UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് പീഡന കേസുകള്‍ അട്ടിമറിക്കപ്പെടുന്ന വിധം (തലശ്ശേരി മോഡല്‍)

Avatar

എം കെ രാമദാസ്

തലശ്ശേരിയില്‍ ദളിത് യുവതികള്‍ കൈക്കുഞ്ഞിനോടൊപ്പം ജയിലില്‍ അടക്കപ്പെട്ട സംഭവം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്. പ്രത്യേകിച്ചും സി.പി.ഐ എം നേതൃത്വത്തിലുള്ള ഇടതു മുന്നണിയുടെ ഭരണ കാലത്ത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി രോഹിത് വെമുലയെന്ന ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഉയര്‍ത്തിക്കൊണ്ടുവന്ന ഇടതുപക്ഷത്തിന്‍റെ ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുകയാണ്. മതത്തിനുമപ്പുറം ജാതി ഉറഞ്ഞാടിയ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂരിലെ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവും സജീവ വിഷയമായിരുന്നു. ദളിതരുടെ ജീവിതത്തോട് മുഖ്യധാര കക്ഷികള്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനത്തെ ജിഷയുടെ മരണം തുറന്നു കാണിച്ചു. അപ്പോഴും നേരിയൊരാനുകൂല്യം ഇടതിനോട് പ്രകടിപ്പിക്കാനാണ് കേരളീയ സമൂഹം തയ്യാറായത്. 

പട്ടികജാതി – വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ലക്ഷ്യമിട്ടാണ് പ്രത്യേക നിയമം രാജ്യത്ത് നിലവില്‍ വന്നത്. നിയമം വന്നതിനൊപ്പം തന്നെ ദുരുപയോഗവും ചര്‍ച്ചയ്ക്ക് വന്നു. പ്രത്യേക പരിരക്ഷക്കര്‍ഹരായവരെ കണ്ടെത്തി മുന്‍ വൈരാഗ്യമുള്ളവര്‍ക്കെതിരെ പരാതി നല്‍കി നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നേടിയ സംഭവങ്ങളുമുണ്ടായി. പലിശക്കാര്‍ക്കെതിരെ രോഷം ശക്തമായ കാലത്ത് നടന്ന ഒരു സംഭവം ഇതിനുദാഹരണമാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ കൊള്ളപ്പലിശക്കാരെ നേരിടാനുള്ള വഴിയാലോചിക്കുന്നതിനായി കൂടിയ ഒരു യോഗത്തിലാണ് സംഭവം. അവിടെ നടന്ന ഒരാലോചനയിങ്ങനെ; ‘പോലീസ് പലിശക്കാര്‍ക്കൊപ്പമാണ്. ഭൂരേഖകള്‍ പണയമായി നല്‍കിയാണ് പണം വാങ്ങിയത്. തിരികെ കൊടുക്കാന്‍ മാര്‍ഗ്ഗമില്ല. അയഞ്ഞുതരാന്‍ പലിശക്കാന്‍ തയ്യാറല്ല. ഒരു കേസുണ്ടാക്കി അയാളെ പൂട്ടണം. ഒരാദിവാസി പെണ്ണിനെക്കൊണ്ട് പരാതി നല്‍കിക്കുക. ജാതിപ്പേര് പറഞ്ഞെന്നോ പീഡിപ്പിച്ചേന്നോ ചേര്‍ത്താല്‍ മതി. അതിനുള്ള ആളെ ഞാന്‍ ഏര്‍പ്പാടാക്കാം’. ഒരു കൊച്ചു യോഗത്തില്‍  ഉണ്ടായ ഈ അഭിപ്രായത്തിനെതിരെ  ശബ്ദമുയര്‍ന്നെങ്കിലും നിയമം ഇങ്ങനെയും ദുര്‍വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ പരാതിക്കാരെക്കാള്‍ വേഗത്തില്‍ നിയമനടപടിക്കൊരുങ്ങുക പ്രതിയായിരിക്കും. ഒരു കൗണ്ടര്‍ കേസ് വരുമ്പോള്‍ കാര്യങ്ങള്‍ തകിടംമറിയുമെന്നാണ് പൊതുധാരണ. തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാനും ഇതേ വിദ്യ പ്രയോഗിക്കുന്നവരും കുറവല്ല. ഈയടുത്ത് വയനാട്ടില്‍ നടന്ന ഒരു സംഭവം ഇങ്ങനെ. പുല്‍പ്പള്ളിക്കടുത്ത് പാക്കത്ത് പണിയ സമുദായത്തില്‍പ്പെട്ട രണ്ട് പേര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. ഒരു കല്യാണ ചടങ്ങിനിടെ  ഉണ്ടായ കശപിശയാണ് ഒരു ദിവസം കഴിഞ്ഞുള്ള മര്‍ദ്ദനത്തിന് കാരണം. മാരകമായി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്ന്  നല്‍കുന്ന ഇന്റിമേഷന്‍ അനുസരിച്ച് കേസെടുക്കേണ്ടത് സ്ഥലത്തെ പോലീസ് ആണ്. സ്റ്റേഷനില്‍ നിന്ന് പോലീസ് സമയത്തിനെത്തിയില്ല എന്ന് മാത്രമല്ല കേസ് ഇതു വരെ എസ്എംഎസ് വിഭാഗത്തിന് കൈമാറിയിട്ടുമില്ല. സംഭവത്തില്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടിയുടെ പിന്തുണയുള്ളവരാണ്. സിപിഐഎം, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതികളായ  കേസ്സില്‍ നിന്ന് പരാതിക്കാരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചത് ബിജെപി പ്രാദേശിക നേതാവായിരുന്നു. പ്രതികളെന്ന് കരുതുന്നവര്‍ സമാന സമയത്ത് പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ അഡ്മിറ്റായി. സ്വര്‍ണ്ണമാല സംഘംചേര്‍ന്ന് തട്ടിയെടുത്തെന്നും മര്‍ദ്ദിച്ചെന്നും കാണിച്ചാണ്  ഇവരുടെ പരാതി.  കൗണ്ടര്‍ കേസ് വന്നതോടെ മര്‍ദ്ദനമേറ്റ ആദിവാസികള്‍ക്ക് നീതികിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

തലശ്ശേരി കുട്ടിമാക്കൂലില്‍ കൈകുഞ്ഞുമായി ദളിത് യുവതികള്‍ ജയിലില്‍ അടക്കപ്പെട്ട സംഭവത്തില്‍ ജൂഡീഷ്യറിയും സംശയത്തിന്റെ നിഴലിലാണ്. പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് നോട്ട് അതേപടി സ്വീകരിച്ച് യുവതികളെ റിമാന്‍ഡ് ചെയ്തത് ജൂഡീഷ്യല്‍ ഓഫീസറുടെ വിവേചനാധികാരമെന്ന് അംഗീകരിക്കുമ്പോഴും കൈക്കുഞ്ഞിനെ ജയിലിലയ്ക്കാന്‍ ഇടയായത് എങ്ങനെയെന്ന ചോദ്യമാണ് നിയമവിദഗ്ദര്‍ ഉന്നയിക്കുന്നത്. സാധാരണ നിലയില്‍ ഇത്തരം സാഹചര്യങ്ങളില്‍ കോടതിയിലെത്തുന്നവര്‍ക്ക് ജാമ്യം നല്‍കുന്ന സമീപനമാണ് കീഴ്‌വഴക്കമെന്ന് വയനാട് ജില്ലാ കോടതിയില്‍ അഭിഭാഷകനായ വിജി പറയുന്നു. “കൈകുഞ്ഞ് ചെയ്ത തെറ്റ് എന്താണ്? യുവതികള്‍ തുടര്‍ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് കരുതിയാല്‍ തന്നെ കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ മജിസ്ട്രേറ്റ് പരാജയപ്പെട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ആയുധങ്ങളുമായി അക്രമത്തിനെത്തിയെന്ന് വിലയിരുത്തി 462-ാം വകുപ്പാണ് യുവതികള്‍ക്കെതിരെ പോലീസ് ചുമത്തിയത്. പട്ടാപ്പകല്‍ രണ്ട് സ്ത്രീകള്‍ പാര്‍ട്ടി ഓഫിസ് അക്രമിച്ചെന്ന കണ്ടെത്തലിന്റെ സാംഗത്യം മജിസ്ട്രേറ്റിന് പരിഗണിക്കാവുന്നതുമാണ്. മുത്തങ്ങ സമരത്തിനോടനുബന്ധിച്ചുണ്ടായ കേസ്സില്‍ അമ്മമാര്‍ക്കൊപ്പം കുട്ടികളെ ജയിലിലേക്കയച്ച മജിസ്ട്രേറ്റിനെതിരെ നടപടിയെടുക്കുകയുണ്ടായി”. വിജി ചൂണ്ടിക്കാണിക്കുന്നു.

നിയമം തലനാരിഴകിറി പരിശോധിച്ച് അന്തിമമവിധി വരുമെന്ന് കരുതി കാത്തിരിക്കാന്‍ തലശ്ശേരി സംഭവം അനുവദിക്കുന്നില്ല. ജയില്‍ വാസത്തിന് വിധിക്കപ്പെട്ടവര്‍ പ്രത്യേക നിയമപരിരക്ഷയുള്ള ദളിത് വിഭാഗത്തിലുള്ള സ്ത്രീകളാണ്. എതിര്‍ കക്ഷികള്‍ സംസ്ഥാന ഭരണം കൈയ്യാളുന്ന സിപിഐഎം പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ്. പാര്‍ട്ടിയിലെ ഇലയനക്കം ശ്രദ്ധയില്‍പ്പെടുന്ന റഡാര്‍ ദൃഷ്ടിയും ത്രാണിയുമുള്ള സാക്ഷാല്‍ പിണറായി വിജയന്‍ സംസ്ഥാന മുഖമ്രന്ത്രിയാണെന്നത് ഈ സംഭവത്തെ വ്യത്യസ്തമാക്കുന്നു. അഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അജ്ഞതയും സ്ഥലം എംഎല്‍എ  ഷംസീറിന്റെ ലളിതവല്‍ക്കരണ പ്രത്യയശാസ്ത്രവും ചേര്‍ത്ത് വായിച്ചാല്‍ തലശ്ശേരി സംഭവത്തിന്റെ പ്രാധാന്യം വീണ്ടും വര്‍ദ്ധിക്കും. ദളിത് രക്ഷകരായ പ്രസ്ഥാനത്തെ കരിവാരിതേക്കാന്‍ നടക്കുന്ന ഗൂഡാലോചനയായാണ് ഷംസീറും പാര്‍ട്ടി നേതാക്കളും ഈ സംഭവത്തെ കാണുന്നത്. അതല്ല സത്യമെന്ന് അവര്‍ക്കുമറിയാം.

അച്ഛന്‍ കോണ്‍ഗ്രസ്സുകാരനായതല്ലാതെ ശത്രുതയ്ക്ക് മറ്റൊരു കാരണവും ഞങ്ങള്‍ കാണുന്നില്ലെന്ന് ജയിലിലടക്കപ്പെട്ട പെണ്‍കുട്ടികളുടെ സഹോദരി അമ്പിളി അഴിമുഖത്തോട് പറഞ്ഞു. “കോണ്‍ഗ്രസ്സിന്റെ ഗുണ്ടകള്‍ എന്നാണ് ഞങ്ങളെക്കുറിച്ച് പറയുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ അച്ഛന്‍ പറയും ഞങ്ങള്‍ വോട്ട് ചെയ്യും. അച്ഛന് പാര്‍ട്ടിയിലെ സ്ഥാനമെന്ത് ഞങ്ങള്‍ക്കറിയില്ല. ഇവിടെ ഇതുവരെ ഞങ്ങള്‍ ആര്‍ക്കും ഒരു ശല്യവും ചെയ്തിട്ടില്ല. സിപിഐഎംകാരെല്ലാം മോശക്കാരല്ല. നല്ല ആള്‍ക്കാരുമുണ്ട്. ഞങ്ങള്‍ പുലയരാണ്. ഈ പേരുപറഞ്ഞുള്ള പുലഭ്യം കേട്ടു മടുത്തു. അച്ഛനെ കൊല്ലും തല്ലും എന്നൊക്കെ ബൈക്കിലെത്തിയും നേരിട്ടും പറയും. ചായയ്ക്ക് കടിവാങ്ങാന്‍ അവര്‍ പോയപ്പോഴും ഇതു തന്നെ നടന്നു. പെണ്‍കുട്ടികളാണെങ്കിലും സഹിക്കുന്നതിനൊരതിരില്ലേ? അങ്ങനെ അവരോട് ചോദിക്കാന്‍ പോയി.  ഒരു രാഷ്ട്രീയക്കാരുടെയും ഒത്താശയുണ്ടായിട്ടില്ല. അച്ഛനെ കൊല്ലുമെന്ന് പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ എന്താണ് ചെയ്യാ? അതിനവര്‍ എന്തൊക്കായാ കാണിച്ചത് . വീട്ടില്‍ വന്ന് അച്ഛനെ വലിച്ചിട്ട് ചവിട്ടി. റോഡില്‍ കൊണ്ടു പോയി തെങ്ങിന്‍ മട്ടല്‍കൊണ്ട് അടിച്ചു. അഞ്ജനയുടെ നെഞ്ചില്‍  ചവിട്ടി. അതും കഴിഞ്ഞ് ജയിലിലും ഇട്ടു. ജാമ്യം കിട്ടി പുറത്ത് വന്നപ്പോള്‍ ചാനലിലൂടെ എന്തൊക്കെയാ പറഞ്ഞത്. ഞങ്ങള്‍ നാട്ടുകാര്‍ക്കാകെ സ്വൈര്യക്കേടാണെന്ന്, വഴിയിലൂടെ നടക്കാന്‍ സമ്മതിക്കില്ലെന്ന്. സഹിക്കാന്‍ പറ്റാതെയാണ് അഞ്ജന ഗുളിക കുടിച്ച് മരിക്കാന്‍ ശ്രമിച്ചത്. അല്ലാതെ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാവും.”  അമ്പിളി ചോദിച്ചു.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍