UPDATES

സിനിമ

തമാശ പതിവ് ഹിന്ദി സിനിമയല്ല

ഹൈവേയ്ക്ക് ശേഷം ഇംതിയാസ് അലി സാജിദ് നദ്‌വാലിയ കൂട്ടുകെട്ടില്‍ വന്ന സിനിമ എന്നതായിരുന്നു തമാശയെ പറ്റിയുള്ള ഏറ്റവും വലിയ പ്രതീക്ഷ. രണ്‍ബീര്‍ കപൂറിന്റെയും ദീപിക പദുകോണിന്റെയും സ്വാഭാവികാഭിനയം കൊണ്ട് സമ്പന്നമായ ട്രയിലറും പാട്ടുകളും സിനിമയുടെ മാര്‍ക്കറ്റ് വാല്യു ഉയര്‍ത്തി.

താര എന്ന പെണ്‍കുട്ടി ഫ്രാന്‍സിലെ കൊര്‍സിക്കയില്‍ വച്ച് വേദ് എന്ന ചെറുപ്പക്കാരനെ കാണുന്നു. രണ്‍ബീറും ദീപികയുമാണ് വേദും താരയും ആകുന്നത്. പേരടക്കം യാതൊന്നും പരസ്പരം പറയില്ലെന്നും പറയുന്നത് മുഴുവന്‍ കള്ളമാകുമെന്നും പ്രണയിച്ചു ഇണചേര്‍ന്നു ഇനിയൊരിക്കലും കാണില്ലെന്നും ഉള്ള ഉറപ്പില്‍ അവര്‍ ഒരാഴ്ച ഒന്നിച്ചു താമസിച്ചു പിരിയുന്നു. പിരിഞ്ഞു നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും താര ആ പ്രണയത്തെ മനസ്സില്‍ സൂക്ഷിക്കുകയും വേദിനെ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവില്‍ ദില്ലിയില്‍ വെച്ച് വീണ്ടും കാണുകയും എല്ലാ കാര്യങ്ങളും പരസ്പരം അറിഞ്ഞു പ്രണയം തുടരുകയും ചെയ്യുന്നു. പക്ഷെ കപടതകള്‍ ഇല്ലാത്ത കഥപറച്ചിലുകാരനില്‍ നിന്നും സഹായാത്രികനില്‍ നിന്നും ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ യന്ത്രം പോലെ പണിയെടുക്കുന്ന നഗരവത്കൃതനിലേക്കുള്ള വേദിന്റെ മാറ്റം താരക്ക് ഉള്‍ക്കൊള്ളാനായില്ല. ഇത് പറയുന്ന താരയില്‍ നിന്നും, തന്റെ യഥാര്‍ത്ഥ സ്വത്വത്തില്‍ നിന്നും ഒളിച്ചോടാനുള്ള വേദിന്റെ ശ്രമങ്ങളിലൂടെയാണ് തമാശ വികസിക്കുന്നത്.

സിംലയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച, കണക്കു കൂട്ടനറിയാഞ്ഞിട്ടും എന്‍ജിനിയര്‍ ആകാന്‍ വിധിക്കപ്പെട്ട വേദ് ഇന്ത്യന്‍ മധ്യവര്‍ത്തി സമൂഹത്തിന്റെ പ്രതിനിധിയാണ്. സമൂഹത്തിന്റെ നടപ്പ് രീതികള്‍ക്കനുസരിച്ചു ശീലപ്പെടാന്‍ വിധിക്കപ്പെട്ട പതിനായിരങ്ങളില്‍ ഒരാള്‍. അയാളുടെ ഗ്രാമത്തില്‍ ചില്ലറ തുട്ടുകള്‍ക്ക് വേണ്ടി കഥ പറയുന്ന വൃദ്ധനാണ് വേദിന്റെ റോള്‍ മോഡല്‍. അയാളെ പോലെ ആകാനാണ് വേദ് ആഗ്രഹിക്കുന്നത്. ഒരു സാധാരണക്കാരനാവാനുള്ള ശ്രമത്തില്‍ വേദ് അമര്‍ത്തി ഞെക്കി കൊന്നത് ആ കഥപറച്ചിലുകാരനെയാണ്. അതേ കഥപറച്ചിലുകാരനെയാണ് താര പിന്നീട് വീണ്ടെടുക്കുന്നതും ജോലിസ്ഥലത്ത് അയാളെ ഭ്രാന്തനാക്കുന്നതും. വേദിനൊപ്പം തന്നെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് താര. മുഴുവനായും ‘താര മാത്രമായി ജീവിക്കുന്നവള്‍. യാതൊരു ഉറപ്പും ഇല്ലാതെ ഒരു പ്രണയത്തിനായി കാത്തിരിക്കുന്നവള്‍. നാലു വര്‍ഷത്തിനിപ്പുറം ഞാന്‍ കാത്തിരുന്ന പ്രണയി നിങ്ങളെ അല്ല എന്ന് ഉറച്ച സ്വരത്തില്‍ പറയുന്നവള്‍. ജബ് വി മെറ്റിലെ ഗീതിനും ഹൈവേയിലെ വീരക്കും ശേഷം ഇംതിയാസ് അലി സൃഷ്ടിച്ച വ്യക്തിത്വം ഉള്ള കഥാപാത്രമാണ് താര. 

വേദിന്റെ അച്ഛനും അമ്മയും അമ്മയും മുത്തശ്ശിയും അയാളിലെ അതിരുകള്‍ ഇല്ലാ കല്‍പനകളെ ഉണര്‍ത്തുന്ന കഥപറച്ചിലുകാരനും ഒക്കെ ചുരുക്കം ചില രംഗങ്ങളില്‍ വന്നു കൊണ്ട് തന്നെ സ്വന്തം ഇടം ഊട്ടിയുറപ്പിക്കുന്നുണ്ട്. വേദിന്റെ സങ്കല്‍പ്പത്തിലെ ലോകവും അവിടത്തെ രാമനും സീതയും ലൈലയും ഹെലനും ലേഡി മക്ബത്തും എല്ലാം സമാന്തരമായി സ്‌ക്രീനില്‍ വന്നു പോകുന്നുണ്ട്. നാടകക്കാരനായ വേദിനെയും അയാളുടെ വേദികളെയും സൂചിപ്പിക്കാനാണ് തമാശ എന്ന പേരിട്ടത് എന്ന് ഇംതിയാസ് അലി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഷേക്‌സ്പീരിയന്‍ മോണോലോഗില്‍ നിന്നുള്ള എല്ലാ ലോകവും ഒരൊറ്റ അരങ്ങാണ്, നമ്മളെല്ലാം വേഷക്കാരാണ് എന്ന ശകലവും ഈ സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. എ ആര്‍ റഹ്മാന്റെ പാട്ടുകളും രവി വര്‍മന്റെ ക്യാമറയും സിനിമയുടെ മൂടിനോപ്പം സഞ്ചരിക്കുന്നുണ്ട്. 2013 മുതല്‍ ഫ്രാന്‍സിലും ജപ്പാനിലും ഹിമാചലിലും കൊല്‍ക്കത്തയിലും ദില്ലിയിലുമായി ചിത്രീകരിച്ച ഈ സിനിമ ധൂര്‍ത്തുണ്ടാകുന്ന കെട്ടുകാഴ്ചകള്‍ അല്ല, വിട്ടുവീഴകള്‍ ഇല്ലാത്ത ഒരു സംവിധാന കലയെ ആണ് കാണിച്ചു തരിക. 

സ്പൂഫ് മാതൃകയിലുള്ള രംഗങ്ങളും സിനിമയില്‍ ഉണ്ട്. കഥയുടെ ഗൗരവം ചോര്‍ന്നു പോവാതെ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട് ഈ സിനിമ. നമ്മുടെ ജനപ്രിയ സിനിമകളുടെയും വ്യവസ്ഥാപിത സിനിമ സങ്കല്‍പ്പങ്ങളുടെയും ബില്‍ഡ് അപ്പുകളെ മുഴുവന്‍ പൊളിച്ചു കളഞ്ഞാണ് വേദും താരയും പ്രണയിച്ചു തുടങ്ങുന്നത്. ചിരിക്കുമ്പോളും നടക്കുമ്പോളും എല്ലാം മുഖ്യധാരാ ഹിന്ദി സിനിമകള്‍ക്ക് അധികം അവകാശപ്പെടാന്‍ ഇല്ലാത്ത സ്വാഭാവികത ഉണ്ട് വേദിന്റെയും താരയുടെയും കഥാപാത്ര നിര്‍മിതിക്കും രണ്‍ബീറിന്റെയും ദീപികയുടെയും അഭിനയത്തിനും. ലഡ്കാ ലഡ്കിയില്‍ നിന്നും മുതിര്‍ന്ന സ്ത്രീ പുരുഷന്മാരിലേക്കു ഹിന്ദി സിനിമ വളരുന്നതിന്റെ സന്തോഷം തോന്നും സിനിമ കാണുമ്പോള്‍ മൊത്തം. 

സിനിമാ വാര്‍പ്പ് മാതൃകകളില്‍ നിന്ന് മാറി നടക്കുമ്പോളും മുഷിയാതെ സാധാരണക്കാര്‍ക്കും ആസ്വദിക്കാവുന്ന രംഗങ്ങള്‍ ഉണ്ട് തമാശയില്‍. ‘സമൂഹം എന്ത് പറയുമെന്നൊര്‍ത്തു സ്വന്തം സ്വപ്നങ്ങളെ വലിച്ചെറിഞ്ഞവര്‍ക്കും മറ്റുള്ളവരെ വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കുന്നവര്‍ക്കും അത്തരം ഭീതികളെ അതിജീവിച്ചു സ്വപ്‌നങ്ങള്‍ക്ക് പുറകെ പോയവര്‍ക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ചെറിയ ഭാഗത്തെ കാണാം തമാശയില്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍