UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴരെ മലയാളി എന്തുകൊണ്ട് പൂവിട്ട് തൊഴണം?

Avatar

ജെ അരുന്ധതി

മലയാളിക്ക് ഇന്നും തമിഴനോട് ഒരുതരം പുച്ഛമനോഭാവമാണ്.  തമിഴ്‌ സിനിമകള്‍ കാണുമെന്നതു മാത്രമാണ്  ആകെയുള്ള ഒരടുപ്പം. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും അരങ്ങേറിയ സംഭവങ്ങള്‍ തമിഴനെ മലയാളി പൂവിട്ട് തൊഴണമെന്നതിന് തെളിവാണ്. തമിഴന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശാല സമത്വചിന്തയും മാനവീകബോധവും എത്തിപ്പിടിക്കാന്‍ നൂറ്റുക്കുനൂറൂ സാക്ഷരരായ മലയാളി ഇനിയും ഒരുപാട് അക്ഷരങ്ങളും അറിവും ആര്‍ജിക്കാനുമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സംഭവം തമിഴകത്തുണ്ടായി. ഒപ്പം എത്ര വലിയ കാപട്യവും പൊങ്ങച്ചവുമാണ് മലയാളി ആഘോഷിക്കുന്നതെന്നതിന്റെ വെളിപ്പെടുത്തലുമായി ഈ സംഭവങ്ങളെ പരിഗണിക്കാം. അക്ഷയതൃതീയ എന്ന ഓമനപ്പേരില്‍  മലയാളി നടത്തിക്കൊണ്ടിരിക്കുന്ന സ്വര്‍ണാഘോഷമാണിവിടെ പരാമര്‍ശിക്കുന്നത്. വിഷുവിന്റെ അടുത്ത ദിവസം അക്ഷയതൃതീയ എന്ന പേരില്‍ സ്വര്‍ണക്കടകളിലേക്ക് പാഞ്ഞ മലയാളി പെണ്ണുങ്ങളുടെ, പുരുഷന്റെയും കാഴ്ച മഞ്ഞലോഹത്തോടുള്ള ആര്‍ത്തിയും ആസക്തിയും ഒരിക്കല്‍ കൂടി പ്രകടമാക്കി. ആഭരണശാലകളായി പെണ്ണിനെ കാണുന്ന മലയാളിയുടെ വൃത്തികെട്ട കാഴ്ചയെ സ്വര്‍ണ മുതലാളിമാര്‍ വിറ്റഴിക്കുന്നതിന്റെ ദൃശ്യമാണ് വര്‍ഷങ്ങളായി ഏപ്രിലിലെ അക്ഷയതൃതീയയില്‍ കാണുന്നത്. 

ഇങ്ങനെ താലിയും മാലയും വളയുമായി പൊന്നില്‍മുക്കി പെണ്ണിനെ വില്‍പന ചരക്കാക്കുന്ന മലയാളിക്ക് കിട്ടിയ മുഖമടച്ച അടിയാണ് തമിഴ്‌നാട്ടിലെ ചെന്നെയില്‍ അരങ്ങേറിയ താലിപൊട്ടിച്ചെറിയല്‍ സമരം. സ്ത്രീകളെ രണ്ടാംകിടയിലും താഴെയായി കാണുന്ന കേരളീയ സമൂഹത്തിന് ഒരിക്കലും ഇത്തരമൊരു പ്രതിഷേധസമരത്തിന് വേദിയൊരുക്കാനാകില്ല. അതിനാല്‍  താലി പൊട്ടിച്ചെറിഞ്ഞ് ലിംഗസമത്വം മുദ്രാവാക്യമല്ലെന്ന്  വിളിച്ചുപറഞ്ഞ പാവപ്പെട്ട തമിഴ്മക്കളെ അഭിവാദ്യം ചെയ്യാനെങ്കിലും പുരോഗമനകാരികളെന്ന് നടിക്കുന്ന മലയാളപുരോഗമന കേസരികള്‍ തയ്യാറാകണം. സ്ത്രീപുരുഷ തുല്ല്യതയുടെ  ആഹ്വാനം മുഴക്കി തമിഴ്‌നാട്ടില്‍ 21 സ്ത്രീകള്‍ താലി പൊട്ടിച്ച് വലിച്ചെറിഞ്ഞു. കോടതിവിധി വരുമെന്നറിഞ്ഞ് ഗറില്ലാരൂപത്തിലാണ് അതിരാവിലെ തങ്ങള്‍ നിശ്ചയിച്ച സമരം അവര്‍ നടത്തിയത്.  താലിപൊട്ടിക്കല്‍ ചടങ്ങിന് തൊട്ടുപിന്നാലെ ചടങ്ങ് നിരോധിച്ച് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഇറങ്ങിയത് കൂട്ടി വായിക്കുമ്പോഴാണ് എത്ര വിപ്ലവാത്മകമായും ആത്മാര്‍ഥമായുമാണ് ഈ താലിപൊട്ടിക്കല്‍ സംഘടിപ്പിച്ചതെന്ന് വ്യക്തമാവുക. 

തമിഴ് സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ ആശയപ്രചാരകരായ ദ്രാവിഡര്‍ കഴകം (ഡിആര്‍) പ്രവര്‍ത്തകരാണ് കോടതി ഉത്തരവിനെ നാടകീയമായി മറികടന്ന് താലി പൊട്ടിക്കല്‍ ചടങ്ങ് നടത്തിയത്. ജനാധിപത്യ സമൂഹത്തിന് ഭീഷണിയുയര്‍ത്തി സമീപകാലത്ത് പത്തിവിരിച്ചാടുന്ന ആര്‍ എസ്‌ എസിന്റെ എതിര്‍പ്പ് തൃണവല്‍ഗണിച്ചാണ് താലിപൊട്ടിച്ചെറിഞ്ഞതെന്നതും നമ്മുടെ അയല്‍നാട്ടില്‍ നടന്ന ഈ സാമൂഹിക വിപ്ലവപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ആധുനികലോകത്ത് താലിയുടെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ചചെയ്ത ടെലിവിഷന്‍ചാനലിന്റെ ചെന്നൈ ഓഫീസിനുനേരെ സംഘപരിവാര്‍ സംഘടനകള്‍ ബോംബെറിഞ്ഞിരുന്നു. താലിയടക്കം പരമ്പരാഗതവും സ്ത്രീവിരുദ്ധവുമായ ആചാരങ്ങളെ കെട്ടിപ്പിടിച്ചിരുന്ന് സംരക്ഷിക്കുക എന്നത് ആര്‍ എസ് എസിന്റെ എല്ലാ കാലത്തെയും നയമാണല്ലോ. എന്നാല്‍ മാധ്യമങ്ങളില്‍ ഇതേപ്പറ്റി ചര്‍ച്ചകൂടി അനുവദിക്കാത്ത ഫാസിസ്റ്റ് പ്രവണതയെ തുറന്നെതിര്‍ക്കാന്‍ ദ്രാവിഡര്‍ കഴകം മുന്നോട്ടുവന്നു.   കഴകം താലിപൊട്ടിക്കല്‍ സമരം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതില്‍ പ്രതിഷേധിച്ച് ബീഫ്‌ മേളയും ഒപ്പം പ്രഖ്യാപിച്ചു.

സംഘപരിവാര്‍ സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും തുടര്‍ന്ന് പൊലീസ് സമരത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. പക്ഷെ മദ്രാസ് ഹൈക്കോടതി സമരത്തിന് അനുമതി നല്‍കി. ദ്രാവിഡര്‍ കഴകം പാര്‍ടിയുടെ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്ന് കോടതി പ്രഖ്യാപിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വിധിക്കെതിരെ രാത്രിതന്നെ കോടതിയെ സമീപിച്ചു. രാവിലെ കോടതി ചേര്‍ന്നപ്പോള്‍ രണ്ടംഗ ബെഞ്ച് പ്രതിഷേധ സമരത്തിനുള്ള അനുമതി റദ്ദാക്കി. രാവിലെ പത്തോടെയാണ് കോടതിവിധി വന്നത്. ചൊവ്വാഴ്ച(ഏപ്രില്‍ 14ന്) പത്തിന് നടത്താനിരുന്ന സമരം ഏഴരയോടെ നടത്തി  സംഘടന പുതിയ സമരചരിത്രമെഴുതി. കോടതി ഉത്തരവ് ലംഘിച്ചിട്ടില്ലെന്നും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്ന നിലപാടിനെതിരെ നിയമപോരാട്ടം തുടരുമെന്നും ദ്രാവിഡര്‍ കഴകം മേധാവി കെ വീരമണി പ്രഖ്യാപിച്ചു.വിവാഹബന്ധത്തില്‍ സ്ത്രീക്ക് ലഭിക്കുന്ന തുല്യതയെ താലി നിഷേധിക്കുന്നെന്നും താലി ലിംഗനീതി നിഷേധത്തിന്റെ പ്രതീകമാണെന്നും പ്രക്ഷോഭകര്‍ പറഞ്ഞു.

സംഘപരിവാരശക്തികളുടെ വാളുയര്‍ത്തലിനാല്‍ ആവിഷ്‌കാരം നിര്‍ത്തി സ്വയംഹത്യ പ്രഖ്യാപിച്ച എഴുത്തുകാരന്‍ പെുരമാള്‍ മുരുഗന്റെ നാട്ടില്‍ നാട്ടില്‍ നടന്ന താലിപൊട്ടിച്ചെറിയല്‍ സമരം  മതനിരപേക്ഷ വിശ്വാസികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നതാണ്. മധ്യവര്‍ഗ-സവര്‍ണ ദുരാചാരങ്ങളെ കെട്ടിപ്പുണര്‍ന്നിരിക്കുന്ന മലയാളി ഇതില്‍ നിന്നും ഒന്നും പഠിക്കില്ലെന്നുറപ്പാണ്. കാരണം ഒരു താലി പോയിട്ട് ചെറുചരടുപോലും പൊട്ടിച്ചെറിയാനുള്ള ത്രാണിയും തനേറടവും മലയാളിക്കില്ല എന്നതുതന്നെ. 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍