UPDATES

വിദേശം

രാജാവ് മരിച്ചു: അടുത്ത ഊഴം തായ്ലണ്ടിലെ രാജവാഴ്ചയുടെയോ?

Avatar

സെബാസ്റ്റ്യന്‍ സ്ട്രാങ്കിയോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അന്തരിച്ച തായ്ലണ്ട് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ ശവസംസ്കാര ചടങ്ങുകള്‍ കഴിഞ്ഞു. രണ്ടു ദിവസത്തെ ഊഹാപോഹങ്ങള്‍ക്കുശേഷമാണ് 88-കാരനായ തായ്ലണ്ട് രാജാവിന്റെ മരണവാര്‍ത്ത കൊട്ടാരം സ്ഥിരീകരിച്ചത്.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന അദ്ദേഹം ഏറെ വര്‍ഷങ്ങളായി അനാരോഗ്യവാനായിരുന്നു.

മരണവാര്‍ത്ത തായ്ലണ്ടിനെ ദുഖത്തിലെന്നപോലെ ആശങ്കയിലുമാഴ്ത്തി. ബഹുജനപ്രതിഷേധങ്ങളും, സൈനിക അട്ടിമറികളും, രാഷ്ട്രീയ ഭിന്നതകളും ഒന്നിനു പിറകെ ഒന്നായി വന്ന രാജ്യത്തിന്റെ ആധുനിക ചരിത്രത്തില്‍ മിക്ക തായ്ലണ്ടുകാര്‍ക്കും അറിയാവുന്ന ഏക രാജാവ് ഭൂമിബോല്‍ ആയിരുന്നു. ചിലയിടങ്ങളില്‍ രാജാവിനെ മതസദൃശമായ ഭക്തിയോടെയാണ് കണ്ടിരുന്നത്. വീടുകളില്‍, വ്യാപാര സ്ഥാപനങ്ങളില്‍, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ എല്ലാം ഒരു വിശുദ്ധന്‍റേതെന്ന പോലെ രാജാവിന്റെ ചിത്രം ചുമരുകളില്‍ നിന്നും താഴേക്കു നോക്കിയിരുന്നു.

രാജാവിന്റെ മരണവാര്‍ത്തയറിഞ്ഞു സിരിരാജ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തില്‍ പലരും കരയുന്നുണ്ടായിരുന്നു. മഞ്ഞയും ഇളം ചുവപ്പും ഉള്ള രാജാധികാരവുമായി ചേര്‍ത്തുകണക്കാക്കുന്ന നിറങ്ങള്‍ പലരും അണിഞ്ഞിരുന്നു. നവ സാമൂഹ്യമാധ്യമങ്ങളില്‍ ഭൂമിബോലിനെക്കുറിച്ചുള്ള സന്ദേശങ്ങളും ചിത്രങ്ങളും നിറഞ്ഞു.

ഒരു ടെലിവിഷന്‍ സന്ദേശത്തില്‍, 2014 മെയ് 20-ലെ ഒരു പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ജനറല്‍ പ്രയൂത് ചാന്‍-ഒച ഒരു വര്‍ഷത്തെ ദുഃഖാചരണവും 30 ദിവസത്തേക്ക് വിനോദ പരിപാടികള്‍ നിര്‍ത്തിവെക്കുന്നതായും പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചപോലെ രാജകുമാരന്‍ മഹാ വജിറലോങ്കോന്‍ രാജാവായി സ്ഥാനമേല്‍ക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ചക്രി രാജവംശത്തിലെ പത്താമത് രാജാവാകുന്നതിന് മുമ്പ് ദുഃഖാചരണത്തിന് കൂടുതല്‍ സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വജിറലോങ്കോന്‍ ഒരു വിവാദനായകനാണ്. പെണ്ണുപിടിയനെന്ന് കുപ്രസിദ്ധനായ  ഇയാള്‍ രാജാവായി എത്തുന്നത് ലോകത്തിലെ ഏറ്റവും ആദരിക്കപ്പെട്ട രാജാവാഴ്ച്ചയിലെ പിടിച്ചുലയ്ക്കുന്ന മാറ്റങ്ങളിലൊന്നായിരിക്കും.


തായ്ലണ്ട് രാജാവ് ഭൂമിബോല്‍ അതുല്യതേജും ഭാര്യ സിറികിട്ടും

സിയാം എന്നറിയപ്പെട്ടിരുന്ന ഒരു ഗ്രാമീണ രാജ്യത്തെ മേഖലയിലെ സാമ്പത്തിക ശക്തികളിലൊന്നാക്കിത്തീര്‍ക്കുന്നതിന് ഭൂമിബോലിന്റെ ഏഴ് പതിറ്റാണ്ടു കാലം സാക്ഷ്യം വഹിച്ചു. പിതാവ് ഹാര്‍വാഡ് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് 1927-ല്‍ മസാച്ചുസെറ്റ്സിലെ കാംബ്രിഡ്ജിലാണ് ഭൂമിബോല്‍ ജനിച്ചത്. അല്പം ഉള്‍വലിഞ്ഞ സ്വഭാവക്കാരനായിരുന്ന ഭൂമിബോലിന്റെ ചെറുപ്പകാലമധികവും വിദേശത്തായിരുന്നു. 1946-ല്‍ സഹോദരന്‍ അനന്ത മഹിദോല്‍ രാജാവ് അപ്രതീക്ഷിതമായി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂമിബോല്‍ അധികാരത്തിലെത്തുന്നത്.

രാജപദവിയുടെ ആദ്യകാലങ്ങളില്‍ ഭരണത്തിനൊപ്പം തന്റെ വിനോദങ്ങളായ ഫോട്ടോഗ്രാഫിയിലും, ജാസിലുമൊക്കെ സമയം ചെലവഴിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും രാഷ്ട്രീയ അസ്ഥിരതയുടെ ആവര്‍ത്തനങ്ങളില്‍ ഒരു ഐക്യഘടകമായി അദ്ദേഹം മാറി. (67 ദശലക്ഷം പേരുള്ള ഈ രാജ്യത്തു 1932 മുതല്‍ 19 പട്ടാള അട്ടിമറികളും അട്ടിമറി ശ്രമങ്ങളും നടന്നിട്ടുണ്ട്) 1973-ഒക്ടോബറില്‍ 133 വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ തടവിലാക്കിയതിനെ തുടര്‍ന്ന് അന്നത്തെ പട്ടാള ഏകാധിപതി താനോം കിറ്റിക്കാചോനിനെതിരെ ഉയര്‍ന്ന വലിയ ജനകീയപ്രതിഷേധത്തിന്റെ സമയത്ത് രാജാവിന്റെ പ്രതിച്ഛായ ഉയര്‍ന്നു. സൈന്യം വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചു 70-ഓളം പേരെ കൊന്നപ്പോള്‍ ഭൂമിബോലും മറ്റ് രാജകുടുംബാംഗങ്ങളും പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. പട്ടാളത്തിന് അധികാരം വിട്ടൊഴിയേണ്ടിവന്നു. താനോം നാടുവിട്ടോടി.

ഈ സംഭവങ്ങള്‍ അന്നത്തെ 45-കാരനായ രാജാവിന്റെ ജനകീയത വെളിവാക്കിയെങ്കിലും തായ്ലണ്ടിലെ വിഭാഗീയ രാഷ്ട്രീയത്തില്‍ രാജാവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള അവ്യക്തതയും പ്രകടമാക്കി; ഒരിയ്ക്കലും നേരിട്ട് ഇടപെട്ടില്ലെങ്കിലും പൂര്‍ണ്ണമായും അകന്നു നിന്നുമില്ല. രാജകുടുംബവും അനുയായികളും ജനനന്മയ്ക്ക് വേണ്ടിയുള്ള പിതൃസമാന പദവിയായാണ് രാജാവിനെ വിശേഷിപ്പിക്കുന്നതെങ്കിലും തായ്ലണ്ടിലെ  മിക്ക പട്ടാള അട്ടിമറികള്‍ക്കും രാജകുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നു എന്നതാണ് വാസ്തവം.

തായ്ലണ്ടിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ തന്റെ അവസാനകാലത്ത് ഭൂമിബോല്‍ എല്ലാത്തില്‍ നിന്നും അകന്നു കഴിഞ്ഞ ഒരു വ്യക്തി എന്നതിലേറെ ഒരു സാന്നിധ്യം മാത്രമായി മാറി. അനാരോഗ്യവും രാജകുടുംബത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും വിലക്കുന്ന കര്‍ശനമായ നിയമങ്ങളും ഇതിന്നാക്കം കൂട്ടി. രാഷ്ട്രീയമായി ദുര്‍ബലമായ ഈ രാജ്യത്ത് അദ്ദേഹത്തിന്റെ മരണം സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളും ഇതിന് കാരണമായി.

ഭൂമിബോലിന്റെ മരണം സൃഷ്ടിക്കുന്ന ചലനങ്ങള്‍ ദൂരവ്യാപകമായിരിക്കും. ഒരു ഐക്യഘടകം എന്നതിനപ്പുറം രാഷ്ട്രീയ, സാമൂഹ്യ ഭിന്നതകളെ ഒതുക്കിനിര്‍ത്തുന്ന ഒന്നായിരുന്നു രാജാവിന്റെ സാന്നിധ്യം. കഴിഞ്ഞ 15 വര്‍ഷമായി മുന്‍ പ്രധാനമന്ത്രിയും വാര്‍ത്താവിനിമയ രംഗത്തെ ഭീമന്‍ വ്യവസായിയുമായ താക്സിന്‍ ഷിനാവത്രയും-അയാളുടെ സാമൂഹ്യ സാമ്പത്തിക നയങ്ങള്‍ക്ക് ഗ്രാമീണ ജനതയില്‍ നിന്നു വലിയ പിതുണയാണ് ലഭിച്ചത്- പരമ്പരാഗത രാജപക്ഷ ഉപരിവര്‍ഗവും (സൈന്യം, ഉദ്യോഗസ്ഥവൃന്ദം, കൊട്ടാരത്തെ ചുറ്റിപ്പറ്റുന്ന ധനികരായ വ്യാപരികള്‍) തമ്മില്‍ കടുത്ത രാഷ്ട്രീയ തര്‍ക്കം നടക്കുകയാണ്. ഇത് നഗരങ്ങളിലെ യാഥാസ്ഥിതിക  മധ്യവര്‍ഗക്കാരും ഗ്രാമങ്ങളിലെ തൊഴിലാളിവര്‍ഗ ജനതയും-ചുവപ്പ് കുപ്പായക്കാര്‍-തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കി. ഗ്രാമീണ ജനത അവരുടെ രാഷ്ട്രീയ ശബ്ദമായാണ് തക്സിനെ കാണുന്നത്.

ഈ സംഘര്‍ഷത്തില്‍ രാജാവിന്റെ മരണവും അനന്തരാവകാശി പദവിയേറ്റെടുക്കലും കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അനന്തരാവകാശിയായി രാജകുമാരന്‍ വജിറലോങ്കോന്‍ അവകാശവാദം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ 64-കാരന് ഭൂമിബോലിന്റെ സ്വീകാര്യതയില്ല. കൊട്ടാരത്തിലെ അനുയായി വൃന്ദത്തിനിടയിലും ഇയാള്‍ അഭിമതനല്ല. പൊതുകാര്യങ്ങളില്‍ ഒട്ടും താത്പര്യം കാണിക്കാതെ ഒരു ധൂര്‍ത്തജീവിതമാണ് അയാള്‍ നയിക്കുന്നത് എന്നാണ് പൊതുധാരണ. ജര്‍മ്മനിയില്‍ മ്യൂനിക്കിന് തെക്കുള്ള ഒരു തടാകക്കരയില്‍ 11 ദശലക്ഷം ഡോളറിന്റെ ഒരു വിശ്രമവസതി അയാള്‍ക്കുണ്ട്.

2007-ല്‍ ഇയാള്‍ അന്നത്തെ ഭാര്യ സ്രീരസ്മി സുവാദിക്കും- അവര്‍ ധരിച്ചിരുന്നത് ഒരു ജി-സ്ട്രിങ്ങും ചെരുപ്പും മാത്രമായിരുന്നു- ചാവുന്ന സമയത്ത് തായ് വ്യോമസേനയില്‍ ചീഫ് മാര്‍ഷല്‍ സ്ഥാനമുണ്ടായിരുന്ന അയാളുടെ വളര്‍ത്തുനായ ഫൂ ഫൂവിനുമൊപ്പം ഒരു സമൃദ്ധമായ സ്വകാര്യവിരുന്നു ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു. (നായ  ചത്തപ്പോള്‍ നാലുദിവസത്തെ ബുദ്ധമതാചാരമനുസരിച്ചുള്ള ശവസംസ്കാര ചടങ്ങുകള്‍ നടത്തിയിരുന്നു). ജൂലായില്‍ യാകൂസ രീതിയില്‍ പച്ചകുത്തിയ ശരീരവുമായി ഒരു വിമാനത്തില്‍ കയറുന്ന ഇയാളുടെ ചിത്രം ഒരു ജര്‍മ്മന്‍ മഞ്ഞപ്പത്രം പുറത്തുവിട്ടു. (അധികൃതര്‍ ഇത് നിഷേധിച്ചെങ്കിലും)

മിക്ക കൊട്ടാരവൃത്തങ്ങളും വജിറലോങ്കോന്‍ രാജാവാകുന്നതിന് എതിരാണെന്ന് ‘A Kingdom in Crisis’ എന്ന പുസ്തകമെഴുതിയ (ഇത് തായ്ലണ്ടില്‍ നിരോധിച്ചു) സ്കോട്ടിഷ് പത്രപ്രവര്‍ത്തകന്‍ ആന്‍ഡ്ര്യു മാക്ഗ്രിഗര്‍ മാര്‍ഷല്‍ പറയുന്നു. “ചെറുപ്പം തൊട്ടേ ഒരു മധ്യകാല രാജാവിനെ പോലെയാണ് അയാള്‍ പെരുമാറിയത്. വളരെ ദയാപൂര്‍ണ്ണമായ ഒരു രാജഭരണത്തിന്റെ ഗുണഭോക്താക്കള്‍ക്ക് ഇതൊരു ദുരന്തമാണ്.”

മാത്രവുമല്ല കൊട്ടാരത്തില്‍ തന്റെ എതിരാളികളെ ഒതുക്കാന്‍ വിദേശത്തു കഴിയുന്ന താക്സിനുമായി വജിറലോങ്കോന്‍ കൈകോര്‍ക്കും എന്ന് പലരും ഭയപ്പെടുന്നു. ഇത് വളരെ ചുരുങ്ങിയ വൃത്തത്തിലുള്ള ശക്തമായ അധികാരങ്ങളുള്ള പ്രിവി കൌണ്‍സില്‍ എന്ന രാജ ഉപദേശക സമിതിയുടെ സ്വാധീനം കുറയ്ക്കുമെന്ന് അവര്‍ ആശങ്കപ്പെടുന്നുണ്ട്. കൊട്ടാരത്തിന്റെ 53 ബില്ല്യണ്‍ ഡോളര്‍ വരുന്ന സ്വത്തുക്കളും വലിയ വ്യാപാരങ്ങളും നോക്കിനടത്തുന്ന Crown Property Bureau-യും ആശങ്കയിലാണ്.


മഹാ വജിറലോങ്കോന്‍

“താക്സിനും വജിറലോങ്കോനും ഒത്തുചേരുകയും താക്സിന് രാജസ്വത്തുക്കളിലും വ്യാപാരങ്ങളിലും കൈകടത്താനാവുകയും ചെയ്യുമെന്നാണ് ധനികരായ കൊട്ടാരവൃത്തങ്ങള്‍ ഭയക്കുന്നത്. അതവരെ ഞെട്ടിക്കുകതന്നെ ചെയ്യുന്നു,” മാര്‍ഷല്‍ പറഞ്ഞു.

ഇപ്പോള്‍ ദുഖാചരണത്തിന്റെ സമയത്ത് ഇതെല്ലാം നിശബ്ദമായേക്കാം. ഇതും ആസൂത്രിതമാണ്. മുന്‍ വിദേശകാര്യമന്ത്രി കസിത് പിരോംയ പറഞ്ഞത് 2014-ലെ സൈനിക അട്ടിമറിയുടെ പ്രധാന ഉദ്ദേശം രാജപദവി കൈമാറ്റം സുഗമമാക്കുക എന്നതായിരുന്നു എന്നാണ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രാജകുടുംബത്തിന്റെ അനുയായികള്‍ക്ക് ആ സംവിധാനം മുന്നോട്ട് കൊണ്ടുപോയേ പറ്റൂ എന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ രാജപദവി കൈമാറ്റം ഭാവിയില്‍ എങ്ങോട്ടെത്തിക്കും എന്നത് ഇപ്പോള്‍ പറയാനാകില്ല. ഭൂമിബോല്‍ മരിച്ചതോടെ രാജകുടുംബത്തോടുള്ള ജനങ്ങളുടെ ആദരവ് പഴയപോലെ നിലനില്‍ക്കുമോ എന്നതാണ് ഒരു ചോദ്യം. രാജപദവി ഏറ്റെടുത്താല്‍ രാജകുമാരന്‍ വജിറലോങ്കോന്‍ എന്തുതരം രാജാവായിരിക്കും എന്നതും മറ്റൊരു ചോദ്യമാണ്. പതിവുപോലെ കൊട്ടാരത്തില്‍ ഒതുങ്ങുന്ന ഒരു ജീവിതമായിരിക്കുമോ? അതോ രാഷ്ട്രീയവിഷയങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുമോ? പട്ടാള ഭരണം വാഗ്ദാനം ചെയ്ത അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പ് ഈ സാഹചര്യത്തില്‍ നടക്കുമോ എന്നും സംശയമുയരുന്നുണ്ട്. ഒന്നുറപ്പാണ്, ഒരു ചരിത്ര കാലഘട്ടം അവസാനിക്കുകയും പുതിയതൊന്ന് തുടങ്ങുകയും ചെയ്യുമ്പോള്‍, രാജാധികാരത്തിന്റെ ഭാവി എന്നത്തേക്കാളും കൂടുതലായി രാജ്യത്തെ രാഷ്ട്രീയ സ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു- പരസ്യമായി അത്  പറയാനായാലും ഇല്ലെങ്കിലും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍