UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഡ്ഢിത്തത്തിനു കൊടുക്കുന്ന ഇളവുകള്‍ ഇനിയും ടി ജി മോഹന്‍ദാസിന് നല്‍കണോ?

Avatar

ഇന്ദു

ഒരു സംഘി സംസാരിക്കുമ്പോള്‍ അവന്റെ മുന്നിലുള്ള സംഘികളെ മാത്രമെ കാണുന്നുള്ളൂ!!!

സംഘിബോധത്തിന്റെ പ്രതിരൂപമാണ് ശ്രീ ടി ജി മോഹന്‍ദാസ്. താത്വികാചാര്യനെന്നോ വാഗ്മിയെന്നോ വ്യാഖ്യാതാവെന്നോ വിമര്‍ശകനെന്നോ, എങ്ങനെ വേണമെങ്കിലും കണക്കാക്കാവുന്ന ഒരാള്‍. എതിരാളികള്‍ തീര്‍ക്കുന്ന ഏതു ചക്രവ്യൂഹത്തെയും തകര്‍ക്കാന്‍ കഴിവുള്ളയാള്‍. വില്ലും തേരും തകര്‍ന്നിട്ടും ആനപ്പുറമേറി രഥചക്രം പരിചയാക്കി യുദ്ധം ചെയ്ത അഭിമന്യുവിന്റെ അതേ വീര്യത്തോടെയാണ് ചാനല്‍ ചര്‍ച്ചകളിലും മറ്റും മോഹന്‍ദാസ്ജീ ഒറ്റയ്ക്കു പൊരുതുന്നത്…ഒരു ശരാശരി ഭക്തനെ സംബന്ധിച്ച് മോഹന്‍ദാസ്ജീ അവര്‍ക്ക്‌ അവതാരമാണ്. എന്നാല്‍ ശരാശരി മലയാളിയുടെ മുന്നിലോ?

അതീ കഥയിലൂടെ വ്യക്തമാകുന്നുണ്ടോയെന്ന് നോക്കൂ

ഒരു ചെറുപ്പക്കാരന്‍ വഴിയിരികില്‍ വാഹനം കാത്തു നില്‍ക്കുകയായിരുന്നു. കുറച്ചു സമയത്തിനകം ഒരു കാര്‍ അയാളുടെ സമീപം വന്നു നിന്നു. കുറച്ചു പ്രായം ചെന്നൊരാളാണ് ഡ്രൈവിംഗ് സീറ്റില്‍. അയാള്‍ ചെറുപ്പക്കാരന് ഡോര്‍ തുറന്നു കൊടുത്തു. അസാരം വേഗതയിലാണ് വാഹനം മുന്നോട്ടോടി കൊണ്ടിരുന്നത്. പെട്ടെന്ന് മഴ പെയ്യാന്‍ തുടങ്ങി. വൈപ്പര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മുന്നിലുള്ള കാഴ്ചകള്‍ വ്യക്തമാകുന്നില്ല. വാഹനമാണെങ്കില്‍ നല്ല വേഗതയിലും. ചെറുപ്പക്കാരന് ഭയം വന്നു. കാറിന്റെ വൈപ്പര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല, മുന്നിലെന്താണെന്നു കാണാനുമാകുന്നില്ല, പക്ഷെ നിങ്ങളാണെങ്കില്‍ വേഗത കുറയ്ക്കാതെ വാഹനമോടിക്കുകയാണ്; ദേഷ്യവും ഭയവുമെല്ലാം കലര്‍ന്ന് ചെറുപ്പക്കാരന്‍ ശബ്ദമുയര്‍ത്തി. എന്റെ കണ്ണുകള്‍ക്ക് യാതൊരു കുഴപ്പവുമില്ല, എന്നിട്ടും മുന്നിലുള്ളതൊന്നും എനിക്കു കാണാന്‍ കഴിയുന്നില്ല, നിങ്ങളാകട്ടെ വൃദ്ധനും, എന്നിട്ടെങ്ങനെയാണു ഇത്രവേഗതയില്‍, ഈയൊരു സാഹചര്യത്തില്‍ വാഹനമോടിക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നത്? 

ചെറുപ്പക്കാരന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി വൃദ്ധന്‍ പറഞ്ഞു; ക്ഷമിക്കണം ഞാനിന്ന് എന്റെ കണ്ണടയെടുക്കാന്‍ മറന്നുപോയി…

മേല്‍ക്കണ്ട വൃദ്ധനെയാണു ടി ജി മോഹന്‍ദാസ് പലപ്പോഴും ഓര്‍മിപ്പിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളെ കാണാനാകാതെ നിയന്ത്രണമില്ലാതെ എന്തൊക്കെയോ പറയുന്നു.

മുന്നൊരുക്കമില്ലാതെയുള്ള നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെയാകെ തെരുവുകളില്‍ വരിനിര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ് ഇപ്പോള്‍ മോഹന്‍ദാസിനെ ചൊടിപ്പിച്ചിരിക്കുന്നത്. 500ന്റെയും 1000 ന്റെയും നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടത് രാജ്യത്തെ കള്ളപ്പണം തടയാന്‍ ഉപകരിക്കപ്പെടുമെങ്കിലും പത്തായത്തില്‍ നഞ്ചുവിതറിയിട്ട് എലികള്‍ ചാകുന്നതും കാത്തിരിക്കുന്ന കാര്‍ന്നോരുടെ ബുദ്ധിയായി പോയി കേന്ദ്രസര്‍ക്കാരിന്റെതെന്ന് ബോധമുള്ള ഏതൊരാള്‍ക്കും ഈ ഒമ്പതു ദിവസങ്ങള്‍ കൊണ്ട് ബോധ്യമായി. എന്നാല്‍ ഇതെല്ലാം കമ്യൂണിസ്റ്റു പാര്‍ട്ടിക്കാരുടെ കുടിലതന്ത്രങ്ങളാണെന്നാണ് സംഘികള്‍ വിശ്വസിച്ചിരിക്കുന്നത്. സംഘികളെ ഒരു കാര്യം വിശ്വസിപ്പിച്ചെടുക്കാന്‍ എളുപ്പമാണ്. കാരണം അവര്‍ തങ്ങളുടെ നേതാവെന്നോ താത്വികാചാര്യനെന്നോ കരുതിയിരിക്കുന്നവരെ കണ്ണടച്ച് ആരാധിക്കുന്നവരാണ്. മോദി മുതല്‍ മോഹന്‍ദാസ് വരെയുള്ളവര്‍ കാര്യം കാണുന്നത് അങ്ങനെയാണ്.

ഒരു കഥകൂടി പറയാം,

ഒരാള്‍ വെപ്രാളപ്പെട്ട് ഡോക്ടറുടെ ക്ലിനിക്കില്‍ എത്തി. എത്രയും വേഗം താങ്കള്‍ എന്റെ വീട്ടില്‍ വരണം. ഭാര്യ അത്യാസന്ന നിലയിലാണ്. വേഗം ചികിത്സിച്ചില്ലെങ്കില്‍ എനിക്കവള്‍ നഷ്ടപ്പെടും. ഭര്‍ത്താവ് കൈകൂപ്പി പറയുകയാണ്. സമയം കളയാതെ ഡോക്ടര്‍ അയാള്‍ക്കൊപ്പം വീട്ടിലെത്തി. അയാള്‍ പറഞ്ഞത് ശരിയാണെന്നു ഡോക്ടര്‍ക്കു മനസിലായി. നിങ്ങള്‍ പുറത്തു നില്‍ക്കൂ, ഞാനിവരെ പരിശോധിക്കട്ടെ, ഡോക്ടറുടെ ആവശ്യം കേട്ട് ഭര്‍ത്താവ് മുറിക്കു പുറത്തിറങ്ങി നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പുറത്തേക്കു തലയിട്ടു വിളിച്ചു ചോദിച്ചു; വേഗമൊരു ഉളി കൊണ്ടു വരൂ.

ഭര്‍ത്താവ് വേഗം തന്നെ ഒരു ഉളി എത്തിച്ചു കൊടുത്തു. 

കുറച്ചു സമയത്തിനുശേഷം വീണ്ടും ഡോക്ടറുടെ തല പുറത്ത്- എനിക്കൊരു കത്രിക വേണം…

അതും അദ്ദേഹത്തിനു കിട്ടി.

വീണ്ടും തല പുറത്ത്; വേഗമൊരു ചുറ്റിക കൊണ്ടുവരൂ…

ഭര്‍ത്താവിന്റെ മുഖത്ത് അമ്പരപ്പും ഭയവും… എങ്കിലും ചുറ്റിക അയാള്‍ ഡോക്ടര്‍ക്കു കൈമാറി.

പക്ഷെ അയാളുടെ ക്ഷമ നശിപ്പിച്ചു കൊണ്ട് മറ്റൊരാവിശ്യവുമായി ഡോക്ടറുടെ തല ഒരിക്കല്‍ കൂടി പുറത്തു വന്നു; ദയവു ചെയ്ത് നിങ്ങളെനിക്കൊരു ചെറിയ അറക്കവാള്‍ എത്തിച്ചു തരണം…

ഭര്‍ത്താവിന് പിടിച്ചു നില്‍ക്കാനായില്ല; നിങ്ങളെന്താണു ഡോക്ടര്‍ എന്റെ ഭാര്യയെ ചെയ്യുന്നത്? അവളെ കീറിമുറിക്കാന്‍ പോവുകയാണോ?

ഡോക്ടര്‍ ശാന്തനായി മറുപടി പറഞ്ഞു; അല്ല സുഹൃത്തേ…എനിക്കെന്റെ മെഡിക്കല്‍ ബോക്‌സ് തുറക്കാന്‍ കഴിയുന്നില്ല. അതു തുറന്നാലേ സ്‌റ്റെതസ്‌കോപ്പ് എടുക്കാന്‍ പറ്റൂ, നിര്‍ഭാഗ്യം അല്ലാതെന്ത് ഈ പെട്ടിയുടെ താക്കോല്‍ ഒരാഴ്ചയ്ക്കുശേഷവും കണ്ടെത്താന്‍ എനിക്കായില്ല.

ഇതേ ഡോക്ടറുടെ അവസ്ഥയില്‍ ആണ് ഇവരുടെ നേതാക്കന്മാരെങ്കിലും എന്തൊക്കെയോ വലിയ കാര്യങ്ങളാണ് അവര്‍ ചെയ്യാന്‍ പോകുന്നതെന്ന വിശ്വാസമാണ് ഓരോ സംഘിക്കും. ഈ സാഹചര്യം ചൂഷണം ചെയ്യാന്‍ കഴിവുള്ളതുകൊണ്ടാണ് ടി ജി മോഹന്‍ദാസിനൊക്കെ അനുവാചകരുണ്ടാകുന്നത്.

രാജ്യത്തെ എടിഎമ്മുകളില്‍ പണം ഇല്ലാത്തതിനു കാരണം കമ്യൂണിസ്റ്റുകാരണെന്നാണ് അദ്ദേഹം കണ്ടെത്തിയത്. അഞ്ചും ആറും കാര്‍ഡുകള്‍ ഉപയോഗിച്ച് കമ്യൂണിസ്റ്റുകാര്‍ എടിഎമ്മുകള്‍ കാലിയാക്കി കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് സാധാരണക്കാരന് പണം കിട്ടാത്തതെന്നും പറയാന്‍ മോഹന്‍ദാസ് മടിക്കാത്തത്, അദ്ദേഹത്തിന് തന്റെ അനുയായികളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളതുകൊണ്ടാണ്…

അമ്പലം കത്തിച്ചവരാണ് കമ്യൂണിസ്റ്റുകാരെന്നു ചാനലില്‍ ഇരുന്നു വിളിച്ചു പറഞ്ഞു തന്റെ ചരിത്രബോധത്തിന്റെ പൊള്ളത്തരം വ്യക്തമാക്കിയിട്ടുള്ളതാണു ടിജി. താന്‍ പറയുന്നതു വന്‍ അബദ്ധങ്ങളാണെന്നു മറ്റുള്ളവര്‍ പറഞ്ഞു മനസിലാക്കിയാലും സ്വയം മാറി ചിന്തിക്കാന്‍ തയ്യാറാകില്ല. എടിഎമ്മുകളില്‍ പണമില്ലെങ്കില്‍ എന്താ ബാങ്കുകളില്‍ നിന്നും പണം കിട്ടാതിരിക്കുന്നുണ്ടോ എന്നു ചോദിക്കുന്ന മോഹന്‍ദാസ്‌ എട്ടുദിവസത്തിനകം 47 മനുഷ്യര്‍ ഈ ഇന്ത്യാ മഹാരാജ്യത്ത് അവരുടെ ഭരണാധികാരികളുടെ പിടിപ്പുകേടുകൊണ്ട് മരിക്കേണ്ടി വന്നിട്ടുണ്ടെന്ന വസ്തുത മനസിലാക്കിയിട്ടുണ്ടോ? വിവേകമല്ല, അവിവേകത്തിന്റെ കട്ടിക്കണ്ണടയാണ് ടിജി ധരിച്ചിരിക്കുന്നതെന്നതിന് ഇതുപോലെ പല ഉദ്ദാഹരണങ്ങളുണ്ട്. തെളിവോ വെളിവോ ഇല്ലാതെ സംസാരിക്കാന്‍ സ്വയം ആര്‍ജ്ജിച്ചെടുത്ത ലൈസന്‍സുമായാണ് ഈ താത്വികാചാര്യന്‍ ചര്‍ച്ചകള്‍ക്കിറങ്ങുന്നത്.

പക്ഷെ വിഡ്ഡിത്വത്തിനു നല്‍കുന്ന ഇളവുകള്‍ ഇനിയും മോഹന്‍ദാസിനെ പോലൊരാള്‍ക്ക് നല്‍കരുതെന്നാണ് സംഘിബോധം കൊണ്ടുനടക്കാത്തവരോട് പറയാനുള്ളത്. കാരണം അവരാ സൗകര്യം മുതലെടുക്കുന്നുണ്ട്. അസംബന്ധങ്ങളുടെ കുഴലൂത്തുകാരനെന്നു പലപ്പോഴും വ്യക്തമായിട്ടും ടിജിക്ക് ചാനല്‍ ചര്‍ച്ചകളിലും മറ്റും കിട്ടുന്ന സ്‌പേസ് മുതലെടുക്കുന്നതു ശ്രദ്ധിക്കുക. വാര്‍ത്താ അവതാരകര്‍ അദ്ദേഹത്തെയൊരു ഇരയായി കാണുന്നതുകൊണ്ടാകും തങ്ങളുടെ സ്റ്റുഡിയോ റൂമുകളിലേക്ക് വിളിക്കുന്നത്. ടിജിയുടെ ചരിത്രബോധവും താര്‍ക്കികചാതുര്യവും വെളുത്തേടന്റെ കല്ലുപോലെയാണെന്നു തിരിച്ചറിഞ്ഞവന്റെ ആവേശമാണത്. പക്ഷേ തന്റെതായ ചില നുണകള്‍ സംഘികളുടെയെങ്കിലും മനസില്‍ അലക്കി വെളുപ്പിച്ചതെന്ന മട്ടില്‍ ഉടുത്തു കൊടുക്കാന്‍ ടിജിക്കു സാധിക്കുന്നുണ്ട്. അതൊക്കെ ബാക്കിയുള്ളവര്‍ കണ്ടും കേട്ടുമിരിക്കുകയാണെങ്കിലും മുന്‍പു പറഞ്ഞതുപോലെ വിഢിത്വങ്ങള്‍ക്ക് ഇളവു നല്‍കിവിടുകയാണ്…

ഗീബല്‍സിയന്‍ തന്ത്രത്തിന്റെ മോഹന്‍ദാസ് രൂപം എന്നാണ് പലപ്പോഴും ടിജിയുടെ ഓരോ വിടലുകള്‍ കേള്‍ക്കുമ്പോള്‍ തോന്നിയിട്ടുള്ളത്. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കും. കമ്യൂണിസ്റ്റുകാരന്റെ കൈയില്‍ അഞ്ചും ആറും കാര്‍ഡുകള്‍ ഉണ്ടെന്നു പറയുമ്പോള്‍ ഒന്നുകില്‍ ടിജിക്ക് വിവരമില്ല, അല്ലെങ്കില്‍ ഏതോ ലക്ഷ്യമുണ്ട്. കേരളത്തിലെ കള്ളപ്പണക്കാര്‍ എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ ആണെന്നും സഹകരണബാങ്കുകള്‍ അവരുടെ സ്വിസ് ബാങ്കുകളാണെന്നുമുള്ള സംഘപരിവാര്‍ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് മോഹന്‍ദാസിന്റെ ട്വീറ്റുകളും കാണേണ്ടത്. വാലില്‍ തേളുകുത്തി നില്‍ക്കുന്ന കുരങ്ങുകളുടെ വായില്‍ മദ്യമൊഴിച്ചു കൊടുക്കുന്നതുപോലെ. 

വിവേചനബോധമില്ലാത്തവരുടെ കൂട്ടത്തെ നയിക്കാന്‍ കിട്ടിയാല്‍ നേതാവിന് സാമാന്യയുക്തി കൈവശം വയ്‌ക്കേണ്ടതില്ല. അതുകൊണ്ടാണ് തന്റെ മറ്റൊരു ട്വീറ്റില്‍ ‘കള്ളപ്പണം പിടിച്ചപ്പോള്‍ ഇതാണു ബഹളമെങ്കില്‍ ബിനാമി പിടിക്കുമ്പോള്‍ എന്താവും സ്ഥിതി’ എന്നു ചോദിക്കാനുള്ള ധൈര്യം ടിജിക്ക് ഉണ്ടായത്. ഈ ഒമ്പതു ദിവസത്തിനകം രാജ്യത്തെ ഏതു വമ്പന്‍ കള്ളപ്പണക്കാരനാണു മോദിയുടെ ചാണക്യതന്ത്രത്തിന്റെ ഭാഗമായി ജയിലില്‍ ആയതെന്നു ടിജിക്കു തന്റെ അണികളെ ബോധ്യപ്പെടുത്തേണ്ടതുപോലുമില്ല. കള്ളപ്പണക്കാരെല്ലാം ഇരുമ്പഴിക്കുള്ളിലായെന്ന് അണികള്‍ വിശ്വസിച്ചു കഴിഞ്ഞു. ഇനിയവര്‍ ടിജി പറഞ്ഞതുപോലെ ബിനാമികള്‍ അകത്താകാന്‍ കാത്തിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ രണ്ടു കാര്യങ്ങളും സംഭവിച്ചാലുള്ള അപകടം അവരാലോചിക്കുന്നേയില്ല… 

എടിഎമ്മില്‍ പണമില്ലെങ്കിലെന്താ, ഏതെങ്കിലും ബാങ്കില്‍ നിന്നും പണം കിട്ടാത്ത ഒരു സംഭവം പറഞ്ഞു തരാമോയെന്ന ടിജിയുടെ വെല്ലുവിളി ആഘോഷിക്കാനുള്ള ബുദ്ധിയേ അവര്‍ക്കുള്ളൂ…അവരെ കൂടുതല്‍ കൂടുതല്‍ ആഘോഷങ്ങളിലേക്ക് തള്ളിവിടാന്‍ ടിജി മോഹന്‍ദാസുമാര്‍ ആവേശം കൊള്ളും. അതുകണ്ട് ചിരിക്കരുതെന്നാണ് അസംഘികളായവരോടു  പറയുന്നത്; വിഡ്ഡിത്തങ്ങള്‍ക്കുള്ള ഇളവുകള്‍ അവര്‍ക്കിനിയും നല്‍കരുതേ…

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍