UPDATES

വിദേശം

തായ്ലന്‍ഡിലെ രാജാവ് തന്നെയാണ് പ്രശ്നം

ചികൊ ഹര്‍ലാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ദിവസങ്ങളില്‍ തായ്ലണ്ടിന് ഒരു പ്രധാനമന്ത്രിയും ഒരു പാര്‍ലമെന്റും പലഭാഗത്തിരുന്ന് ബഹളം കൂട്ടുന്ന മാധ്യമങ്ങളുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അവിടെ ഇതൊന്നുമില്ല. രാജ്യം ഭരിക്കുന്ന ഒരു ജനറലും നേതൃസ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട നേതാക്കളെ വിശദീകരണമോന്നുമില്ലാതെ പിടിച്ചുവെച്ചിരിക്കുന്ന അവസ്ഥയും, ഒരേയൊരു ടെലിവിഷന്‍ നെറ്റ് വര്‍ക്കും ആണുള്ളത് – അതിലാവട്ടെ ദേശഭക്തി ഗാനങ്ങളും ഭരണകേന്ദ്രത്തില്‍ നിന്ന് വല്ലപ്പോഴും വരുന്ന അറിയിപ്പുകളും മാത്രമാണുള്ളത്.

എന്താണ് സംഭവിച്ചത്? തായ്ലാന്‍ഡില്‍ എങ്ങനെയാണ് ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നത്?

അഞ്ചുഭാഗങ്ങളിലായി ഇത് വിശദീകരിക്കാനുള്ള ഒരു ശ്രമമാണ് ചുവടെ.

1. താരതമ്യേന അശക്തരായ ഭൂരിപക്ഷവും ശക്തരായ ന്യൂനപക്ഷവും വര്‍ഷങ്ങളായുള്ള അധികാരസമരത്തിലാണ്.

ഈ സമരം വര്‍ഷങ്ങള്‍ നീണ്ട അസ്ഥിരതയാണ് ഉണ്ടാക്കിയിരിക്കുന്നത്. അഭിപ്രായഭിന്നതകള്‍ക്ക് പല വശങ്ങളുണ്ട്. എന്നാല്‍ അവയെ ചുരുക്കി ഇങ്ങനെ പറയാം. രാജ്യത്തിന്റെ വടക്കുള്ള ഗ്രാമീണവോട്ടര്‍മാരാണ് ഭൂരിപക്ഷം. നഗരകേന്ദ്രിത ഉപരിവര്‍ഗ്ഗവും ഉദ്യോഗസ്ഥരുമാണ് ന്യൂനപക്ഷം. ഇരുപക്ഷത്തിനും അധികാരത്തിലെത്താന്‍ അവരുടെതായ രീതികളുണ്ട്. എന്നാല്‍ ആര്‍ക്കും അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടു പക്ഷത്തിനും നല്ല പരിശീലനം നേടിയ പട്ടാളവുമുണ്ട്.

2001 മുതലുള്ള ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം അവരുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയെ സ്ഥാനത്തെത്തിച്ചിട്ടുണ്ട്. അത് ജനാധിപത്യ അവസ്ഥയില്‍ ഒരു മേല്‍ക്കൈ ആയി തോന്നാമെങ്കിലും അത് പോര. തായ്ലാണ്ടിലെ ഏറ്റവും ശക്തമായ സ്ഥാപനങ്ങള്‍ – നിയമവും പട്ടാളവും ഉള്‍പ്പെടെ- കൈകാര്യം ചെയ്യുന്നത് ന്യൂനപക്ഷമാണ്. തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ പുറത്താക്കാന്‍ സംശയാസ്പദമായ അട്ടിമറികള്‍ നടത്തിയിട്ടുമുണ്ട്. രാജ്യനന്മയ്ക്ക് വേണ്ടിയും ജനാധിപത്യത്തിനു വേണ്ടിയുമാണ് ഇത് ചെയ്യുന്നത് എന്ന് ന്യൂനപക്ഷം പറയുന്നു. ഭൂരിപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ അഴിമതി കുന്നുകൂടുന്നു, അധികാരം ഷിനവത്രാസ് എന്ന ഒരൊറ്റ കുടുംബം ദുര്‍വിനിയോഗം ചെയ്യുന്നു.

ഇലക്ഷനുകളും അട്ടിമറികളും ഇരുപക്ഷത്തും പരാതികള്‍ക്ക് കാരണമായിട്ടുണ്ട്. ഇടയ്ക്കിടെ കയ്യാങ്കളികളും തെരുവുപ്രകടനങ്ങളും സംഭവിക്കാറുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ രണ്ടുതവണ പട്ടാളമിടപെടാനും ഇത് കാരണമായിട്ടുണ്ട്.

2. അട്ടിമറികള്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നില്ല

1932 മുതല്‍ പന്ത്രണ്ട് അട്ടിമറികളാണ് ബാങ്കോക്കില്‍ നടന്നിട്ടുള്ളത്. എന്നാല്‍ ഭിന്നിപ്പുകള്‍ പരിഹരിക്കുന്നതിന് പകരം അത് വര്‍ധിപ്പിക്കാനേ ഇതിനു സാധിച്ചിട്ടുള്ളൂ. പട്ടാളം പറയുന്ന രീതിയിലൊന്നുമല്ല അട്ടിമറികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് സാരം. 2006ല്‍ ബാങ്കോക്കില്‍ പട്ടാളടാങ്കറുകള്‍ എത്തി ഭൂരിപക്ഷ ഗവണ്മെന്റിനെ അട്ടിമറിച്ചപ്പോള്‍ പട്ടാളം പറഞ്ഞത് “അവര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും സാധാരണ അവസ്ഥ തിരിച്ചുകൊണ്ടുവരുമെന്നുമാണ്”. ഇതൊന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല റെഡ് ഷര്‍ട്ട്കള്‍ എന്നറിയപ്പെടുന്ന തായ്ലന്‍ഡിലെ ഭൂരിപക്ഷം ഇപ്പോഴും പറയുന്നത് സംഘര്‍ഷത്തിന്റെ പ്രധാനകാരണം ഈ അട്ടിമറി തന്നെയായിരുന്നു എന്നാണ്. ഏറ്റവും പുതിയ അട്ടിമറിയിലും പട്ടാളം പറയുന്നത് ഇതേ പല്ലവി തന്നെ. അവര്‍ “സമാധാനം പുന:സ്ഥാപിക്കുമെന്നും” “ജീവിതം പഴയതു പോലെയാക്കുമെന്നും.”

സൈനിക അട്ടിമറികള്‍ വിജയിക്കാത്തതിന്റെ പ്രധാനകാരണം സൈന്യം ന്യൂനപക്ഷത്തിന്റെ ഒരു ഉപകരണമായതുകൊണ്ടാണ് എന്നാണ് തായ്ലാന്‍ഡില്‍ നിന്നുള്ള ചില നിരീക്ഷകര്‍ പറയുന്നത്. ന്യൂനപക്ഷമാവട്ടെ അവരെ യാഥാസ്ഥിതികരായും റോയലിസ്റ്റുകളായുമാണ്‌ കാണുന്നത്. ഇതിന്റെ ഭാഗമാണ് പട്ടാളവും. ഇപ്പോഴത്തെ കമാണ്ടര്‍ ഇന്‍ ചീഫ് ആയ ജനറല്‍ പ്രയുത്ത് ചാന്‍-ഓച്ച ഒരിക്കല്‍ രാജവംശത്തെ സംരക്ഷിക്കാനാണ് സൈന്യം എന്ന് പറയുക വരെ ചെയ്തിട്ടുണ്ട്.

3. ഇതിനെല്ലാം പിന്നിലെ നിശബ്ദസാന്നിധ്യം രാജാവാണ്

തായ്ലണ്ടിന്റെ രാജാവ് എണ്‍പത്തിയാറുകാരനായ ഭുമിബോല്‍ അതുല്യദജിന്റെ രാജ്യത്തെ പ്രാധാന്യം പറയാതെ വയ്യ. ലോകത്തില്‍ ഏറ്റവും ദീര്‍ഘകാലം ഭരണത്തിലിരുന്നിട്ടുള്ള രാജാവാണ് അദ്ദേഹം. ഏറെ ആദരം ഏറ്റുവാങ്ങിയ ആളുമാണ്. അദ്ദേഹത്തിന്റെ ചിത്രം സകല ഗവന്മേന്റ്റ് ഓഫീസുകളിലും ടാക്സികളിലും ആളുകളുടെ സ്വീകരണമുറികളിലുമുണ്ട്. അദ്ദേഹത്തോടുള്ള സ്നേഹം പ്രഖ്യാപിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ സദാ മത്സരിക്കുകയാണ് പതിവ്. ചിലപ്പോഴൊക്കെ അത് കുറച്ച് അസ്വസ്ഥത ജനിപ്പിക്കും. തായ് മനുഷ്യര്‍ രാജാവിനെതിരെ സംസാരിക്കാതിരിക്കാനായി കഠിനമായ നിയമങ്ങളുണ്ട്.

തായ്ലന്‍ഡിലെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും പിറകില്‍ ഒരു മധ്യസ്ഥനായി വര്‍ത്തിക്കുന്നത് രാജാവാണ്. എന്നാല്‍ ഇത്തവണ ആ ഭാഗം എടുക്കാന്‍ കഴിയാത്തത്ര അസുഖത്തിലാണ് അദ്ദേഹം. ഇപ്പോഴുള്ള അസ്ഥിരതകള്‍ക്ക് പ്രധാനകാരണവും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ച ആര്‍ക്കായിരിക്കും എന്നതിനെ ചൊല്ലിയാണ്. ആരായിരിക്കും അനന്തരാവകാശി എന്നതിനെപ്പറ്റി തീരുമാനമായില്ല. അദ്ദേഹത്തിന്റെ പ്രിയപുത്രനൊന്നുമല്ലാത്ത മകന്‍ അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ട്. എന്തായാലും രാജാവ് നാടുനീങ്ങുമ്പോള്‍ തായ്ലാന്‍ഡ്‌ ഭരണയന്ത്രം ഒന്ന് കുലുങ്ങുമെന്നുറപ്പ്. കുറച്ചുനാളെങ്കിലും തായ്ലാന്‍ഡില്‍ ഒരു ഭരണശൂന്യത ഉണ്ടായേക്കും.

അതുകൊണ്ടു തന്നെ തായ്ലണ്ടിലെ രാഷ്ട്രീയവടംവലി വലിയ പ്രശ്നത്തിലാണ്. അപ്പോള്‍ അധികാരത്തിലുള്ളത് ആരായാലും അവര്‍ക്ക് ലഭിക്കാന്‍ പോകുന്നത് വലിയൊരു അവസരമാണ്. പ്രധാനപ്പെട്ട ഒരു മാറ്റത്തിന്റെ സമയത്ത് അധികാരം കയ്യാളാനുള്ള അവസരം.

രാജാധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ആരായിരിക്കും അധികാരത്തില്‍ വരുക എന്ന ഒരു സ്വത്വപ്രശ്നമാണിത്; സൌത്ത് ഈസ്റ്റ് ഏഷ്യയുടെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് വിദഗ്ധനായ ഏര്‍ണസ്റ്റ് ബോവര്‍ പറയുന്നു.

4. ഡ്രൈവര്‍സീറ്റില്‍ ഇരിക്കുന്ന താക്സിന്‍

തായ്ലന്‍ഡിലെ സംഘര്‍ഷങ്ങളുടെ പ്രമുഖസ്ഥാനത്തുള്ള ആളാണ്‌ താക്സിന്‍ ഷിനവത്ര. അദ്ദേഹം കോടീശ്വരനായ ഒരു വ്യവസായപ്രമുഖനാണ്. അദ്ദേഹം പോപ്പുലിസ്റ്റ് തന്ത്രങ്ങള്‍ ഉപയോഗിച്ച് ഗ്രാമീണവോട്ടുകള്‍ നേടിയെടുക്കാന്‍ വിദഗ്ധനാണ്. 2006-ലെ അട്ടിമറിയോടെ അധികാരത്തില്‍ നിന്ന് പുറത്തായശേഷം താക്സിന്‍ സ്വയം പ്രഖ്യാപിച്ച നാടുകടത്തലില്‍ ദുബായിലാണ്. ഈ മാസം ആദ്യം വരെ അദ്ദേഹത്തിന്റെ സഹോദരി യിംഗ്ലക് ആയിരുന്നു പ്രധാനമന്ത്രി. ഇരുവരും സ്കൈപ്പിലൂടെ സദാ സംസാരിക്കാറുണ്ട്.

മാപ്പ് ലഭിക്കാത്തതുകൊണ്ടു തിരിച്ചുവന്നാല്‍ താക്സിന് വലിയ കുറ്റങ്ങള്‍ നേരിടേണ്ടിവരും. എന്നാല്‍ അദ്ദേഹം ന്യൂനപക്ഷത്തിന് ഒരു വെല്ലുവിളിയും ആയിരിക്കും. വിദേശത്തുനിന്ന് പോലും അദ്ദേഹത്തിന്‍റെ വോട്ടര്‍ ശ്രേണി അദ്ദേഹത്തിനു താല്പ്പര്യമുള്ള ആളുകളെ അധികാരത്തിലെത്തിക്കുന്നുണ്ട്. മാത്രമല്ല തായ്ലണ്ടിലെ രാജകുമാരനുമായി അദ്ദേഹം നല്ല ബന്ധത്തിലുമാണ്. അധികാരത്തിലിരുന്ന സമയത്ത് ഏറെ പണിപ്പെട്ട് ഉണ്ടാക്കിയെടുത്ത ബന്ധമാണിത്. യാഥാസ്ഥിതികരുടെ പേടി താക്സിന്‍ അധികാരത്തില്‍ എത്തിയാല്‍ അവരെ പൂര്‍ണ്ണമായി ഒഴിവാക്കുമോ എന്നാണ്.

5. ഇനിയെന്ത് സംഭവിക്കുമെന്നത് വ്യക്തമല്ല.

താക്സിന്‍ ദുബായിലാണ്. പല രാഷ്ട്രീയപ്രമുഖരെയും തടങ്കലില്‍ വെച്ചിരിക്കുകയാണ്. പട്ടാളവുമായി യിംഗ്ലുക്ക് ചര്‍ച്ച നടത്തും. എത്രനാള്‍ പട്ടാളം അധികാരത്തില്‍ തുടരുമെന്നു പ്രയുത്ത് വ്യക്തമാക്കിയിട്ടില്ല. സിവിലിയന്‍ സര്‍ക്കാര്‍ തുടരണമെന്ന് ടോക്യോയില്‍ നിന്നും ലണ്ടനില്‍ നിന്നും വിദേശഗവണ്മെന്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജാവിന്റെ മരണം വരെ പട്ടാളഭരണം തുടര്‍ന്നേക്കുമെന്നാണ് നിരീക്ഷകരുടെ പേടി.

ഇതുവരെ അട്ടിമറിയില്‍ അപകടമൊന്നും സംഭവിച്ചിട്ടില്ല. ബാങ്കോക്കിലെ തെരുവുകള്‍ സാധാരണനിലയിലാണ്. ഒരു പട്ടാളക്കാരനെ പോലും കാണാതെ വഴി നടക്കാം, മാളുകളില്‍ പോകാം, തെരുവ് കച്ചവടക്കാരെയും കാണാം. എന്നാല്‍ തുടര്‍ച്ചയായുള്ള അട്ടിമറികള്‍ രാജ്യത്തിന്റെ സഹനശക്തിയെ പരീക്ഷിക്കുന്ന തരത്തിലാണ്. പൊടി ഒന്നടങ്ങിയാലേ ഇതിലെ അപകടങ്ങള്‍ കാണാന്‍ കഴിയൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍