‍ ഒരു പ്രധാന പങ്കു ടിബറ്റ് വഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ചൈന ടിബറ്റിനെ വിടാതെ പിടിച്ചുവച്ചിരിക്കുന്നത്. ശ്രദ്ധിച്ചാല്‍ മനസിലാകും, ചൈന ടിബറ്റിനെ അടിച്ചൊതുക്കിയത് ടിബറ്റില്‍ സുലഭമായ സ്വര്‍ണം, വെള്ളി, ലിഥിയം, യുറേനിയം തുടങ്ങിയവ ചൂഷണം ചെയ്യുവാന്‍ വേണ്ടിയാണ്. വടക്കേ ഇന്ത്യയില്‍ ഒഴുകുന്ന മിക്ക നദികളും ഉത്ഭവിക്കുന്നത് ടിബറ്റില്‍ നിന്നാണ്. ടിബറ്റ് മേഖലകളില്‍ ചൈന വന്‍തോതില്‍ അണക്കെട്ടുകള്‍ നിര്‍മിക്കുകയും നദികള്‍ വഴി തിരിച്ചു വിടുകയും ചെയ്യുന്നു. ഇത് ഭാവിയില്‍ ടിബറ്റിനെ മാത്രമല്ല, ഇന്ത്യക്കും ദോഷകരമായി ഭവിക്കും. ഹിമാലയന്‍ മേഖല ഒന്നടങ്കം കയ്യടക്കുവാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ അവര്‍. സത്യത്തില്‍ ഹിമാലയത്തിന്റെ അതിരുകളില്‍ വസിക്കുന്ന ഇന്ത്യാക്കാരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് ഇപ്പോഴും ഇന്ത്യ ഗവണ്മെന്റിന് അറിയില്ല. വിശദമായി അന്വേഷിക്കുമ്പോള്‍ മനസ്സിലാകും അവിടങ്ങളിലെ ചൈനയുടെ സാന്നിധ്യം.

ചൈന ഇപ്പോള്‍ വെറും മുതലാളിത്ത രാജ്യം മാത്രമാണ്. ഇപ്പോള്‍ അവിടെ കമ്യുണിസം ഇല്ല. കമ്യുണിസത്തിന്റെ അടിത്തറ ജനങ്ങളുടെ സ്വാതന്ത്ര്യമാണ്, ഇപ്പോള്‍ അവിടെ ജനതയ്ക്ക് സ്വാതന്ത്ര്യമില്ല.

നിങ്ങള്‍ കേരളീയര്‍ക്കിപ്പോഴും കമ്യുണിസ്റ്റ് ചൈന എന്ന് കേള്‍ക്കുമ്പോള്‍ അഭിമാനമാണ്. എന്തിനു നിങ്ങള്‍ ആ നാടിനെ പറ്റി ഇത്രയും അഭിമാനം കൊള്ളണം? മഹാനായ മാവോയുടെ പേരിലാണോ നിങ്ങളിപ്പോഴും ആ നാടിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്? ഇപ്പോഴും ആ നാടിനെ ആരാധിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. മാവോയ്ക്ക് ശേഷം വന്ന ഭരണാധികാരികള്‍ വെറും പണത്തിനു മാത്രമാണ് മുന്‍തൂക്കം നല്‍കുന്നത്. ചിന്തിച്ചു നോക്കു, ഏതു കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രമാണ് ദുര്‍ബലരായ ഒരു രാജ്യത്തെ കാല്‍ച്ചുവട്ടില്‍ തളച്ചിടുവാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്? ചൈനീസ് അധിനിവേശമാണ് ഞങ്ങളുടെ നാടിനെ ദുര്‍ബലമാക്കിയത്. ആ രാജ്യം സ്വതന്ത്രമായി ജീവിച്ചു വന്നിരുന്ന, തനത് സംസ്‌കാരങ്ങളില്‍ അത്രമേല്‍ വിശ്വാസം നല്‍കി ജീവിച്ചു പോന്ന ഞങ്ങളുടെ നാടിനെ ഇല്ലാതാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 


Until Space remains – The Dalai Lama and India എന്ന ചിത്രത്തില്‍ നിന്ന്

ഇന്ത്യയോടും ഇന്ത്യയിലെ ജനങ്ങളോടും ഞങ്ങള്‍ക്ക് സ്‌നേഹം മാത്രമേയുള്ളു. വീടും നാടും വിട്ടു ഓടിവന്നവരെ നിങ്ങള്‍ സ്വീകരിച്ചില്ലേ, അത് തന്നെ വലിയ നന്മയാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടം ടിബറ്റ് ചൈന വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ എടുക്കാത്തതില്‍ ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.

അമേരിക്കയെ ഭയക്കുന്നത് പോലെ ചൈന ഇന്ത്യയെയും ഭയക്കുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ ആണ് ഹിമാലയത്തിലെ ചൈനയുടെ ഇടപെടലുകള്‍.

ഞങ്ങളുടെ അവസ്ഥ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുവാനാണ് ഞാനെന്റെ കവിതകളുമായി ഇങ്ങനെ അലയുന്നത്. എന്റെ രാജ്യത്തിനു വേണ്ടി അലയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. എന്നാല്‍ ഈ അലച്ചില്‍ എത്രകണ്ട് വിജയിക്കും എന്ന് ചോദിച്ചാല്‍ എനിക്ക് മറുപടിയില്ല.

ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം. ജീവനുള്ള കാലം വരെ ഹിമാലയത്തില്‍ സര്‍വാധിപത്യം എന്ന ചൈനീസ് സ്വപ്നത്തിനെ ഞാനും എന്റെ നാടും എതിര്‍ത്തു കൊണ്ടേയിരിക്കും. ഞങ്ങളുടെ രാജ്യത്തിലെ അവസാന പൗരനും സ്വയം അഗ്‌നിക്കിരയായി മരിക്കുന്നതുവരെ ഞങ്ങളുടെ പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. സ്വാതന്ത്ര്യമാണ് ഞങ്ങള്‍ക്കു വേണ്ടത്. അത് ഞങ്ങള്‍ നേടുക തന്നെ ചെയ്യും.

(ടിബറ്റന്‍ കവിയും അക്ടിവിസ്റ്റുമായ തെസിം സുന്‍ഡേയുമായി ഐഡിഎസ്എഫ്എഫ്‌കെ വേദിയില്‍ വച്ച് പ്രണവ് വി പി സംസാരിച്ച് തയ്യാറാക്കിയത്) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍