UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത്‌ സ്നേഹം; വി ടി ബലറാമിനോട് ചില ഓര്‍മ്മപ്പെടുത്തലുകള്‍

Avatar

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

പ്രിയ ബല്‍റാം,

‘ചരിത്രം ആവര്‍ത്തിക്കും; ആദ്യം ദുരന്തമായും, പിന്നെ പ്രഹസനമായും’, എന്ന് പറഞ്ഞത് മഹാനായ കാള്‍ മാക്സാണ്.

ദരിദ്രരെയും, ദളിതരെയും മറ്റും പിന്നില്‍ നിര്‍ത്തി താങ്കളുടെ സുന്ദര വദനവും, അതിന്‍റെ ഫോട്ടോകളും, കനമുള്ള സര്‍ട്ടിഫിക്കറ്റുകളും, അങ്ങയുടെ സവര്‍ണ്ണതയും ചര്‍ച്ചയാക്കി തിരഞ്ഞെടുപ്പില്‍ വിജയിച്ചു വീണ്ടും എം എല്‍ എ ആയിരിക്കുകയാണല്ലോ താങ്കള്‍. താങ്കളുടെ നേതാവ് കെ സുധാകരന്‍ എഴുതിയ നാടക രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്ന അന്നാട്ടിലെ ഒരു ഐ എന്‍ ടി യു സി നേതാവിന്‍റെ മകളുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി വരെ താങ്കള്‍ “ഇരവേട്ട” ആരംഭിച്ചുകഴിഞ്ഞു. ഹിസ്റ്റോറിക്കല്‍ ഓഡിറ്റിംഗ് താങ്കള്‍ക്കും താല്‍പ്പര്യമുള്ള വിഷയമാണ് എന്നതാണ് ഞാന്‍ കേട്ടിരിക്കുന്നത്. ഈ ഘട്ടത്തില്‍ ചരിത്രത്തിലെയും, വര്‍ത്തമാനകാലത്തിലെയും, കോണ്‍ഗ്രസ്സിന്റെ ചില ദളിത്‌ സ്നേഹകഥകള്‍ നമുക്ക് ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നു…!

1) നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ദളിത് പീഡന വാര്‍ത്തകള്‍ക്കു യാതൊരു പഞ്ഞവുമില്ല. കണ്ണൂര്‍ വിഷയത്തില്‍ നിങ്ങളുടെ കൂടെ മുതലക്കണ്ണീര്‍ ഒഴുക്കാന്‍ സംഘികളുണ്ട് എന്നത് വേറെക്കാര്യം. രോഹിത് വെമുലയും, ചുട്ടുകൊല്ലപ്പെട്ട ദളിത്‌ കുഞ്ഞുങ്ങളും ഇപ്പോഴും സവര്‍ണ്ണ ഫാസിസ്റ്റ്‌ ശക്തികളുടെ ദളിത്‌ വിരുദ്ധത രാജ്യത്താകെ ചര്‍ച്ചയാക്കുന്നുണ്ട്. ക്യാമ്പസ്സുകളെ കലാപകേന്ദ്രങ്ങളാക്കുന്നുണ്ട്. പക്ഷേ ചരിത്രം പറയുന്നത് കോണ്‍ഗ്രസ്സിന്റെ ദളിത്‌ വിരുദ്ധതകള്‍ തന്നെയാണ് ബല്‍റാം.

2) 1968ല്‍ തമിഴ്‌നാട്ടില്‍ നടന്ന കില്‍വേന്‍മണി കൂട്ടക്കൊലയാണ് സ്വതന്ത്രഭാരതത്തില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ ദളിത് കൂട്ടക്കൊലകളില്‍ ഒന്ന്. ഭൂവുടമയുടെ ഗുണ്ടകള്‍ 44 ദളിതരെ കൊല്ലുകയായിരുന്നു. 1981ല്‍ ഉത്തര്‍പ്രദേശില്‍ ഫൂലന്‍ദേവിയെ ഉന്നത ജാതിക്കാര്‍ പീഡനത്തിനിരയാക്കിയതും ഫൂലന്റെ പ്രതികാര കഥകളും പതിറ്റാണ്ടുകളോളം ഉത്തരേന്ത്യയെ പിടിച്ചു കുലുക്കിയതാണ്. ഫൂലന്‍ സംഭവം നടന്നകാലത്ത് വി.പി സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണമായിരുന്നു ഉത്തര്‍പ്രദേശില്‍. നീതി ലഭിക്കാതിരുന്നതോടെയാണ് ഫൂലന്‍ ആയുധമെടുത്തതെന്നതും ചരിത്രം.

3) 1985 ജൂലൈ 17ന് ആന്ധ്രാപ്രദേശിലെ കരംചെഡുവില്‍ നടന്ന ദളിത് കൊലപാതകവും ഏറെ പൈശാചികമായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ഡി.വെങ്കിടേശ്വര റാവുവിന്റെ കലാപത്തിലെ പങ്കാളിത്തവും വ്യക്തമായിരുന്നു. നാലുവര്‍ഷത്തിനു ശേഷം റാവുവിന്റെ പിതാവിനെ കൊലപ്പെടുത്തി നക്‌സലുകള്‍ പ്രതികാരം വീട്ടി. ആന്ധ്രയുടെ മണ്ണില്‍ നക്‌സലിസത്തിന് വളരാന്‍ പാകത്തിലുള്ള അന്തരീക്ഷം ഉണ്ടാക്കിയതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പങ്ക് വളരെ വലുതാണ്. 1991 ആഗസ്തില്‍ എട്ട് ദളിതരെ കൊലപ്പെടുത്തിയ സംഭവവും ആന്ധ്രയിലുണ്ടായി. കോണ്‍ഗ്രസ് ആയിരുന്നു അപ്പോഴും സംസ്ഥാന ഭരണത്തിലുണ്ടായിരുന്നത്.

4) ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ബതാനി തോലയില്‍ 1996 ജൂലൈ 11ന് 21 ദളിതരെ രണ്‍ബീര്‍ സേന കൊന്നൊടുക്കി. ഇതിന് പകരമായി നക്‌സല്‍ ആക്രമണങ്ങളില്‍ അഞ്ഞൂറോളം ഉയര്‍ന്ന ജാതിക്കാര്‍ കൊല്ലപ്പെട്ടു. രണ്‍ബീര്‍ സേനയുടെ തുടര്‍ ആക്രമണങ്ങളില്‍ 81 ദളിതര്‍ക്കും ജീവന്‍ നഷ്ടമായി. ലക്ഷ്മണ്‍പൂരിലും ബാരയിലുമായാണ് ആക്രമണങ്ങള്‍ നടന്നത്. 2006ല്‍ മഹാരാഷ്ട്രയില്‍ നടന്ന ദളിത് പ്രതിഷേധ പരിപാടികളില്‍ കൊല്ലപ്പെട്ട ദളിതരുടെ കണക്ക് ഇനിയും വ്യക്തമായിട്ടില്ല. ദളിത് പ്രതിഷേധം അടിച്ചമര്‍ത്താന്‍ വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ നടപടികള്‍ കോണ്‍ഗ്രസ്സിന്റെ ദളിത് വിഭാഗക്കാരോടുള്ള നയം വ്യക്തമാക്കുന്നതായിരുന്നു.

5) 2006ല്‍ മഹാരാഷ്ട്രയിലെ ഖൈര്‍ലഞ്ചില്‍ നടന്ന ദളിത് പീഡനങ്ങള്‍ സമാനതകളില്ലാത്തതാണ്. ദളിതരെയും മറ്റു പിന്നാക്ക വിഭാഗക്കാരെയും നഗ്നരാക്കി നടത്തിച്ച കേസില്‍ നടപടികളെടുക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയിരുന്നു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് മുഖ്യമന്ത്രിയായിരുന്ന 1999 മുതല്‍ 2002വരെയുള്ള കാലത്ത് ദളിതര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ വളരെ വലുതാണ്. ഒരുവര്‍ഷം ഏകദേശം 5024 ദളിത് പീഡനങ്ങളാണ് രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 46 ദളിത് കൊലപാതകങ്ങളും 138 ബലാല്‍സംഗങ്ങളും ഉള്‍പ്പെടുന്നു. 2011ല്‍ ഹിസാറിലെ മിര്‍ച്ച്പൂര്‍ ഗ്രാമത്തില്‍ ദളിത് കൊലപാതകങ്ങള്‍ നടന്ന സമയത്ത് ഭൂപീന്ദര്‍സിങ് ഹൂഡയായിരുന്നു ഹരിയാനയുടെ ഭരണം നിര്‍വ്വഹിച്ചിരുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ ഹരിയാനയില്‍ നടന്ന ജാട്ട് ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇതേ ഹൂഡയുടെ അടുത്ത അനുയായി വീരേന്ദര്‍ സിങ് ആയിരുന്നെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇയാളാണ് ജാട്ട് വിഭാഗക്കാരെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജാട്ട് ആക്രമണങ്ങള്‍ക്ക് പിന്നിലെ മുന്‍ മുഖ്യമന്ത്രി ഹൂഡയുടെ പങ്കിനെപ്പറ്റി ഹരിയാന സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രിയ ബല്‍റാം,

6) താങ്കള്‍ക്ക്പരപ്പനങ്ങാടിക്കാരന്‍ സക്കറിയയെ അറിയുമോ..? നീണ്ട 7 വർഷമായി പരപ്പനങ്ങാടിക്കാരൻ സക്കറിയ കർണാടകയിലെ പരപ്പന അഗ്രഹാര ജയിലിലാണ്, 19 വയസ്സിൽ അറസ്റ്റിലായ സക്കറിയക്ക് ഇന്ന് 26 വയസ്സ്, ആകെയുള്ളത് വൃദ്ധയായ മാതാവ്, തന്റെ മകന്റെ അവസ്ഥയോർത്ത് ഉരുകി തീരുന്നു ആ മാതാവ്. സക്കറിയക്ക് എതിരെ മൊഴി നൽകി എന്ന് പോലീസ് പറയുന്ന സാക്ഷികൾ അത്തരത്തിൽ മൊഴി തങ്ങൾ നൽകിയില്ല എന്ന് ഇപ്പോള്‍ പറയുന്നു. കേസിന്റെ വിചാരണ നിലവിൽ നടക്കുന്നില്ല. ജയിലിലെ പീഡനം മൂലം മാനസിക നില പോലും തകർന്ന അവസ്ഥയിലാണ് സക്കറിയ, അയാള്‍ക്ക്‌ ചികിത്സയുമില്ല. ഒരിക്കലെങ്കിലും താങ്കള്‍ ഈ വിഷയത്തില്‍ ഒരു കമന്‍റ്  ചെയ്യുകയോ, താങ്കളുടെ പ്രൊഫൈല്‍ ചിത്രമാക്കി മാറ്റുകയോ ചെയ്തിരുന്നോ..? എത്ര തവണയാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മേല്‍ എക്കാലത്തും കറുത്ത അടയാളമായി മാറുവാന്‍ പോകുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ചിത്രം താങ്കളുടെ പ്രൊഫൈലില്‍ ഉണ്ടായിട്ടുള്ളത്..? മുത്തങ്ങയില്‍ നിങ്ങള്‍ വെടിവച്ചു കൊന്ന ആദിവാസി സമരങ്ങളുടെ പേരില്‍ ഇപ്പോഴും കോടതി കയറിയിറങ്ങുന്ന ദുരിത ജന്മങ്ങള്‍ താങ്കളുടെ പോസ്റ്റുകളില്‍ എത്ര തവണ വിഷയമായിട്ടുള്ളത്..?

7) കൊച്ചിയുടെ വികസനത്തിന്‍റെ പേരിലും, മൂലമ്പള്ളിയിലും മറ്റും, അനീതി പെരുമഴയായി നെറുകയില്‍ പെയ്ത ദരിദ്രരുടേയും, ദളിതരുടേയും ജീവിതത്തിനായില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ എന്തൊക്കെയാണ് ബല്‍റാം താങ്കള്‍ ചെയ്തത്. ചുരുങ്ങിയത് സോഷ്യല്‍ മീഡിയയിലെങ്കിലും എന്തായിരുന്നു താങ്കളുടെ ഇടപെടല്‍..? വ്യക്തമാക്കാമോ..? 

8) മിസ്റ്റര്‍ ബല്‍റാം, ചുരുക്കത്തില്‍ സ്വന്തം പാര്‍ട്ടി നേതാവിന്റെ രണ്ടു പെണ്മക്കള്‍ ഒരു പിഞ്ചു കുഞ്ഞിനൊപ്പം ജയിലില്‍ പോകുന്നത് തടയാന്‍ രണ്ടു ജാമ്യക്കാരെപ്പോലും ഹാജരാക്കാതെ, നിങ്ങള്‍ സുധാകര തിരക്കഥയ്ക്കനുസരിച്ച് ആടിയ ഈ നാടകം ഏതു  കാലത്താണ് എന്ന് നിങ്ങള്‍ക്കറിയുമോ..?  സുഹൃത്തെ,  റോഡിനു ഭൂമിയേറ്റെടുക്കുന്നതില്‍ 45  മീറ്റര്‍ എന്ന കാര്യത്തില്‍ ഇനി ചര്‍ച്ച പോലുമില്ല എന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെ കാലത്ത്, ആതിരപ്പിള്ളിയിലെ പ്രകൃതിയുടെ അമൂല്യതകള്‍ ഊര്‍ജ്ജോല്‍പ്പാദനത്തിന്‍റെ  പേരില്‍ നശിപ്പിക്കുമെന്ന് പറയാതെ പറയുന്ന ഭരണകൂടങ്ങളുടെ കാലത്ത്, വ്യവസായത്തിനായി ഏതു  കുത്തക വന്നാലും സ്വീകരിക്കുമെന്ന നിലപാടുള്ള മന്ത്രിമാര്‍ ഉള്ള കാലത്ത് നിങ്ങള്‍ അസംബന്ധ നാടകങ്ങള്‍ രചിച്ചാടുകയും, പാവങ്ങളായ ദളിത്‌ സ്ത്രീകളെയടക്കം ആ നാടകത്തിനായി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയുമാണ് മിസ്റ്റര്‍ ലീഡര്‍. 

ഈ നിലയ്ക്ക് പോകുമ്പോള്‍, ഒരിക്കലെങ്കിലും  ജനപക്ഷത്തു നില്‍ക്കാത്ത കേരളം കണ്ട ഏറ്റവും അപഹാസ്യമായ പ്രതിപക്ഷമായി താങ്കളെയും , ബാക്കി നേതാക്കളെയും ചരിത്രം വിലയിരുത്തും എന്ന് മാത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട്, താങ്കള്‍ക്കു മുകളിലെ ഹൃദയാകാശം നിറയെ സ്നേഹം നിറച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ…!

(ഹൈക്കോടതിയില്‍ അഭിഭാഷകനും എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍